കറുവ: കൃഷിചെയ്യാം, സംസ്‌കരിക്കാം
നിത്യഹരിത വൃക്ഷമാണ് കറുവ. 'സിന്നമോമം സെയ്‌ലാനിക്കം' എന്ന മരമാണ് യഥാര്‍ഥ കറുവ. ശ്രീലങ്കയില്‍ വളരുന്ന കറുവമരത്തില്‍ നിന്നാണ് ഏറ്റവും മുന്തിയ ഗ്രേഡിലുള്ള കറുവാപ്പട്ട ലഭിക്കുന്നത്. ആറു മുതല്‍ പതിനഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ ഇതുവളരും. സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ കറുവ വളരുന്നുണ്ട്. ചൂടും ആര്‍ദ്രതയുമുള്ള കാലാവസ്ഥയോടാണ് പ്രിയം. ജൈവാംശ സമൃദ്ധമായ മണ്ണില്‍ വളരുമ്പോഴാണ് കൂടുതല്‍ ഗുണവും മേന്മയുമുള്ള കറുവാപ്പട്ട ലഭിക്കുന്നത്. വിത്തു വഴിയും കമ്പു മുറിച്ചു നട്ടും വായുവില്‍ തയാറാക്കുന്ന പതികള്‍ (എയര്‍ ലെയര്‍) ഉപയോഗിച്ചും കറുവയില്‍ പ്രജനനം നടത്താം.

ഇന്ത്യന്‍ സുഗന്ധവിള ഗവേഷണ കേന്ദ്രം ഉത്പാദിപ്പിച്ച രണ്ട് മികച്ച ഇനം കറുവകളാണ് നിത്യശ്രീ, നവശ്രീ എന്നിവ. മൂന്നാം വര്‍ഷം വിളവെടുക്കാവുന്ന ഇനമാണ് നിത്യശ്രീ. ഒരു ഹെക്ടര്‍ കൃഷിയില്‍ നിന്ന് 200 കിലോ ഉണങ്ങിയ പട്ട കിട്ടും. മരം അഞ്ചു മുതല്‍ ഏഴു മീറ്റര്‍ വരെ ഉയരത്തില്‍ വളരും. പട്ടയ്ക്ക് ഇളം ബ്രൗണ്‍ നിറം. സമാനസ്വഭാവമുള്ള കറുവയാണ് നവശ്രീയും. ഇലകളില്‍ 'യൂജിനോള്‍' എന്ന സുഗന്ധസത്ത് അടങ്ങിയിരിക്കുന്ന 'സുഗന്ധിനി' എന്ന ഇനവും ശ്രദ്ധേയമായ ഒരിനം കറുവയാണ്. ഒരു മരത്തില്‍ നിന്നു തന്നെ ഒരു വര്‍ഷം 300 മില്ലി യൂജിനോള്‍ ലഭിക്കും. ഓടക്കാലിയിലെ സുഗന്ധതൈല മരുന്നുചെടി ഗവേഷണകേന്ദ്രമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. നട്ട് മൂന്നാം വര്‍ഷം വിളവെടുക്കാം.

കറുവമരത്തില്‍ നിന്ന് ശേഖരിക്കുന്ന കായ്കളില്‍ നിന്ന് കഴുകി വൃത്തിയാക്കി വിത്തുകള്‍ വേര്‍തിരിക്കുന്നു. ഇവ 3.3:1 എന്ന അനുപാതത്തില്‍ മണലും നന്നായുണങ്ങിയ ചാണകപ്പൊടിയും കലര്‍ ത്തിയൊരുക്കുന്ന പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ പാകുക. ആവശ്യത്തിന് നനയ്ക്കുക. 10 മുതല്‍ 21 ദിവസത്തിനകം വിത്തു മുളയ്ക്കും. ആറു മാസം വരെ തൈകള്‍ക്ക് തണല്‍ നല്‍കണം.

പ്രധാനകൃഷിയിടത്തില്‍ 3ഃ3 മീറ്റര്‍ ഇടയകലത്തില്‍ 50 സെന്റീമീറ്റര്‍ വലിപ്പമുള്ള കുഴികളെടുക്കുക. ഇത് ജൈവകമ്പോസ്റ്റും മേല്‍മണ്ണും ചേര്‍ത്ത് നിറയ്ക്കുക. ജൂണ്‍-ജൂലൈ മാസങ്ങളില്‍ തൈകള്‍ നടാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് നടുക. ഓരോ കുഴിയിലും നാലോ അഞ്ചോ തൈ വീതം നടാം. ഭാഗികമായെങ്കിലും തണല്‍ നല്‍കണം.

<ശാഴ ൃെര='/ളലമൗേൃല/സമൃബ2018ാമ്യ15ാമ2.ഷുഴ' മഹശഴി='ഹലള'േ േ്യെഹല='യീൃറലൃ: 0ുഃ ീെഹശറ; ുമററശിഴയീേേീാ:10ുഃ;ുമററശിഴീേു:5ുഃ;ുമററശിഴൃശഴവ:േ10ുഃ;ംശറവേ:600ുഃ;'>

ആദ്യവര്‍ഷം ഒരു തൈയ്ക്ക് 20 ഗ്രാം നൈട്രജന്‍, 18 ഗ്രാം ഫോസ്ഫറസ്, 25 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. ഇത് ക്രമേണ വര്‍ധിപ്പിച്ച് പത്തു വര്‍ഷവും അതിനു മുകളിലും പ്രായമുള്ള ചെടിയാകുമ്പോഴേക്കും അളവ് യഥാക്രമം 200 ഗ്രാം, 180 ഗ്രാം, 200 ഗ്രാം എന്ന തോതിലേക്ക് വര്‍ധിപ്പിക്കണം. രണ്ട് തുല്യ അളവുകളായി വിഭജിക്കുന്ന വളങ്ങള്‍ മേയ്-ജൂണിലും സെപ്റ്റംബര്‍- ഒക്‌ടോബറിലും ആയാണ് നല്‍കേണ്ടത്. കറുവാത്തോട്ടത്തില്‍ കളനിയന്ത്രണം നിര്‍ബന്ധമാണ്. അതും ഒരു വര്‍ഷം രണ്ടുപ്രാവശ്യം.

കറുവമരത്തിന്റെ ഉയരം ക്രമീകരിക്കാനായി കറുവത്തോട്ടത്തില്‍ സാധാരണയായി കൊമ്പുകോതല്‍ നടത്തുന്ന പതിവുണ്ട്. രണ്ടോ മൂന്നോ വര്‍ഷം പ്രായമായ മരങ്ങള്‍ ജൂണ്‍-ജൂലൈ ആകുമ്പോഴേക്കും 15 സെന്റീമീറ്റര്‍ ഉയരത്തില്‍ ശിഖരം കോതണം. അങ്ങനെയായാല്‍ കറുവമരം രണ്ടുമീറ്റര്‍ ഉയരത്തില്‍ ഒരു കുറ്റിച്ചെടിപോലെ നമുക്ക് വളര്‍ത്താന്‍ കഴിയും. നാലു വര്‍ഷത്തെ വളര്‍ച്ചയാകുമ്പോള്‍ തന്നെ തൊലി (പട്ട) ഉരിയാനും സാധിക്കും. കേരളത്തില്‍ സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളാണ് കറുവയില്‍ ശിഖരങ്ങള്‍ വിളവെടുക്കുന്ന കാലം. ഇത്തരത്തില്‍ വിളവെടുക്കുന്ന ശിഖരങ്ങള്‍ ഒന്നു മുതല്‍ ഒന്നേകാല്‍ മീറ്റര്‍ വരെ നീളമുള്ള നേര്‍ കഷണങ്ങളായി മുറിക്കുന്നു. എന്നിട്ടാണ് പട്ട വേര്‍തിരിക്കുന്ന ജോലി തുടങ്ങുന്നത്.
സസ്യസംരക്ഷണം

ഇലപ്പുള്ളിയും കൊമ്പുണക്കവുമാണ് കറുവമരത്തെ പ്രധാനമായി പിടികൂടുന്ന കുമിള്‍ രോഗങ്ങള്‍. രോഗാബാധിതമായ ശിഖരങ്ങള്‍ മുറിച്ചു നീക്കുകയും ശിഖരങ്ങളില്‍ പാടേ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചുകൊടുക്കുകയും വേണം.

സിന്നമണ്‍ ബട്ടര്‍ഫ്‌ളൈ എന്നറിയപ്പെടുന്ന കറുവശലഭമാണ് കറുവമരത്തിന്റെ പ്രധാന ശത്രു. പ്രത്യേകിച്ച് നഴ്‌സറികളിലാണ് ഇതിന്റെ ഉപദ്രവം കൂടുതല്‍. ശലഭം കുത്തുന്ന ഇലകള്‍ ക്രമേണ പൊഴിയും. 0.05 ശതമാനം വീര്യത്തില്‍ ക്വിനാല്‍ ഫോസ് ഇലകളില്‍ തളിച്ചാണ് ഇവയെ നിയന്ത്രിക്കുക.

വിളവ്, വിളവെടുപ്പ്

രണ്ടു-മൂന്നു വര്‍ഷമായ കറുവയുടെ കമ്പുകള്‍ പട്ട ഉരിച്ചെടുക്കാന്‍ പാകമാണ്. 2-2.5 സെന്റീമീറ്റര്‍ വ്യാസവും, 1.5-2 മീറ്റര്‍ നീളവുമുള്ള കൊമ്പുകളാണ് പട്ടയെടുക്കാന്‍ ഉത്തമം. മഴ കഴിഞ്ഞ് തളിര് മൂത്ത സമയമാണ് വിളവെടുക്കാന്‍ നന്ന്. അതിരാവിലെ കമ്പ് മുറിച്ചെടുത്താല്‍ പട്ട വേഗം ഉരിഞ്ഞു കിട്ടും. കമ്പ് മുറിച്ച് കരിന്തൊലി ചുരണ്ടിമാറ്റിയിട്ട് പട്ട ഉരിച്ച് പ്രത്യേകരീതിയില്‍ ചുരുളുകളാക്കി ഉണക്കിയെടുക്കുന്നതാണ് കറുവപ്പട്ട.

ഇലത്തൈലം എടുക്കാന്‍ വര്‍ഷത്തില്‍ രണ്ടുതവണ (മേയ്, ഒക്‌ടോബര്‍) കമ്പു മുറിക്കാം. പട്ട നാലഞ്ചു മണിക്കൂര്‍ ആവിയില്‍ പാറ്റിയാല്‍ 0.5-1 ശതമാനം വരെ തൈലം കിട്ടും. ഒരു ഹെക്ടറില്‍ നിന്ന് ഏതാണ്ട് 30-50 കിലോ പട്ട ലഭിക്കും. നല്ല രീതിയില്‍ പരിചരിക്കുന്ന തോട്ടങ്ങളില്‍ നിന്ന് ഒരു ഹെക്ടറില്‍ 200 കിലോവരെ പട്ട ലഭിക്കും. ഇലകളുള്ള ചെറുശാഖകളാണ് ഇലത്തൈലം വാറ്റിയെടുക്കാന്‍ നന്ന്. ഒന്നു രണ്ടു ദിവസം ഇല തണലിലിട്ട് വാട്ടിയിട്ട് നാലഞ്ചു മണിക്കൂര്‍ ആവി വാറ്റു നടത്തിയാല്‍ 0.5-1 ശതമാനം ഇലത്തൈലം ലഭിക്കും. ഒരു ഹെക്ടറില്‍ നിന്ന് 100-125 കിലോ ഇലത്തൈലം കിട്ടും.

സദ്ഗുണസമ്പന്നം കറുവ

വൈവിധ്യമാര്‍ന്ന നിരവധി നിരോക്‌സീകാരകങ്ങളുടെ കലവറയാണ് കറുവ. അതുകൊണ്ടു തന്നെ ഇത് സ്വതന്ത്രറാഡിക്കലുകളുടെ പ്രവര്‍ത്തനം പ്രതിരോധിച്ച് വാര്‍ദ്ധക്യമാകുന്ന പ്രക്രിയ മന്ദിഭവിപ്പിക്കുന്നു. പോളിഫിനോള്‍സ്, ഫിനോളിക് ആസിഡ്, ഫ്‌ളോവനോയിഡ് എന്നിവയാണവ.

കറുവയിലടങ്ങിയിരിക്കുന്ന സവിശേഷ സംയുക്തങ്ങള്‍ക്ക് കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്, രക്താതിമര്‍ദ്ദം എന്നിവ കുറയ്ക്കാനുള്ള കഴിവുണ്ട്.

അറിയപ്പെടുന്ന ഒരു പ്രമേഹപ്രതിരോധവ്യഞ്ജനമാണ് കറുവ. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകവഴി ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

പാര്‍ക്കിന്‍സണ്‍സ്, ആല്‍സ് ഹൈമേഴ്‌സ് പോലെ നാഡീസംബന്ധമായ തകരാറുകള്‍ വഴി സംഭവിക്കുന്ന അസ്വസ്ഥതകള്‍ പ്രതിരോധിക്കുന്നു.

ഡി.എന്‍.എയ്ക്ക് സംഭവിക്കുന്ന നാശനഷ്ടം തടയാനും അര്‍ബുദപ്രതിരോധകാരിയായി പ്രവര്‍ത്തിക്കാനും കഴിയും.

വൈറസ് ഉള്‍പ്പെടെയുള്ള സൂക്ഷ്മാണുക്കള്‍ വരുത്തുന്ന രോഗാവസ്ഥകള്‍ ചെറുക്കുന്നു.

ദന്താരോഗ്യം സംരക്ഷിക്കുകയും പല്ലിന്റെയും മോണകളുടെയും കരുത്തും മേന്മയും നിലനിര്‍ത്തുകയും ചെയ്യുന്നു.

ത്വക്ക് രോഗങ്ങള്‍ തടഞ്ഞ് ചര്‍മ്മത്തിന്റെ ആരോഗ്യവും സ്‌നിഗ്ധതയും നിലനിര്‍ത്തുന്നു.

തൈകളെക്കുറിച്ചുള്ള അന്വേഷണത്തിന് ഫോണ്‍:
ഇന്ത്യന്‍ സുഗന്ധവിള ഗവേഷണ കേന്ദ്രം, കോഴിക്കോട്- 0495 273 1410.
സുഗന്ധതൈല മരുന്നുചെടി ഗവേഷണകേന്ദ്രം, ഓടക്കാലി, കോതമംഗലം- 0484 265 8221.

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം
Loading...