ചെറുതേന്‍ സംഭരിക്കാം, ശാസ്ത്രീയമായി
ചെറുതേനീച്ചക്കൂടുകളില്‍ ഇത് തേന്‍ കാലമാണ്. ശാസ്ത്രീയമായി എങ്ങനെ തേനെടുക്കാം എന്നറിയുന്നത് വിലയേറിയ ഔഷധവും ഭക്ഷണവുമായ ചെറുതേന്‍ നഷ്ടപ്പെടാതെ സംഭരിക്കാന്‍ സഹായിക്കും. നല്ല തെളിഞ്ഞ, പ്രസന്നമായ കാലാവസ്ഥയില്‍ വേണം കൂടുകളില്‍ നിന്നും തേന്‍ ശേഖരിക്കേണ്ടത്. ഇതിനായി ഒരു ലിറ്ററിന്റെ ഈര്‍പ്പമില്ലാത്ത കുപ്പി എടുത്ത് പാര്‍ശ്വങ്ങളില്‍ ഒരു ചെറിയ ആണികൊണ്ട ് സുഷിരങ്ങള്‍ ഇടുക. കുപ്പിയുടെ അടപ്പു തുറന്ന് തേന്‍ എടുക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്ന കൂടിന്റെ പ്രവേശന കവാടത്തോട് ചേര്‍ത്തു വയ്ക്കുക. പെട്ടിയുടെ പുറത്തായി ഒരു ചെറിയ തടിക്കഷണംകൊണ്ട് മെല്ലെ തട്ടുക. കൂടിനുള്ളിലെ വേലക്കാരി ഈച്ചകള്‍ പ്രവേശന കവാടം വഴി കുപ്പിക്കുള്ളില്‍ പ്രവേശിക്കും. കുപ്പി നിറയുന്ന മുറയ്ക്ക് അടപ്പുകൊണ്ട ് അടച്ച് സുരക്ഷിതമായി സൂക്ഷിച്ചശേഷം രണ്ടാമത്തെ കുപ്പി ഉപയോഗിച്ചും ഇതുപോലെ തുടരണം. മുഴുവന്‍ വേലക്കാരി ഈച്ചകളും കുപ്പിയില്‍ പ്രവേശിച്ചെന്ന് ഉറപ്പാക്കുക. കുപ്പിക്കുള്ളില്‍ പ്രവേശിച്ച വേലക്കാരി ഈച്ചകള്‍ തമ്മില്‍ കടികൂടാതെ സുരക്ഷിതരായിരിക്കും എന്നതാണ് പ്രത്യേകത.

ഇനി തേനീച്ചക്കൂടിനെ സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു സ്ഥലത്ത് കൊണ്ടുവരിക. ബലമുള്ള കത്തിയുടെയോ സ്‌ക്രൂഡ്രൈവറിന്റെയോ സഹായത്തോടെ സാവധാനം തുറക്കുക. രണ്ട ് തുല്യഭാഗങ്ങളായി മാറുന്ന പെട്ടിയില്‍ ധാരാളം തേന്‍ ഗോളങ്ങള്‍ ദൃശ്യമാവും. തേന്‍ എടുക്കല്‍ ആരംഭിക്കുന്നതിനു മുമ്പ് കൈയില്‍ ഗ്ലൗസും (കൈഉറ) മുഖത്ത് മാസ്‌ക്കും ധരിക്കുന്നത് അഭികാമ്യമാണ്.

വൃത്തിയുള്ള കത്തിയോ സ്പൂണോ ഉപയോഗിച്ച് പുഴുഅറകള്‍ക്ക് കേടുകൂടാതെ തേനറകള്‍ മാത്രം നീക്കി ശുദ്ധമായ ഒരു സ്റ്റീല്‍ പാത്രത്തിലേക്കു മാറ്റുക. കൂടിനുള്ളിലെ 75 ശതമാനം തേന്‍ മാത്രമേ എടുക്കാവൂ. വരാനിരിക്കുന്ന ക്ഷാമകാലത്ത് കൂട്ടിനുള്ളില്‍ ആവശ്യമായ ആഹാരശേഖരം ഉറപ്പുവരുത്താനും കൂട്‌ശോഷിച്ചുപോകാതെ സംരക്ഷിക്കാനും ഇതു സഹായിക്കും.

മുറിച്ചെടുത്ത തേന്‍ഗോളങ്ങള്‍ വച്ചിരിക്കുന്ന സ്റ്റീല്‍ പാത്രം ശുദ്ധമായ ഒരു സ്റ്റീല്‍ ചരുവത്തിനു മുകളില്‍ ഇഴയടുപ്പമുള്ള മസ്ലിന്‍ തുണി കെട്ടിയശേഷം അതിനു മുകളില്‍ ചരിച്ചു വയ്ക്കണം. ചരുവത്തില്‍ സൂര്യപ്രകാശം ലഭിക്കത്തക്കവിധം വയ്ക്കുമ്പോള്‍ മെഴുക് ഉരുകി ശുദ്ധമായ തേന്‍ പുറത്തു വന്ന് അരിപ്പയിലൂടെ ചരുവത്തില്‍ വീഴും.

തേനെടുത്തു കഴിയുമ്പോള്‍ കൂടുകള്‍ സുരക്ഷിതമായി അടച്ച് പഴയ സ്ഥലത്ത് സ്ഥാപിച്ചഉടനെ കുപ്പികളിലെ ചെറുതേനീച്ചകളെ കൂടിന്റെ പ്രവേശന കവാടത്തിനടുത്ത് തുറന്ന് കൊടുക്കുമ്പോള്‍ ഈച്ച മുഴുവന്‍ കൂട്ടിനുള്ളില്‍ കടക്കും.

ഇങ്ങനെ ശേഖരിച്ച തേനിനെ വായു കടക്കാത്ത ശുദ്ധമായ കുപ്പികളിലാക്കി വിപണനം നടത്താം. ഞൊടിയല്‍ തേന്‍ ചൂടാക്കി സംസ്‌കരിക്കുന്നതു പോലെ ചെറുതേന്‍ സംസ്‌കരിക്കേണ്ട ആവശ്യമില്ല. വര്‍ധിച്ച തോതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ തനതായി നിലനിര്‍ത്താനും ഇതു സഹായിക്കും.


വൈവിധ്യമാര്‍ന്ന സസ്യസമ്പത്തുള്ള കേരളത്തില്‍ തേനീച്ച വളര്‍ത്തലിന് അനന്ത സാധ്യതയാണുള്ളത്. പരാഗണത്തിലൂടെ വിളവര്‍ധനയും 'ഭക്ഷ്യഭദ്രതയും കൈവരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേനീച്ച. ഹൈമെനോപ്റ്റീറ ഗണത്തില്‍പ്പെടുന്ന മെലീപോണിലെ ഉപകുടുംബത്തിലെ ഷഡ്പദങ്ങളാണ് ടെട്രാഗോണുല്ല ഇറിഡിപെന്നീസ് എന്ന ശാസ്ത്ര നാമമുള്ള ചെറു തേനീച്ചകള്‍. പ്രകൃതിദത്തമായ ഇവയുടെ കൂടുകള്‍ മതിലുകളുടെ വിടവുകളിലും മരപ്പൊത്തുകളിലും കാണുന്നു. മറ്റു തേനീച്ചകളെപ്പോലെ സമൂഹജീവിതം നയിക്കുന്ന ചെറുതേനീച്ചക്കൂട്ടില്‍ ഒരു റാണിയീച്ച, കുറച്ച് ആണീച്ചകള്‍, ഏറെ വേലക്കാരി ഈച്ചകള്‍ എന്നിവരാണുള്ളത്.

ഞൊടിയല്‍ തേനീച്ചയ്‌ക്കെന്നപോലെ ചെറുതേനീച്ചയ്ക്കും വളര്‍ച്ചാക്കാലം ഒക്‌ടോബര്‍, ഡിസംബര്‍ മാസങ്ങളാണ്. ഏപ്രില്‍, മേയ് മാസങ്ങളാണ് തേന്‍കാലം. തുടര്‍ന്ന് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴക്കാലം ക്ഷാമ കാലവുമാണ്. ഞൊടിയല്‍ തേനീച്ചയുടെ തേന്‍കാലം അവസാനിക്കുന്ന ഈ ഘട്ടത്തില്‍ ചെറുതേനീച്ച കോളനികളും തേന്‍ നിറഞ്ഞ് സമ്പന്നമായിരിക്കുന്നതായി കാണാം. ഏപ്രില്‍- മേയ് മാസങ്ങളില്‍ത്തന്നെ ഈ തേന്‍ ശേഖരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചെറുതേനീച്ച കൂടുകളില്‍ പുഴു, പൂമ്പൊടി, തേന്‍ എന്നിവ വെവ്വേറെയുള്ള അറകളില്‍ സൂക്ഷിക്കുന്നതുകൊണ്ട ് ശുദ്ധമായ തേന്‍ ശേഖരിക്കാന്‍ എളുപ്പമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ചെറുതേനീച്ച വളര്‍ത്തലിന് അനുയോജ്യമായ തേനീച്ചപ്പെട്ടിയും കാര്‍ഷിക സര്‍വകലാശാല രൂപകല്പന ചെയ്തിട്ടുണ്ട്. 35 സെന്റീമീറ്റര്‍ നീളവും ഏഴു സെന്റീ മീറ്റര്‍ വീതിയും നാലു സെന്റീ മീറ്റര്‍ പൊക്കവുമുള്ള, തേക്കിന്‍ തടിയില്‍ നിര്‍മിച്ച ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് ഒരു ചെറുതേനീച്ചക്കൂട്. ഉള്ളിലുള്ള തേനിന്റെ അളവ് മനസിലാക്കിവേണം തേന്‍ എടുക്കാനുള്ള കൂട് തെരഞ്ഞെടുക്കേണ്ടതും പെട്ടി തുറക്കേണ്ടതും. തീ രെ ഭാരം കുറഞ്ഞ കൂടുകള്‍ ഒഴിവാക്കുക.

ന്യൂസിലന്‍ഡിലെ മനൂക്കാ (ലപ്‌ടോസ്‌പേര്‍മം സ്‌കോപേറിയം) എന്ന സസ്യത്തില്‍ നിന്നും ലഭിക്കുന്ന മനൂക്കാ ഹണിയാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ഔഷധ സമ്പുഷ്ടമായ തേന്‍. നമുക്കു ചുറ്റുമുള്ള തുളസിപോലുള്ള ഔഷധസസ്യങ്ങളില്‍ നിന്നും ചെറുതേനീച്ച ശേഖരിക്കുന്ന തേനും ശുദ്ധമായി ശേഖരിച്ച് ഒരു ഔഷധമായി വര്‍ധിച്ച വിലയ്ക്ക് വിപണനം നടത്താനും ഏറെ സാധ്യതയാണുള്ളത്. ഓരോ വീട്ടിലും ഒരു ചെറുതേനീച്ചക്കൂ ടെങ്കിലും സ്ഥാപിക്കാന്‍ നമു ക്കൊരുങ്ങാം.

ഡോ. സ്റ്റീഫന്‍ ദേവനേശന്‍
ഡോ. കെ. എസ്. പ്രമീള

മുന്‍ ഡീന്‍ & മേധാവി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം
കേരള കാര്‍ഷികസര്‍വകലാശാല
email: devanesanstephen@gmail.com
ഫോണ്‍: 9400185001, 8547190984