അന്നാസ് സ്വിസ് ഫാമിൽ ഒരു ലിറ്റർ പാൽ = 160 രൂപ
അന്നാസ് സ്വിസ് ഫാമിൽ ഒരു ലിറ്റർ പാൽ = 160 രൂപ
Monday, March 12, 2018 3:47 PM IST
ഒരു ദിവസമെന്നാൽ സെബിക്ക് ഒരൊന്നൊന്നര ദിവസമാണ്. ലോകം നിദ്രയുടെ സുഷുപ്തിയിലാഴുന്പോൾ സെബിയുടെ ദിവസം തുടങ്ങുന്നു. പുലർച്ചേ രണ്ടിന് തൃശൂർ അഷ്ടമിച്ചിറയിലെ പഴയാറ്റിൽ വീടിനു സമീപമുള്ള അന്നാസ് സ്വിസ് ഫാം ഉണരും, സെബിക്കൊപ്പം. ഈ കഠിന പ്രയത്നത്തിന്‍റെയും പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു നീങ്ങാൻ കാണിച്ച ആർജ്ജവത്തിന്‍റെയും കരുത്തുമായാണ് അന്നാസ് സ്വിസ്ഫാം ദിവസവും ഉണരുന്നത്. സാധാരണകർഷകർ ഒരു ലിറ്റർ പാല് 33 രൂപയ്ക്ക് സൊസൈറ്റികളിൽ നൽകുന്പോൾ സെബി 160 രൂപ നേടുന്നു. പശുവും കോഴിയും ആടും ടർക്കിയും എമുവും പച്ചക്കറികളും പഴവർഗങ്ങളും എല്ലാം നിറയുന്ന സെബിയുടെ പത്തേക്കറിലെ കൃഷി വിസ്മയങ്ങൾ കാണാൻ വിദ്യാർഥികളും കർഷകരുമൊക്കെയായി നിരവധിപ്പേരെത്തുന്നു.

പ്രതിസന്ധികളിൽ തളരാതെ

പതിനാലു വർഷമെത്തുന്നു സെബി പശു ഫാം തുടങ്ങിയിട്ട്. സ്വിറ്റ്സർലൻഡിൽ ഉൾപ്പെടെ കുടുബസമേതം 30 വർഷം യൂറോപ്പിലായിരുന്നു സെബി. സെബിയുടെ അമ്മ അന്ന, മനസിൽ വിതച്ച കൃഷിയുടെ വിത്ത് മുളയ്ക്കുകയായിരുന്നു വിദേശജീവിത കാലയളവിൽ. തന്നെ കൃഷിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച അമ്മയുടെ പേരും സ്വിറ്റ്സർലൻഡിൽ നിന്നുലഭിച്ച കാർഷിക പാഠങ്ങളും മൂലധനമാക്കി നാട്ടിൽ ഒരു പശുഫാം ആരംഭിച്ചു. ഇങ്ങനെയാണ് 2005-ൽ അന്നാസ് സ്വിസ് ഫാം എന്നപേരിൽ അഷ്ടമിച്ചിറയിൽ പശുഫാം തുടങ്ങുന്നത്. നഴ്സായ ഭാര്യ മിനിഫറിന്‍റെ പിന്തുണ

കൂടിയാ യപ്പോൾ സംഗതി ഉഷാറായി. പുറംരാജ്യങ്ങളിലെപ്പോലെ മായംകലരാത്ത, ഗുണമേ·യുള്ള ഉത്പന്നങ്ങൾ നൽകുക എന്നതായിരുന്നു ലക്ഷ്യം. 50 ൽ അധികം പശുക്കളുമായി അന്നു തുടങ്ങിയ ഫാമിന്‍റെ മേൽനോട്ടം സുഹൃത്തുക്കൾക്കായിരുന്നു. ആദ്യം തന്നെ ലാഭം കിട്ടിയപ്പോൾ ഫാം വിപുലീകരിച്ചു. എന്നാൽ രണ്ടാം ഘട്ടത്തിൽ ഫാം നഷ്ടത്തിലേക്കു കൂപ്പുകുത്തി. പിന്നീട് നോക്കി നടത്താൻ ആളുകുറഞ്ഞതുകാരണം തകർച്ചയിലേക്കു നീങ്ങി. എന്നാലും കൃഷി ഉപേക്ഷിക്കാൻ സെബി തയാറായില്ല. സ്വിറ്റ്സർലൻഡിൽ നിന്നും ഫാം നിയന്ത്രിച്ചു. പിന്നീട് നാട്ടിലെ കൃഷിയിൽ തന്നെ മുഴുവൻ സമയവും ചെലവഴിക്കാൻ തീരുമാനിച്ച് അഞ്ചുവർഷം മുന്പ് നാട്ടിലെത്തി. ഭാര്യയും പിറകേ നാട്ടിലെത്തിയതോടെ കൃഷിയുടെ നിയന്ത്രണം ദന്പതികൾ ഏറ്റെടുത്തു. ഇന്ന് എച്ച്എഫ്, ജേഴ്സി ഇനത്തിൽപ്പെട്ട 46 പശുക്കളുണ്ട്. 20 കിടാരികളും.

പശുക്കൾക്ക് കൃത്യമായ ദിനചര്യ

അന്നാസ് സ്വിസ്ഫാം പുലർച്ചേ രണ്ടിന് ഉണരും. ചാണകം വാരി തൊഴുത്ത് ശുദ്ധീകരിക്കലാണ് ആദ്യ പണി. തുടർന്ന് പശുക്കളെ കുളിപ്പിക്കും. അതിനുശേഷം സെബിതന്നെ ഉണ്ടാക്കുന്ന തീറ്റ നൽകും. റെഡിമെയ്ഡ് തീറ്റയിൽ വിശ്വാസമില്ലാത്ത സെബി തന്‍റെ രീതിയിൽ പ്രത്യേക കൂട്ടുകൾ ചേർത്താണ് കാലിത്തീറ്റ നിർമിക്കുന്നത്. പുലർച്ചേ നാലിനു തുടങ്ങുന്ന കറവ 5.30ന് അവസാനിക്കും. രണ്ട് കറവയന്ത്രങ്ങളും മൂന്നു തൊഴിലാളികളുമാണ് കറവയുടെ ചുക്കാൻ പിടിക്കുന്നത്. ശരീരത്തിന് 2.5 കിലോ, ഒരുലിറ്റർ പാലിന് 400 ഗ്രാം എന്ന തോതിലാണ് പശുക്കൾക്ക് തീറ്റ നൽകുന്നത്. പ്രസവ സമയത്തിന്‍റെയും പാലിന്‍റെയും അളവു നോക്കി പശുക്കളെ നാല് കാറ്റഗറികളായി തിരിച്ചാണ് തൊഴുത്തിൽ തീറ്റ വിളന്പുന്നത്. പുലർച്ചേ മൂന്നിനും രാവിലെ 11.30നും വൈകുന്നേരം അഞ്ചിനും തീറ്റ നൽകും. രാത്രി ഉറക്കത്തിനു മുന്പ് എട്ടു മണിക്കൂർ അയവെട്ടാൻ സമയം കൊടുത്തുകൊണ്ടാണ് ഭക്ഷണ സമയക്രമീകരണം നടത്തിയിരിക്കുന്നത്.

ഹൈഡ്രോപോണിക്സ് ചോളം

പശുക്കൾക്ക് പരുഷാഹാരത്തിന്‍റെ പോരായ്മ പരിഹരിക്കാൻ ഹൈഡ്രോപോണിക്സ് രീതിയിൽ ചോളം മുളപ്പിച്ച് തൈകളാക്കി ദിവസം 90 കിലോ എല്ലാപശുക്കൾക്കും കൂടി ലഭ്യമാക്കുന്നു. ഒരു പശുവിന് രണ്ടുകിലോ എന്നതാണ് കണക്ക്. എന്നാൽ കറവവറ്റുന്ന പശുക്കൾക്ക് ഇതു നൽകില്ല. തമിഴ്നാട്ടിൽ നിന്നും എടുക്കുന്ന ചോളം 15 ലക്ഷം രൂപമുടക്കി സ്ഥാപിച്ച ഹൈഡ്രോപോണിക്സ് യൂണിറ്റിൽ വെള്ളംമാത്രമുപയോഗിച്ച് മുളപ്പിക്കുന്നു. യൂണിറ്റിൽ സ്ഥാപിക്കുന്ന ട്രേകളിൽ വിത്തുകൾ വിതറുന്നു. മുകളിൽ ഘടിപ്പിച്ചിരിക്കുന്ന സ്പ്രിംഗ്ളറിൽ നിന്നും വെള്ളംവീഴുന്നതോടെ ചോളത്തിന് ജീവൻ വയ്ക്കുകയായി. ഹൈദരാബാദിൽനിന്നും കണ്ടെയ്നർ വഴി എത്തിച്ച യൂണിറ്റ് ക്രെയിൻ ഉപയോഗിച്ചാണ് ഫാമിൽ സ്ഥാപിച്ചത്. ചോളം വിത്തുകൾ ആവശ്യമുള്ള കർഷകർക്ക് ഇവിടെ നിന്ന് നൽകുന്നുമുണ്ട്.



പുല്ലും സൈലേജും

പശുക്കൾക്ക് സി.ഒ-3 പുല്ലും പറന്പിലെ പുല്ലും സൈലേജും വൈക്കോലും നൽകുന്നു. സിഒ-3 പുല്ല് കൃഷിചെയ്യുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് ലഭിക്കുന്ന ചോളത്തിന്‍റെ വിളവെടുത്ത ശേഷമുള്ള തണ്ടും പശുക്കൾക്ക് നൽകുന്നു. സൈലേജ് വീട്ടിൽ തന്നെ തയാറാക്കുകയാണ് ചെയ്യാറ്. ഇതിനായി പുല്ലുകൂടുതലുള്ള സമയത്ത് പുല്ല് വാട്ടുകയാണ് ആദ്യം ചെയ്യുന്നത്. നൂറു കിലോ പുല്ലിന് തളിക്കാനായി 20 ലിറ്റർ വെള്ളത്തിൽ നാലു കിലോ ശർക്കരയും ഒരു കിലോ യൂറിയയും കലക്കുന്നു. ഒരു ഡ്രമ്മിൽ പുല്ലിട്ട ശേഷം ഈ ലായനി തളിച്ച് വായു കടക്കാതെ കെട്ടിഅടയ്ക്കും. മൂന്നാഴ്ച ഇതേരീതിയിൽ കെട്ടിവച്ച പുല്ല് സൈലേജായി പശുക്കൾക്ക് കൊടുക്കുകയാണ് പതിവ്.

വർഷം ഒരു കിടാവ്

ഒരുപശുവിൽ നിന്നും വർഷം ഒരു കിടാവിനെ കിട്ടിയെങ്കിൽ മാത്രമേ ക്ഷീരകർഷകന് കൃഷി ലാഭകരമാകൂ എന്നാണ് സെബിയുടെ അഭിപ്രായം. ഇത്തരത്തിലാണ് സെബിയുടെ ഫാം ക്രമീകരിച്ചിരിക്കുന്നതും. വർഷം 305 ദിവസം കറവ നടക്കണം. രണ്ടുമാസം പശുവിന് വിശ്രമം വേണം. അന്നാസ് ഫാമിൽ 25 പശുക്കൾ എല്ലായിപ്പോഴും ചെനയിലായിരിക്കും. മാസം 4-5 പ്രസവം നടക്കും.


മൂല്യവർധനയിലൂടെ മുന്നോട്ട്

ദിവസവും 300-350 ലിറ്റർ പാല് സെബിയുടെ ഫാമിൽ ഉത്പാദിപ്പിക്കുന്നു. സെബിയുടെ ഫാമിൽ നിന്ന് പാലുവാങ്ങാൻ 14 കിലോമീറ്റർ അപ്പുറത്തുനിന്നുവരെ ആളുകളെത്തുന്നു. 90 ശതമാനം പാലും വീട്ടിൽ നിന്നുതന്നെ വിൽപന നടത്തുന്നു. ബാക്കി വരുന്നത് മിൽമയ്ക്കും നൽകുകയാണ് പതിവ്. പാലിൽ നിന്നും തൈര്, വെണ്ണ, നറുനെയ്യ്, പനീർ എന്നിവ ഓർഡർ അനുസരിച്ച് ഉത്പാദിപ്പിക്കുന്നു. പനീർ ഉത്പാദിപ്പിച്ചശേഷമുള്ള ദ്രാവകത്തെ സിപ്പപ് ആക്കിമാറ്റുന്നു. പനീറിന്‍റെ പൊടിയും തേങ്ങാപ്പീരയും ചേർത്ത് കോക്കനട്ട് ബോൾ എന്ന രുചികരമായ മിഠായിയും നിർമിക്കുന്നു. പനീർ ഉപയോഗിച്ചു നിർമിക്കുന്ന കട്ലറ്റ് ആണ് പാലിന് മൂല്യവർധന വരുത്തി നിർമിക്കുന്ന മറ്റൊരു സ്വാദേറിയ വിഭവം. ഇത്തരത്തിൽ പാലിന് രൂപമാറ്റം വരുത്തിയാണ് സെബി ഒരു ലിറ്ററിൽ നിന്ന് 160 രൂപവരെ സന്പാദിക്കുന്നത്.

അവശിഷ്ടങ്ങളും കാശാക്കുന്നു

പശുവിന്‍റെ ചാണകവും തൊഴുത്തിലെ വേസ്റ്റുമെല്ലാം കാശാക്കിമാറ്റാൻ സെബിക്കറിയാം. ചാണകം ബയോഗ്യാസ് ഉണ്ടാക്കാനെടുക്കുന്നു. ഉണക്കച്ചാണകം ചാക്കിന് 200 രൂപയ്ക്കാണ് വിൽപന. ഇതുപയോഗിച്ച് ജീവാമൃതവും വെർമികന്പോസ്റ്റും നിർമിക്കുന്നു. പശുക്കളുടെ പുൽത്തൊട്ടിയിൽ ബാക്കിവരുന്ന കാലിത്തീറ്റ കഴുകിവിടുന്നത് സമീപത്തുള്ള മീൻകുളത്തിലേക്കാണ്, ഇത് മീനുകൾ ആഹരിക്കുന്നു. പുല്ലിന്‍റെ വേസ്റ്റ് വെർമികന്പോസ്റ്റ് നിർമാണത്തിലെ അസംസ്കൃത വസ്തുവാണ്. കിലോയ്ക്ക് 10 രൂപ നിരക്കിലാണ് വെർമികന്പോസ്റ്റ് വിൽപന.

മീനുകൾ വളർത്തുന്ന പച്ചക്കറി

പുരയിടത്തിലെ പ്രകൃതിദത്ത കുളങ്ങളിൽ ഏഴുതരം മൽസ്യങ്ങളാണ് വളരുന്നത്. കട്ല, മൃഗാൾ, രോഹു, ഗ്രാസ്കാർപ്പ്, നട്ടർ, അനാബസ്, തിലാപ്പിയ എന്നിവയെല്ലാം വളരെ സൗഹാർദപൂർവം ഒരുകുളത്തിൽ കഴിയുന്നു. മീനുകളാണ് പച്ചക്കറികൃഷി നടത്തുന്നതെന്നു പറയാം. മീൻകുളത്തിലെ വെള്ളം അക്വാപോണിക്സ് രീതിയിൽ പച്ചക്കറിവളർത്താനുപയോഗിക്കുന്നു. പുരയിടത്തിലെ പച്ചക്കറിക്കൃഷിക്ക് സ്പ്രിംഗ്ളർ ജലസേചന രീതിയിലൂടെ ഈ ജലം തളിച്ചുകൊടുത്ത് വിളവർധനയുണ്ടാക്കുന്നു. രണ്ടേക്കറിലാണ് ഇത്തരത്തിൽ കൃഷി നടക്കുന്നത്.

ഗുരുവായൂരപ്പനായി കദളീവനം

ഗുരുവായൂർ ക്ഷേത്ര ആവശ്യത്തിനായി 400 കദളിവാഴകൾ കൃഷി ചെയ്യുന്നുണ്ട് സെബി. മറ്റത്തൂർ സർവീസ് സഹകരണ ബാങ്കുമായി ചേർന്നാണിത്. വാഴവിത്തുകൾ നൽകിയതും വാഴക്കുല തിരിച്ചെടുക്കുന്നതും ഇവർതന്നെ. ഇവകൂടാതെ നേന്ത്രവാഴ, പൂവൻ, ഞാലിപ്പൂവൻ, റോബസ്റ്റ, പാളയൻകോടൻ തുടങ്ങിയ ഇനം വാഴകളും കൃഷിചെയ്യുന്നു. കൂടാതെ പയർ, വെണ്ട, പച്ചമുളക്, വഴുതന, കൂർക്ക തുടങ്ങി എല്ലാവിധ പച്ചക്കറികളും സീസണനുസരിച്ച് കൃഷി ചെയ്യുന്നു. ജൈവരീതിയിൽ വിളയിക്കുന്നതായതിനാൽ വീട്ടിൽ നിന്നു തന്നെ വിപണി വിലയിൽ കൂടുതൽ നൽകി എടുക്കാൻ ആളുണ്ടായിരുന്നു. മണ്ണിന്‍റെ ജൈവ സന്പുഷ്ടി കാരണം ഒരു കൂർക്ക ഉരുളക്കിഴങ്ങിന്‍റെ വലിപ്പം വന്നെന്നു സെബി പറയുന്നു.

നാടൻ ആടും പക്ഷികളും

സ്വിസ്ഫാമിൽ തന്നെ നാടൻ ആടുകളും വിവിധതരം പക്ഷികളും വിഹരിക്കുന്നു. മലബാറി, ജംനാപ്യാരി, ബീറ്റൽ എന്നിവയുടെ മുട്ടനാടുകളെ വളർത്തി നാടൻ പെണ്ണാടുകളുമായി ക്രോസ് ചെയ്യിച്ച് വിൽക്കുകയാണ് പതിവ്. ആടിന്‍റെ പാൽ എടുക്കാറില്ല. കുഞ്ഞുങ്ങൾക്ക് നൽകി ഇവയെ വിൽക്കുകയാണ് ചെയ്യുന്നത്. ഇറച്ചിക്കായും ആടുകളെ നൽകുന്നുണ്ട്. കോഴി, താറാവ്, ടർക്കി, വാത്ത, ഫ്ളൈയിംഗ് ഡക്ക്, അലങ്കാരക്കോഴി, ബി.വി-380, അതുല്യ മുട്ടക്കോഴികൾ, കരിങ്കോഴി, എമു, ലൗബേർഡ്സ് എന്നിവയെല്ലാം ഓർഡർ അനുസരിച്ച് നൽകുന്നു.

ഹാച്ചറിയിൽ നിന്ന് മണ്ണിലേക്ക്

വിവിധ പക്ഷികളുടെ മുട്ടകൾ വിരിയിക്കുന്ന ഹാച്ചറിയും സെബിക്കുണ്ട്. 2500 മുട്ടകൾ ഒരേസമയം വിരിയിക്കാം. എമുവിന്‍റെ മുട്ടവിരിയിക്കുന്നതിന് പ്രത്യേകക്രമീകരണമുണ്ട്. രണ്ടു സെറ്ററും ഒരു ഹാച്ചറിയുമാണുള്ളത്. കോഴിമുട്ട 18 ദിവസം സെറ്ററിൽ വച്ച ശേഷം ഹാച്ചറിയിലേക്ക് മാറ്റുന്നു. എട്ടു ജോലിക്കാരാണ് സെബിക്കുള്ളത്. പല പണികൾ ഉള്ളതിനാൽ ഒരാളെ പല പണികൾക്കും ഉപയോഗിക്കാം.

ഫലവർഗങ്ങൾ നിറയുന്ന മുറ്റം

നാരകം, മുട്ടപ്പഴം, ചാന്പ, മങ്കോസ്റ്റിൻ, മാവുകൾ, പപ്പായ, അന്പഴം, ളൂവി തുടങ്ങി ഫലവർഗങ്ങളുടെ വൻ ശേഖരമുണ്ടിവിടെ. ഇവ വിൽക്കുന്നുമുണ്ട്. പാഷൻഫ്രൂട്ടിൽ നിന്ന് സിറപ്പുണ്ടാക്കി വിൽക്കുന്നുമുണ്ടിദ്ദേഹം.

വിൽപനക്കായി ഒൗട്ട്ലറ്റ്

കാർഷിക ഉത്പന്നങ്ങൾ വിൽക്കാനായി ഫാമിനു സമീപം പ്രത്യേക ഒൗട്ട്ലറ്റുണ്ട്. ഇതുവഴി കോഴി, പക്ഷിക്കുഞ്ഞുങ്ങൾ, എമു എണ്ണ, ജൈവവളങ്ങൾ, വെർമി കന്പോസ്റ്റ്, ചാണകം, ആട്ടിൻകാഷ്ടം, നറുനെയ്യ്, പാല്, പനീർ, പാഷൻഫ്രൂട്ട് സിറപ്പ്, സിപ്പപ്പ് എന്നിവയെല്ലാം വിൽക്കുന്നു. ഉളുക്ക്, സൂര്യാഘാതം, പാണ്ടുരോഗം, പൊള്ളൽ, ചതവ് എന്നിവയ്ക്കെല്ലാം പ്രതിവിധിയായി ഉപയോഗിക്കാവുന്ന എമു എണ്ണയ്ക്ക് നല്ല ഡിമാൻഡാണ്. ഫാം കാണാനും കൃഷി പഠിക്കാനുമൊക്കെയായി നിരവധി പഠന സംഘങ്ങളാണ് ഇവിടെയെത്തുന്നത്. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സെബിക്ക് ലഭിച്ചിട്ടുണ്ട്. മകൻ ബിൾട്ടണും സെബിയെ കൃഷികാര്യങ്ങളിൽ സഹായിക്കുന്നു.

ടോം ജോർജ്
ഫോണ്‍- 93495 99023.
ഫോണ്‍ സെബി പഴയാറ്റിൽ- 96059 00838.