നോണ്‍സ്റ്റോപ്പ് പൂക്കാലവുമായി മില്യണ്‍ ബെല്‍സ്
നോണ്‍സ്റ്റോപ്പ് പൂക്കാലവുമായി മില്യണ്‍ ബെല്‍സ്
Tuesday, May 22, 2018 4:54 PM IST
പെറ്റൂണിയ-നമുക്ക് സുപരിചിതമായ പൂച്ചെടിയാണിത്. എന്നാല്‍ പെറ്റൂണിയയേക്കാള്‍ ദ്രുതഗതിയില്‍ വളരുകയും നിറയെ പുഷ്പിക്കുകയും ചെയ്യുന്ന ഒരു പൂച്ചെടി വേറെയുണ്ട്. കാഴ്ചയ്ക്ക് പെറ്റൂണിയയോട് ഏറെ സാമ്യം. പ്രത്യേകിച്ച് പൂക്കള്‍. വളര്‍ച്ചയുടെ കാര്യത്തില്‍ സദാ കര്‍മനിരതമായി അനുഭപ്പെടുന്ന പൂച്ചെടിയാണ് 'മില്യണ്‍ ബെല്‍സ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കാലിബ്രക്കോവ. പെറ്റൂണിയച്ചെടിയുടെ ചാര്‍ച്ചക്കാരിയാണ് കാലിബ്രക്കോവ, എന്നല്ല പെറ്റൂണിയയുടെ ഒരു മിനിപ്പതിപ്പു തന്നെ എന്നു പറയാം. പെറ്റൂണിയച്ചെടിക്ക് സ്റ്റീറോയിഡ് കുത്തിവച്ചതുപോലെയാണ് കാലിബ്രക്കോവയുടെ വളര്‍ച്ച എന്ന് ഉദ്യാനപാലകര്‍ തമാശരൂപത്തില്‍ പറയാറുണ്ട്. അത്ര അദ്ഭുത വേഗത്തിലാണ് കാലിബ്രക്കോവയുടെ വളര്‍ച്ചയും പുഷ്പിക്കലും.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ മെക്‌സിക്കോയിലാണ് ആദ്യമായി ഈ പൂച്ചെടി കണ്ടെത്തുന്നത്. അന്നു തന്നെ ഇതിന് മില്യണ്‍ ബെല്‍സ് എന്ന പേരും കിട്ടി. കാരണം വയലറ്റ്, നീല, പിങ്ക്, മഞ്ഞ, മജന്ത, വെള്ള തുടങ്ങി വിവിധ നിറങ്ങളില്‍ മണിയുടെ ആകൃതിയിലുള്ള നൂറുകണക്കിനു പൂക്കള്‍ വിരിയിക്കാനുള്ള ഇതിന്റെ അദ്ഭുത സിദ്ധി തന്നെ.

നല്ല വെയില്‍ കിട്ടുന്നിടത്ത് വളരാനിഷ്ടപ്പെടുന്ന ചെടിയാണ് മില്യണ്‍ ബെല്‍സ്. ദിവസവും കുറഞ്ഞത് ആറുമണിക്കൂറെ ങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം കിട്ടണം. വേണ്ടത്ര വെളിച്ചം കിട്ടുന്നില്ലെങ്കില്‍ അത് വേഗമറിയാം. ചെടിയാകെക്ഷിണിക്കും, വലിഞ്ഞു നീണ്ടതു പോലെ കാണപ്പെടും. പുഷ്പിക്കല്‍ കുറയും. ഇന്ന് പ്രചാരത്തിലുള്ള ഇനങ്ങളെല്ലാം തന്നെ സങ്കര ങ്ങളാണ്.

ചെടിയുടെ തണ്ട് പെറ്റൂണിയയോട് ഏറെ സാമ്യമുള്ളതു തന്നെ. പൂക്കള്‍ക്കാകട്ടെ ഏതാണ്ട് ഒരിഞ്ചു മാത്രം നീളവും. തൂക്കുകൂടകളിലും ജനാലപ്പടികളിലും ചട്ടികളിലും ഒക്കെ വളര്‍ത്താന്‍ അനുയോജ്യമാണിത്. ചട്ടികളില്‍ വളര്‍ത്തി ജനാലപ്പടികളിലും മറ്റും വയ്ക്കുമ്പോള്‍ ഇവയുടെ നീണ്ടു വളരുന്ന തണ്ട് ഒരു വെള്ളച്ചാട്ടം പോലെ വിവിധ ദിശകളില്‍ പുറത്തേക്കു ചാടി വളരുന്നതും അവയിലെല്ലാം നിറയെ പൂ പിടിക്കുന്നതും ഏറെ ആകര്‍ഷകമായ കാഴ്ചയാണ്. ഒരിക്കല്‍ പുഷ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പൂക്കള്‍ നിരന്തരം വിടര്‍ന്നു കൊണ്ടേയിരിക്കും.

നന്നായി വളരുന്ന ചെടിയില്‍ നിന്ന് വസന്തകാലത്തിന്റെ തുടക്കത്തോടെ തണ്ടുകള്‍ മുറിച്ചു നട്ട് പുതിയ ചെടി വളര്‍ത്താം. അതിരാവിലെ വേണം തണ്ടു മുറിക്കാന്‍. ഒരിലയ്‌ക്കോ ഇലമുകുളത്തിനോ തൊട്ടുതാഴെ വച്ച് മൂന്നിഞ്ച് നീളത്തില്‍ തണ്ട് അഗ്രഭാഗത്തു നിന്നുമുറിച്ചെടുക്കുക. അധികം മണ്ണും ജൈവവളങ്ങളുമില്ലാത്ത വെര്‍മിക്കുലൈറ്റ്, പെര്‍ലൈറ്റ് പോലുള്ള മാധ്യമങ്ങളില്‍ കുറച്ച് ആറ്റുമണല്‍, ഇലപ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതമാണ് തണ്ടിന്‍കഷണം നടാന്‍ നന്ന്. മൂന്നിഞ്ചിലും അല്പം കൂടി മാത്രം വലിപ്പമുള്ള ചെറിയചട്ടി വേണം ഇതിനുപയോഗിക്കാന്‍. മുകളിലത്തെ ഇലകളൊഴികെ ബാക്കി നീക്കി തണ്ട് നടീലിനൊരുക്കാം. സെറാഡിക്‌സ് പോലുള്ള വേരുപിടിക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും ഹോര്‍മോണ്‍ കഷണത്തിന്റെ ചുവട്ടില്‍ പുരട്ടിയാല്‍ നന്ന്. ചട്ടിയിലെ മിശ്രിതത്തില്‍ രണ്ടിഞ്ച് താഴ്ചയില്‍ ഒരു സുഷിരം ഉണ്ടാക്കി അതിലേക്ക് കഷണം ഇറക്കി വയ്ക്കുന്നു. ഇതിനു ചുറ്റും ഈര്‍പ്പം വര്‍ധിപ്പിക്കാനായാല്‍ വേര് വേഗം പിടിക്കും. വൃത്തിയും വായ് വിസ്താരവുമുള്ള ചുവടുഭാഗം വട്ടത്തില്‍ മുറിച്ചു നീക്കിയ ഒരു പ്ലാസ്റ്റിക് കുപ്പി കഷണത്തിനു പുറത്തായി കമഴ്ത്തുക. ഈര്‍പ്പസംരക്ഷണത്തിന് എളുപ്പ വഴിയാണിത്. നേരിട്ടു വെയിലടിക്കാത്തിടത്തുവേണം ഇത് വയ്ക്കാന്‍. തണ്ടില്‍ വേരുപൊട്ടാന്‍ തുടങ്ങിയാലുടന്‍ തന്നെ കുപ്പി നീക്കാനും മറക്കരുത്.




നിരന്തരം ഒരേ സമയം നിരവധി പൂക്കള്‍ വിടര്‍ത്തുന്നതാകയാല്‍ മില്യണ്‍ ബെല്‍സിന് വളപ്രയോഗം നിര്‍ബന്ധമായും നടത്തണം. ഇതിനായി ഇരുമ്പിന്റെ അംശം കൂടെ അടങ്ങിയ വിവിധ റെഡിമെയിഡ് രാസവള മിശ്രിതങ്ങള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. ഇതില്ലെങ്കില്‍ ഇലപ്പൊടി, ചാണകപ്പൊടി, വിവിധതരം പിണ്ണാക്കുകള്‍ പൊടിച്ചത് എന്നിവയും ലഭ്യമായ രാസവളമിശ്രിതങ്ങളിലൊന്നും ജലത്തില്‍ ലയിപ്പിച്ച് നേര്‍ത്ത ലായനിയായി തുടക്കത്തില്‍ ഒഴിച്ചുകൊടുക്കാം. രണ്ടാഴ്ച ഇടവിട്ട് വളംചേര്‍ ത്താല്‍ മില്യണ്‍ ബെല്‍സ്, പേര് അന്വര്‍ഥമാക്കുമാറ് നിറയെ പുഷ്പിക്കും.

വളര്‍ന്നു വരുന്ന ചെടിയുടെ തലപ്പ് ഇടയ്ക്ക് നുള്ളി വിട്ടാല്‍ കുറ്റിച്ചെടിയായി പടര്‍ന്നും ഒതുങ്ങിയും വളരും. ചെടിയുടെ ചുവട്ടില്‍ പുതയിട്ട് കളകളുടെ വളര്‍ച്ച തടയാം. തടത്തിലെ ഈര്‍പ്പം നഷ്ടപ്പെടാതെ സംരക്ഷിക്കാം. വാടിത്തുടങ്ങുന്ന പൂക്കള്‍ അപ്പപ്പോള്‍ നീക്കുന്നത് ചെടിയുടെ ചന്തം നിലനിര്‍ത്താനും പുതിയ പൂക്കള്‍ വിടരാനും സഹായിക്കും.

വിവിധ ഉപയോഗങ്ങള്‍

ഒരേ സമയം വിവിധ ഉപയോഗങ്ങളുള്ള പൂച്ചെടിയാണ് മില്യണ്‍ ബെല്‍സ്. തൂക്കു കൂടകളില്‍ വളര്‍ത്താം. നിലം മൂടിച്ചെടിയായും ഉപയോഗിക്കാം.

പിങ്ക്, വെള്ള, ചുവപ്പ്, മഞ്ഞ, കടുംനീല എന്നീ നിറങ്ങളില്‍ പൂക്കള്‍ വിടര്‍ത്തുന്ന കാബ്ലൂം, മഞ്ഞ രാശിയോടുകൂടിയ നിയോണ്‍ ഓറഞ്ച് നിറത്തില്‍ പൂക്കള്‍ ഉണ്ടാകുന്ന ക്രാക്ലിങ് ഫയര്‍, ചുവന്ന ഞരമ്പുകളോടെയുള്ള ഓറഞ്ച് ഇതളുകളുള്ള ടാങ്കെറിന്‍, മഞ്ഞയും ചുവപ്പും നിറത്തില്‍ പൂക്കള്‍ വിടര്‍ത്തുന്ന ടെറാ കോട്ട, ഉള്‍ഭാഗം പച്ചനിറവും പുറംഭാഗം നീലനിറവുമായി പൂക്കള്‍ വിടരുന്ന ട്രെയിലിങ് സ്‌കൈ ബ്ലൂ, ഉള്‍ഭാഗം മഞ്ഞ നിറവും പുറം ഇതളുകള്‍ക്ക് പിങ്ക് നിറവുമുള്ള ചെറി പിങ്ക് തുടങ്ങിയവ മില്യണ്‍ ബെല്‍സിന്റെ അത്യാകര്‍ഷകവും കണ്ണഞ്ചിപ്പിക്കുന്നതുമായ സങ്കര ഇനങ്ങളാണ്. വേപ്പെണ്ണ കലര്‍ന്ന കീടനാശിനികള്‍ യഥാസമയം ഉപയോഗിച്ച് ചെടിയെ കീടബാധകളളില്‍ നിന്നു സംരക്ഷിക്കാം.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം
944701 5939.