അത്ര സുരക്ഷിതമാണോ സാനിറ്ററി നാപ്കിനുകള്‍?
ആ ദിവസങ്ങളില്‍' സാനിറ്ററി നാപ്കിനുകള്‍ ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ഇന്ന് സ്ത്രീകള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ആര്‍ത്തവദിനങ്ങളിലെ തുണിക്കെട്ടുകളില്‍ നിന്നും സാനിറ്ററി നാപ്കിനുകളിലേക്കുള്ള മാറ്റം സ്ത്രീകളെ സംബന്ധിച്ച് വലിയ സ്വാതന്ത്ര്യം തന്നെയായിരുന്നു. ആര്‍ത്തവദിനങ്ങളില്‍ ഇനി വീട്ടിലിരിക്കേണ്ടതില്ല എന്ന വലിയ സൗകര്യം. ആ ഏഴ് ദിവസങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല എന്ന സമാധാനം. യാത്രകളില്‍, ജോലിസ്ഥലത്ത്, അങ്ങനെ എവിടെയും കൊണ്ടുപോകാവുന്ന നാപ്കിനുകള്‍ സ്ത്രീകളെ സംബന്ധിച്ച് അത്രമേല്‍ സൗകര്യപ്രദം തന്നെയാണ്. മെഡിക്കല്‍ സ്‌റ്റോറുകളിലും, പലചരക്കു കടകളിലും എന്നുവേണ്ട മിക്ക കടകളിലും നീലയും പിങ്കും, മഞ്ഞയും നിറങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ സ്ഥാനം പിടിച്ചത് വളരെ വേഗത്തിലാണ്. ഉപയോഗം കൂടിയതോടെ നിരവധി കമ്പനികളും പാഡ് നിര്‍ാണരംഗത്ത് സജീവമായി. ആ ദിവസങ്ങളെ ഓര്‍ത്ത് ആകുലത വേണ്ടെന്നു പറഞ്ഞ്, നാപ്കിന്‍ ഗുണ മേന്മകള്‍ പറയുന്ന പരസ്യങ്ങളും ചാനലുകളില്‍ നിരന്തരം വരുന്നു. ആദ്യ ആര്‍ത്തവം മുതല്‍ ആര്‍ത്തവ വിരാമം വരെ, ഒരു സ്ത്രീ തന്റെ ജീവിതത്തില്‍ പതിനായിരത്തിലധികം പാഡുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പരസ്യങ്ങളില്‍ പറയുന്നതു പോലെ അത്ര സുരക്ഷിതമാണോ ഈ പാഡുകള്‍. സ്ത്രീകളിലും പെണ്‍കുട്ടികളിലും ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങളും വന്ധ്യതയും കൂടിവരുന്നതിനാല്‍, സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എത്രനേരം ഉപയോഗിക്കാം

വലിയതരം പാഡുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ നേരം വയ്ക്കാമെന്ന ധാരണയാണ് പലര്‍ക്കും. ഇടയ്ക്കിടെ മാറ്റാതിരിക്കാനായി രണ്ട് പാഡുകള്‍ ഒരുമിച്ച് വയ്ക്കുന്നവരുമുണ്ട്. ഇത്തരം അബദ്ധങ്ങള്‍ തന്നെയാണ് വലിയ പ്രശ്‌നം. എത്ര വലിയ പാഡുകള്‍ ആണെങ്കില്‍ക്കൂടി, നന്നായി ബ്ലീഡിംഗ് ഉള്ള ആദ്യ രണ്ട് ദിവസങ്ങളില്‍ പാഡുകള്‍ രണ്ട് മണിക്കൂറിനകം മാറ്റണം. അതേസമയം ജോലി ചെയ്യാനായി പുറത്തുപോകുന്ന സ്ത്രീകളാണ് ഇക്കാര്യത്തില്‍ വലിയ വെല്ലുവിളി നേരിടുന്നത്. ഓഫീസ് ജോലിയാണെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. എന്നാല്‍ പുറത്ത് ജോലിക്ക് പോകേണ്ടിവരുമ്പോള്‍, ബാത്ത്‌റൂം സൗകര്യവും മറ്റും ലഭ്യമാവണമെന്നില്ല. രാവിലെ മുതല്‍ വൈകിട്ട് വീട്ടിലെത്തുന്നതുവരെ ഒരു പാഡ് മാത്രം ഉപയോഗിക്കുന്നവരുമുണ്ട്. ഇത് തികച്ചും അനാരോഗ്യകരമാണ്. ഇനിയെങ്കിലും ഓര്‍ക്കുക, ആര്‍ത്തവത്തിന്റെ ആദ്യദിനങ്ങളില്‍ രണ്ട് മണിക്കൂറിലധികം ഒരു പാഡ് ഉപയോഗിക്കരുത്. രക്തം പോക്ക് കുറഞ്ഞ ദിവസമാണെങ്കില്‍ക്കൂടി ഒരു പാഡ് നാലു മണിക്കൂറിലധികം വയ്ക്കരുത്. രക്തം കൂടുതല്‍ വലിച്ചെടുക്കുന്ന നാപ്കിന്‍ ആണെങ്കിലും കൂടുതല്‍ നേരം മാറാതെയിരിക്കരുത് എന്ന് ചുരുക്കം. കാരണം ആര്‍ത്തവ കാലയളവില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്.

പാഡുകള്‍ ഉപയോഗിക്കുമ്പോള്‍

ആര്‍ത്തവദിവസങ്ങളില്‍, മറ്റുദിവസങ്ങളിലെന്നപോലെ ബുദ്ധിമുട്ടില്ലാതെ നടക്കാനും ഓഫീസില്‍പോകാനും യാത്ര ചെയ്യാനുമൊക്കെ കഴിയുന്നത് സാനിറ്ററി നാപ്കിനുകള്‍ വന്നതില്‍പിന്നെയാണ്. പല വലുപ്പത്തിലും ആകൃതിയിലുമുള്ള പാഡുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യവുമാണ്. വസ്ത്രങ്ങളില്‍ രക്തക്കറ പുരളില്ല, ടെന്‍ഷനടിക്കേണ്ടതില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് പാഡുകളുടെ പരസ്യവുമുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ പാഡുകള്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും. ഒട്ടുമിക്ക സാനിറ്ററി നാപ്കിനുകളും നനവ് തട്ടിക്കഴിഞ്ഞാല്‍ അല്‍പം കഴിഞ്ഞ് ചുരുണ്ടു പോകുന്നവയാണ്. അതേസമയം യോനിപ്രദേശത്തെ ചര്‍മം വളരെ മൃദുവുമാണ്. ചുരുണ്ടുകൂടുന്ന നാപ്കിനുകള്‍ കാരണം യോനിപ്രദേശത്ത് അസ്വസ്ഥതയും മുറിവുമുണ്ടാകാന്‍ സാധ്യതയുമുണ്ട്.

സാനിറ്ററി നാപ്കിനും ആരോഗ്യപ്രശ്‌നങ്ങളും

ആര്‍ത്തവരക്തം വസ്ത്രങ്ങളിലേക്ക് പടരില്ലെന്നും, ദീര്‍ഘ നേരം ഉപയോഗിക്കാമെന്നുമാണ് മിക്ക കമ്പനികളുടെയും അവകാശവാദം. ഇതിനായി അള്‍ട്രാ നാപ്കിനുകളും വിപണിയിലുണ്ട്. ചിലതരം നാപ്കിനുകളുടെ ഉപയോഗം വന്ധ്യതയ്ക്കും എന്‍ഡോമെട്രിയോസിസ് പോലുള്ള അസുഖങ്ങള്‍ക്കും കാരണമാകുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. കാരണം നാപ്കിനുകള്‍ക്ക് തൂവെള്ള നിറം ലഭ്യമാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ അപകടകാരിയാണ്. നാപ്കിന്‍ വഴി ആരോഗ്യത്തിന് ഹാനികരമായ ഡയോക്‌സിനുകള്‍ പ്രത്യുല്‍പാദന അവയവങ്ങളിലെത്താന്‍ കാരണമായേക്കാം. ആര്‍ത്തവകാലത്തുണ്ടാകുന്ന ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ചില പാഡുകള്‍ സുഗന്ധ പൂരിതമാക്കാറുണ്ട്. ഇതിനും രാസവസ്തുക്കള്‍ തന്നെയാണുപയോഗിക്കുന്നത്. ഇതും വന്ധ്യത, കാന്‍സര്‍ എന്നിവയ്ക്ക് കാരണമായേക്കാം. നാപ്കിനുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്, സിന്തെറ്റിക് വസ്തുക്കളും അണുബാധകള്‍ക്ക് കാരണമാകാം.


അലര്‍ജിയും ചൊറിച്ചിലുമുണ്ടാക്കും

വയറുവേദനയും, ക്ഷീണവും, രക്തം പോക്കും പാഡുമെല്ലാം ചേര്‍ന്ന് പലര്‍ക്കും ആര്‍ത്തവദിവസങ്ങള്‍ അസ്വസ്ഥതകളുടേത് കൂടിയാണ്. സൗകര്യത്തിനുപയോഗിക്കുന്ന പാഡുകള്‍ കൂടി പണി തന്നാലോ. പിന്നെ പറയേണ്ടതില്ല. പറഞ്ഞുവരുന്നത് അലര്‍ജിയും, ചൊറിച്ചിലുമുണ്ടാക്കുന്ന തരം പാഡുകളെക്കുറി ച്ചാണ്. ചിലര്‍ക്കെങ്കിലും സാനിറ്ററി നാപ്കിനുകള്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. നാപ്കിനുകള്‍ വാങ്ങുമ്പോള്‍ കോണ്‍ നാപ്കിനുകള്‍ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. കൂടുതല്‍ നേരം ഉപയോഗിക്കാം എന്ന പരസ്യവാചകവുമായി വിവിധയിനം നാപ്കിനുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണെങ്കിലും, കോണ്‍ പാഡുകളാണ് നല്ലത്. നാപ്കിനുകള്‍ ഉപയോഗിച്ച ശേഷം അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതുണ്ട്. കാരണം അണുബാധ ശ്രദ്ധിക്കാതിരുന്നാല്‍ ചിലപ്പോള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. മൂത്രം ഒഴിച്ചുകഴിഞ്ഞ് സ്വകാര്യഭാഗം കഴുകി നനവ് മാറ്റിയതിനുശേഷം പാഡ് ധരിക്കുക.

നാപ്കിന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

കൂടുതല്‍ നേരം ഉപയോഗിക്കാമെന്ന വാഗ്ദാനവുമായി വരുന്ന നാപ്കിനുകളില്‍, പ്ലാസ്റ്റിക് ആവരണങ്ങള്‍ക്കുശേഷം, നീല ജെല്ലും കൂടെ കാണാം. ഈ സെല്ലുലോസ് ജെല്ലുകള്‍ ശരീരത്തിന് ദോഷകരമാണ്. പാഡുകള്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക്ക് ആവരണവും , സെല്ലുലോസ് ജെല്ലുകളും ഇല്ലാത്ത കോണ്‍ പാഡുകള്‍ തെരഞ്ഞെടുക്കുക. ഇടയ്ക്കിടെ മാറ്റേണ്ടിവരുമെന്നത് വാസ്തവമാണ്. എന്നാല്‍ അനാരോഗ്യം വിളിച്ചുവരുത്തുന്നതി നേക്കാള്‍ എന്തുകൊണ്ടും നല്ലത്, അനുയോജ്യമായവ തിരഞ്ഞെടുക്കുന്നതാണ്. സാനിറ്ററി നാപ്കിനുകള്‍ വാങ്ങുമ്പോള്‍ നിലവാരമുള്ളവ നോക്കി വാങ്ങുവാന്‍ ശ്രദ്ധിക്കണം. ഇവ രണ്ടു മൂന്നു മണിക്കൂര്‍ ഇടവി് മാറുകയും വേണം

ഉപയോഗശേഷം വലിച്ചെറിയരുത്

സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധ അവ നിര്‍ാര്‍ജനം ചെയ്യുന്നതിലും വേണം. ഉപയോഗശേഷം രക്തം പുരണ്ട പാഡുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. പ്ലാസ്റ്റിക് ആവരണം നീക്കം ചെയ്തശേഷം കത്തിച്ചുകളയുകയോ, നന്നായി പൊതിഞ്ഞ് വെയ്സ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കുകയോ ചെയ്യാം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കൂടിയാണിത്.

സാനിറ്ററി നാപ്കിനുകള്‍ എന്ന സ്വാതന്ത്ര്യം

സാനിറ്ററി നാപ്കിനുകളുടെ കണ്ടുപിടുത്തം വിപ്ലവകരമായ മാറ്റം തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്ത്രീകളെ സംബന്ധിച്ച് അത് വലിയ സൗകര്യം തന്നെയാണ്. ആര്‍ത്തവദിവസങ്ങളില്‍ ആശങ്കകളില്ലാതെ പുറത്തിറങ്ങാനും, നടക്കാനും, നൃത്തം ചെയ്യാനും, കായിക ഇനങ്ങളുടെ ഭാഗമാവാനുമെല്ലാം കഴിയുന്നത്, സാനിറ്ററി നാപ്കിനുകളുടെ വരവോടെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ന് മെന്‍സ്ട്രുവല്‍ കപ്പുകള്‍ പോലുള്ളവ വിപണിയില്‍ ലഭ്യമാണെങ്കിലും, ആളുകള്‍ക്ക് അത്ര പരിചിതമായിില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ സ്ത്രീകളും ആശ്രയിക്കുന്നത് നാപ്കിനുകള്‍ തന്നെയാണ്. സാനിറ്ററി നാപ്കിനുകള്‍ ഇല്ലാത്ത ആര്‍ത്തവദിവസങ്ങളെക്കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാഡുകള്‍ അനാരോഗ്യകരമാവാതെ നോക്കാം. നിലവാരമുള്ള നാപ്കിനുകള്‍ തെരഞ്ഞെടുക്കുകയും നിശ്ചിതസമയത്തിനുള്ളില്‍ മാറ്റി ഉപയോഗിക്കുകയും ചെയ്യണമെന്നുമാത്രം.

ഡോ.ദിവ്യ ജോസ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
സൈമര്‍ ഹോസ്പിറ്റല്‍, കൊച്ചി