സാധാരണക്കാരെ പണക്കാരാക്കുന്ന നിക്ഷേപാസൂത്രണം
സാധാരണക്കാരും പണക്കാരും തമ്മിലുള്ള പ്രധാന വ്യത്യാസം നിക്ഷേപാസൂത്രണത്തിലാണ്. സാധാരണക്കാർ ആസൂത്രണം ചെയ്യാറില്ല, ധനവാന്മാർ അതിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്.
നിക്ഷേപം എന്നു കേൾക്കുന്പോൾ കയ്യിലുള്ള പണം ബാങ്കിലിട്ട് പലിശ നേടുക എന്നായിരിക്കും സാധാരണക്കാർ ചിന്തിക്കുക. വസ്തുവിൽ നിക്ഷേപിക്കുന്ന കാര്യം ഓർക്കുന്ന ചിലർ കാണും. മുൻപൊക്കെ സ്വർണ നിക്ഷേപത്തെക്കുറിച്ചും ചിന്തിച്ചിരുന്നു. ഇപ്പോൾ അതിന് ആകർഷണീയത ഇല്ല.

എന്നാൽ പണക്കാരുടെ ചിന്ത ഇത്തരത്തിലല്ല. നിക്ഷേപത്തിൽനിന്ന് എങ്ങനെ ഏറ്റവും മികച്ച റിട്ടേണ്‍ നേടാമെന്നാണ്.

ഇന്നു ബാങ്കുകളിലെ പലിശ താഴേക്കു വന്നുവന്ന് പണപ്പെരുപ്പം കണക്കിലെടുത്താൽ നിക്ഷേപിക്കുന്നത് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഭൂമിയിൽ പണം മുടക്കി കൈപൊള്ളിയവർ ധാരാളമുണ്ടല്ലോ. മോദിയുടെ സാന്പത്തിക നയങ്ങൾ വന്നതോടെ ഭൂമിയിൽ നിക്ഷേപിക്കാൻ ആളില്ലാതായി.

വരുമാനത്തിൽ നിന്നു ചെറിയൊരു തുക മാസംതോറും മാറ്റിവച്ച്, ഒന്നുരണ്ടു വർഷം കഴിഞ്ഞ് അതെല്ലാംകൂടി ഒരു സഞ്ചിത തുകയായി ലഭിക്കുന്നതാണ് നിക്ഷേപമായി ഈ അടുത്തകാലംവരെ പലരും ചിന്തിച്ചിരുന്നത്. പക്ഷേ, നിക്ഷേപാസൂത്രണത്തിന് ഇതിലും വലിയ അർത്ഥ തലങ്ങളുണ്ട്.

കുറഞ്ഞ വരുമാനം പ്രശ്നം

1. നിക്ഷേപാസ്തികളിൽ പലതും വരുമാനക്കുറവുകൊണ്ട് അഭിലഷണീയമല്ല. പണപ്പെരുപ്പത്തിന്‍റെ തോത് കൂടി കണക്കിലെടുത്താൽ ബാങ്കിലെ സ്ഥിരനിക്ഷേപം - പ്രൈവറ്റ്, പൊതുമേഖലാ നിക്ഷേപങ്ങൾ ഇവയൊക്കെ നഷ്ടമാണ്. പലിശ മെച്ചപ്പെടുന്നതുവരെ അതുകൊണ്ട് പ്രയോജനമില്ല.

2. വീടുകളിലും വസ്തുവിലുമുള്ള നിക്ഷേപം ഉപ്പോൾ ആകർഷകമല്ല. ഭൂമിയുടെ വില കുറയുകയാണ് പലയിടങ്ങളിലും.

3. സ്വർണ നിക്ഷേപം ഇപ്പോൾ ആകർഷകമേയല്ല. സ്വർണവില കുറയുകയാണ്. പണിക്കൂലിയും കണക്കിലെടുത്താൽ നഷ്ടം വരും പലപ്പോഴും.

4. ചിട്ടി കുറച്ചൊക്കെ - പരിമിതമായ രീതിയിൽ - ലാഭകരമാണ്. വിളിച്ചെടുത്തിട്ട് സമയത്തിന് അടച്ചില്ലെങ്കിൽ വീതപ്പലിശ നഷ്ടമാകും. റെക്കറിംഗ് ഡെപ്പോസിറ്റ് മാസ ശന്പളക്കാർക്ക് യോജിച്ചതാണ്. പക്ഷേ, ഇപ്പോൾ നിക്ഷേപത്തിന് പലിശ തീരെ കുറവല്ലേ?

5. ഇൻഷൂറൻസ് ഒരു നിക്ഷേപമായി എടുക്കാനാവില്ലല്ലോ - പലിശ തീരെ കുറവാണ്. അപകടമോ മരണമോ സംഭവിച്ചാൽ രക്ഷയ്ക്കെത്തും എന്നതൊഴിച്ചാൽ. നിക്ഷേപം സുരക്ഷിതവുമാണ്.

6. പോസ്റ്റോഫീസ് നിക്ഷേപത്തിന് പലിശ തീരെ കുറവല്ലേ? പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപത്തിലേയും പലിശ ആകർഷണീയമല്ല.

7. കടപ്പത്രങ്ങളിലെ പലിശ മോശമല്ല. പക്ഷേ, ദീർഘനാൾ കാത്തിരിക്കണം. വിപണന സൗകര്യമില്ല.

ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ

ഓഹരികൾ നിത്യേന വിപണനം ചെയ്യാം. മറ്റു നിക്ഷേപ മാർഗങ്ങളേക്കാൾ വരുമാന സാധ്യതയുണ്ടുതാനും. പക്ഷേ, നഷ്ടം വരാം. നിശ്ചിത ശതമാനം വരുമാനം കൃത്യമായി പ്രതീക്ഷിക്കാൻ കഴിയില്ല.

എന്നിരുന്നാലും ഏതു രാജ്യത്തും ലഭ്യമായിട്ടുള്ള പ്രധാന നിക്ഷേപ മാർഗമാണ് ഓഹരി വിപണി. അതിൽ നിക്ഷേപിക്കാൻ നല്ല അറിവും പരിചയവും വേണം എന്നൊരു പ്രശ്നമുണ്ട്. ഒന്നുമറിയാതെ പണംകൊണ്ടിട്ടാൽ നഷ്ടം വരും. നഷ്ടസാധ്യതയുണ്ടെന്നർത്ഥം.

നിക്ഷേപം വളർച്ചാ സാധ്യതയുള്ള ഓഹരികളിലായിരിക്കണം. ഉൗഹക്കച്ചവട സാധ്യതയുള്ള ഓഹരികളിലായിരിക്കരുത്. താഴ്ന്നുകൊണ്ടിരിക്കുന്ന - കുറഞ്ഞുകൊണ്ടുതന്നെയിരിക്കുന്ന കന്പനി ഓഹരികളെ ഒഴിവാക്കുന്നതാണ് നല്ലത്. വില ഏറ്റവും താഴ്ന്നു നിൽക്കുന്നതുകൊണ്ട് മാത്രം അതു നിക്ഷേപ യോഗ്യമാകില്ല. നല്ല മാനേജ്മെന്‍റും വളർച്ചാ സാധ്യതയുമുള്ളതുമായ കന്പനികളെ അന്വേഷിച്ചു കണ്ടെത്തണം. തുടർച്ചയായി ലാഭമുണ്ടാക്കുന്നവയും പൊതുവിൽ പിഇ അനുപാതം കുറഞ്ഞതും ഇപിഎസ് കൂടിയിരിക്കുന്നതുമായ കന്പനികളാണ് നല്ലവ.

ഓഹരിയിൽ പലവിധ വ്യാപാര രീതികൾ

1. ഓഹരികളുടെ വാങ്ങലും വിൽക്കലും
2. ഡേ ട്രേഡിംഗ്
3. ഫ്യൂച്ചേഴ്സ് വ്യാപാരം
4. ഓപ്ഷൻസ് വ്യാപാരം
5. കമ്മോഡിറ്റി ട്രേഡിംഗ്

എല്ലാ ഇനങ്ങളിലും ലാഭനഷ്ട സാധ്യതകളുണ്ട്. വളരെ പരിചയമുള്ള, പെട്ടെന്ന് തീരുമാനമെടുക്കുവാൻ കഴിവുള്ള, ദൈനംദിന ഓഹരി നീക്കങ്ങളെക്കുറിച്ച് നന്നായിട്ടറിയാവുന്നവർക്കേ ഡേ ട്രേഡിംഗിൽ ലാഭമുണ്ടാക്കാനാകൂ. ഭൂരിഭാഗം പേർക്കും നഷ്ടമാണ് സംഭവിക്കുക.


ഫ്യൂച്ചേഴ്സ് വ്യാപാരവും ഉൗഹക്കച്ചവടമാണ്. മൂന്നു മാസക്കാലയളവിൽ ഓഹരി എങ്ങനെ നീങ്ങുമെന്ന് ആർക്കും കൃത്യമായി ഗണിച്ചെടുക്കാനാവില്ല. പ്രതീക്ഷിക്കാത്ത ഒരു സംഭവം ഓഹരിയെ എതിർദിശയിലേക്ക് നീക്കാം. അതിവിദഗ്ധരായവർ ഫ്യൂച്ചറിൽ ലാഭം കൊയ്യാറുണ്ട്. ഡേ ട്രേഡിംഗിനേക്കാൾ നഷ്ടസാധ്യത കുറവാണെങ്കിലും ലാഭത്തേക്കാൾ നഷ്ടമാണ് കൂടുതൽ ഉണ്ടാവുക.

ഓപ്ഷൻ വ്യാപാരത്തിലൂടെ ലാഭമുണ്ടാകുന്നത് എക്സ്ചേഞ്ചുകൾക്കാണ്. ചിലപ്പോൾ ഓഹരി വില കൂടുന്പോൾ കോൾ ഓപ്ഷൻ പ്രീമിയം കുറയും. ഓഹരി വില താഴുന്പോൾ പുട്ട് ഓപ്ഷൻ പ്രീമിയം കുറയും. നഷ്ടമായിരിക്കും കൂടുതൽ. പുട്ടും കോളും വിറ്റാൽ ലാഭസാധ്യതയുണ്ട്. അതിന് ഭീമമായ പണം മുടക്കണം.

കമ്മോഡിറ്റി ട്രേഡിംഗ്

അറിയാവുന്ന വർക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് കമ്മോഡിറ്റി ട്രേഡിംഗ്. യഥാസമയം തീരുമാനമെടു ക്കാനുള്ള കഴിവും തെരഞ്ഞെടു ക്കുന്ന കമ്മോഡിറ്റി യെക്കുറിച്ചുള്ള അറിവും വിലഗതിയും അത്യന്താപേ ക്ഷിതമാണ്. ഇതും ഉൗഹക്കച്ചവടം തന്നെ. അല്ലെങ്കിൽ കമ്മോഡിറ്റികൾ വേർഹൗസ് വഴി വാങ്ങുകയോ വിൽക്കുകയോ ചെയ്യണം.

ഓഹരി വ്യാപാരം

ദീർഘകാലാടിസ്ഥാനത്തിൽ നല്ല കന്പനികളുടെ ഓഹരികൾ വാങ്ങിച്ചിടുന്നതു ഉൗഹക്കച്ചവടമല്ല. ശരിയായ നിക്ഷേപമാണ്. നിക്ഷേപിക്കുന്ന സമയം ആലോചിച്ച് തീരുമാനിക്കണം. ബുൾ മാർക്കറ്റിൽ വാങ്ങുന്നത് ശരിയായിരിക്കില്ല. ബെയർ മാർക്കറ്റിന്‍റെ അവസാനത്തോടെ വിറ്റു മാറുന്നതും. ഓരോ താഴ്ചയും വാങ്ങുവാനുള്ള അവസരമാണ്. വലിയ ഉയർച്ചകൾ വിൽക്കുവാനും. നിക്ഷേപിക്കുന്ന കന്പനികളെ തെരഞ്ഞെടുക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്. താഴ്ന്ന അവസ്ഥയിൽ നിക്ഷേപിക്കുന്നതിനും.

ഒരു പോർട്ട്ഫോളിയോ ഉണ്ടാക്കിയെടുക്കണം. പല സെക്ടറുകളിലേയും കന്പനികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുന്നതു നല്ലതായിരിക്കും. ബാങ്കിംഗ്, ഐ.ടി, റിയൽറ്റി, വാഹന, ലോഹ, ഫാർമ, ഫിനാൻഷ്യൽ, ഇൻഫ്ര അങ്ങനെ പല സെക്ടറുണ്ടല്ലോ. ഓരോന്നിലേയും ബ്ലൂചിപ് (മുൻനിര) ഓഹരികൾ കണ്ടെത്തുക. അഞ്ചോ ആറോ ഓഹരികളിലെങ്കിലും നിക്ഷേപിക്കുക. ചെറിയ കയറ്റിറക്കങ്ങൾ കാര്യമാക്കേണ്ട. വലിയ ലാഭം വരുന്പോൾ മാത്രം വിൽക്കാൻ നോക്കുക.
കന്പനികളെ സ്വയം വിലയിരുത്താവുന്നതേയുള്ളൂ. അവയുടെ ഓഹരിയുടെ കുറച്ചുകാലത്തെ നീക്കങ്ങൾ പഠിക്കുകയും വേണം. മാനേജ്മെന്‍റ് കാര്യക്ഷമത, വളർച്ചാ സാധ്യത, ധനകാര്യനില, ക്രെഡിറ്റ് റേറ്റിംഗ്, തുടർച്ചയായ ലാഭം ഇവയെല്ലാം മനസിലാക്കണം.

സിസ്റ്റമാറ്റിക് നിക്ഷേപരീതി

ഓഹരികളുടെ വില ഓരോ ദിവസവും മാറുമല്ലോ. അതുകൊണ്ട് ഒരു വലിയ സംഖ്യ ഒരു തവണയായി നിക്ഷേപിക്കുന്നതിനേക്കാൾ ഓരോ മാസവും ഒരു നിശ്ചിത തുക, ഒരു നിശ്ചിത രീതിയിൽ നിക്ഷേപിക്കുന്നതാണ്. വിലകൂടിയിരിക്കുന്പോൾ കുറച്ച് ഓഹരികളെ ലഭിക്കൂ. കുറയുന്പോൾ കൂടുതലും. കുറഞ്ഞു നിൽക്കുന്പോൾ കൂടുതൽതുക മുടക്കുക. കൂടി നിൽക്കുന്പോൾ കുറച്ചും. ഇത്തരത്തിൽ വിപണിയിലെ കയറ്റിറക്കങ്ങളെ ഉപയോഗപ്പെടുത്താം.

മ്യൂച്വൽ ഫണ്ടുകൾ

ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്താൻ വേണ്ട അറിവോ സമയമോ ഇല്ലാത്തവർക്ക് മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കാം. ഉടമകൾക്ക് വേണ്ടി നല്ല ഓഹരികളിൽ അവർ നിക്ഷേപം നടത്തുന്നു. ഇവ കൊള്ളാവുന്ന വരുമാനം നൽകാറുണ്ട്. ഇന്ന് കേരളത്തിൽ അനേകം മ്യൂച്വൽ ഫണ്ടുകൾ സജീവമാണ്.

ഏതിലെല്ലാം നിക്ഷേപിക്കണം

കയ്യിലുള്ള പണമെല്ലാം ഒരൊറ്റ കാര്യത്തിൽ നിക്ഷേപിക്കുന്നത് ശരിയല്ല. നിക്ഷേപമാർഗങ്ങളിൽ റിസ്ക് കൂടിയവയും കുറഞ്ഞവയും വരുമാനം കൂടുതൽ തരുന്നവയും കുറച്ചുതരുന്നവയും ഉണ്ട്. ദീർഘകാലത്തേക്ക് സുരക്ഷിതമായിരിക്കുന്ന നല്ല വരുമാന സാധ്യതയുള്ള മാർഗം വേണം തെരഞ്ഞെടുക്കാൻ. വൈവിധ്യം വേണംതാനും.

പ്രൊ​ഫ.​പി.​എ വ​ർ​ഗീ​സ്
ഇ-​മെ​യി​ൽ: professorpavarghese@yahoo.co.uk
മൊബൈൽ: 9895471704