നോണ്‍ കണ്‍വർട്ടബിൾ ഡിബഞ്ചറുകൾ; സ്ഥിര നിക്ഷേപങ്ങൾക്കൊരു പകരക്കാൻ
എല്ലാ നിക്ഷേപകരും ആഗ്രഹിക്കുന്നത് നിക്ഷേപത്തിൽ നിന്നും മികച്ച ഒരു നേട്ടം ലഭിക്കണമെന്നാണ്. നേട്ടത്തിനൊപ്പം സുരക്ഷിതത്വവും ആഗ്രഹിക്കുന്നവർ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കാറ്. എന്നാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വേണ്ടത്ര നേട്ടം തരുന്നില്ലെങ്കിൽ മറ്റ് നിക്ഷേപ ഉപകരണങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്.
ഇത്തരത്തിൽ ഉയർന്ന റിട്ടേണ്‍ ആഗ്രഹിക്കുന്നവർക്ക് നിക്ഷേപത്തിനു ആശ്രയിക്കാവുന്ന ഒരു നിക്ഷേപ ഉപകരണമാണ് നോണ്‍ കണ്‍വർട്ടബിൾ ഡിബഞ്ചറുകൾ(എൻസിഡി). സ്ഥിര നിക്ഷേപങ്ങളേക്കാൾ നേട്ടം പ്രതീക്ഷിക്കാം.

തങ്ങളുടെ മൂലധനാവശ്യത്തിനു തുക സ്വരൂപിക്കുവാനായി കന്പനികളാണ് ഇത്തരം എൻസിഡികൾ പുറപ്പെടുവിക്കാറ്. പബ്ലിക് ഇഷ്യു വഴിയാണ് കന്പനികൾ തുക സ്വരൂപിക്കുക. വിവിധ കാലാവധിയിലും വിവിധ പലിശയിലുമുള്ള എൻസിഡികൾ അവരുടെ ആവശ്യമനുസരിച്ച് ഇഷ്യു ചെയ്യുന്നു.

ബാങ്ക് നിക്ഷേപങ്ങൾ 6.5-7 എന്നീ നിരക്കുകളിൽ പലിശ നൽകുന്പോൾ എൻസിഡിക്ക് 8.9-12 ശതമാനം പലിശ ലഭിക്കും.

സെബിയുടെ നിയന്ത്രണത്തിനു വിധേയമായാണ് കന്പനികൾ എൻസിഡി പുറത്തിറക്കുന്നത്. മിക്ക കന്പനികളും ഇപ്പോൾ എൻസിഡികൾ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതുവഴി ഇവയുടെ ലിക്വിഡിറ്റി വർധിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തയിടെ ജെഎം ഫിനാൻസ്, ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപറേഷൻസ് ലിമിറ്റഡ്, ശ്രേയി ഇൻഫ്രസ്ട്രക്ച്ചർ ഫിനാൻസ് ലിമിറ്റഡ്, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് തുടങ്ങിയ കന്പനികൾ എൻസിഡി ഇഷ്യു ചെയ്തിരുന്നു. ഡിഎച്ച്എഫ്എല്ലിന്‍റെ ഇഷ്യു മെയ് 22 നാണ് ആരംഭിച്ചത്. ജൂണ്‍ നാലിന് അവസാനിക്കും. ഡിഎച്ച്എഫ്എൽ എൻസിഡിക്ക് "ട്രിപ്പിൾ എ’ റേറ്റിംഗുണ്ട്. ഇഷ്യു വില 1000 രൂപയാണ്. ജെഎം ഫിനാൻഷ്യൽ ക്രെഡിറ്റ് സൊലൂഷൻസിന്‍റെ എൻസിഡി ഇഷ്യു മെയ് 28 ന് ആരംഭിച്ച് ജൂണ്‍ 20 ന് അവസാനിക്കും. ഇഷ്യു വില 1000 രൂപയാണ്. കന്പനിയുടെ റേറ്റിംഗ് ഡബിൾ എ ആണ്.

എൻസിഡിയുടെ സവിശേഷതകൾ

n ഇഷ്യു: കന്പനികൾ എൻസിഡികൾ നൽകുന്നത് പബ്ളിക് ഇഷ്യുവിലൂടെയാണ്. നിക്ഷേപകർക്ക് വാങ്ങാനായി നിശ്ചിത കാലയളവ് നൽകും. സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിനാൽ ദ്വിതീയ വിപണിയിൽനിന്നും എൻസിഡി വാങ്ങാനുള്ള അവസരമുണ്ടാകും.
n റേറ്റിംഗ്: റേറ്റിംഗ് ഏജൻസികൾ ഈ ഉപകരണങ്ങൾക്കു റേറ്റിംഗ് നൽകുന്നുണ്ട്. അതുവഴി നിക്ഷേപകർക്കും അതിന്‍റെ സുരക്ഷിതത്വത്തെക്കുറിച്ച് ഒരു ധാരണ ലഭിക്കുന്നു. ദീർഘകാലം, ഹൃസ്വകാലം, സ്ഥിര നിക്ഷേപം എന്നിങ്ങനെ മൂന്നു സ്കെയിലുകളിലാണ് റേറ്റിംഗ് നൽകുന്നത്. ട്രിപ്പിൾ എ റേറ്റംഗ് ലഭിക്കുന്ന കടപ്പത്രങ്ങൾക്ക് ഉയർന്ന സുരക്ഷിതത്വമുണ്ടെന്നാണ് വയ്പ്.

nകന്പനികളുടെ തിരിച്ചടവ് ചരിത്രം: നിക്ഷേപിക്കുന്നതിനു മുന്പ് കന്പനികളുടെ പശ്ചാത്തലം പഠിക്കുന്നത് നല്ലതാണ്. നിക്ഷേപകർക്ക് തിരിച്ചടവു നടത്തുന്നതിൽ കന്പനി എന്തെങ്കിലും വീഴ്ച്ചകൾ വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം.

nസുരക്ഷിതമായ എൻസിഡി, സുരക്ഷിതമല്ലാത്ത എൻസിഡി:
ചില കന്പനികളുടെ ഡിബഞ്ചറുകൾ സുരക്ഷിതമായിരിക്കും. കന്പനിയുടെ ആസ്തി ജാമ്യത്തിലായിരിക്കും ഇത്തരം ഡിബഞ്ചറുകൾ ഇഷ്യു ചെയ്യുന്നത്. ചില ഡിബഞ്ചറുകൾക്ക് ഇത്തരത്തിലുള്ള സുരക്ഷിതത്വം ഉണ്ടാകില്ല. നിക്ഷേപത്തിനു മുന്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
n ലിസ്റ്റിംഗ്, ലിക്വിഡിറ്റി: സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഡിബഞ്ചറുകളുണ്ടാകും. ആവശ്യം വന്നാൽ കാലവധി പൂർത്തിയാക്കുന്നതിനു മുന്പ് നിക്ഷേപകന് വിറ്റ് പണം എടുക്കുവാൻ ഇതു സഹായിക്കുന്നു. പക്ഷേ, നിക്ഷേപകർ നിക്ഷേപ ഉപകരണത്തിന്‍റെ വില മാറ്റങ്ങൾ ശ്രദ്ധിക്കണം. ഇത് പലിശ നിരക്കിലുള്ള വ്യതിയാനങ്ങളുമായി എൻസിഡിയുടെ വിപണി വില ബന്ധപ്പെട്ടിരിക്കുന്നു.

nപലിശ നൽകുന്നത്: നിക്ഷേപകന്‍റെ ആവശ്യത്തിനനുസരിച്ചാണ് പലിശ നൽകുന്നത്. അത് മാസത്തിൽ, ത്രൈമാസത്തിൽ, അർധവാർഷികമായി, വാർഷികമായി എങ്ങനെ വേണമെന്ന് നിക്ഷേപകന് തെരഞ്ഞെടുക്കാം.

nകാലാവധി: ഡിബഞ്ചറുകളുടെ മച്യൂരിറ്റി കലാവധി കുറഞ്ഞത് 90 ദിവസമാണ്. 10 വർഷം വരെയോ 30 വർഷം വരെയോയുള്ള കടപ്പത്രങ്ങളുണ്ട്.

nസുരക്ഷിതത്വം: എൻസിഡി ഇൻഷുറൻസ് വഴി സുരക്ഷിതമാക്കിയിട്ടില്ല. എന്നാൽ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ (ഒരു ലക്ഷം രൂപ വരെ) ഇൻഷുർ ചെയ്ത് സുരക്ഷിതമാക്കിയവയാണ്.
nനികുതി: എൻസിഡിയിൽ നിന്നു ലഭിക്കുന്ന റിട്ടേണിന് നികുതി നൽകണം.

nറിസ്ക്: എൻസിഡിയുടെ പ്രധാനപ്പെട്ട റിസ്ക് എൻസിഡിയുടെ വില മുഖവിലയെക്കാൾ താഴ്ന്നു പോകുമോ എന്നുള്ളതാണ്. രണ്ടാമത്തെ റിസ്ക് പലിശയുമായി ബന്ധപ്പെട്ടതാണ്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട എൻസിഡികളാണെങ്കിൽ കാലാവധി പൂർത്തിയാകുന്നതിനു മുന്പ് സെക്കന്‍ററി മാർക്കറ്റിൽ വിറ്റാൽ താഴ്ന്ന നിരക്കിലുള്ള പലിശയെ ലഭിക്കൂ.