ആര്‍ത്തവകാലത്തെ മൈഗ്രേന്‍
ആര്‍ത്തവത്തിനു മുമ്പും ആര്‍ത്തവസമയത്തും ശേഷവും മൈഗ്രേന്‍ ഉണ്ടാകാറുണ്ട്. 6070 ശതമാനംവരെ സ്ത്രീകള്‍ക്ക് മെന്‍സ്ട്രുവല്‍ മൈഗ്രേന്‍ ഉണ്ടാകുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഒരു ഹെഡേയ്ക് ക്ലിനിക്കില്‍ വരുന്ന 2660 ശതമാനം സ്ത്രീകള്‍ക്കും ഇത്തരം തലവേദനയുള്ളതായി കാണാറുണ്ട്.

തലവേദനയോടൊപ്പം വിഷാദം, ഉത്കണ്ഠ, തളര്‍ച്ച, നടുവേദന, ഓക്കാനം ഈ ലക്ഷണങ്ങളും കണ്ടുവരുന്നു. ആര്‍ത്തവസമയത്ത് സ്‌ത്രൈണഹോര്‍മോണുകളായ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് ഇതിനു പിന്നില്‍. വര്‍ധിച്ച പ്രോസ്റ്റഗ്ലാന്‍ഡിന്‍ ഉത്പാദനവും മൈഗ്രേന്‍ ഉണ്ടാകുന്നതിനു കാരണമാകുന്നു.

പ്രായംചെന്നവരില്‍ മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത പൊതുവേ കുറവാണെങ്കിലും ആര്‍ത്തവം നിലച്ചവരില്‍ അപൂര്‍വമായി മൈഗ്രേന്‍ ഉണ്ടാകാറുണ്ട്. ഋതുവിരാമശേഷം ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സയ്ക്കായി ഈസ്ട്രജന്‍ കൊടുക്കുന്നവരില്‍ മൈഗ്രേന്‍ കൂടുതലായി കണ്ടുവരുന്നു.

ചികിത്സ

മൈഗ്രേന്‍ ചികിത്സയുടെ കാര്യം പറയുമ്പോള്‍ ഔഷധങ്ങളെക്കാളുപരി ജീവിതശൈലിയില്‍ വരുത്തേണ്ട കാതലായ ക്രമീകരണങ്ങള്‍ക്കാണ് പ്രാധാന്യം. മൈഗ്രേന്‍ ഉണ്ടാക്കുന്ന കൃത്യമായ ഉദ്ദീപനഘടകങ്ങള്‍ അഥവാ ട്രിഗറുകള്‍ പ്രസക്തമാണ്. അവയുടെ സാന്നിധ്യമാണ് മിക്കപ്പോഴും മൈഗ്രേന്‍ ഉണ്ടാകുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെ പരിചയത്തിലൂടെ കണ്ടുപിടിക്കണം.

നിര്‍ജലീകരണം ഒഴിവാക്കാം

ദിവസേന 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിന്റെ നിര്‍ജലീകരണം വലിയൊരു ട്രിഗര്‍തന്നെ. കൃത്യസമയത്ത് ആഹാരം കഴിക്കണം. പ്രത്യേകിച്ച് പ്രമേഹരോഗികള്‍ നുഭക്ഷണസമയങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയും ഇന്‍സുലിന്‍ എടുക്കുകയും ചെയ്താല്‍ രക്തത്തിലെ ഷുഗര്‍ കുറഞ്ഞ് തലവേദനയുണ്ടാകും. ഫൈബര്‍ ഡയറ്റ് ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ മലശോധന സാധാരണഗതിയിലാവുകയും മലബന്ധം മൂലമുള്ള മൈഗ്രേന്‍ ഒഴിവാക്കുകയും ചെയ്യാം. ജീവകങ്ങളും ലവണങ്ങളും സമൃദ്ധമായുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും സ്ഥിരമായി നുഭക്ഷണശൈലിയിലുള്‍പ്പെടുത്തുന്നതോടെ മൈഗ്രേനെ നല്ലൊരുപരിധിവരെ പിടിയിലൊതുക്കാം.

ട്രിഗറുകളെ ഒഴിവാക്കാം

അമിതപ്രകാശം, തുടര്‍ച്ചയായ ടിവി കാഴ്ച, ദീര്‍ഘനേരം വെയിലത്തു നില്‍ക്കുക, കൂടുതല്‍ ഉറങ്ങുകയും ഉറങ്ങാതിരിക്കുകയും ചെയ്യുക, സ്‌ട്രെസ്, അമിതമായ കായികാധ്വാ നം, കടുത്ത നിറങ്ങള്‍, പെര്‍ഫ്യൂമുകള്‍, ലൈംഗികവേഴ്ച, ദീര്‍ഘദൂരയാത്രകള്‍, ചിലതരം മരുന്നുകള്‍ (പ്രത്യേകിച്ച് ഹൃദ്രോഗത്തിനുപയോഗിക്കുന്ന നൈട്രേറ്റ്) ഈ ഘടകങ്ങളൊ ക്കെ മൈഗ്രേനുണ്ടാക്കുന്ന ശക്തമായ ട്രിഗറുകളാണ്. ട്രിഗറുകളെ കണ്ടുപിടിക്കുകയും ഒഴിവാക്കുകയുമാണ് ആദ്യപടി.


ഭക്ഷണജീവിതക്രമത്തില്‍ കാതലായ പരിവര്‍ത്തനം വരുത്തണം. ഒപ്പം ഡോക്ടറുടെ നിര്‍ദേശങ്ങളും കൈക്കൊള്ളണം. എല്ലാ മൈഗ്രേനുകളും ഭക്ഷണജീവിത ക്രമീകരണത്തിനു കീഴ്‌പ്പെെന്നുവരില്ല. അപ്പോള്‍ ഔഷധങ്ങളെ അഭയം പ്രാപിക്കണം.

ട്രിഗറുകള്‍ ശ്രദ്ധിക്കാം

ചോക്ലേറ്റ്, കഫീന്‍, ചുവന്ന വൈന്‍, ബിയര്‍, ചീസ്, ചൈനീസ് ഭക്ഷണത്തിലെ അജിനോമോാേ, കപ്പലണ്ടി ഇവയെല്ലാം മൈഗ്രേന്‍ ഉണ്ടാക്കുന്ന സുപ്രധാന ട്രിഗറുകളാണ്. തൈറമീന്‍, ഫിനൈല്‍, ഈതൈല്‍ അമീന്‍ എന്നിവ സുലഭമായുള്ളതുകൊണ്ടാണ് ചോക്ലേറ്റ് കഴിക്കുമ്പോള്‍ മൈഗ്രേന്‍ ഉണ്ടാകുന്നത്. മദ്യത്തിലെ ഹിസ്റ്റമിന്‍ എന്ന രാസവസ്തു തലയിലെ രക്തക്കുഴലുകളെ വികസിപ്പിക്കുന്നു. ടിന്‍ഫുഡിലെ സള്‍ഫേറ്റ് എന്ന പ്രിസര്‍വേറ്റീവ്‌സ് തലവേദനയുടെ പ്രേരണാഘടകമാകുന്നു. കൃത്രിമമധുരത്തിന് ഉപയോഗിക്കുന്ന അസ്പാര്‍ടേം, ന്യൂട്രാസ്വീറ്റ് എന്നീ രാസസംയുക്തങ്ങളും ട്രിഗറുകളാണ്. ട്രിഗറുകളായ നുഭക്ഷണപദാര്‍ഥങ്ങളെ കണ്ടുപിടിക്കുകയും അവയെ ഒഴിവാക്കുകയും വേണം.

പാരാസെറ്റമോള്‍ സ്ഥിരമാക്കേണ്ട

പാരാസെറ്റമോള്‍ എപ്പോഴും കഴിക്കുകയല്ല വേണ്ടത്. ഇത് വൃക്കയുടെ പ്രവര്‍ത്തനം പരാജയത്തിലെത്തിക്കും. ഇന്ന് മൈഗ്രേന്‍ ചികിത്സയില്‍ അതിനൂതനങ്ങളായ ചില മരുന്നുകളും സുലഭമാണ്. ഇവ അങ്ങേയറ്റം ഫലപ്രദവുമാണ്. നേസല്‍ ആപ്ലിക്കേഷന്‍, ബോട്ടുലിസം ടോക്‌സിന്‍ എന്നീ ചികിത്സാരീതികളും പ്രാധാന്യമര്‍ഹിക്കുന്നു. സ്ഥിരമായി മൈഗ്രേന്‍ ഉള്ളവര്‍ കൃത്യമായ കാലയളവില്‍ വൈദ്യസഹായം തേടുകയും ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രോഫിലാക്റ്റിക് മരുന്നുകള്‍ സേവിക്കുകയും വേണം.

ഡോ. ശുഭ ജോര്‍ജ് തയ്യില്‍
സ്‌പെഷലിസ്റ്റ് ഇന്‍ ഹെഡേയ്ക് കെയര്‍, ഹെഡേയ്ക് കെയര്‍ സെന്റര്‍, എറണാകുളം