പ്രായത്തെ തോല്‍പിച്ച് വര്‍ണങ്ങള്‍ വിരിയിച്ച് ഐസക്
എഴുപത്തിഒമ്പതു വയ സായ എനിക്ക് ഇതൊക്കെ ആകാമെങ്കില്‍ ചെറുപ്പക്കാര്‍ക്ക് എന്തുകൊണ്ടായിക്കൂടാ.. ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് സ്റ്റേഷന്‍മാസ്റ്ററായി വിരമിച്ച തിരുവല്ല കുറ്റൂര്‍ പാണ്ടിശേരി മേപ്പുറത്ത് പി.എ. ഐസക്കിന്റെ ചോദ്യമാണിത്.

തന്റെ തോട്ടംകണ്ട് മറ്റുള്ളവര്‍ക്ക് കൃഷിയില്‍ താത്പര്യമുണ്ടാകാന്‍ കൂടിയാണ് ഇദ്ദേഹം കൃഷിയും പൂന്തോട്ടപരിപാലനവുമൊക്കെ നടത്തുന്നത്. വീടിനു സമീപമുള്ള 52 സെന്റിലും അല്‍പം മാറിയുള്ള 50 സെന്റിലുമാണ് ഐസക്കിന്റെ കൃഷി. 1995ല്‍ വിരമിച്ചശേഷം കൃഷിയില്‍ ഫുള്‍ടൈമറാകുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ കൃഷിയെക്കുറിച്ച് ക്ലാസുകള്‍ എടുക്കുന്നുമുണ്ട് ഐസക്ക്.

ചെടികള്‍ വര്‍ണക്കൂട്ട് ഒരുക്കുന്ന ഉദ്യാനം

വീടിന്റെ മുന്‍വശത്ത് ഇരുവശങ്ങളിലും ബോണ്‍സായി ബൊഗൈന്‍വില്ലച്ചെടികള്‍ തീര്‍ക്കുന്ന വര്‍ണപ്രപഞ്ചമാണ്. ആറു വെറൈറ്റി ബൊഗൈന്‍വില്ലകളാണ് കൃഷിചെയ്യുന്നത്. വേരുപിടിക്കാത്തവ ലെയര്‍ചെയ്ത് വേരുപിടിപ്പിച്ചെടുക്കും. വര്‍ഷകാലാരംഭത്തില്‍ ചട്ടിയിലേക്കുമാറ്റും. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ചേര്‍ത്ത പോട്ടിംഗ് മിശ്രിതം ചട്ടിയില്‍ നിറയ്ക്കും. വെള്ളവും വളവും അധികം വേണ്ടാത്ത ഒന്നാണ് ബൊഗൈന്‍ വില്ലകള്‍. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്തുവേണം ഇവ സ്ഥാപിക്കാന്‍. വര്‍ഷത്തില്‍ രണ്ടുതവണ കമ്പു കോതണം. ജൂണ്‍-ജൂലൈ, ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ കമ്പുകോതുന്നതാണ് (പ്രൂണിംഗ്) നല്ലത്. നവംബര്‍ മുതല്‍ പൂക്കാലമായി. മെയ് വരെ പൂക്കള്‍ ഉണ്ടായിക്കൊണ്ടിരിക്കും. മുള്ളുള്ള ചെടിയാണെങ്കിലും ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ ഇവയില്‍ മുള്ളുണ്ടാകാറില്ല. വെള്ള, ഗോള്‍ഡന്‍, വയലറ്റ്, ചുവപ്പ് നിറങ്ങളിലുള്ള ചെടികളാണിവിടുള്ളത്.

വളപ്രയോഗം

മാസത്തിലൊരിക്കല്‍ കാലിവളമോ, സ്‌റ്റെറാമീലോ നല്‍കും. സ്‌റ്റെറാമീലാണെങ്കില്‍ 50ഗ്രാം ഒരു ചട്ടിക്ക് എന്ന ക്രമത്തിലാണിടേണ്ടത്. ബൊഗൈന്‍വില്ലകള്‍ കൂടാതെ റെഡ് പാം, ലേഡീസ് ഫിങ്കഗര്‍ പാം, അറീലിയ, ഓര്‍ക്കിഡ്, അഡീനിയം, ഇലച്ചെടികള്‍, യൂഫോബിയ, ബോണ്‍സായ് ചെടികള്‍ എന്നിവയെല്ലാം ഐസക്കിന്റെ പൂന്തോട്ടത്തെ മനോഹരമാക്കുന്നു.

വീട്ടിലേക്കാവശ്യമുള്ളവ വീട്ടില്‍തന്നെ

വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളെല്ലാം ഐസക്ക് വീട്ടില്‍തന്നെ ഉത്പാദിപ്പിക്കുന്നു. വഴുതന, തക്കാളി, കോളിഫ്‌ളവര്‍, പയര്‍, ചീര തുടങ്ങി വീടിനു വലതുവശത്തെ പറമ്പില്‍ വിളയാത്തതൊന്നുമില്ല. ജൈവവളങ്ങള്‍ നല്‍കിയാണ് പച്ചക്കറി ഉത്പാദനം. പഴവര്‍ഗങ്ങളായ മുള്ളാത്ത, റംബൂട്ടാന്‍, ഫിലോസാന്‍, കറിനാരകം, ചെറുനാരകം, ചാമ്പ തുടങ്ങിയവയെല്ലാം വീട്ടുമുറ്റത്തെ പഴമുറ്റം കൂടിയാക്കുന്നു.

നിഴലില്‍ ഉണക്കിയ ചാണകം

ചെടികള്‍ക്കും പച്ചക്കറികള്‍ ക്കും നിഴലില്‍ ഉണക്കിയ ചാണകപ്പൊടിയാണ് ഐസക്ക് നല്‍കുന്നത്. വെയിലിന്റെ ചൂടേറ്റ് ചാണകത്തിലെ സൂക്ഷ്മജീവികള്‍ നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തില്‍ ചാണകമുണക്കുന്ന രീതി ഉപയോഗിക്കുന്നത്. കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായും അല്ലാതെയും നല്‍കുന്നു.

മഴവെള്ള സംഭരണിയിലെ മത്സ്യം

വീട്ടിലെ ടെറസില്‍ നിന്നെത്തുന്ന മഴവെള്ളം ഒരു തുള്ളിപോലും പാഴാകാതെ ചെന്നു വീഴുന്നത് സമീപത്തെ മഴവെള്ള സംഭരണിയിലേക്ക്. അതില്‍ ഗൗരാമി മത്സ്യം വളര്‍ത്തുന്നു. മീന്‍ വളരുന്ന വെള്ളം ചെടികള്‍ക്കും നല്‍കുന്നു. വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങളാണ് മീനിന് ഭക്ഷണമായി നല്‍കുന്നത്.


രാവിലെ ആറിന് ആരംഭിക്കുന്നു ഐസക്കിന്റെ കൃഷിപ്പണികള്‍. ചെടികള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. ചെടികളുടെ ചുവട്ടിലെ മണ്ണ് ഇളക്കിക്കൊടുക്കുക, പുതയിടേണ്ടവയ്ക്ക് പുതയിടുക തുടങ്ങിയ പണികളൊക്കെയായി രാവിലെ 11 വരെ ചെടികളോടൊപ്പം തന്നെ. ചട്ടിയിലെ ചെടികള്‍ മാസത്തിലൊരിക്കല്‍ തിരിച്ചുവയ്ക്കും. ചെടിയുടെ എല്ലാ ഭാഗങ്ങളിലും വെയിലേറ്റ് പൂക്കളുണ്ടാകുന്നതിനാണിത്.ഗ്രാഫ്റ്റിംഗിലൂടെ മികച്ച തൈകള്‍

ഒരു സാധാരണ കര്‍ഷകനല്ല ഐസക്ക്. കൃഷിയിലെ നൂതന സാങ്കേതികവിദ്യകള്‍ മനസിലാക്കി, അത് സ്വന്തം തോട്ടത്തില്‍ പ്രാവര്‍ത്തികമാക്കുന്നുമുണ്ട് ഇദ്ദേഹം. കാന്താരിയില്‍ പച്ചമുളക് ഗ്രാഫ്റ്റ് ചെയ്ത് മികച്ചരോഗപ്ര തിരോധശേഷിയുള്ള പച്ചമുളക് തൈകള്‍ ഉത്പാദിപ്പിക്കുന്നു. ചുണ്ടയില്‍ വഴുതനയും ഗ്രാഫ്റ്റ് ചെയ്ത് തൈകള്‍ ഉത്പാദിപ്പിക്കുന്നു. കമ്പിളി നാരകത്തില്‍ ചെറുനാരകം ഗ്രാഫ്റ്റ് ചെയ്ത് പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഇഞ്ചി ചാക്കിലാണ് കൃഷിചെയ്യുന്നത്. ഇതിനായി തെരഞ്ഞെടുത്തത് 'വരദ' എന്ന അത്യുത്പാദന ശേഷിയുള്ള ഇനമാണ്. ചേനക്കൃഷി പ്രതീക്ഷിച്ചതിലേറെ വിളവു നല്‍കി. വഴുതന വീട്ടാവശ്യത്തിനു ശേഷം അയല്‍ക്കാര്‍ക്കും വിഎഫ്പിസികെയുടെ ലേലവിപണിയിലുമെത്തിച്ചു. ഒരാഴ്ചകഴിഞ്ഞ് ഒന്നിച്ചാണ് ലേലവിപണിയില്‍ നിന്ന് പണം ലഭിക്കുക. ഇത്തരത്തില്‍ ലേലവിപണി വഴി മാത്രം 5,000 രൂപയുടെ വഴുതന വിറ്റു. ഒരു ചെറുനാരകത്തില്‍ നിന്ന് 5,000 രൂപയുടെ നാരങ്ങവിറ്റെന്ന് ഐസക്ക് പറയുന്നു. വിപണിയില്‍ ലഭിക്കുന്ന തമിഴ്‌നാട് നാരങ്ങയേക്കാളും നീരും ഗുണവുമുള്ളതാണ് ഇവിടെ ഉണ്ടാകുന്ന നാരങ്ങ എന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്.

പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുമുണ്ടിദ്ദേഹം. പൂച്ചെടികളും താത്പര്യമുള്ളവര്‍ക്ക് നല്‍കും. തന്റെ 50 സെന്റിലെ തെങ്ങിന്‍തോട്ടത്തില്‍ നിന്ന് നല്ല തേങ്ങയെടുത്ത് പാകി തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. തെങ്ങു കൂടാതെ മരങ്ങ ള്‍, ചേന, കപ്പ ഇവയെല്ലാം തെങ്ങിന്‍തോട്ടത്തിലുണ്ട്.

കയ്യാലയിലെ തേനീച്ച ട്യൂബുവഴി പെട്ടിയിലേക്ക്

കയ്യാലകളില്‍ കാണുന്ന തേനീച്ചയെ ചോര്‍പ്പില്‍ ട്യൂബ് ഘടിപ്പിച്ച് തേനീച്ചപ്പെട്ടികളിലേക്കാക്കുന്നത് ഐസക്ക് വികസിപ്പിച്ച സാധ്യതയാണ്.

കയ്യാലയിലെ പാറകള്‍ക്കിടയില്‍ തേനീച്ച കയറുന്ന ഹോളില്‍ ചോര്‍പ്പില്‍ ഘടിപ്പിച്ച ട്യൂബ് ഒട്ടിച്ചുവയ്ക്കും. ഈ ടൂബ് നേരെ തേനീച്ചപ്പെട്ടിയില്‍ ഘടിപ്പിക്കും. പിന്നീട് തേനീച്ചകള്‍ ഈ ട്യൂബുവഴി പെട്ടിയിലെത്തി അവിടെ നിന്നാണ് പുറത്തിറങ്ങുന്നത്. അധികം താമസിയാതെ കയ്യാലയിലെ റാണിയീച്ച കൂട്ടിലെത്തും. അങ്ങനെ കയ്യാലയിലെ തേനീച്ച പെട്ടിയിലേക്ക് കൂടുമാറ്റും.

കൃഷിയില്‍ സജീവമായ ഐ സക്ക് അനേകരെ കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ്. അതിന് മാതൃകയായി തന്റെ തോട്ടത്തെ ഉപയോഗിക്കുകയും ചെയ്യുന്നു ഇദ്ദേഹം. ഈ വര്‍ഷം തിരുവല്ല അഗ്രി-ഹോര്‍ട്ടി സൊസൈറ്റി സംഘടിപ്പിച്ച പുഷ്‌പോത്സവത്തില്‍ ഹോം ഗാര്‍ഡന്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഐസക്കിന്റെ തോട്ടമായിരുന്നു.ഫോണ്‍: ഐസക്ക്-94473 47899.

ടോം ജോര്‍ജ്
ഫോണ്‍- 93495 99023.