ആരേയും ആകർഷിക്കും ആഫ്രിക്കൻ വയലറ്റ്സ്
മനോഹരമായ കുഞ്ഞുപൂക്കളാലും ഭംഗിയായി വിന്യസിക്കപ്പെട്ട ഇലകളാലും ആരെയും ആകർഷിക്കുന്ന ഒരു ചെറു ചെടിയാണ് ആഫ്രിക്കൻ വയലറ്റ്സ്. വാൾട്ടർ വോണ്‍ സെയിന്‍റ് പോൾ എന്ന ജർമ്മൻകാരനാണ് ആഫ്രിക്കയിലെ ടാൻസാനിയയിൽ ഈ ചെടി കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ ബഹുമാനാർഥം ടമശിേ ജമൗഹശമ എന്ന പേരിലാണ് ശാസ്ത്രലോകത്തിൽ ഈ ചെടി അറിയപ്പെടുന്നത്. ജ·ം കൊണ്ട് ആഫ്രിക്കക്കാരനാണെങ്കിലും ഇതിന്‍റെ ആയിരക്കണക്കിന് ഹൈബ്രിഡുകൾ ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലഭ്യമാണ്.

അധികം ആഴത്തിൽ പോകാത്ത വേരുകളാണ് ഇവയ്ക്കുള്ളത്. ഇലത്തണ്ട് നീളം കുറഞ്ഞതാണ്. പടർന്നു കയറുന്ന തണ്ടുകളോടു കൂടിയ ചെടികളും അപൂർവമായി കാണാം. ഇലകൾ വൃത്താകൃതിയിലുള്ളതോ, അണ്ഡാകൃതിയിലുള്ളതോ ആയിരിക്കും. രോമാവൃതവും പച്ചനിറത്തോടു കൂടിയതുമാണ് ഇലകളുടെ മുകൾഭാഗം. അടിഭാഗത്തിന് കട്ടികുറഞ്ഞ പച്ചനിറമാണ്. ഇളംപച്ച നിറത്തിൽ മാംസളമായ ഇലത്തണ്ടുകൾ. പത്രകക്ഷത്തിൽ നിന്ന് പുറപ്പെടുന്ന പൂവിൻതണ്ടുകളുടെ അറ്റത്താണ് പൂക്കളുണ്ടാകുന്നത്. അഞ്ചു ദളങ്ങളുള്ള പൂക്കളുടെ മധ്യഭാഗത്ത് സ്വർണ നിറത്തിലുള്ള പരാഗസഞ്ചികൾ കാണാം. പേരു സൂചിപ്പിക്കുന്നപോലെവയലറ്റ് നിറമോ, വകഭേദങ്ങളോ ആവാം പൂക്കളുടെ നിറം. പൂക്കളുടെ നിറമോ, വലുപ്പമോ ഹൈബ്രിഡുകളിൽ പ്രവചിക്കാനാവില്ല. വളരുന്ന സാഹചര്യങ്ങളും കാലാവസ്ഥയുമനുസരിച്ച് പൂക്കളുടെ നിറത്തിലും വലുപ്പത്തിലും മാറ്റങ്ങൾ വരാം.

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ആഫ്രിക്കൻ വയലറ്റുകളിലെ പ്രധാന ഇനങ്ങളെ പരിചയപ്പെടാം.

1. സെയിന്‍റ് പോളിയ ബാലറ്റ്

പൂക്കൾക്ക് വെള്ളനിറം. ഇലകൾ കടുംപച്ചയും. ഹൈബ്രിഡുകളിൽ നിറവ്യത്യാസങ്ങൾ നിരവധി. ഏകദേശം 10-12 ഇഞ്ച് വ്യാസത്തിൽ വളരുന്ന ഇവ തുടക്കക്കാർക്ക് വളർത്താൻ എളുപ്പമാണ്.

2. സെയിന്‍റ് പോളിയ റാപ്സഡീ

ഈ വർഗത്തിൽ നിരവധി ഹൈബ്രിഡുകളുണ്ട്. ആർ മെലഡീ, ആർ വീനസ് എന്നിവ അവയിൽ ചിലതു മാത്രം. വൃത്താകൃതിയിൽ കടുംപച്ചനിറത്തിലുള്ള ഇലകളാണ.് ഒരടിയോളം വ്യാസത്തിൽ വളരുന്നു. താരതമ്യേന വളർത്താൻ എളുപ്പം.

3. ബൈസെന്‍റിനിയൽ ട്രെയിൽ

തൂക്കുചട്ടികളിൽ വളർത്താവുന്ന ഒരു ഇനമാണിത്. മിതമായ പച്ചനിറത്തിലുള്ള വാൾത്തലപോലെയുള്ള ഇലകളാണ് ഇവയ്ക്കുള്ളത്. ധാരാളം പൂക്കളുണ്ടാകുന്നു. പൂക്കൾക്ക് കടുത്ത പിങ്ക് നിറമായിരിക്കും.

4. എസ് ടോമീ ലോ

ആഫ്രിക്കൻ വയലറ്റുകളിൽ വളർത്താൻ എളുപ്പമുള്ള മറ്റൊരിനമാണിത്. ഇലകളുടെ മധ്യഭാഗം കടും പച്ചനിറത്തോടുകൂടിയിരിക്കും. സാധാരണയായി അഞ്ചു ദളങ്ങളോടുകൂടിയ പൂക്കളുടെ നിറം, പ്രവചനം അസാധ്യമാക്കുന്ന വിധത്തിൽ നിരവധിയാണ്.

5. സെയിന്‍റ് പോളിയ ലിറ്റിൽ ഡിലൈറ്റ്

ആറിഞ്ചു വ്യാസത്തിൽ താഴെ മാത്രമെ വളരുകയുള്ളൂ. ഇളം പച്ചനിറത്തോടുകൂടിയ ഇലകൾ വാൾത്തലപോലെയായിരിക്കും. പൂക്കൾ വെള്ള നിറത്തിലുള്ളതും അവയുടെ അറ്റം പർപ്പിൾ നിറത്തോടുകൂടിയതുമായിരിക്കും.

കടലിലെ മീനിന് മുക്കുവനിട്ട പേര് എന്നു പറഞ്ഞപോലെയാണ് ആഫ്രിക്കൻ വയലറ്റിലെ ഹൈബ്രിഡുകളുടെ പേരുകൾ. ഈ പേരിലുള്ള ചെടിയന്വേഷിച്ച് നഴ്സറിയിൽ ചെന്നാൽ, നഴ്സറിക്കാരനും കൈ മലർത്തിയെന്നു വരാം.

പരിചരണം ശാസ്ത്രീയമായി

നേരിട്ടുള്ള സൂര്യപ്രകാശം തട്ടിയാൽ ചെടികരിഞ്ഞുപോകും. പക്ഷെ ഷേഡിനു താഴെ രണ്ടോ മുന്നോ മണിക്കൂർ സൂര്യപ്രകാശം കൊടുക്കാവുന്നതാണ്. പരിചരണരീതി ശരിയല്ലെങ്കിൽ ഇവ നശിച്ചുപോകും. ട്യൂബ് ലൈറ്റുകൾക്ക് പന്ത്രണ്ട് ഇഞ്ച് താഴെ ദിവസം 12 മണിക്കൂർ വച്ചാൽ ചെടികൾ നന്നായി വളരുകയും സമൃദ്ധമായി പൂക്കൾ തരികയും ചെയ്യും.

വളരെയധികം സെൻസിറ്റീവ് ആയ ഒരു ചെടിയാണ് ആഫ്രിക്കൻ വയലറ്റ്സ്. അന്തരീക്ഷ താപനിലയിലെ ചെറിയമാറ്റം പോലും ചെടിയെ വിപരീതമായി ബാധിക്കാം. 65 ഡിഗ്രി ഫാറൻ ഹീറ്റിനും 75 ഡിഗ്രി ഫാറൻ ഹീറ്റിനും ഇടയിലുള്ള ഉൗഷ്മാവാണ് ഇവയ്ക്കു പഥ്യം. താപനിലയിൽ അഞ്ചു ഡിഗ്രി മാറ്റം വന്നാൽ പോലും അത് ചെടിയെ ബാധിക്കും. ഉയർന്ന ജലസാന്ദ്രത ഇഷ്ടപ്പെടുന്നതുകൊണ്ട് ചട്ടികൾ ചെറിയ കല്ലുകൾ പാകിയ പരന്ന പാത്രത്തിൽ വച്ചാൽ നന്നായിരിക്കും.
ജലസേചനം

വളരെ ശ്രദ്ധയോടുകൂടി വേണം ഈ ചെടികൾക്ക് വെള്ളമൊഴിക്കാൻ. ചട്ടിയിലെ മണ്ണ് അര ഇഞ്ചോളം ഉണങ്ങിയ ശേഷമേ വെള്ളമൊഴിക്കാവൂ. അന്തരീക്ഷ താപനില അറുപതു ഡിഗ്രിക്ക് താഴെയാണെങ്കിൽ പോട്ടിംഗ് മിക്സ്ചർ ഒരിഞ്ച് ഉണങ്ങിയ ശേഷമേ വെള്ളമൊഴിക്കാവൂ. വെള്ളം അധികമായാൽ വേരുകൾ ചീഞ്ഞ് ചെടി നശിച്ചു പോകും.

വളപ്രയോഗം

ദ്രാവകരൂപത്തിലുള്ള വളം രണ്ടാഴ്ച കൂടുന്പോൾ ഒരു ടീസ്പൂണ്‍ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തട്ടാതെ ഒഴിച്ചു കൊടുക്കാവുന്നതാണ്.

പോട്ടിംഗ് മിശ്രിതം

തുല്യഅളവിൽ മണ്ണിരവളവും ചാണകപ്പൊടിയും കരടും കട്ടകളും കളഞ്ഞ മണലും ചേർത്താണ് പോട്ടിംഗ് മിശ്രിതം തയാറാക്കേണ്ടത്. ഇതിന്‍റെ കൂടെ ഒരു കപ്പിന് ഒരു ടേബിൾസ്പൂണ്‍ ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം കൂട്ടിക്കലർത്താം. വൃത്താകൃതിയിൽ വളരുന്ന ഈ ചെടികൾക്ക് ചെടിയുടെ വ്യാസത്തിന്‍റെ മൂന്നിലൊന്ന് വരുന്ന ചട്ടികളാണ് ഉപയോഗിക്കേണ്ടത്. വലിയ ചെടികൾക്കുപോലും അഞ്ചോ, ആറോ വ്യാസമുള്ള ചട്ടികൾ ധാരാളം മതിയാകും. ചട്ടികൾ നല്ലവണ്ണം നിറഞ്ഞു കഴിയുന്പോഴാണ് കൂടുതൽ പൂക്കളുണ്ടാകുന്നത്. ആറുമാസം കൂടുന്പോൾ ചെടികൾ പുതിയ ചട്ടികളിലേക്ക് മാറ്റി നടാം. ചട്ടിയിൽ നിന്ന് മാറ്റുന്നതിനു മുന്പ് പോട്ടിംഗ് മിശ്രിതം നനച്ചു കൊടുക്കുന്നത് ചെടിയുടെ വേരുകൾക്ക് കേടുവരാതെ മാറ്റി നടാൻ സഹായിക്കും. പുതിയ ചട്ടിയിലേക്ക് മാറ്റുന്നതിനു മുന്പ് കേടുവന്നതും ഉണങ്ങിയതുമായ ഇലകൾ മുഴുവൻ തണ്ടോടുകൂടി അടർത്തി മാറ്റി നടണം.

വംശവർധന

ഇലകൾ മുറിച്ച് നട്ടാണ് ആഫ്രിക്കൻ വയലറ്റുകളുടെ വംശവർധന നടത്തുന്നത്. മാതൃസസ്യത്തന്‍റെ തണ്ടിൽ നിന്ന് ആരോഗ്യമുള്ള ഇല മുഴുവനായും അടർത്തിയെടുക്കുക. ഇലത്തണ്ട് ഒന്നൊന്നര ഇഞ്ച് നീളത്തിൽ ഒരു മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് മുറിച്ച് 2-2.5 ഇഞ്ച് വ്യാസമുള്ളതും നനഞ്ഞ പോട്ടിംഗ് മിശ്രിതം നിറച്ചതുമായ ചട്ടിയിൽ 45 ശതമാനം ചരിവിൽ പൂഴ്ത്തിവയ്ക്കുക. ഈ ചട്ടി ഒരുസുതാര്യമായ പ്ലാസ്റ്റിക് കവർകൊണ്ട് മൂടി ഫിൽട്ടേർഡ് ലൈറ്റിൽ വയ്ക്കുക. ഒന്നരമാസത്തോളം വെള്ളമൊഴിക്കേണ്ടതില്ല. ഒന്നര മാസത്തിനുള്ളിൽ ഇലത്തണ്ടിനോട് ചേർന്ന മണ്ണിൽ നിന്ന് നിരവധി ചെറുചെടികൾ വളരുന്നതു കാണാം. ചെറുചെടികൾ ഒന്നോ രണ്ടോ ഇഞ്ച് വലിപ്പം വയ്ക്കുന്പോൾ അവ പ്ലാസ്റ്റിക് കവർ മാറ്റി, പുതിയ ചട്ടികളിലേക്കാക്കാം.

വെള്ളത്തിൽ മുക്കിവച്ച് വംശവർധന നടത്തുന്ന രീതി

വെള്ളം നിറച്ച ഒരു ജാറിന്‍റെ മൂടി നീക്കി, ഒരു പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിക്കെട്ടുക. നടുവിൽ ഒരു ചെറിയ ദ്വാരമുണ്ടാക്കി മുഴുവൻ തണ്ടോടുകൂടിയ ഒരു ഇല വെള്ളത്തിൽ മുക്കിവെയ്ക്കുക. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇലത്തണ്ടിന്‍റെ അടിയിൽ നിന്ന് ചെറു ചെടികൾ വളർന്നു വരുന്നതുകാണാം. ഒന്നോ രണ്ടോ ഇഞ്ച് നീളം വയ്ക്കുന്പോൾ ചെടിത്തണ്ടിന്‍റെ അടിയിൽ നിന്ന് വരുന്ന ചെറു ചെടികളെ അടർത്തിയെടുത്ത് പുതിയ ചട്ടികളിലേക്ക് മാറ്റാം.

കീടങ്ങളും രോഗങ്ങളും

1.അഫിഡ്

ഇലകളിലെയും തണ്ടിലേയും നീരൂറ്റിക്കുടിക്കുന്ന അഫിഡ് അഥവാ ഇലപ്പേൻ ആഫ്രിക്കൻ വയലറ്റുകളുടെ പ്രധാനശത്രുവാണ്. ഇവ മഞ്ഞ, തവിട്ട്, ചാര നിറങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഇവയുടെ ആക്രമണം മൂലം ഇലകളും തണ്ടും പൂക്കളും ചുരുണ്ടു പോകുന്നു. മാത്രമല്ല, ഇവയുടെ ആക്രമണം മൂലം മറ്റു വൈറസ് രോഗങ്ങളും ചെടിയെ ബാധിക്കും.

2. മീലി ബഗ്സ്

ഒരിഞ്ചിന്‍റെ എട്ടിലൊരു ഭാഗം മാത്രമുള്ള ഇവയുടെ ആക്രമണം ചെടിയുടെ സർവനാശത്തിലേ അവസാനിക്കൂ. ഇവ സ്രവിക്കുന്ന നീര് മധുരമുള്ളതാണ്. ഇതുഭക്ഷിക്കാനായെത്തുന്ന ഉറുന്പുകളുടെ ആക്രമണവും ഉണ്ടാകും.

നിയന്ത്രണം

കാണാൻ കഴിയുമെങ്കിൽ ഈ പരാദങ്ങളെ ആദ്യദശയിൽ ഒരു ടൂത്ത്പിക്ക്കൊണ്ട് എടുത്തു മാറ്റാം. മറ്റൊരു മാർഗം ഒരു ടൂത്ത് ബ്രഷ് നേരിയ ആൽക്കഹോൾ ലായനിയിൽ മുക്കി ഇലകളിൽ ബ്രഷ് ചെയ്യുകയാണ്. വളർത്താ ൻ ബുദ്ധിമുട്ടുണ്ടെങ്കിലും പൂക്കളെ സ്നേഹിക്കുന്നവർക്ക് ആഫ്രിക്കൻ വയലറ്റ്സ് എന്നും ഒരു ബലഹീനതയാണ്.

ഡോ. പോൾ വാഴപ്പിള്ളി
ഫോണ്‍- 94473 05004.