അട്ടപ്പാടിയിലെ ചെറുധാന്യ കൃഷി
അട്ടപ്പാടിയിലെ  ചെറുധാന്യ കൃഷി
Friday, May 11, 2018 2:20 PM IST
ആദിവാസി മേഖലകളിലെ ശിശുമരണം, ഗർഭിണികളായ സ്ത്രീകളിൽ കണ്ടു വരുന്ന പോഷകാഹാരക്കുറവ് എന്നീ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം ഒരു കാലത്ത് ആദിവാസി മേഖലകളിൽ സുലഭമായിരുന്ന ചെറുധാന്യങ്ങളുടെ കൃഷി അന്യം നിന്നു പോയതാണ്. അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകളിലെ മണ്ണ് രാസവളപ്രയോഗങ്ങളൊന്നും അധികം ചെയ്തിട്ടില്ലാത്ത നല്ല മണ്ണാണ്. അതുകൊണ്ടു തന്നെ അത്തരം മേഖലകളിൽ ചെറുധാന്യങ്ങളുടെ കൃഷി അനുയോജ്യവുമാണ്. അന്താരാഷ്ട്രതലത്തിൽ ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുകയാണ് 2018.

കർഷകർക്ക് പിന്തുണ നൽകുക

വെള്ളം ലഭ്യമാക്കുക, കാട്ടു മൃഗങ്ങളുടെ ശല്യത്തിൽ നിന്നും സംരംക്ഷണം നൽകുക, ഉത്പന്നങ്ങൾക്ക് നല്ല വില നൽകുക എന്നിവയാണ് ഇവർക്കു ചെയ്തു കൊടുക്കാവുന്ന സൗകര്യങ്ങൾ. ചെറുധാന്യങ്ങളുടെ കൃഷിക്ക് അധികം വളപ്രയോഗം വേണ്ട.
മലഞ്ചെരുവുകളാണ് ചെറുധാന്യങ്ങൾ കൃഷി ചെയ്യാൻ പറ്റിയ ഇടം. അട്ടപ്പാടിയിൽ ഇത്തരത്തിൽ മില്ലറ്റ് വില്ലേജ് ആരംഭിച്ചിട്ടുണ്ട്. റാഗി, ചാമ, തിന,വരഗ്, കുതിരവാലി തുടങ്ങിയവ 750 ഏക്കറിൽ കൃഷി ചെയ്തിട്ടുണ്ട്. പയറുവർഗങ്ങൾ 500 ഏക്കറിൽ കൃഷി ചെയ്തിട്ടുണ്ട്. പച്ചക്കറികൾ 37.5 ഏക്കറിലും കൃഷി ചെയ്യുന്നു.

ഇവരിൽ നിന്നും 3000 കിലോഗ്രാം ചെറുധാന്യങ്ങൾ സംഭരിച്ച് പുട്ടുപൊടി, റാഗിപ്പൊടി, റാഗിമാൾട്ട്, എനർജിഡ്രിങ്ക് എന്നിങ്ങനെയുള്ള മൂല്യവർധിത ഉ്തപന്നങ്ങൾ ചെയ്യുന്നുണ്ട്. കർഷകരിൽ നിന്നും 40 രൂപയ്ക്കാണ് വിളകൾ സംഭരിച്ചത്. സിവിൽ സപ്ലൈസ് കോർപറേഷൻ ധാന്യങ്ങളെടുക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.


സുസ്ഥിര കൃഷിക്ക് പ്രാധാന്യം നൽകാം

സുസ്ഥിരമായ കൃഷിക്കാണ് പ്രാധാന്യം നൽകേണ്ടത്. ആദിവാസികൾക്ക് കൃത്യമായി ഭൂമി പതിച്ചു നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ആനുകൂല്യങ്ങളൊന്നും കിട്ടാതെ പോകുന്നു. പലരേഖകളും ഇവരുടെ പക്കലില്ല എന്നള്ളതും പ്രശ്നമാണ്.

കാർഷിക മേഖലയിൽ പ്രാധാന്യം കൊടുക്കേണ്ടത് സുസ്ഥിര കൃഷിക്കാണ്. വെള്ളം കുറച്ച് ഉപയോഗിക്കേണ്ട കൃഷിയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഇടവിള കൃഷിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഭക്ഷ്യ ഉത്പന്നങ്ങളോടൊപ്പം തന്നെ നാണ്യവിളകളുടെയും കൃഷി പ്രോത്സാഹിപ്പിക്കണം. ടെറസ് ഗാർഡനിംഗ് തുടങ്ങിയ നൂതന പ്രവണതകൾക്കും പ്രാധാന്യം നൽകാം.

ആരോഗ്യകരമായ ഭക്ഷണം

പ്രമേഹ രോഗികൾ കേരളത്തിൽ കൂടി വരുന്ന സാഹചര്യത്തിൽ ചെറുധാന്യങ്ങൾക്കുള്ള പ്രാധാന്യം കൂടുതലാണ്. കപ്പ, ചോറ് തുടങ്ങിയ ഉയർന്ന കാർബോഹൈഡ്രേറ്റുള്ളവ കഴിക്കുന്നതുകൊണ്ടാണ് നമ്മുക്കിടയിൽ ഇത്രയും പ്രമേഹ രോഗികളുള്ളത്. അതിനു പകരമുള്ള ഭക്ഷണമായി ചെറുധാന്യങ്ങൾഡകൊണ്ടുള്ള ഭക്ഷണം കഴിക്കാം.

ഉയർന്ന പോഷകഗുണവും കാത്സ്യം തുടങ്ങിയവ അടങ്ങിയതുമാണ് ചെറുധാന്യങ്ങൾ. മൂല്യവർധനവിന് പ്രാധാന്യം നൽകണം. മൂല്യ വർധിത ഉത്പന്നങ്ങളിലൂടെ മാത്രമേ കൂടുതൽ സാന്പത്തിക നേട്ടത്തിലേക്ക് എത്താൻ സാധിക്കു. അട്ടപ്പാടിയിൽ തന്നെ താവളത്ത് കുടുംബശ്രി പ്രവർത്തകരുടെ സഹായത്തോടെ മില്ല് ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. (വിവരങ്ങൾക്ക് കടപ്പാട്- ബി സുരേഷ്, സ്പെഷ്യൽ ഓഫീസർ മില്ലറ്റ് വില്ലേജ് അട്ടപ്പാടി)