കാമറയ്ക്കു പിന്നില്‍ ഡയാന സില്‍വസ്റ്റര്‍
കാമറയ്ക്കു പിന്നില്‍ ഡയാന സില്‍വസ്റ്റര്‍
Thursday, April 5, 2018 3:01 PM IST
ഒരു പ്രോഗ്രാം സംവിധാനം ചെയ്യുന്ന എന്നത് നിസാരകാര്യമല്ല. അതും കോമഡി പ്രോഗ്രാം... ചെയ്യുന്നതാകട്ടെ ഒരു സ്ത്രീയും... ചെയ്ത പ്രോഗ്രാമുകള്‍ സൂപ്പര്‍ ഹിറ്റുകളാകുമ്പോള്‍ അവരുടെ സന്തോഷം ഇരട്ടിയാകും. പറഞ്ഞുവരുന്നത് ഏഷ്യാനെറ്റിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡയാനാ സില്‍വസ്റ്ററിനെക്കുറിച്ചാണ്. ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ്, 1000 എപ്പിസോഡുകള്‍ പിന്നിട്ട സിനിമാല എന്നീ പരിപാടികളുടെ ഡയറക്ടറാണ് ഡയാന. ഈ പരിപാടികളിലൂടെ ഡയാനയ്ക്ക് 211 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള വീക്കിലി പ്രോഗ്രാം എന്ന ബഹുമതിയോടെ ലിംഗ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും സിനിമാല ഇടംനേടി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രോഗ്രാം സംവിധാനം ചെയ്ത സ്ത്രീ എന്ന ബഹുമതിയും വുമണ്‍ ഓഫ് ദി ഇയര്‍ 2016 അവാര്‍ഡും നല്‍കിയാണ് ദി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ഡയാനയെ ആദരിച്ചത്. ഡയാനാ സില്‍വസ്റ്ററിന്റെ വിശേഷങ്ങളിലേക്ക്...

ബഡായി ബംഗ്ലാവും സിനിമാലയും

ബഡായി ബംഗ്ലാവ് സിനിമാലയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് ബഡായി ബംഗ്ലാവ് ചെയ്തത്. പക്ഷേ സിനിമാല അങ്ങനെയായിരുന്നില്ല. 20 വര്‍ഷം സിനിമാല ചെയ്തു. അതു വളരെ ടഫ് ആയിരുന്നു. സിനിമാലയില്‍ സമകാലിക വിഷയങ്ങള്‍ എടുത്താണ് ചെയ്തിരുന്നു. ആ ആഴ്ചയിലെ സമകാലിക വിഷയം കണ്ടെത്തി ആ ആഴ്ചയില്‍ത്തന്നെ ഷൂട്ടു ചെയ്യും. മുകേഷും ആര്യയും ഒഴിച്ച് സിനിമാലയിലൂടെ എത്തിയ രമേഷ് പിഷാരടി, പ്രസീദ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇവരെല്ലാം ബഡായി ബംഗ്ലാവിലുമുണ്ട്. രണ്ടു പ്രോഗ്രാമിലും വ്യത്യാസം തോന്നാറുണ്ട്.

വെല്ലുവിളി

ബഡായി ബംഗ്ലാവില്‍ അതിഥികളെ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അര്‍ജുനന്‍ മാഷ്, മോഹന്‍ലാല്‍, ഷീല, ജയചന്ദ്രന്‍ തുടങ്ങി പലരും അതിഥികളായെത്തി. അര്‍ജുനന്‍ മാഷ് അതിഥിയായെത്തിയ എപ്പിസോഡ് അല്‍പം കുഴയ്ക്കുന്നതായിരുന്നു. കാരണം എല്ലാവരും ബഹുമാനിക്കുന്ന മാഷെപ്പോലെയുള്ള ആളുടെ അടുത്ത് കോമഡി ഒന്നും പറ്റില്ല. അതിനാല്‍ മാഷിന്റെ കുറേ പാട്ടുകള്‍ ചേര്‍ത്തുള്ള എപ്പിസോഡാക്കി മാറ്റുകയാണുണ്ടായത്.

മോഹന്‍ലാല്‍ അതിഥിയായി എത്തിയ എപ്പിസോഡില്‍ അവതാരകനായ രമേഷ് പിഷാരടി മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയിലായിരുന്നു. ഒരു എപ്പിസോഡില്‍ മാത്രമായി എത്താന്‍ പല അവതാരകരും മടി കാണിച്ചു. ആ സമയത്ത് അവതാരകനായ രാജേഷ് ആ റിസ്‌ക് ഏറ്റെടുക്കുകയായിരുന്നു. ആ എപ്പിസോഡിന് റേറ്റിംഗ് വളരെ കൂടുതലും ആയിരുന്നു.

ചിരി ആയിരം കടന്ന് സിനിമാല

പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നീണ്ട 20 വര്‍ഷങ്ങളാണ് സിനിമാല കടന്നുപോയത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സിനിമാല 1000 എപ്പിസോഡുകള്‍ പിന്നിട്ട് ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തുതന്നെ ചരിത്രവിജയമായി. 180ലധികം പുരസ്‌ക്കാരങ്ങളും സിനിമാലയ്ക്കു ലഭിക്കുകയുണ്ടായി. സമകാലിക സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ പരിപാടിക്ക് ചുക്കാന്‍ പിടിച്ചതും ഡയറക്ടര്‍ ഡയാനാ സില്‍വസ്റ്റര്‍ തന്നെയായിരുന്നു.

സിനിമാല ടീമിന്റെ തുടക്കം

അമേരിക്കയില്‍ നിന്നും എംഎ മീഡിയ കമ്യൂണിക്കേഷന്‍സില്‍ വിജയിച്ചു വന്നപ്പോഴാണ് ശശികുമാര്‍ സാറിനെ പരിചയപ്പെടുന്നത്. ബയോഡാറ്റ കൊടുത്തിരുന്നു. ഏഷ്യാനെറ്റ് തുടങ്ങുന്ന സമയത്ത് അദ്ദേഹമായിരുന്നു പ്രസിഡന്റ്. ഒരു ദിവസം എന്നെ വിളിച്ചിട്ട് ഇന്റര്‍വ്യൂവിന് വരാന്‍ പറഞ്ഞു. അങ്ങനെ 25 വര്‍ഷം മുമ്പ് ഞാനും ഏഷ്യാനെറ്റിന്റെ ഭാഗമായി.

കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കോമഡി പരിപാടി ചെയ്യുന്ന കാര്യം ശശികുമാര്‍ സാര്‍ പറഞ്ഞു. അന്ന് ദൂരദര്‍ശനിലെ ചിത്രഹാര്‍ മാത്രമായിരുന്നു പ്രധാന പരിപാടി. ഞാന്‍ 15 സിനിമകള്‍ കണ്ടു. അതില്‍ നിന്ന് പരിപാടി ചെയ്യുന്നതിനായി 100 ല്‍ കൂടുതല്‍ സീക്വന്‍സുകള്‍ ലഭിച്ചു. ഇടിക്കു ശേഷം വില്ലനും നായകനും തമ്മില്‍ കണ്ടുമുുന്ന സീനാണ് സിനിമാലയുടെ ആദ്യഭാഗത്തില്‍ അവതരിപ്പിച്ചത്. തുടര്‍ന്നുള്ള ഓരോ എപ്പിസോഡുകള്‍ക്കും ആരാധകര്‍ ഏറി.

? സാമൂഹിക വിമര്‍ശന സറ്റയര്‍ എന്ന രീതിയില്‍ തന്നെയായിരുന്നോ സിനിമാല പ്ലാന്‍ ചെയ്തിരുന്നത്
കാഴ്ചക്കാരനെ രസിപ്പിക്കുന്ന കോമഡി പരിപാടിയായിട്ടാണ് സിനിമാല തുടങ്ങിയത്. സീരിയസും ഒപ്പം എന്റര്‍ടെയ്ന്‍മെന്റും. പ്രസീതയായിരുന്നു അവതാരക. 50 എപ്പിസോഡുകള്‍ പിന്നിട്ടപ്പോഴാണ് സറ്റൈയറാക്കിയത്.

അമരക്കാരിയായി ഡയാന സില്‍വസ്റ്റര്‍

എന്റെ അച്ഛന്‍ സി.ആര്‍ സില്‍വസ്റ്റര്‍ എന്‍ജിനീയര്‍ ആയിരുന്നു. അതോടൊപ്പം തന്നെ കൊച്ചിയിലെ ടിപ്പ്‌ടോപ്പ് ആര്‍ട്‌സ് ക്ലബ് എന്ന നാടക ഗ്രൂപ്പിലെ നടന്‍ കൂടിയായിരുന്നു അദ്ദേഹം. കോമഡി നാടകങ്ങളാണ് അവര്‍ കൂടുതലും ചെയ്തിരുന്നത്. നാടകത്തിന്റെ റിഹേഴ്‌സലൊക്കെ നടക്കുന്നത് എന്ന ഞങ്ങളുടെ വീട്ടിലായിരുന്നു. വീട്ടില്‍ എല്ലാവര്‍ക്കും പ്രത്യേകിച്ച് എന്റെ അമ്മയ്ക്ക് കോമഡിയോട് കൂടുതല്‍ ഇഷ്ടമാണ്. ഇതെല്ലാം കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. അതുകൊണ്ട് കോമഡിയോട് പ്രത്യേക ഇഷ്ടം പണ്ടുമുതലേ ഉണ്ടായിരുന്നു.

ഫുട്‌ബോള്‍ പ്ലേയറാകാനും ഡ്രമ്മര്‍ ആകാനുമൊക്കെ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്റെ കോളജ് വിദ്യാഭ്യാസം കൊച്ചിന്‍ കോളജിലും സെന്റ് തെരേസാസിലുമായിരുന്നു. പഠനകാലത്ത് മിമിക്രി മത്സരത്തില്‍ പങ്കെടുത്തു നിരവധി തവണ സമ്മാനം നേടിയിട്ടുണ്ട്. കോമഡി ചലഞ്ചിംഗ് ആണെന്ന് അറിഞ്ഞിട്ടും അതിലേക്ക് വന്നത് ഇക്കാരണങ്ങളൊക്കെ കൊണ്ടുതന്നെയാണ്.

? ആയിരം ആഴ്ചകള്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ എന്തൊക്കെ ഹോംവര്‍ക്കുകളാണ് സിനിമാലാ ടീം ചെയ്തത്
അങ്ങനെയൊന്നുമില്ല. 2013 ഏപ്രില്‍ ഏഴിനാണ് സിനിമാലയുടെ ആയിരം എപ്പിസോഡ് പൂര്‍ത്തിയായത്. സമകാലിക വിഷയങ്ങള്‍ക്കാണ് സിനിമാല മുന്‍ഗണന നല്‍കുന്നത്. ഞായറാഴ്ച ടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡിന്റെ സ്‌ക്രിപ്റ്റ് എഴുതുന്നത് ചൊവ്വാഴ്ചയാണ്. ഷൂട്ടിംഗ് പിറ്റേന്ന് നടക്കും. ഷൂട്ടിംഗ് കഴിയുമ്പോള്‍, ചിലപ്പോള്‍ ചെയ്ത സംഭവത്തിന്റെ പ്രാധാന്യം കഴിഞ്ഞിട്ടുണ്ടാകും. പിന്നെ വേറെ വിഷയമെടുത്ത് റീഷൂട്ട്് ചെയ്യേണ്ടിവരും. ചില സമയത്ത് ഒരുപാട് റിസ്‌ക് എടുക്കേണ്ടതായും വന്നിട്ടുണ്ട്.

? ആദ്യ എപ്പിസോഡു മുതല്‍ ആയിരം എപ്പിസോഡ് വരെയും തുടര്‍ച്ചയായി സിനിമാലയില്‍ സഹകരിച്ചവരുണ്ടോ
ഇല്ല. ഓരോ ആര്‍ട്ടിസ്റ്റും മാറിമാറി വരും. സിനിമാല ചെയ്തിരുന്നവരില്‍ പലരും ഇപ്പോള്‍ സിനിമാനടന്മാരാണ്. ദിലീപ്, സലിംകുമാര്‍ ഇങ്ങനെ പലരും.

? ആരെയും വിമര്‍ശിക്കാനുള്ള അവകാശം സിനിമാല ടീമിനു സ്വന്തമായിരുന്നു. വിമര്‍ശനം കേട്ടു പരിഭവിച്ചവര്‍ ഉണ്ടോ
98 ശതമാനം എപ്പിസോഡുകളും പ്രശ്‌നം ഇല്ലാതെയാണ് പോയത്. മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്‍ പ്രോഗ്രാം കണ്ട് എപ്പോഴും അഭിനന്ദിക്കാറുണ്ടായിരുന്നു. രാഷ്ട്രീയ വിഷയങ്ങള്‍ ചെയ്യുമ്പോള്‍ കരുണാകരന്‍ സാറിനെ അനുകരിക്കാതെ വരുന്ന സമയങ്ങളില്‍ അദ്ദേഹത്തിന് വിഷമം തോന്നാറുണ്ടെന്ന് ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. മറ്റ് സ്റ്റേജ് ഷോകളില്‍ രാഷ്ട്രീയക്കാരെ മോശമായി ചിത്രീകരിക്കുന്നതുപോലെ ഞങ്ങള്‍ ചെയ്യാറില്ല. അതുകൊണ്ടുതന്നെ മിക്കവര്‍ക്കും സിനിമാല ഇഷ്ടമായിരുന്നു.

ഒരിക്കല്‍ ഒരു വിവാദമുണ്ടാക്കിയ സംഭവം ഉണ്ടായി. വൈശാലി സിനിമ ഇറങ്ങിയ സമയത്താണ്. ഋഷ്യശൃംഗനെ അനുകരിച്ച് കെ.മുരളീധരന്‍ മഴ പെയ്യിക്കുന്നതാണ് രംഗം. പരിപാടിക്ക് ഏറെ ആരാധകരും ഉണ്ടായി. പക്ഷേ പിറ്റേന്ന് അദ്ദേഹത്തിന്റെ ചില അണികള്‍ പ്രശ്‌നവുമായെത്തി. യഥാര്‍ഥത്തില്‍ മുരളീധരന്‍ പരിപാടി കണ്ടിില്ലായിരുന്നു. അദ്ദേഹത്തെ വിളിച്ചു ഞങ്ങള്‍ കാര്യങ്ങള്‍ സംസാരിച്ചു. സിനിമാല ആസ്വദിക്കാറുണ്ടെന്നും നല്ല പരിപാടിയാണെന്നുമാണ് അദ്ദേഹം അന്നു പറഞ്ഞത്. ഞങ്ങള്‍ പോസിറ്റീവ് സൈഡ് മാത്രമേ ചെയ്തിട്ടുള്ളൂ. അതുകൊണ്ടു ശത്രുക്കള്‍ ഇല്ലായിരുന്നു. സിനിമാല എന്ന ബ്രാന്‍ഡില്‍ തന്നെയാണ് അത് പോയ്‌ക്കൊണ്ടിരുന്നത്.

? ആദ്യകാലത്ത് സ്‌ക്രിപ്റ്റ് എഴുതാന്‍ പ്രത്യേക ടീം ഉണ്ടായിരുന്നോ

ഇല്ല. ഞങ്ങളുടെ മേല്‍ ഉദ്യോഗസ്ഥനായിരുന്ന പോള്‍ സക്കറിയ സാറാണ് ഈ പേരു നിര്‍ദേശിച്ചത്. ആദ്യകാലത്ത് പ്രത്യേക തീം ഒന്നും ഇല്ലാതെയായിരുന്നു പ്രോഗ്രാം ചെയ്തിരുന്നത്. സ്‌ക്രിപ്റ്റ് ഉണ്ടാകും.

? ഓരോ ആഴ്ചയും ഹൈലൈറ്റ് ന്യൂസ് എന്തായിരുന്നു എന്നറിയുന്നതിന് സിനിമാല കണ്ടാല്‍ മതി എന്നു പലരും പറയുമായിരുന്നു. സമൂഹത്തെ സൂക്ഷ്മമായി വീക്ഷിക്കാനും വിചാരണ ചെയ്യാനുമുള്ള പ്രചോദനം എന്തായിരുന്നു.

സാധാരണക്കാര്‍ക്കു പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഞങ്ങള്‍ സിനിമാലയിലൂടെ ജനങ്ങള്‍ക്കു മുമ്പില്‍ എത്തിച്ചിരുന്നു. അത്രമാത്രം. കൂടുതല്‍ പ്രശ്‌നമാകുമെന്നു തോന്നുന്ന സമകാലിക സംഭവങ്ങള്‍ എടുക്കാറില്ല.

ഓര്‍മയില്‍ നില്‍ക്കുന്ന പ്രതികരണങ്ങള്‍

ഞാന്‍ ആരാധിക്കുന്ന സംവിധായകരായ ജോഷി, കമല്‍, സത്യന്‍ അന്തിക്കാട്, സിദ്ധിഖ്, രഞ്ജിത്... ഇവരൊക്കെ വിളിച്ചിട്ട് പ്രോഗ്രാം നന്നായിരുന്നു എന്നു പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. സിനിമാലയുടെ മിക്ക എപ്പിസോഡുകളും കാണുന്ന വ്യക്തിയായിരുന്നു രഞ്ജിത്. ഒരിക്കല്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ പരിപാടിയെക്കുറിച്ച് അദ്ദേഹവും നല്ല അഭിപ്രായമാണ് പറഞ്ഞത്. അതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്.

ശ്രദ്ധേയമായ എപ്പിസോഡുകള്‍

സദ്ദാം ഹുസൈനെ കൊല്ലുന്നതിനുമുമ്പ് അദ്ദേഹത്തെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്തിരുന്നു. സെന്‍സിറ്റീവ് സബ്ജക്ട് ആണ്, ലൊക്കേഷന്‍, ആളുകളുടെ പ്രതികരണം ഇവയൊക്കെ ടെന്‍ഷന്‍ ഉണ്ടാക്കി. അവസാനം കല്‍വത്തിയിലാണ് ഷൂട്ട് ചെയ്തത്. ആ എപ്പിസോഡിന് വളരെ നല്ല പ്രതികരണം ലഭിച്ചു. ഇംഗ്ലീഷ് സിനിമ പോലെയാണെന്നു തോന്നിയതായി പലരും പറഞ്ഞു. ഒരുപാട് റിസ്‌ക് എടുത്തു ചെയ്തതുകൊണ്ട് നല്ല സന്തോഷം തോന്നി.




പിന്നീടൊരിക്കല്‍ ബ്ലോക്കിനെക്കുറിച്ചുള്ള ഒരു എപ്പിസോഡ് കണ്ട് ജഗതി ശ്രീകുമാര്‍ വിളിച്ചു. കോണ്‍ട്രാക്ടര്‍മാര്‍ മൈദമാവ് ഉപയോഗിച്ച് കുഴി അടക്കുന്നതാണ് അതില്‍ കാണിച്ചത്. ജഗതി ചേട്ടന്‍ വിളിച്ചപ്പോള്‍ ആദ്യം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആര്‍ട്ടിസ്റ്റ് ആരോ ശബ്ദം മാറ്റി എന്നെ വിളിച്ച് പറ്റിക്കുകയാണെന്നാണ് ഞാന്‍ കരുതിയത്. കുഞ്ചന്‍ നമ്പ്യാരിയ്ക്കയാണു ഞാന്‍ എന്നു അദ്ദേഹം പറഞ്ഞു. അവസാനം സംഭാഷണം ഇംഗ്ലീഷിലായി. അപ്പോഴാണ് വിളിച്ചത് ജഗതി ചേട്ടന്‍ തന്നെയാണെന്ന് എനിക്ക് മനസിലായത്.

അംബാനിയെക്കുറിച്ചൊരു എപ്പിസോഡ് ചെയ്തിരുന്നു. അതില്‍ ആര്‍ട്ടിസ്റ്റിനൊപ്പം 70ഓളം ഗുജറാത്തികളും അഭിനയിച്ചു. ലൊക്കേഷന്‍ നോര്‍ത്തിന്ത്യയാണെന്നു തോന്നുന്ന രീതിയിലായിരുന്നു. അതിനും ധാരാളം അഭിനന്ദനങ്ങള്‍ ലഭിച്ചു.

വെല്ലുവിളികളുണ്ടായിട്ടില്ല

സിനിമാല ചെയ്യുന്ന സമയത്ത് ഷൂട്ടിങ്ങിനായി കള്ളുഷാപ്പിലും ക്വട്ടേഷന്‍ സംഘങ്ങളുടെ അടുത്തുമൊക്കെ ഞാന്‍ പോയിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അവരെല്ലാം വളരെ ബഹുമാനത്തോടെയാണ് പെരുമാറിയത്.

മിമിക്രി സൈക്കോളജിസ്റ്റ്

സിനിമാല ഷൂട്ട് ചെയ്യുമ്പോള്‍ ആദ്യമൊക്കെ ആര്‍ട്ടിസ്റ്റ് എന്റെയടുത്ത് കൊച്ചുകൊച്ചു നുണ പറഞ്ഞ് പറ്റിക്കുമായിരുന്നു. പക്ഷേ ഞാന്‍ അതൊക്കെ പെെട്ടന്നു കണ്ടുപിടിക്കുമായിരുന്നു. മിമിക്രി സൈക്കോളജിസ്റ്റ് എന്നാണ് അവര്‍ വിളിച്ചിരുന്നത്. ആണുങ്ങളെ മാനേജ് ചെയ്യാന്‍ എളുപ്പമാണെന്നാണ് എനിക്ക് തോന്നിയിുള്ളത്. പിന്നെ ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ ആളു സീരിയസ് ആണ്. അത് അവര്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് ആരും ഉഴപ്പാറില്ല.

ഷൂട്ടിംഗിനിടയിലെ തമാശകള്‍

ഒരിക്കല്‍ ബൈപാസ് ജംഗ്ഷനില്‍ സിനിമാലയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ക്വേട്ടഷന്‍ സംഘത്തെക്കുറിച്ചാണ് ചിത്രീകരണം. സിഗ്നല്‍ കാത്തു കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഒരു യുവാവിനെ വെട്ടാന്‍ കത്തിയുമായി ഓടുന്ന മറ്റൊരു യുവാവ്. മധു കലാഭവനും രമേഷ് കുറുമശ്ശേരിയുമാണ് അഭിനയിക്കുന്നത്. ആരു കണ്ടാലും യഥാര്‍ഥത്തിലുള്ള സംഭവമാണെന്നേ തോന്നൂ. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ഇതുകണ്ടയുടന്‍ വയര്‍ലെസില്‍ സന്ദേശം നല്‍കി. ബൈപ്പാസ് ജംഗ്ഷനില്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട ഒരാള്‍ മറ്റൊരാളെ വെട്ടാന്‍ പോകുന്നു. കേരളം മുഴുവനുള്ള പോലീസ് സേനയ്ക്ക് ഈ സന്ദേശം കൈമാറി. ഞങ്ങള്‍ നോക്കുമ്പോള്‍ നിമിഷങ്ങള്‍ക്കകം അവിടമാകെ പോലീസുകാരെക്കൊണ്ടു നിറഞ്ഞു. അന്ന് പോലീസിനോട് വളരെയധികം ക്ഷമാപണം നടത്തേണ്ടി വന്നു.

പിന്നീടൊരിക്കല്‍ എറണാകുളത്ത് സ്‌കൂള്‍ യുവജനോത്സവം നടക്കുകയാണ്. ഉന്‍ചാണ്ടിയുടെ ഡ്യൂപ്പായി രഘു കളമശേരി അവിടെയെത്തി. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് രഘുവിനെക്കണ്ട് ഉന്‍ചാണ്ടിയാണെന്ന് തെറ്റുധരിച്ച് മന്ത്രി കെ.ബാബു ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റുവന്ന് നമസ്‌ക്കാരം പറഞ്ഞു.

എ.കെ ആന്റണിയായി വേഷമിട്ടിരുന്ന രാജീവ് കളമശേരിക്കും ആന്റണിസാറില്‍ നിന്നു തന്നെ അഭിനന്ദനം കിട്ടിയിട്ടുണ്ട്. എന്നെയും രാജീവിനെയും ഡല്‍ഹിയിലെ വീട്ടിലേക്ക് സത്കാരത്തിനായി ആന്റണി സാര്‍ വിളിക്കുകയുണ്ടായി.

സ്ത്രീവേഷങ്ങള്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കും

സ്ത്രീ വേഷങ്ങള്‍ ചെയ്യുമ്പോള്‍ അതില്‍ അശ്ലീലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉഷാ ഉതുപ്പിനെ ഞങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. സാജു കൊടിയനാണ് ആ വേഷം ചെയ്തത്. സാജു വഴിയാണ് ഉഷാ ഉതുപ്പിനെ പരിചയപ്പെടുന്നതും. ഒരിക്കല്‍ അവര്‍ എന്നെ വിളിച്ചുപറഞ്ഞു ഒരു എപ്പിസോഡില്‍ തനിക്കും അഭിനയിക്കണമെന്ന്. അങ്ങനെ സിനിമാലയുടെ 666ാം എപ്പിസോഡില്‍ ഉഷാ ഉതുപ്പ് പുരുഷകഥാപാത്രമായി അഭിനയിച്ചു.

ജോമോള്‍, ശോഭനാ ജോര്‍ജ്, പദ്മജാ വേണുഗോപാല്‍ ... ഇവരെയൊക്കെ ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒന്നിലും വള്‍ഗാരിറ്റി കടന്നുവരാത്തതുകൊണ്ട് അവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. കെ.കരുണാകരന്റെ കുടുംബം നല്ല രസികപ്രിയരാണ്. അതുകൊണ്ട് സിനിമാല ടീമിനെ അവര്‍ എപ്പോഴും സ്വാഗതം ചെയ്തിരുന്നു.

സംതൃപ്തി നല്‍കിയ ഡോക്യുമെന്ററികള്‍

ഞാന്‍ ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. ചാരക്കഥയിലെ ജീവിക്കുന്ന രക്തസാക്ഷി എന്ന ഡോക്യുമെന്ററി മുംബൈ ഫിലിം ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. മിര്‍സാഖാലിബ്, മെഹ്ബൂബ്, കെ.ആര്‍ നാരായണന്‍ എന്നിവരെക്കുറിച്ചുളള ഡോക്യുമെന്ററികളില്‍ കാമറയും ഞാന്‍ തന്നെയാണ് കൈകാര്യം ചെയ്തത്.

പുരസ്‌കാരങ്ങള്‍

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള വീക്ക്‌ലി പ്രോഗ്രാം എന്ന ബഹുമതിയോടെ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും സിനിമാല ഇടംനേടി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രോഗ്രാം സംവിധാനം ചെയ്ത സ്ത്രീ എന്ന ബഹുമതിയും വുമണ്‍ ഓഫ് ദി ഇയര്‍ 2016 അവാര്‍ഡും നല്‍കിയാണ് ദി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ഡയാനയെ ആദരിച്ചു. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള വീക്കിലി പ്രോഗ്രാം എന്ന വിശേഷണവും ദി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം സിനിമാലയ്ക്കു നല്‍കി. ഇതിനകം തന്നെ 210 പുരസ്‌കാരങ്ങളാണ് ഡയാന സില്‍വസ്റ്റര്‍ക്കു ലഭിച്ചിട്ടുള്ളത്.

വിമര്‍ശകര്‍ വീട്ടില്‍ത്തന്നെ

എന്റെ പരിപാടിയെക്കുറിച്ച് ഏറ്റവുമധികം വിമര്‍ശകര്‍ വീട്ടിലുള്ളവര്‍ തന്നെയാണ്. സിനിമാല ചെയ്യുന്ന സമയത്ത് അപ്പന്‍ ഉണ്ടായിരുന്നു. എല്ലാവരും ടിവിക്കു മുന്നില്‍ ഇരിക്കുമ്പോള്‍ ഞാന്‍ മുറിയില്‍ പോയിരിക്കും. പ്രോഗ്രാം കഴിയുമ്പോള്‍ ഞാന്‍ അവരുടെയൊക്കെ മുഖഭാവം നോക്കും. പരിപാടി മോശമായാല്‍ അമ്മച്ചി എയ്മിയും സഹോദരങ്ങളായ റോജറും റയ്‌നയും എന്റെ മകന്‍ റോഹനുമൊക്കെ അതു മുഖത്തുനോക്കി തന്നെ പറയും. അതുകൊണ്ടു പേടിയാണ്.

സീമ മോഹന്‍ലാല്‍
ഫോട്ടോ:അഖില്‍ പുരുഷോത്തമന്‍