കറുമുറെ തിന്നാം "പ്ലിംഗ്’ രുചികൾ
"പ്ലിംഗ്’ ഈ വാക്ക് കേൾക്കാത്തവർ ചുരുക്കമായിരിക്കും. അതുകൊണ്ടു തന്നെ കടയിൽ ചെന്ന് ചേട്ട ഒരു ബനാന പ്ലിംഗ് എന്നു പറയുന്പോഴേ അതെന്തൂട്ട് സാധനം എന്ന ചോദ്യം പലരുടെയും മുഖത്ത് വിരിയും! കറുമുറെ തിന്നാനുള്ള ഏത്തയ്ക്കയുടെയും കപ്പയുടെയും വിവിധ രുചികളിലുള്ള ചിപ്സുകളാണ് പ്ലിംഗ് എന്ന ബ്രാൻഡിൽ എത്തുന്നത്.

പരസ്യ കന്പനിയിൽ നിന്നും ചിപ്സ് നിർമാതാവിലേക്ക്

സ്റ്റാർട്ടപ് സംരംഭങ്ങൾ എന്നു പറയുന്പോഴെ അത് ടെക്നോളജി മേഖലയിലുള്ള എന്തെങ്കിലും സംരംഭമായിരിക്കുമെന്നാണ് പലരുടെയും ചിന്ത. ആ ചിന്താഗതിയിൽ നിന്നും മാറി സഞ്ചരിച്ച് എഫ്എംസിജി മേഖലയിലാണ് കൊച്ചി സ്വദേശി ആൻഡ്രിൻ മെൻഡിസ് തന്‍റെ സംരംഭത്തിന് തുടക്കം കുറിച്ചത്. ആൻഡ്രിൻ നേതൃത്വം നൽകുന്ന പ്ലിംഗ് ഫുഡ്സ് ആൻഡ് ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനി ഫണ്ടിംഗ് നേടുന്ന കേരളത്തിലെ ആദ്യത്തെ എഫ്എംസിജി സ്റ്റാർട്ടപ്പാണ്.

ആൻഡ്രിൻ 2016 ലാണ് കൊച്ചിയിൽ പ്ലിംഗ് ഫുഡ്സിന് തുടക്കം കുറിക്കുന്നത്. സാൾട്ട് മാംഗോ ട്രീ എന്ന പേരിൽ ഒരു പരസ്യ കന്പനി നടത്തുകയായിരുന്നു ഇദ്ദേഹം. ആ കന്പനിയെ ഫ്രാൻസിൽ നിന്നുള്ള ഒരു കന്പനി ഏറ്റെടുത്തു. തുടർന്നാണ് സംരംഭ മേഖലയിലേക്ക് എത്തിച്ചേരുന്നത്.
ടെക്നോളജി മേഖലയിൽ കൈവയ്ക്കാതെ എന്തുകൊണ്ട് ഇത്തരമൊരു മേഖലയിലേക്ക് വന്നു എന്നു ചോദിച്ചാൽ കന്പനിയുടെ സ്ഥാപകനും സിഇഒയുമായ ആൻഡ്രിൻ പറയുന്ന ഉത്തരമിതാണ്. "ഭക്ഷണത്തിന് എപ്പോഴും ഡിമാൻഡുണ്ട്. ടെക്നോളജി അതുപോലെയല്ല. ധാരാളം ടെക്നോളജി സ്റ്റാർട്ടപ്പുകൾ നിലവിൽ വന്നു കഴിഞ്ഞു. എഫ്എംസിജി മേഖലയിൽ എന്നാൽ അത്രയധികം സ്റ്റാർട്ടപ്പുകളു ണ്ടായിട്ടില്ല. പിന്നെ ഭക്ഷ്യോത്പന്നങ്ങൾക്ക് എന്നും നല്ല ഡിമാൻഡുണ്ട്. അടിസ്ഥാനപരമായി തന്നെ മികച്ച രീതിയിൽ ചെയ്തു തുടങ്ങിയാൽ മാർക്കറ്റിൽ നിലനിന്നു പോകാം. എഫ്എംസിജി സ്റ്റാർട്ടപ്പുകൾ ബ്രാൻഡിംഗിലും മാർക്കറ്റിംഗിലുമാണ് ഏറെ ശ്രദ്ധിക്കേണ്ടത്.’’

ഒന്നര വർഷം എന്തു ചെയ്യരുത് എന്നുള്ള പഠനം

ഏത്തയ്ക്ക, കപ്പ എന്നിവകൊണ്ടുള്ള ചിപ്സുകളാണ് കന്പനി പുറത്തിറക്കി യിരിക്കുന്നത്.
നിലവിൽ കന്പനി നിർമാണ മേഖലയിലേക്ക് കടന്നിട്ടില്ല. അത്തരമൊരു മേഖലയിലേക്കു കടക്കണമെങ്കിൽ കൂടുതൽ നിക്ഷേപം ആശ്യമായി വരുമെന്നാണ് ആൻഡ്രിൻ പറയുന്നത്. ഉത്പന്നത്തിന്‍റെ ഡിമാൻഡും വിപണിയും വളർത്തുകയാണ് ലക്ഷ്യം.

നിലവിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളുരൂ, ഹൈദരബാദ്, ചെന്നൈ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്ലിംഗ് ഫുഡ്സ് ലഭ്യമാണ്. ഒന്നും രണ്ടും നിര നഗരങ്ങളിലെ വിപണിയാണ് ഇവർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സംരംഭം ആരംഭിച്ച് ഒന്നര കൊല്ലം എങ്ങനെ ഒരു എഫ്എംസിജി സംരംഭത്തെ മുന്നോട്ടു കൊണ്ടുപോകരുത് എന്നതിനെക്കുറിച്ചുള്ള പഠനമായിരുന്നുവെന്ന് ആൻഡ്രിൻ പറയുന്നു. കാരണം നിലവിൽ ധാരാളം കന്പനികളുണ്ട്. പ്രത്യേകിച്ച് സ്നാക്സ് വിപണിയിൽ മത്സരിക്കേണ്ടത് ബഹുരാഷ്ട്ര കന്പനികളോടാണ്. അതുകൊണ്ടു തന്നെ നിലനിന്നുപോകാൻ കൃത്യമായൊരു പഠനം ആവശ്യമായിട്ടുണ്ട്.

കന്പനിയുടെ രജിസ്ട്രേഡ് ഓഫീസ് ഇടപ്പള്ളിയിലാണ്. പത്തനംതിട്ടജില്ലയിൽ അടൂർ കിൻഫ്ര പാർക്കിലാണ് മാനുഫാക്ച്ചറിംഗ് ആൻഡ് പാക്കിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഓരോ ചിപ്സിനുമുള്ള ഫ്ളേവർ ഇവർ തന്നെയാണ് വികസിപ്പിച്ചെടുത്തത്. സ്വന്തമായി റെസിപ്പികൾ തയ്യാറാക്കി മാനുഫാക്ച്ചറിംഗ് യൂണിറ്റിനു നൽകും.


പാനി പൂരി ബനാന ക്രസ്പ്സ്, പേരി പേരി ബനാന ക്രിസ്പ്സ്, റെഡ് ഒനിയൻ ആൻഡ് ചീസ്, സോർ, ക്രീം ആൻഡ് ഒനിയൻ എന്നിവയാണ് ഏത്തക്ക ചിപ്സിന്‍റെ രുചി ഭേദങ്ങൾ. കസാവ ക്രിസ്പ് മസാല മഞ്ച്, സോർ ക്രീം ആൻഡ് ഒനിയൻ, ബഫലോ എന്നിവയാണ് കപ്പ ചിപ്സിന്‍റെ രുചികൾ.

"ആദ്യകാലങ്ങളിൽ 50 രൂപയുടെ 90 ഗ്രാമിന്‍റെ പാക്കറ്റുകളായിരുന്നു വിപണിയിലിറക്കിയിരുന്നത്. പക്ഷേ, ആളുകൾ ആവശ്യപ്പെടുന്നത് അഞ്ചു രൂപയുടെയും 10 രൂപയുടെയും പാക്കുകളാണ്. അതുകൊണ്ട് ഇപ്പോൾ 10 രൂപയുടെ 30 ഗ്രാം പാക്കുകളാണ് ഇറക്കുന്നത്.’’ ആൻഡ്രിൻ പറഞ്ഞു.
കപ്പയും ഏത്തയ്ക്കയുമാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. കർഷകരിൽ നിന്നും നേരിട്ടാണ് ഇവ വാങ്ങുന്നത.് കർഷകരമായി ടൈഅപ്പുണ്ട്. കപ്പ അടൂരു നിന്നും കിട്ടുന്നുണ്ട്. ഏത്തയ്ക്ക ഉത്തര മലബാറിൽ നിന്നും ചിലപ്പോൾ തമിഴ്നാട്ടിൽ നിന്നുമെല്ലാം വാങ്ങിക്കേണ്ടതായി വരാറുണ്ട്.

ഫണ്ടിംഗ്

ബൂട്സ്ട്രാപ് കന്പനിയായിട്ടായിരുന്നു പ്ലിംഗിന്‍റെയും തുടക്കം. പ്രമോട്ടർമാർ 40- 50 ലക്ഷം രൂപയുടെ നിക്ഷേപം നടത്തി. ടെക്നോളജി കന്പനികളെയാണ് പലപ്പോഴും നിക്ഷേപം പോലും തേടിയെത്താറ്. എന്നാൽ ടൈംസ് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് കാപിറ്റൽ ട്രീറ്റീസ്, ഏഞ്ചൽ ഇൻവെസ്റ്ററായ രവീന്ദ്രനാഥ് കമ്മത്ത്, കെഎസ്ഐഡിസി എന്നിവടങ്ങളിൽ നിന്നായി 1.5 കോടി രൂപയുടെ നിക്ഷേപം പ്ലിംഗ് ഫുഡ്സിന് ലഭിച്ചിട്ടുണ്ട്. പണം എപ്പോഴും എത്തിക്കൊണ്ടിരിക്കേണ്ട സംരംഭമാണിത്: ആൻഡ്രിൻ പറയുന്നു.

വിപണിയിൽ പ്രധാനമായും ലഭിക്കുന്നത് എക്സ്ട്രൂഡഡ് ഉത്പന്നങ്ങളും ഉരുളക്കിഴങ്ങുകൊണ്ടുള്ള ഉത്പന്നങ്ങളുമാണ്. ഉപഭേക്താക്കൾക്ക് ഉരുളക്കിഴങ്ങുകൊണ്ടല്ലാത്ത ഒരു ഉത്പന്നം തെരഞ്ഞെടുക്കാനുള്ള അവസരമാണ് പ്ലിംഗ് ലഭ്യമാക്കുന്നത്. മാർക്കറ്റിൽ അഞ്ച്, 10 രൂപയ്ക്ക് ലഭിക്കുന്ന സ്നാക്സ് പാക്കറ്റുകൾ നിറഞ്ഞിരിക്കണം എന്നതാണ് ഉപഭോക്താവിന്‍റെ ആവശ്യം. അതുകൊണ്ടു തന്നെ പലതും എക്സ്ട്രൂഡഡ് സ്നാക്സുകളായിരിക്കും. പ്ലിംഗ് ഫുഡ് നാച്ചുറൽ വെറൈറ്റികളാണ് വിപണിയിലെത്തിക്കുന്നത്. നിലവിൽ മാർക്കറ്റിലുള്ള ഓരോ വ്യത്യസ്ത രുചികൾക്കും പകരം ഉത്പന്നങ്ങൾ എത്തിക്കാൻ കഴിയുന്നുണ്ട്.
ചാനൽ മാർക്കറ്റിംഗിനൊപ്പം തന്നെ ആമസോണ്‍ വഴിയും വിൽപ്പനയുണ്ട്.

ബ്രാൻഡിംഗിലാണ് ശ്രദ്ധ

"ഒരു നാഷണൽ ബ്രാൻഡായി മാറുകയാണ് പ്രധാന ലക്ഷ്യം. ഇന്ത്യയിലെ ഒന്നും രണ്ടും നിര നഗരങ്ങളിലേക്കെല്ലാം എത്തിക്കണം. സ്നാക്സ് മാർക്കറ്റ് എടുത്താൽ അതിലെ ഒരു 10 ശതമാനമെങ്കിലുമായിത്തീരുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഇന്ത്യയാണ് ആദ്യത്തെ ഫോക്കസ്. അറിയപ്പെടുന്ന കന്പനി, അറിയപ്പെടുന്ന ബ്രാൻഡ് എന്ന നിലയിലേക്ക് ആദ്യം വളരണം.’’ ആൻഡ്രിൻ പറയുന്നു.

ദുബായിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി സാധ്യതകളുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും മറ്റും ഇന്ത്യൻ രുചിയല്ല വേണ്ടത്. അവർക്ക് അവരുടേതായ രുചികളുണ്ട്. അത്തരം രുചികൾ കൂടി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

"തുടക്കത്തിൽ മാളുകളിലും മറ്റും വിറ്റിരുന്നു. അത് പതിയ കുറച്ചിരിക്കുകയാണ്. ചെറിയ റീട്ടെയിൽ കടകൾ വഴിയാണ് ഇപ്പോൾ കൂടുതലും വിൽക്കുന്നത്. ഇന്ത്യയിൽ ഏകദേശം 5000 റീട്ടെയിൽ കടകളിലൂടെ പ്ലിംഗ് രുചികൾ വിൽപന നടത്തുന്നു. കേരളത്തിൽ ഓരോ ജില്ലിയലും 500 ലധികം റീട്ടെയിൽ കടകളിൽ കൊടുക്കുന്നുണ്ട്. ബ്രാൻഡിംഗിൽ ശ്രദ്ധ നൽകുന്നതോടൊപ്പം പുതിയ ഫണ്ടിംഗ് സാധ്യതകളും പരിശോധിക്കുന്നുണ്ട്.’’ ആൻഡ്രിൻ പറഞ്ഞു.