ഓർക്കിഡ് ഒരുക്കിയ സ്വർഗം
ഓർക്കിഡ് ഒരുക്കിയ സ്വർഗം
Saturday, March 31, 2018 2:12 PM IST
മനോഹരമായി പൂവിട്ടു നിൽക്കുന്ന പൂന്തോട്ടം. അവയ്ക്കു ചുറ്റും പാറിപ്പറക്കുന്ന ചിത്രശലഭങ്ങൾ. ഓറഞ്ചും അത്തിയുമൊക്കെ നിൽക്കുന്ന ഭാഗത്തേക്കു ചെവിയോർത്താൽ കുരുവികളുടെ സംസാരം കേൾക്കാം. പൂത്തുലഞ്ഞു നിൽക്കുന്ന റോസാപ്പൂവുകൾക്കും ചെന്പരത്തിക്കുമിടയിൽ തലയെടുപ്പോടെ നിൽക്കുകയാണു വിവിധ ഇനം ഓർക്കിഡുകൾ. തിരുവനന്തപുരം കണ്ണമ്മൂലയിലെ ബ്ലോസം ഓർക്കിഡ് ഗാർഡനിൽ എത്തുന്നവരെ കൈനീട്ടി സ്വീകരിക്കുന്നത് ഈ കാഴ്ചയാണ്. വീടിനു ചുറ്റും പൂന്തോട്ടമാണോ അതോ പൂന്തോട്ടത്തിനു നടുവിൽ വീടാണോ എന്നു കാഴ്ചക്കാരനു സംശയം തോന്നിയാൽ അതിൽ തെറ്റു പറയാൻ ഇല്ല. ഈ പൂക്കളേയും ചെടികളേയുമെല്ലാം സംരക്ഷിച്ചും പരിപാലിച്ചും കഴിയുന്ന ഒരു വ്യക്തിയുണ്ട് ലിസി ജോർജ്. ലിസിയാണ് ഈ പൂന്തോട്ടത്തിെൻറ അമ്മ. 16 സെൻറുള്ള വീടിെൻറ മുറ്റവും പിന്നാന്പുറവും ടെറസുമെല്ലാം ഇപ്പോൾ ഓർക്കിഡുകൾ കൊണ്ടു നിറഞ്ഞു. ഹോബിയായി ആരംഭിച്ച ചെടിവളർത്തൽ ലിസിക്ക് ഇന്നു വരുമാന മാർഗം കൂടിയാണ്. പൂക്കളുമായി ഇണങ്ങിയുള്ള ജീവിതത്തെക്കുറിച്ച് ലിസി പറയുന്നു.

ചെടികളോട് കൂട്ടുകൂടിയ കുട്ടിക്കാലം

വീട് എന്നു പറയുന്പോൾ എനിക്ക് ഓർമ വരുന്നത് നിറയെ ഡാലിയയും റോസും പൂത്തു നിൽക്കുന്ന പൂന്തോട്ടമാണ്. എെൻറ കുട്ടിക്കാലം മുതൽ തന്നെ വീട്ടിൽ പൂന്തോട്ടമുണ്ട്. അച്ഛന് ഇതിലൊക്കെ വലിയ താത്പര്യമായിരുന്നു. അങ്ങനെയാണ് എനിക്കും ഈ വാസന കിട്ടിയത്. തെൻറ തോട്ടത്തിലെ ഓർക്കിഡുകൾക്ക് വെള്ളം നനയ്ക്കുന്നതിനിടയിൽ ലിസി സംസാരിച്ചു തുടങ്ങി. ചെടികൾ നടുന്നതിലെ ഏറ്റവും മനോഹരമായ ഭാഗം ഏതാണെന്ന് അറിയാമോ? പൂക്കളെല്ലാം വിടർന്നു കഴിയുന്പോൾ അതിൽ പൂന്പാറ്റകൾ വന്നിരിക്കും. അതു കാണാൻ നല്ല രസമാണ്.

തുടക്കം നൃത്തം ചെയ്യുന്ന പാവയിൽ

വിവാഹശേഷമാണ് ഞാൻ കോതമംഗലത്തു നിന്നു തിരുവനന്തപുരത്തേക്കു വന്നത്. ആയിടയ്ക്കു ഭർത്താവുമൊത്ത് ഫ്ളവർ ഷോ കാണാൻ പോയി. അവിടെ കുറെയേറെ പൂക്കൾ അടുക്കി വച്ചിരുന്നെങ്കിലും കൂട്ടത്തിൽ ഒരെണ്ണം എന്നെ വല്ലാതെ ആകർഷിച്ചു. കാഴ്ചയിൽ മഞ്ഞ ഫ്രോക്കിട്ട് ഡാൻസ് കളിക്കാൻ ഒരുങ്ങി നിൽക്കുന്ന പെണ്‍കുട്ടികളെപോലെയായിരുന്നു അവ. ചോദിച്ചപ്പോൾ സ്റ്റാളിൽ നിന്നിരുന്ന ആളാണ് അത് ഓർക്കിഡ് ഇനത്തിൽപ്പെടുന്ന ഡാൻസിംഗ് ഡോൾ ആണെന്നു പറഞ്ഞത്. അന്ന് അതിൽ ഒന്നു രണ്ടെണ്ണം വാങ്ങിത്തുടങ്ങിയതാണ്. ഇന്നു വിശാലമായ ഓർക്കിഡ് കൃഷിയിൽ എത്തി നിൽക്കുന്നത്. ആദ്യമായി വാങ്ങിയ ഓർക്കിഡുകൾ പൂവിട്ടു തുടങ്ങിയപ്പോ ഴേക്കും ഓർക്കിഡ് ചെടികൾ എെൻറ പാഷൻ ആയി മാറി.



പൂത്തുലഞ്ഞ് നൂറ്റന്പതിലേറെ ഓർക്കിഡ് ഇനങ്ങൾ

നൂറ്റന്പതിൽപരം ഓർക്കിഡ് വൈവിധ്യങ്ങളാണ് ലിസിയുടെ വീട്ടിൽ ഉള്ളത്. ഡെണ്‍ഡ്രോബിയം, മൊക്കാര, ഓണ്‍സീഡിയം, ഫലേനോപ്സിസ്, ലയണ്‍ സ്പ്ലെണ്‍ഡർ, ജെയിംസ് സ്റ്റോറി എന്നിവ അവയിൽ ചിലതു മാത്രം. ചെടികളുടെ പ്രത്യേകത, അവയ്ക്ക് ആവശ്യമായി വരുന്ന വെള്ളം, വെളിച്ചം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ലിസി ഇവ ക്രമീകരിച്ചിരിക്കുന്നത്. വെയിൽ ഒട്ടും ആവശ്യമില്ലാത്ത ഫെൽനോപിസ് പോലെയുള്ളവ വളരുന്ന ഭാഗത്ത് കട്ടിയിൽ നെറ്റ് അടിച്ചിട്ടുണ്ട്. മൊക്കാറ, റെണ്ണാന്ത്ര തുടങ്ങിയവയെപ്പോലെ കുറച്ചു സൂര്യപ്രകാശം മതിയാകുന്ന ഓർക്കിഡുകൾ വച്ചിരിക്കുന്ന ഭാഗത്ത് ഒറ്റ ലെയറിൽ നെറ്റ് ഇട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതു ചൂടിലും ലിസിയുടെ കൃഷിയിടത്തിലേക്കു കയറിക്കഴി ഞ്ഞാൽ ആവശ്യത്തിനു തണലും കാറ്റും കിട്ടും.


ഓരോ ഓർക്കിഡും ഓരോ വിധം

എല്ലാ ഓർക്കിഡുകളും ഞാൻ ഒരുപോലെയാണ് പരിപാലിച്ചിരുന്നത്. വളർത്തി തുടങ്ങിയ സമയത്ത് ഒരു ചെടി വാടിപ്പോയി. ഞാൻ അതു കാര്യമാക്കിയില്ല. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അതിനടുത്തിരുന്ന ചെടികളും വാടി. പെട്ടെന്ന് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കു മനസിലായില്ല. ഒരു ദിവസം സുഹൃത്തുമായി സംസാരിച്ചപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞു. അപ്പോൾ അവളാണു പറഞ്ഞത് ഓരോ ഓർക്കിഡുകൾക്കും ഓരോ രീതിയാണെന്നും ഒന്നിനു വരുന്ന രോഗം വളരെ പെട്ടെന്നു തന്നെ അടുത്തിരിക്കുന്നവയിലേക്ക് പടരുമെന്നും. കട്ട് ഫ്ളവർ സൊസൈറ്റി, ഫ്ളോറി ക്ലബ് ഫോർ വിമണ്‍ എന്നീ സംഘടനയിൽ അംഗമായതോടെ ഓർക്കിഡുകളെക്കുറിച്ചും അവയുടെ പരിപാലന രീതികളെക്കുറിച്ചും കൂടുതൽ അറിയാൻ സാധിച്ചു.

പാഷൻ പ്രഫഷൻ ആയപ്പോൾ

ഓർക്കിഡ് കൃഷി തുടങ്ങിയ കാലത്ത് അടുത്ത സുഹൃത്തുക്കളിൽ ചിലർ ബൊക്കെയും മറ്റുമൊക്കെ ഓർഡർ ചെയ്യാറുണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ ഹോലിലേക്ക് ആവശ്യമായ ഫ്ളവർ അറേഞ്ച്മെൻറ്സും ഞാൻ തന്നെയാണ് ചെയ്തിരുന്നത്. അതു കണ്ട് ഇഷ്ടപ്പെടുന്നവർ കൂടുതൽ ഓർഡർ തന്നു തുടങ്ങി. ഇപ്പോൾ അത് കാർ ഡെക്കറേഷൻ, സ്റ്റേജ് അറേഞ്ച്മെൻറ് തുടങ്ങിയ വരുമാന മാർഗങ്ങളിൽ എത്തിനിൽക്കുന്നു. 200 രൂപ മുതൽ 6000 രൂപ വരെയുള്ള ഓർക്കിഡുകൾ ലിസിയുടെ തോട്ടത്തിലുണ്ട്.

കുടുംബമാണു സ്ത്രീയുടെ ശക്തി

ഏതൊരു സ്ത്രീയുടേയും വിജയത്തിനു പിന്നിൽ അവളുടെ കുടുംബം ഉണ്ടാകും. എെൻറ കാര്യത്തിലും അതു വളരെ ശരിയാണ്. ബിസിനസ് തിരക്കുകൾക്കിടയിലും അദ്ദേഹം എന്നെ സഹായിക്കും. ആളായി നിന്നു സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ വാക്കുകളിലൂടെയെങ്കിലും ഒപ്പമുണ്ടെന്നൊരു തോന്നൽ പങ്കാളിക്കു നൽകിയാൽ മതി. അത് അവർക്കു നൽകുന്ന ഉൗർജം വളരെ വലുതാണ്. തുടക്കത്തിൽ ചുവടുകൾ പിഴച്ചാലും സാരമില്ലെന്നു പറഞ്ഞു കൂടെ നിൽക്കുകയാണ് വേണ്ടതെന്നും ലിസി പറയുന്നു. സോമതീരം ഹോട്ടൽ ഡയറക്ടർ സി.എം. ജോസഫ് ആണ് ലിസിയുടെ ഭർത്താവ് . മക്കൾ റെമിൽ ജോസഫ്, ജോവൽ ജോസഫ്.

അഞ്ജലി അനിൽകുമാർ
ചിത്രങ്ങൾ ടി.സി. ഷിജുമോൻ