മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കും മുന്പ് 10 കാര്യങ്ങൾ
മ്യൂച്വൽ ഫണ്ടിൽ  നിക്ഷേപിക്കും മുന്പ് 10 കാര്യങ്ങൾ
Thursday, April 5, 2018 2:31 PM IST
വിപണിയിൽ ഇടിവുണ്ടെങ്കിലും ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം കിതപ്പു കൂടാതെ മുന്നേറുകയാണ്. 2018 ജനുവരി 31-ന് ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകൾ മാനേജ് ചെയ്യുന്ന ആസതിയുടെ വലുപ്പം 23.25 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുകയാണ്. 2012 മാർച്ച് 31-ലെ 5.87 ലക്ഷം കോടി രൂപയേക്കാൾ മൂന്നര ഇരട്ടി. വെറും അഞ്ചര വർഷങ്ങൾക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

2014 മേയിലാണ് ആസ്തി ആദ്യമായി 10 ലക്ഷം കോടി രൂപയിലെത്തിയത്. ജനുവരി 31 വരെയുള്ള മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകളുടെ എണ്ണം 6.83 കോടി യാണ്. ഇതിൽ 5.65 കോടി അക്കൗണ്ടും റീട്ടെയിൽ മേഖലയിൽനിന്നാണ്. ഇക്വിറ്റി, ഇഎൽഎസ്എസ്, ബാലൻസ്ഡ് സ്കീമുകളിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം വന്നിട്ടുള്ളത്.

മ്യൂച്വൽ ഫണ്ടിലേക്കുള്ള ഒഴുക്കിന്‍റെ ശക്തി ഇനിയും കുറഞ്ഞിട്ടില്ല. എങ്കിലും ഫണ്ടുകൾ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധ നൽകണം. ശ്രദ്ധയോടെ, ലക്ഷ്യം വച്ച് നിക്ഷേപം നടത്തിയാൽ മികച്ച റിട്ടേണ്‍ ഉണ്ടാക്കുവാൻ മ്യൂച്വൽ ഫണ്ടു നിക്ഷേപം സഹായിക്കുമെന്നതിൽ സംശയം വേണ്ട. പ്രത്യേകിച്ചും ദീർഘകാലത്തിൽ.

വിവിധ മ്യൂച്വൽ ഫണ്ടുകൾ ആയിരക്കണക്കിന് പദ്ധതികളാണ് നിക്ഷേപകർക്കു മുന്പിൽ ലഭ്യമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ നിക്ഷേപത്തിനു മുന്പ് അൽപ്പം ശ്രദ്ധ നൽകി പഠിക്കുന്നത് സാന്പത്തികാരോഗ്യത്തിനു നല്ലതാണ്. അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയശേഷം മാത്രം നിക്ഷേപം നടത്തുക.

ഇത്തരത്തിൽ അന്വേഷണത്തിനു സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ ചുവടെ വയ്ക്കുകയാണ്.

1. നല്ല ഫണ്ട് ഹൗസ്

നല്ല ഫണ്ടു ഹൗസുകൾ മികച്ച ഫണ്ടുകൾ പുറത്തിറക്കുന്നതിൽ എപ്പോഴും ശ്രദ്ധ നൽകും. നല്ല ഫണ്ടു മാനേജർമാരെ നിയമിക്കാനും അവർ തയാറാകും.

2. മാന്യമായ കാലയളവ്

പ്രവർത്തനം തുടങ്ങി, മോശമല്ലാത്ത കാലയളവ് പിന്നിട്ട ഫണ്ടുകൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക. പുതിയ ഫണ്ടുകളെ നിലവിലുള്ളതിനേക്കാൾ കൂടുതൽ റിസ്കുള്ളതായിട്ടാണ് കണക്കാക്കുന്നത്.

3. ഫണ്ട് മാനേജർ

അധ്വാനിച്ചുണ്ടാക്കിയ പണം ശക്തമായ കരങ്ങളിൽ ഏൽപ്പിക്കണം. ഇതിനായി ഫണ്ടു മാനേജരുടെ പരിചയവും പ്രകടന ചരിത്രവും പരിശോധിക്കണം. ഫണ്ടു മാനേജരുടെ വൈദഗ്ധ്യം ഇതിലൂടെ മനസിലാക്കാം.

4. ഫണ്ട് സ്കീമും നിക്ഷേപശൈലിയും

അടുത്തപടി ഫണ്ടു സ്കീമിനെക്കുറിച്ചും നിക്ഷേശൈലിയെക്കുറിച്ചുമുളള അന്വേഷണമാണ്. തന്‍റെ ലക്ഷ്യമായി ഇണങ്ങുന്നതാണോ അതിന്‍റെ നഷ്ട സാധ്യതയെന്താണ് എന്നൊക്കെ മനസിലാക്കി യോജിച്ച ഫണ്ട് തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഉയർന്ന റിസ്ക് എടുക്കുവാൻ സാധിക്കുന്ന, ദീർഘകാലത്തിൽ സന്പത്തു ലക്ഷ്യം വയ്ക്കുന്നയാൾക്കു തീർച്ചയായും മിഡ്, സ്മോൾ കാപ് ഫണ്ടുകൾ തെരഞ്ഞെടുക്കാം. കഴിയുന്നത്ര റിസ്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ലാർജ്കാപ്, ഇക്വിറ്റി ബാലൻസ്ഡ് ഫണ്ടുകൾ തെരഞ്ഞെടുക്കാം.

5. ആസ്തിയുടെ വലുപ്പം

വലിയ ആസ്തി മാനേജ് ചെയ്യുന്ന ഫണ്ടുകൾ സ്വാഭാവികമായും നിക്ഷേപകരിൽ ആത്മവിശ്വാസം പകരുമെന്നതിൽ സംശയമില്ല. കൂടുതൽ ആളുകൾ അതിൽ വിശ്വാസം പ്രകടിപ്പിക്കുന്നതുകൊണ്ടാണല്ലോ അതിന്‍റെ ആസ്തി വർധിക്കുന്നത്. ഉദാഹരണത്തിന് എച്ച്ഡിഎഫ്സി പ്രൂഡൻസ് ഫണ്ടിന്‍റെ വലുപ്പം 39500 കോടി രൂപയോളമാണ്. ഐസിഐസിഐ ഫോക്കസ്ഡ് ബ്ലൂചിപ്പിന്‍റെ വലുപ്പം 16700 കോടി രൂപയും. എങ്കിലും ആസ്തി വലുതായതുകൊണ്ട് അതു ഭാവിയിൽ മെച്ചപ്പെട്ട റിട്ടേണ്‍ കിട്ടുമെന്നു ഉറപ്പിക്കരുത്. പക്ഷേ ഫണ്ടു മാനേജർക്ക് ഫ്ളെക്സിബിൾ ആയി പ്രവർത്തിക്കുവാൻ ഇതു സഹായിക്കും.

6. നിക്ഷേപാസ്തിക്കായി മാറ്റി വക്കൽ

ഫണ്ടുകൾ ആരംഭിക്കന്പോൾ തന്നെ എവിടയാണ് നിക്ഷേപിക്കുകയെന്നു വ്യക്തമാക്കിയിരിക്കും. ഡെറ്റിലാണോ, ഓഹരിയിലാണോ അതോ ഓഹരിയിലും ഡെറ്റിലും കൂടിയാണോ എന്നൊക്കെ. ഇതൊക്കെ ഫണ്ടിന്‍റെ ലക്ഷ്യമായി ബന്ധിപ്പിച്ചായിരിക്കും നിശ്ചയിച്ചിരിക്കുക.


7. ഫണ്ടിന്‍റെ മുൻകാല പ്രകടനം

മുൻകാല പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ലെന്ന് എല്ല ഫണ്ടുകളും തന്നെ മുന്നറയിപ്പു നൽകുന്നുണ്ട്. പക്ഷേ മ്യൂച്വൽ ഫണ്ടിന്‍റെ വിശകലനം ചെയ്യുന്പോൾ മുൻകാല പ്രകടനം പ്രധാനപ്പെട്ടതുതന്നെയാണ്. അതിനർത്ഥം മുൻകാല പ്രകടനമാണ് എല്ലാമാണെന്നല്ല. ഈ ഒറ്റക്കാര്യത്തിന്‍റെ അടിസ്ഥാനത്തിൽ നിക്ഷേപം നടത്താനും പാടില്ല.
മൂന്ന്, അഞ്ച്, പത്ത്, 15 തുടങ്ങി നീണ്ട വർഷങ്ങളിൽ നൽകിയ റിട്ടേണ്‍ മനസിലാക്കുകയും ചെയ്യുക. വിപണിയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്പോഴുള്ള ഫണ്ടിന്‍റെ പ്രകടനം നിക്ഷേപകന് ഒരു ഉൾക്കാഴ്ച നൽകുമെന്ന് ഉറപ്പാണ്.

8. എൻട്രി, എക്സിറ്റ് ലോഡുകൾ

ഫണ്ടിൽ നിക്ഷേപം നടത്തുന്നതിനും അതിൽനിന്നു നിക്ഷേപം പിൻവലിക്കുന്നതിനും ഫണ്ടുകൾ ചാർജുകൾ ഈടാക്കാറുണ്ട്. നിക്ഷേപം നടത്തുന്പോൾ ഈടാക്കുന്നതിനെ എൻട്രി ലോഡ് എന്നും നിക്ഷേപം വിൽക്കുന്പോൾ ഈടാക്കുന്നതിനെ എക്സിറ്റ് ലോഡ് എന്നും പറയുന്നു. മിക്ക ഫണ്ടുകളും എൻട്രി ലോഡ് ഈടാക്കാറില്ല. അതേപോലെ നിശ്ചിത കാലയളവിനുശേഷം വിൽക്കുന്നതിനു എക്സിറ്റും ലോഡും ഈടാക്കാറില്ല. എന്നാൽ കാലാവധിക്കുമുന്പേ നിക്ഷേപം വിറ്റാൽ എക്സിറ്റ് ലോഡ് ഇടാക്കും. ഇത് എൻഎവയിൽനിന്നു കുറയ്ക്കുകയാണ് പതിവ്. അതിനാൽ ഏറ്റവും കുറവ് എക്സിറ്റ് , എൻട്രി ലോഡുകൾ ഉള്ള ഫണ്ട് തെരഞ്ഞെടുക്കുക. അതേപോലെ ദീർഘകാലത്തിൽ നിക്ഷേപം നടത്തുക.

9. ബഞ്ച്മാർക്കുമായുള്ള താരതമ്യപ്പെടുത്തൽ

ഫണ്ടിന്‍റെ റിട്ടേണും ബഞ്ചുമാർക്ക് റിട്ടേണുമായും താരതമ്യപ്പെടുത്തുക. ഓരോ കാലയളവിൽ ഫണ്ടിന്‍റെ പ്രകടനം എങ്ങനെയായിരുന്നുവെന്നു മനസിലാക്കുവാൻ ഇതു സഹായിക്കും. മറ്റു ഫണ്ടുകളുമായി തരതമ്യത്തിനും ഇതു സഹായിക്കും.

10. നികുതി ബാധ്യത

മ്യൂച്വൽ ഫണ്ടുകളിലെ നികുതി ബാധ്യതകൾ അറിഞ്ഞിരിക്കുക. ലഭിക്കുന്ന റിട്ടേണിനു നികുതി നൽകണമോ വേണ്ടയോ എന്നറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. നികുതി നൽകണമെങ്കിൽ എത്ര നൽകണം. നികുതി ലഭിക്കുന്ന വരുമാനം പണപ്പെരുപ്പത്തെ അതിജീവിക്കുവാൻ സഹായകമാണോ എന്നൊക്കെ അറിഞ്ഞിരിക്കണം.

ഒരു വർഷത്തിൽ താഴെ കൈവശം വച്ചതിനുശേഷം വിൽക്കുന്ന ഇക്വിറ്റി ഫണ്ടു യൂണിറ്റുകൾക്കു ഹ്രസ്വകാല മൂലധന വളർച്ചാ നികുതി നൽകണം. അതു 15 ശതമാനമാണ്.
ഒരു വർഷത്തിനു മുകളിൽ കൈവശം സൂക്ഷിച്ചതിനുശേഷം വിറ്റഴിക്കുന്പോൾ ലഭിക്കുന്ന മൂലധന വളർച്ചയെ ദീർഘകാല മൂലധന വളർച്ചയെന്നു വിളിക്കുന്നു. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് ദീർഘകാല മൂലധന വളർച്ച നികുതിയില്ല.

ഇക്വിറ്റിയിതര ഫണ്ടുകളിൽ ഹ്രസ്വകാല മൂലധന വളർച്ച കണക്കാക്കുന്നതിനുള്ള കാലയളവ് മൂന്നു വർഷമാണ്. മൂന്നുവർഷത്തിൽ താഴെ കൈവശം വച്ച ശേഷം വിൽക്കുന്പോൾ ലഭിക്കുന്ന ഹ്രസ്വകാല മൂലധന വളർച്ചാ വരുമാനം വ്യക്തിയുടെ വരുമാനത്തിൽ ചേർത്ത് ഏതു ബ്രാക്കറ്റിൽ വരുന്നുവോ അതിലെ നികുതി നൽകണം.

മൂന്നു വർഷത്തിനുശേഷം വിൽക്കുന്പോൾ ലഭിക്കുന്ന മൂലധന വളർച്ചയെ ദീർഘകാല മൂലധന വളർച്ചാ വരുമാനമായി കണക്കാക്കുന്നു. ഇൻഡെക്സേഷനോടുകൂടി ലിസ്റ്റഡ് ഫണ്ടുകളിൽ 20 ശതമാനവും അണ്‍ലിസ്റ്റഡ് ഫണ്ടുകളിൽ ഇൻഡെക്സേഷൻ ഇല്ലാതെ 10 ശതമാനവുമാണ് നികുതി. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽനിന്നു നിക്ഷേപകനു ലഭിക്കുന്ന ലാഭവീതത്തിനു യൂണിറ്റ് ഉടമ നികുതി നൽകേണ്ടതില്ല. നികുതിബാധ്യതയില്ലാത്ത വരുമാനമാണിത്.

ഡെറ്റ് ഫണ്ടിൽനിന്നു യൂണിറ്റ് ഉടമയ്ക്കു നൽകുന്ന വരുമാനത്തിനു യൂണിറ്റ് ഉടമ നികുതി നൽകേണ്ടതില്ല. എന്നാൽ മ്യൂച്വൽ ഫണ്ടു കന്പനികൾ ഡിവിഡണ്ട് വിതരണ നികുതി നൽകണം. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾക്ക് ഇത് 28.84 ശതമാനമാണ്.