കഠിനപാതകൾ താണ്ടിയ കഠിനാധ്വാനി
ഉമ്മ പറഞ്ഞ ഒരു വാചകം ഇപ്പോഴും ചേക്കുട്ടിയുടെ മനസിലുണ്ട്. ""ചേക്കൂട്ടീ, പണമോ വസ്തുവോ ആയി തരാൻ ഉമ്മയുടെ കൈയിൽ ഒന്നുമില്ല, പക്ഷേ ഒന്നെനിക്ക് ഉറപ്പാണ്. നീ മണ്ണുവാരിയാലും പൊന്നാവും.'’ തൊണ്ണൂറ്റിമൂന്നുകാരിയായ ആ ഉമ്മ പറഞ്ഞത് സത്യമായി. അന്നത്തെ 38 വയസുകാരൻ യുവാവിനിപ്പോൾ 74. കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രഗത്ഭനായ പിഡബ്ല്യൂഡി കോണ്‍ട്രാക്ട്രറാണ് കുരുവട്ടൂർ പഞ്ചായത്തിലെ ചെറുവറ്റ സ്വദേശി സി. ചേക്കുട്ടി ഹാജി. ബാപ്പയുടെ ജ്യേഷ്ഠൻ കുഞ്ഞിമൂസ ഹാജിയുടെ മേസ്തിരിയായി ഇരുപതാമത്തെ വയസിൽ യാത്ര തുടങ്ങിയ ചേക്കുട്ടിയുടെ ജീവിതം, പ്രതിസന്ധികളെ നിശ്ചയദാർഢ്യത്തോടെ പൊരുതിതോൽപ്പിച്ചതിന് ഉത്തമ മാതൃകയാണ്.

ഉമ്മയുടെ സങ്കടം മാറ്റാൻ

കേലാട്ട് കുടുംബാംഗമായിരുന്നു ചേക്കുട്ടിയുടെ ബാപ്പ കെ.വി. അവറാൻ. പുരാതനമായ ചോമത്തൂർ തറവാട്ടിലെ മമ്മദ്ഹാജിയുടെ ഏക മകളായിരുന്നു ഉമ്മ ഫാത്തിമ. ഉമ്മയുടെ വീട്ടിലാണ് ചേക്കുട്ടിയടക്കം 10 മക്കൾ വളർന്നതും. 10 പേരിൽ ഏറ്റവും ഇളയതായിരുന്നു ചേക്കുട്ടി. ഇദ്ദേഹത്തിന് 15 വയസായപ്പോഴേക്ക് കുടുംബത്തിന്‍റെ സാന്പത്തിക സ്ഥിതി മോശമായി തുടങ്ങി. സ്ഥലം പലതും വിറ്റു. ഉള്ള സ്ഥലങ്ങളിൽ പണിക്ക് ആളെ നിർത്താൻ പോലും ബുദ്ധിമുട്ടായി. ഇരുപത്തഞ്ചോളം നിർധനർക്ക് നിത്യവും ഭക്ഷണം നൽകിയിരുന്ന വീട്ടിൽ കുടുംബാംഗങ്ങൾക്കുപോലും നിറച്ചുണ്ണാൻ നിവൃത്തിയില്ലാതായി. ഒഴിഞ്ഞ കഞ്ഞിക്കലത്തിന് മുന്നിൽ കരഞ്ഞിരിക്കുന്ന ഉമ്മയുടെ സങ്കടം മാറ്റാനാണ് ചേക്കുട്ടി ആദ്യമായി തൊഴിലിനിറങ്ങുന്നത്.

ബ്രിട്ടീഷ് ഭരണകാലത്തെ നാട്ടുപ്രമാണികളിൽ പ്രമുഖനായിരുന്ന ബാപ്പയുടെ ജ്യേഷ്ഠൻ കുഞ്ഞിമൂസ ഹാജി. വയനാട്ടിൽനിന്ന് ചായപ്പൊടി കോഴിക്കോട്ട്എത്തിച്ച് വിൽപന നടത്തുന്ന ആളായിരുന്നു അദ്ദേഹം. മെഡിക്കൽകോളജ് റോഡിന്‍റെ കരാർ ജോലി അദ്ദേഹം ഏറ്റെടുത്തു. മേസ്തിരിയായി ചേക്കുട്ടിയെ കൂട്ടി. ഏറെ താമസിയാതെ സി ക്ലാസ് രജിസ്ട്രേഷനെടുത്തു. മരാമത്ത് പണികൾക്ക് ആവശ്യമായ മെറ്റൽ, മണൽ മുതലായവ എത്തിച്ചുനൽകുകയായിരുന്നു ആദ്യകാല ജോലി. പൊക്കായിഭാഗം, പുതിയനിരത്ത്, മൂഴിക്കൽ, ചെലവൂർ തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് കോണ്‍ക്രീറ്റ് നിർമാണത്തിന് ആവശ്യമായവ എത്തിച്ചു. നടക്കാവിലെ പൂഴി വാസു, മോദി, ചേക്കുട്ടി എന്നിവരായിരുന്നു ഒരുകാലത്ത് കോഴിക്കോട്ടെ ഏറ്റവും വലിയ മെറ്റീരിയൽ സപ്ലൈയേഴ്സ്.

പ്രതിസന്ധികളിൽ തളരാതെ

ഇരുപത്തിയഞ്ചാം വയസിൽ കാരന്തൂർ സ്വദേശിനി ആമിനക്കുട്ടിയുമായി വിവാഹം. വീണ്ടും കഷ്ടപ്പാടിന്‍റെ ദിനങ്ങൾ. സാധനങ്ങൾ കൃത്യമായി ആവശ്യക്കാരിലെത്തിക്കാൻ സാധിക്കുന്നില്ല. വസ്തുക്കൾ വാങ്ങുന്നവർക്ക് പറഞ്ഞ സമയത്ത് പൈസ കൊടുക്കാനാവാത്ത അവസ്ഥ. ചതിയനെന്നും കള്ളനെന്നും വിളികേട്ട ദിനങ്ങൾ. ആരും സാധനങ്ങൾ നൽകാത്ത ദയനീയ സ്ഥിതി.

പക്ഷേ, തോറ്റുകൊടുക്കാൻ ചേക്കുട്ടി തയ്യാറായിരുന്നില്ല. തീക്ഷ്ണതയോടെ രാപകൽ അധ്വാനിച്ചു. ഓരോ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു. വേലികെട്ടിയും തേങ്ങ ചുമന്നും പൂഴിവാരിയും കടത്തുവഞ്ചി തുഴഞ്ഞും ഹാൻഡ്റോളർ വലിച്ചും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിച്ച ഒരാൾക്ക് അത്ര പെട്ടെന്നൊന്നും തോറ്റോടാൻ ആവില്ലല്ലോ. ചേക്കുട്ടിയുടെ നിശ്ചയദാർഢ്യത്തിനുമുന്പിൽ കാലം ശിരസു നമിച്ചുവെന്നതിന് ചരിത്രം സാക്ഷി.

ഭാര്യയും അഞ്ച് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കൊപ്പം കരാർ ജോലിയുടെ രംഗത്തും വെന്നിക്കൊടിപാറിക്കാൻ ചേക്കുട്ടിക്ക് സാധിച്ചു. അന്പതാമത്തെ വയസിൽ എ ക്ലാസ് രജിസ്ട്രേഷൻ നേടി.

ചേവരന്പലം റോഡ്, മൂഴിക്കൽ പാലം, ആർഇസി, ബാലുശേരി ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി നൂറുകണക്കിന് നിർമാണ പ്രവൃത്തികളാണ് ചേക്കുട്ടിയുടെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. റോഡ്, കെട്ടിടം, വീട്, ഇറിഗേഷൻ പ്രവർത്തനങ്ങളാണ് മുഖ്യമായും നടത്തുന്നത്. പഞ്ചായത്തുകളുടെയും കോർപറേഷന്േ‍റയും നിരവധി പ്രോജക്ടുകൾ ഭംഗിയായി പൂർത്തീകരിച്ച ക്രെഡിറ്റും ഇദ്ദേഹത്തിന് സ്വന്തം.

ജീവിതത്തിൽ ഇതുവരെ കൈക്കൂലി കൊടുക്കാത്ത വ്യക്തിയാണ് ചേക്കുട്ടി. ഏറ്റെടുക്കുന്ന ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കും. നിർമാണ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അതുകൊണ്ടുതന്നെ ഒരു ഓഫീസറും ഇതുവരെ ചേക്കുട്ടിയുടെ ഫയൽ വച്ചു താമസിപ്പിച്ചിട്ടില്ല.

അവശതകളിലും വാശിയോടെ മുന്നോട്ട്

ഓൾ കേരള ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് രക്ഷാധികാരിയാണ് ചേക്കുട്ടി. 1987 മുതൽ കേരള ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റും ജനറൽ സെക്രട്ടറിയുമായിരുന്നു. സ്നേഹതീരം റസിഡന്‍റ്സ് അസോസിയേഷൻ കോഓർഡിനേഷൻ പ്രസിഡന്‍റായിരുന്നു. നിലവിൽ ചെയർമാനാണ്. ജെഡിടി പൂർവവിദ്യാർഥി സംഘടനായ ജിയോസയുടെ പ്രസിഡന്‍റായിരുന്നു. അഞ്ച് വർഷം ജെഡിടി വികസന സമിതി ചെയർമാൻ, എൻജിഒ ക്വാർട്ടേഴ്സ് സ്കൂൾ വികസന സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മൂഴിക്കൽ അങ്ങാടിയിൽ ഒരു പള്ളി പണിതു വിശ്വാസികൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ജനങ്ങളെ സംഘടിപ്പിച്ച് ചെറുവറ്റ പാലം യാഥാർഥ്യമാക്കിയതിൽ ചേക്കുട്ടി വഹിച്ച പങ്ക് ചെറുതല്ല.

ഓട്ടോറിക്ഷ അപകടത്തെ തുടർന്ന് കാലുകളുടെ സുഗമചലനം പ്രയാസമായപ്പോഴും ഹൃദയരോഗബാധിതനായി വിഷമിച്ചപ്പോഴും ധൈര്യവാനായി മുന്നോട്ടുപോയ ജീവിതമാണ് ചേക്കുട്ടിയുടേത്. ചെയ്ത ജോലിയോട് ആത്മാർത്ഥതയും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കിൽ എവിടെയും വിജയിക്കാമെന്ന് ചേക്കുട്ടിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അഞ്ച് മക്കളാണ് ഇദ്ദേഹത്തിന്. നാസർ, നസീർ, നിസാർ, മൻസൂർ, നുസ്റത്ത്. എല്ലാവരും കരാർ മേഖലയിൽ അറിയപ്പെടുന്നവർ.