ലൈംഗിക തെറ്റിധാരണകള്‍ തിരുത്താം
ഇന്നത്തെ ജീവിതത്തിരക്കിനിടയില്‍ ദമ്പതികളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ലൈംഗികജീവിതത്തിലെ താളപ്പിഴകള്‍. ലൈംഗികബന്ധത്തിലെ സ്വരക്കേടുകള്‍ പലപ്പോഴും വിവാഹേതര ബന്ധങ്ങളിലേക്കും വിവാഹമോചനത്തിലേക്കും എത്തിക്കാറുണ്ട്. അല്‍പമൊന്നു മനസുവച്ചാല്‍ ദാമ്പത്യജീവിതം മധുരമുള്ളതാക്കാം.

നീതുവിന് സംഭവിച്ചത്

25കാരിയായ അധ്യാപികയാണ് നീതു. രണ്ടുവര്‍ഷംമുമ്പാണ് സോഫ്റ്റ്‌വെര്‍ എന്‍ജിനിയറായ അരുണുമായി അവളുടെ വിവാഹം നടന്നത്. ഇരുവരും നല്ല സാമ്പത്തികശേഷിയുള്ള ഉദ്യോഗസ്ഥ ദമ്പതികളുടെ മക്കള്‍. എന്നാല്‍ ഏറെ വൈകാതെ അവരുടെ ജീവിതത്തില്‍ താളപ്പിഴകള്‍ തുടങ്ങി. എന്നും സന്തോഷത്തോടെ എല്ലാവരുമായി ഇടപെട്ടുകൊണ്ടിരുന്ന മകളുടെ സ്വഭാവത്തിലെ വ്യത്യാസം അധ്യാപകരായ മാതാപിതാക്കളെ അലട്ടി. പക്ഷേ ആദ്യമൊന്നും മകള്‍ സത്യാവസ്ഥ ആരെയും അറിയിച്ചില്ല.

വര്‍ഷം രണ്ടുകഴിഞ്ഞിട്ടും പേരക്കുട്ടി ഉണ്ടാകാത്തതിന്റെ വിഷമം ആ മാതാപിതാക്കള്‍ മകളോടു തുറന്നു പറഞ്ഞപ്പോഴാണ് അവള്‍ ആ സത്യം അവരോടു പറഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നീതുവും അരുണും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് അഞ്ചു തവണ മാത്രം. നീലച്ചിത്രങ്ങള്‍ക്ക് അടിമയായ അരുണ്‍ കംപ്യൂട്ടറില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ കണ്ടാണ് രാത്രി കഴിച്ചു കൂട്ടുന്നത്. നീതുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അരുണ്‍ പലപ്പോഴും അവളില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്.

വിവാഹമോചനത്തിനായി ശ്രമിക്കുന്ന നീതുവുമായി എന്റെ അടുത്തു വന്നത് നീതുവിന്റെ മാതാപിതാക്കളായിരുന്നു.

പോണ്‍ വീഡിയോകളിലൂടെ ജീവിതം ആസ്വദിക്കുന്ന പുതുതലമുറയുടെ ജീവിതചിത്രമാണ് ഈ കേസിലൂടെ നുടെ മുന്നിലെത്തുന്നത്.

ലൈംഗികത വെറും ചടങ്ങായിമാറി

ലൈംഗികതയെക്കുറിച്ച് അശാസ്ത്രീയവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങള്‍ സുഹൃത്തുക്കളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും അറിഞ്ഞ കാര്യങ്ങളുമായാണ് പലരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട് ഇതൊക്കെ ലൈംഗിക തെറ്റിധാരണകള്‍ക്കും ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും തിലുള്ള തീവ്രമായ പ്രണയത്തിന്റെ പവിത്രമായ ഒത്തുചേരലാണ് ലൈംഗികത. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ ദമ്പതികള്‍ക്കിടയിലെ ലൈംഗികത പോലും വെറും ചടങ്ങ് മാത്രമായി മാറി. ഇത് പലപ്പോഴും മാനസിക സംഘര്‍ഷത്തിനും വിവാഹമോചനം പോലുള്ള അവസ്ഥയിലേക്കുമാണ് നയിക്കുന്നത്.

കടന്നു പോകുന്നത് അഞ്ച് അവസ്ഥകളിലൂടെ

ആസ്വാദ്യകരമായ ലൈംഗികബന്ധം പ്രാപ്തമാകണമെങ്കില്‍ സ്ത്രീയും പുരുഷനും അഞ്ച് അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ആഗ്രഹം, ഉത്തേജനം, ലൈംഗികബന്ധം, രതിമൂര്‍ച്ഛ, പൂര്‍വസ്ഥിതി എന്നിവയാണവ....... പരസ്പരം തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിലൂടെയാണ് ലൈംഗികജീവിതം ആസ്വാദ്യകരമാകുന്നത്.

ലൈംഗിക ആഗ്രഹം ഉണ്ടായാല്‍ മാത്രമേ സംതൃപ്തമായ ലൈംഗികബന്ധം സാധിക്കുകയുള്ളൂ. ലൈംഗിക ചിന്തകളെ ഉണര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്. സ്ത്രീയും പുരുഷനും ഒരു പോലെതന്നെ ലൈംഗിക ചിന്തകളെ ഉണര്‍ത്തേണ്ടതുണ്ട്. ലൈംഗിക ചിന്ത ഉണ്ടാകുമ്പോള്‍ തലച്ചോറില്‍ നിന്നുള്ള ഹോര്‍മോണുകള്‍ ന്യൂറോ സെന്‍സിനെ ഉത്തേജിപ്പിക്കും. തുടര്‍ന്ന് ലൈംഗിക ഉത്തേജനമാണ് ഉണ്ടാകുക. പങ്കാളികളില്‍ ഇരുവര്‍ക്കും ഒരേ അവസ്ഥത്തന്നെ ഉണ്ടാകണം. ഒരാളില്‍ ലൈംഗിക ചിന്ത കുറവാണെങ്കില്‍ ശരിയായ രീതിയില്‍ ആസ്വദിക്കാനാവില്ല. നേരിട്ട് ഇടപെടുന്നതിനുമുമ്പ് ഫോര്‍പ്ലേ ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും.

ബന്ധത്തിലേര്‍പ്പെടുന്ന ഘട്ടങ്ങളില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ അല്ലെങ്കില്‍ മുന്‍കാല ഓര്‍മകള്‍ വേട്ടയാടുകയോ ചെയ്താല്‍ ലൈംഗികജീവിതത്തിന് തടസമുണ്ടാകും. അമിതമായ ഉത്കണ്ഠയും പ്രശ്‌നമാകാറുണ്ട്.

സ്ത്രീ ആഗ്രഹിക്കുന്നത് സ്‌നേഹവും കരുതലും

പുരുഷന് കാഴ്ചയിലൂടെയാണ് ഉത്തേജനം ലഭിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ സ്പര്‍ശനത്തിലൂടെയും സംസാരത്തിലൂടെയുമാണ് ഉത്തേജിതയാകുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ അവര്‍ക്കു വേണ്ടത് സ്‌നേഹവും പരിലാളനയുമാണ്.

സ്ത്രീ സാവധാനത്തിലേ ഉത്തേജിതയാകൂ. പുരുഷന്‍ വേഗത്തിലും. ഇത് പലപ്പോഴും ദമ്പതികള്‍ക്കിടയില്‍ പരാതിക്ക് ഇടയാക്കാറുണ്ട്. ലൈംഗികബന്ധത്തിനുശേഷം സ്ത്രീ പുരുഷനില്‍ നിന്ന് സ്‌നേഹവും സംസാരവുമൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. പുരുഷനാകട്ടെ ബന്ധപ്പെടലിനുശേഷം പെെട്ടന്ന് ഉറക്കത്തിലേക്ക് വീഴുമെന്ന് പരാതിപ്പെടുന്ന സ്ത്രീകളുമുണ്ട്. പുരുഷന് ലൈംഗികത സ്ലീപിംഗ് പില്‍ പോലെയാണ്. പെട്ടെന്ന് ഉറങ്ങാതെ പങ്കാളിയോട് എന്തെങ്കിലും സംസാരിക്കുന്ന പുരുഷനെയാണ് സ്ത്രീ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ പങ്കാളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ തുറന്നു സംസാരിച്ചു ലൈംഗികതയിലേക്ക് കടന്നാല്‍ കിടപ്പറയിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവും.
ശാരീരിക കാരണങ്ങള്‍

എനിക്ക് ലൈംഗിക പ്രശ്‌നമുണ്ടോ?ശരിയായ രീതിയില്‍ ഉത്തേജനം സാധ്യമാകുന്നുണ്ടോ എന്നുള്ള സംശയങ്ങളുമായ ഡോക്ടറെ സമീപിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സ വേണ്ടിടത്ത് ചികിത്സിക്കുകതന്നെ ചെയ്യണം.

ഹോര്‍മോണ്‍ തകരാറുകള്‍

പല ശാരീരിക കാരണങ്ങളും ശരിയായ രീതിയില്‍ ലൈംഗികത ആസ്വദിക്കുന്നതിന് വില്ലനാകാറുണ്ട്. അതിലൊന്ന് ഹോര്‍മോണ്‍ തകരാറാണ്. ഭക്ഷണ ജീവിത സാഹചര്യങ്ങളിലെ വ്യതിയാനവും ശാരീരിക സവിശേഷതകള്‍, ചില രോഗങ്ങള്‍ എന്നിവ മൂലം ഹോര്‍മോണ്‍ തകരാറുകള്‍ സംഭവിക്കുന്നുണ്ട്. ഹൈപ്പോതലാമസില്‍ ഉത്പാദിപ്പിക്കുന്ന ഗൊണാഡോ ട്രോപിന്‍ റിലീസിങ്ങ് ഹോര്‍മോണ്‍ ആണ് പിറ്റിയൂറിയെ പ്രചോദിപ്പിച്ച് പ്രധാന ലൈംഗിക ഹോര്‍മോണുകളായ എല്‍എച്ച് , എഫ്എസ്എച്ച് എന്നിവയുടെ ഉത്പാദനം ത്വരിതപ്പെടുത്തുന്നത്. എല്‍എച്ച് അഥവാ ല്യൂട്ടിനെസിങ്ങ് ഹോര്‍മോണ്‍ വൃഷണത്തിലെ ലെയ്ഡിഗ് കോശങ്ങളെ പ്രചോദിപ്പിച്ച് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദനം സുഗമമാക്കുന്നു. ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ ആണ് വൃഷണങ്ങളില്‍ ബീജോത്പാദനം ത്വരിതപ്പെടുത്തുന്നത്. ലൈംഗിക താല്‍പര്യവും ലൈംഗികശേഷിയും ഉണ്ടാകണമെങ്കില്‍ ടെസ്റ്റോസ്റ്റീറോണ്‍ കൂടിയേ തീരു.

സ്ത്രീകളില്‍ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകളുടെ ഉത്പദാനം കുറയുകയോ കൂടുകയോ ചെയ്യുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

തൈറോയ്ഡ് ഹോര്‍മോണിലെ വ്യത്യാസവും ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു.

സ്ത്രീകളിലെ താല്‍പര്യക്കുറവിനു പിന്നില്‍

സ്ത്രീകള്‍ക്കു ലൈംഗിക താല്‍പര്യം കുറവാണെന്ന് പലപ്പോഴും പരാതിപറയുന്നവരുണ്ട്. ഇതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. മാനസിക ശാരീരിക പ്രശ്‌നങ്ങള്‍, കുടുംബഭാരം, കുട്ടികളുടെ കാര്യങ്ങള്‍, ആര്‍ത്തവം, ലൈംഗികതയെക്കുറിച്ചുള്ള തെറ്റിധാരണകള്‍, പൂര്‍വകാല ലൈംഗിക ആഘാതങ്ങള്‍, വിഷാദം ഇവയെല്ലാം കാരണങ്ങളാകാറുണ്ട്.

പോര്‍ണോഗ്രഫിയില്‍ വീഴല്ലേ

പങ്കാളിയുമായി ലൈംഗികബന്ധം സാധ്യമാകാത്തവര്‍ അശ്ലീല വീഡിയോകള്‍ കാണുന്നുവെന്ന് പറയപ്പെടുന്നു. ലൈംഗികതയിലെ ഫാന്റസിയും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാത്തവരാണ് പോണ്‍ വീഡിയോകള്‍ക്ക് പിന്നാലെ പോകുന്നത്. ലൈംഗികത എന്നത് ആസ്വാദനത്തിനപ്പുറം ഒരു പ്രകൃതി ധര്‍മ്മം നിറവേറ്റാനുള്ള കര്‍മ്മം കൂടിയാണെന്ന് പങ്കാളികള്‍ ഇരുവരും മനസിലാക്കണം. വീഡിയോകളില്‍ പ്രഫഷനലായ അഭിനേതാക്കള്‍ നടത്തുന്ന ലൈംഗിക പരാക്രമങ്ങള്‍ക്ക് യഥാര്‍ഥ ജീവിതവുമായി ബന്ധമില്ലെന്ന തിരിച്ചറിവ് ഉണ്ടാകണം.

പോണ്‍ വീഡിയോകള്‍ സ്ഥിരമായി കാണുന്ന ആളുടെ ശരീരത്തില്‍ ന്യൂറോ കെമിക്കലുകള്‍ ഉത്പാദിപ്പിക്കപ്പെടും. ഈ ന്യൂറോ കെമിക്കലുകളാണ് വീഡിയോ കാണുമ്പോള്‍ അയാളില്‍ സുഖകരമായ അനുഭൂതികള്‍ ഉണ്ടാക്കുന്നത്. ഇങ്ങനെ അശ്ലീല ചിത്രങ്ങള്‍ കാണുന്നവരില്‍ അതിനോട് ആസക്തി കൂടും. പിന്നെ അതില്‍ നിന്ന് പുറത്തുവരുക പ്രയാസമാണ്.

സൈബര്‍ ലൈംഗികതയ്ക്ക് അടിമപ്പൊല്‍ നഷ്ടം സംഭവിക്കുന്നത് ദാമ്പത്യ ജീവിതത്തിനായിരിക്കും. പങ്കാളിയുമായി നേരിട്ടുള്ള ബന്ധത്തെക്കാള്‍ ആസ്വാദ്യകരമാണ് ഇവയെന്ന തോന്നാല്‍ ലൈംഗിക ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. പങ്കാളിയോടുള്ള സ്‌നേഹക്കുറവും ലൈംഗിക താല്‍പര്യക്കുറവും അറപ്പും വെറുപ്പുമൊക്കെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാകാന്‍ ഇടയാക്കും. സൈബര്‍ സെക്‌സിന് അടിമയാണെന്ന് ബോധ്യപ്പെട്ടാലുടന്‍ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുകയാണ് വേണ്ടത്.

ഡോ.സാം പി. എബ്രഹാം
എബ്രഹാംസ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ചങ്ങനാശേരി

തയാറാക്കിയത്: സീമ മോഹന്‍ലാല്‍