മുഖസൗന്ദര്യത്തിന് ആയുര്‍വേദം
മുഖം മനസിന്റെ കണ്ണാടി എന്നാണല്ലോ ചൊല്ല്. ആരോഗ്യവും, ഭംഗിയുമുള്ള മുഖ ചര്‍മം ഏവരെയും ആകര്‍ഷിക്കുന്നതാണ്. അതിനാല്‍ തന്നെ മുഖം സുന്ദരമായിരിക്കുവാന്‍ എത്ര പണം മുടക്കാനും ആണ്‍പെണ്‍ഭേദമില്ലാതെ എല്ലാവരും ഒരുക്കവുമാണ്. എന്നാല്‍ കൃത്രിമ സൗന്ദര്യ വര്‍ധക വസ്തുക്കളിലെ വീര്യമേറിയ കെമിക്കലുകള്‍ മുഖചര്‍മത്തിലെ കോശങ്ങൡ ഏല്‍പിക്കുന്ന പ്രത്യാഘാതങ്ങള്‍ നിസാരമല്ല. ആയുര്‍വേദ ഔഷധങ്ങളും സസ്യങ്ങളും ഉപയോഗിച്ച് ചര്‍മത്തിന് തിളക്കവും സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇതു പ്രകൃതിദത്ത മാര്‍ഗം ആയതിനാല്‍ ചര്‍മത്തിന് യാതൊരു ആരോഗ്യപ്രശ്‌നങ്ങളേയും ഉണ്ടാക്കുകയില്ല. ഇതില്‍ നിന്ന് ലഭ്യമാകുന്ന ഗുണഫലങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്യും.

ആദ്യം ചര്‍മം അറിയണം

പ്രകൃതിദത്ത വഴികളിലൂടെ ചര്‍മസൗന്ദര്യം ദീര്‍ഘകാലം നിലനിര്‍ത്താനായി ഓരോ വ്യക്തിയുടെയും ചര്‍മം ഏത് വിഭാഗത്തില്‍പ്പെട്ടതാണെന്ന് ആദ്യം അറിയണം. വാതചര്‍മം, പിത്തചര്‍മം, കഫചര്‍മം എന്നിങ്ങനെ മൂന്നു വിഭാഗമായി ചര്‍മത്തെ ആയുര്‍വേദശാസ്ത്രം തരംതിരിച്ചിരിക്കുന്നു. മൂന്നുതരത്തിനും പ്രത്യേകം പ്രത്യേകം സ്വഭാവം, രൂപം എന്നിവയാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇവയ്ക്ക് ഓരോന്നിനും ചെയ്യേണ്ട പരിചരണങ്ങളും വ്യത്യസ്തമാണ്.

അവരവരുടെ ചര്‍മം ഏതുവിഭാഗത്തില്‍ പെടുന്നതാണെന്ന് കണ്ടെത്തിയശേഷം അവയ്ക്ക് അനുകൂലമായ ആരോഗ്യപ്രദമായ ഭക്ഷണക്രമം, ചര്‍ സംരക്ഷണം, അതിന് ഏറ്റവും ഉത്തമമായ ഔഷധ ഉത്പന്നങ്ങള്‍ എന്നിവ തെരഞ്ഞെടുക്കണം.

വാതചര്‍മം

വാതചര്‍മത്തിന് പോഷകാഹാരങ്ങളും ധാരാളം വെള്ളവും ആവശ്യമാണ്. ചര്‍മകോശങ്ങളില്‍ സദാസമയം ജലാംശവും ഈര്‍പ്പവും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

പിത്തചര്‍മം

പിത്തസ്വഭാവമുള്ള ചര്‍മത്തില്‍ പല വസ്തുക്കളുടെയും ഉപയോഗം വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കും. അതുകൊണ്ട് ഇത്തരക്കാര്‍ എരിവ്, മസാല എന്നിവ അധികമായി ഉപയോഗിക്കരുത്.

കഫചര്‍മം

കഫസ്വഭാവം ഉള്ള ചര്‍മക്കാര്‍ ദഹിക്കാന്‍ അധികം സമയം വേണ്ടി വരുന്ന ആഹാരങ്ങളും, കട്ടിയായ ആഹാരങ്ങളും ഉപയോഗിക്കരുത്. അതോടൊപ്പം തന്നെ ചര്‍മം നിത്യേന ശുദ്ധിയാക്കുകയും ചെയ്യണം.

ചര്‍മ സംരക്ഷണത്തിന്

ചര്‍മത്തിലുള്ള കോശങ്ങള്‍ ദിവസം മുഴുവനും ജലാംശത്തോടെയിരിക്കാന്‍ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുന്നതും ബദാം ഓയില്‍, കുങ്കുമാദിതൈലം എന്നിവ ഉപയോഗിച്ച് മൃദുവായി തിരുമ്മുന്നതും നല്ലതാണ്. ചര്‍മകോശങ്ങളില്‍ ജലാംശം നിലനില്‍ക്കുന്നതുകൊണ്ട് ചര്‍മം മൃദുവാകുകയും തിളക്കത്തോടും സൗന്ദര്യത്തോടും യുവത്വത്തോടും കൂടി ഇരിക്കുകയും ചെയ്യും.

പാകം ചെയ്ത് പാക്കറ്റുകളിലാക്കി വരുന്ന ആഹാരങ്ങള്‍ ഉപയോഗിക്കുന്നത് മിതപ്പെടുത്തണം. അപ്പപ്പോള്‍ പാകം ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുക. ആഹാരത്തിലെ പോഷകസമൃദ്ധിയും ഗുണങ്ങളുമാണ് ചര്‍മത്തിന് തിളക്കം നല്‍കുന്നത്. ചര്‍മത്തില്‍ പുതിയ കോശങ്ങള്‍ ഉണ്ടാകുന്നതിനും ത്വക്ക് രോഗങ്ങളെ അകറ്റുന്നതിനും ദഹനപ്രക്രിയ സുഗമമാക്കി മൃദുവായ ചര്‍മം ഉണ്ടാകുന്നതിനും ആരോഗ്യകരമായ ആഹാരക്രമങ്ങള്‍ സഹായകമാണ്.

ആയുര്‍വേദ ഉത്പന്നങ്ങളുടെ പ്രസക്തി

ചര്‍മ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ആയുര്‍വേദ ഉത്പന്നങ്ങളില്‍ ശരീരത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ അടങ്ങിയിില്ലാത്തതിനാല്‍ സുരക്ഷിതമാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ശരീരത്തെയും ചര്‍മത്തെയും വിഷാംശങ്ങളില്‍ നിന്നും മുക്തമാക്കി സൗന്ദര്യം നല്‍കാന്‍ ഇത് സഹായിക്കും.

സുഖനിദ്ര വേണം

സുഖനിദ്ര ചര്‍മത്തിന്റെ ബലവും ആരോഗ്യവും നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു. നിദ്ര പ്രകൃതിദത്തമായ സൗന്ദര്യ വര്‍ധകമായതുകൊണ്ട് ദിവസവും നേരത്തെ ഉറങ്ങാന്‍ ശ്രദ്ധിക്കണം.

വ്യായാമം മറക്കരുത്

നിത്യവും വ്യായാമം ചെയ്യുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. രക്തസഞ്ചാരം വര്‍ധിപ്പിക്കുക, ചലന സ്വാതന്ത്ര്യം വര്‍ധിപ്പിക്കുക, വിഷാംശങ്ങളെ പുറംതള്ളുക, പല രോഗങ്ങളെയും ശമിപ്പിക്കുക, സര്‍വ്വോപരി നല്ല മാനസികനിലയെ പ്രദാനം ചെയ്യുക എന്നിവ വഴിയാണ് വ്യായാമം ചര്‍മത്തിന്റെ ആരോഗ്യത്തെയും സൗന്ദര്യത്തെയും വര്‍ധിപ്പിക്കുന്നത്.

മാനസിക സംഘര്‍ഷം വേണ്ട

ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ് ഏറെയും. ഇതു ചര്‍മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചര്‍മം ഇരുണ്ടതാകുകയും യഥാര്‍ഥത്തില്‍ വാര്‍ധക്യം ആകുന്നതിനു മുന്‍പേ വാര്‍ധക്യ ലക്ഷണങ്ങള്‍ ചര്‍ത്തില്‍ പ്രകടമാകുകയും ചെയ്യും.


മെഡിറ്റേഷന്‍ നിത്യവും ചെയ്യുന്നത് ആകാംക്ഷ, മാനസിക സര്‍ദം, പിരിമുറുക്കം എന്നിവയെ അകറ്റി ചര്‍മത്തെ ആരോഗ്യത്തോടും സൗന്ദര്യത്തോടും കൂടി ഇരിക്കാന്‍ സഹായിക്കും.

സൗന്ദര്യം പ്രകൃതിയില്‍ നിന്ന്

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ധാരാളം ഔഷധ സസ്യങ്ങള്‍ മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായകമാണ്.
ചന്ദനം

ചന്ദനം പ്രധാനപ്പെട്ട സൗന്ദര്യവര്‍ധക സസ്യമാണ്. മുഖക്കുരു, പാടുകള്‍, തടിപ്പ്, മൊരി മുതലായ ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കു ചന്ദനം പരിഹാരമാര്‍ഗമാണ്. ചര്‍മത്തിന് കൂടുതല്‍ നിറവും, തിളക്കവും പ്രദാനം ചെയ്യുന്നതാണ് ചന്ദനം.

ചന്ദനം അരച്ചു പുരട്ടിയാല്‍ ശരീരത്തിന് കുളിര്‍മ ലഭിക്കും. ഏറെ നേരം കഠിനമായ സൂര്യപ്രകാശം ഏല്‍ക്കുന്നതുകൊണ്ട് ചര്‍മത്തിനുണ്ടാകുന്ന ക്ഷീണത്തെ അകറ്റാന്‍ ഇത് സഹായിക്കും. ലേപനരൂപത്തിലോ, ലോഷന്‍ പോലെ കലക്കിയെടുത്തോ ഇത് ഉപയോഗിക്കാം.

മുഖത്തെ ചൊറിച്ചിലിന്

മുഖത്തുണ്ടാകുന്ന ചൊറിച്ചിലിന് ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീരില്‍ ചന്ദനവും മഞ്ഞളും കൂടി ലേപനമാക്കി പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം.

മുഖത്തെ കറുപ്പ് നിറത്തിന്

രണ്ട് ടീസ്പൂണ്‍ ബദാം ഓയിലും അഞ്ച് ടീസ്പൂണ്‍ ചന്ദനപ്പൊടിയും കൂടി ലേപനമാക്കി പുറമെ പുരട്ടിയാല്‍ മുഖത്ത് കറുപ്പുനിറം പടരുന്നത് തടയാന്‍ സാധിക്കും.

ഇതു പ്രായക്കൂടുതല്‍ കൊണ്ട് മുഖചര്‍മത്തിനുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും.

മുഖകാന്തിക്ക്

മഞ്ഞള്‍പ്പൊടിയും അരിപ്പൊടിയും പാലും തക്കാളിയുടെ നീരും ലേപനമാക്കി മുഖത്ത് പുരട്ടുന്നത് മുഖചര്‍മത്തിന് തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

കറ്റാര്‍ വാഴ

കറ്റാര്‍വാഴ മുഖ സൗന്ദര്യവര്‍ധകവസ്തുക്കളില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ്. ഫംഗസ് രോഗങ്ങളെ നശിപ്പിക്കുന്നതിനും ചെറിയ വ്രണങ്ങള്‍ ഉണക്കുന്നതിനും നീര് കുറയ്ക്കുന്നതിനും ചര്‍മത്തിന് കുളിര്‍മയെ പ്രദാനം ചെയ്യുന്നതിനും ഇതിനു പ്രത്യേക കഴിവുണ്ട്.

മുഖക്കുരു, അണുബാധ, പൊള്ളലുകള്‍, അലര്‍ജികള്‍, ചര്‍മത്തിലുണ്ടാകുന്ന കുമിളകള്‍, പ്രാണികള്‍ കടിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം കറ്റാര്‍വാഴ ഫലപ്രദമാണ്. മുഖത്തും, മൂക്കിനു ചുറ്റും ഉണ്ടാകുന്ന ചുവപ്പുനിറത്തിന് കറ്റാര്‍വാഴ അരച്ച് ലേപനം ചെയ്യുന്നത് വളരെയേറെ ഗുണപ്രദമാണ്.

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ് ചര്‍മത്തിന് നിറം ഉണ്ടാകുന്നതിന് സഹായിക്കും. ചര്‍മത്തിന്റെ കട്ടി കുറയ്ക്കുന്നതിനുവേണ്ടി ഒലിവ് ഓയില്‍ ചേര്‍ത്ത് കുങ്കുമപ്പൂവ് പുരട്ടുന്നത് ഏറെ ഫലപ്രദമാണ്. കുങ്കുമപ്പൂവ് വെള്ളത്തില്‍ കുതിര്‍ത്തശേഷം, പാലും ഒലിവ് ഓയിലും ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടി അര മണിക്കൂറിനുശേഷമോ ഒരു രാത്രി മുഴുവന്‍ വച്ചതിനുശേഷമോ കഴുകിക്കളഞ്ഞാല്‍ മുഖസൗന്ദര്യം വര്‍ധിക്കും.

കുങ്കുപ്പൂവില്‍ നിന്നും എടുക്കുന്ന തൈലം മുഖത്ത് നേരിട്ട് പുരട്ടാവുന്നതാണ്. കുങ്കുമതൈലം പുരട്ടി മൃദുവായി തലോടിയ ശേഷം കുറച്ചു കഴിഞ്ഞ് കഴുകി ക്കളയുകയോ ഒരു രാത്രി മുഴുവന്‍ വച്ചിരുന്നതിനുശേഷം കഴുകിക്കളയുകയോ ചെയ്യുന്നത് മുഖത്തിനും കഴുത്തിനും കാന്തിവര്‍ധിക്കാന്‍ സഹായകമാവും.

കാരറ്റ്

കാരറ്റ് പുറമേ ഉപയോഗിക്കുന്നതും, കഴിക്കുന്നതും ചര്‍മത്തിന് ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കും. കാരറ്റിന്റെ ഉപയോഗം വരണ്ട ചര്‍മത്തിലും ചൊറിച്ചിലുണ്ടാകുന്ന ചര്‍മത്തിലും ഏറ്റവും ഫലപ്രദമാണ്. ചര്‍മം മൃദുവാകുന്നതിനും യുവത്വത്തോടെ ഇരിക്കാനും ഇത് സഹായിക്കും.

ഡോ.ആര്‍ രവീന്ദ്രന്‍ ബിഎഎംഎസ്
അസി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ദി ആര്യവൈദ്യ ഫാര്‍മസി , (കോയമ്പത്തൂര്‍) ലിമിറ്റഡ് ബ്രാഞ്ച്
സിഎംഎസ് കോളജ് റോഡ്, കോട്ടയം