അറിയാം; സേവിംഗ്സ് അക്കൗണ്ടുകളെ
അറിയാം; സേവിംഗ്സ്  അക്കൗണ്ടുകളെ
Friday, June 29, 2018 5:25 PM IST
സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിക്കുന്പോൾ അതിനു പിന്നിലെ ലക്ഷ്യങ്ങൾ ഇതൊക്കെയായിരിക്കും. നല്ല പലിശ ലഭിക്കണം, നിക്ഷേപിക്കാനും പണം പിൻവലിക്കാനും എളുപ്പമായിരിക്കണം. സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് തുക താങ്ങാവുന്നതായിരിക്കണം. വ്യക്തിപരമായി നൽകുന്ന സേവനങ്ങളും ഇടപാടുകളും ബുദ്ധിമുട്ടിക്കുന്ന തരത്തിലായിരിക്കരുത്.

സേവിംഗ്സ് അക്കൗണ്ടുകൾ പലതരം

1. റെഗുലർ സേവിംഗ്സ് അക്കൗണ്ട്
ഒരു ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നവർ നിർബന്ധമായും ആരംഭിച്ചിരിക്കേണ്ട അക്കൗണ്ടാണിത്. ഇത്തരം അക്കൗണ്ടുകളിൽ നിശ്ചിത തുക നിശ്ചിത സമയങ്ങളിൽ നിക്ഷേപിക്കണം എന്നുള്ള നിബന്ധനയൊന്നുമില്ല. കയ്യിൽ വരുന്ന തുക ഇഷ്ടം പോലെ നിക്ഷേപിക്കുകയും ഇഷ്ടം പോലെ പിൻവലിക്കുകയും ചെയ്യാം.
പക്ഷേ, അക്കൗണ്ടിൽ എപ്പോഴും കുറഞ്ഞ തുക സൂക്ഷിക്കണമെന്ന് മിക്ക ബാങ്കുകളും നിഷ്കർഷിക്കാറുണ്ട്. മിനിമം തുകയില്ലെങ്കിൽ അക്കൗണ്ട് ഉടമ പിഴ നൽകേണ്ടതായി വരും.
2. സാലറി സേവിംഗ്സ് അക്കൗണ്ട്
കന്പനികളും മറ്റും തങ്ങളുടെ തൊഴിലാളികൾക്ക് ശന്പളം നൽകുന്നതിനായി ആരംഭിക്കുന്നതാണ് സാലറി സേവിംഗ്സ് അക്കൗണ്ടുകൾ. ജോലിക്കാർ വ്യക്തിപരമായി തന്നെയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ചില ബാങ്കുകൾ സാലറി അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന് നിർദേശിക്കുന്നില്ല. എന്നാൽ മൂന്നുമാസം തുടർച്ചയായി ശന്പളം അക്കൗണ്ടിലേക്ക് എത്തിയില്ലെങ്കിൽ ഇത്തരം അക്കൗണ്ട് റെഗുലർ സേവിംഗ്സ് അക്കൗണ്ടായി മാറ്റപ്പെടും.
3. മുതിർന്ന പൗരന്മാർക്കുള്ള സേവിംഗ്സ് അക്കൗണ്ട്
സാധാരണ സേവിംഗ്സ് അക്കൗണ്ടുകൾ പോലെ തന്നെയാണ് മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള അക്കൗണ്ടിന്‍റെ പ്രവർത്തനവും.
4. കുട്ടികൾക്കുള്ള സേവിംഗ്സ് അക്കൗണ്ട്
വളർന്നു വരുന്ന തലമുറയെ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചും സന്പാദ്യത്തെക്കുറിച്ചും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾക്കായുള്ള സേവിംഗ്സ് അക്കൗണ്ടുകൾ. കുട്ടികൾക്കായുള്ള അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല. പത്തു വയസായ കുട്ടികൾക്ക് സ്വന്തമായി ഓപ്പറേറ്റ് ചെയ്യാവുന്ന അക്കൗണ്ട് തുറക്കാം.
5. സ്ത്രീകൾക്ക് പ്രത്യേക സേവിംഗ്സ് അക്കൗണ്ട്
സ്ത്രീകൾക്കായി പ്രത്യേക സേവിംഗ്സ് അക്കൗണ്ടുകൾ ബാങ്കുകൾ അടുത്തകാലത്തായി ലഭ്യമാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക്, പ്രത്യേകിച്ച് സ്ത്രീ സംരംഭകർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ പലിശ നിരക്ക്, വായപകൾ തുടങ്ങിയവ ഇത്തരം അക്കൗണ്ടുകൾക്ക് ബാങ്കുകൾ നൽകുന്നുണ്ട്.
6. സീറോ ബാലൻസ് അക്കൗണ്ടുകൾ
ജോലി മാറുന്പോൾ ബാങ്ക് അക്കൗണ്ടുകളും മാറുന്ന സാഹചര്യങ്ങളുണ്ടാകാം. അപ്പോൾ പഴയ അക്കൗണ്ട് സാധാരണ സേവിംഗ്സ് അക്കൗണ്ടായി മാറും. നിശ്ചിത തുക ബാലൻസായി സൂക്ഷിക്കാത്തതുകൊണ്ട് പിഴയും ഈടാക്കും. ഈ സാഹചര്യത്തെ ഒഴിവാക്കാൻ സീറോ ബാലൻസ് അക്കൗണ്ടുകൾ സഹായിക്കും. നിശ്ചിത തുക ബാലൻസായി സൂക്ഷിക്കേണ്ടി വരില്ല. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായും ഇത്തരം അക്കൗണ്ടുകൾ ബാങ്കുകൾ നൽകാറുണ്ട്.

മിനിമം ബാലൻസ് വേണ്ടാത്ത ബാങ്ക് അക്കൗണ്ടുകൾ

ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, ജൻധൻ അക്കൗണ്ടുകൾ, പെൻഷൻ അക്കൗണ്ടുകൾ തുടങ്ങയിവ നൽകുന്ന സേവനങ്ങൾക്ക് ഒരു പരിധിവരെ സർവീസ് ചാർജുകളൊന്നും നൽകേണ്ടതില്ല.

1. ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്
അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനുള്ള പിഴയിൽനിന്നു രക്ഷ നേടാൻ സഹായിക്കുന്ന അക്കൗണ്ടാണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്(ബിഎസ്ബിഡിഎ). ബാങ്കിൽ അക്കൗണ്ട് തുറക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും ഈ സേവനം നൽകണമെന്ന് ആർബിഐ നിർദേശിക്കുന്നുണ്ട്.
* രാജ്യത്തെ എല്ലാ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിലും ഇന്ത്യയിൽ ശാഖകളുള്ള വിദേശ ബാങ്കുകളിലും ബിഎസ്ബിഡിഎ അക്കൗണ്ടുകൾ തുറക്കാവുന്നതാണ്.

* ഒരു വ്യക്തിക്ക് ഒരു ബാങ്കിൽ ഒരു ബിഎസ്ബിഡിഎ അക്കൗണ്ടേ തുറക്കാൻ സാധിക്കു.
* ഒരു ബാങ്കിൽ ബിഎസ്ബിഡിഎ അക്കൗണ്ട് തുറന്നാൽ അയാൾക്ക് അതേ ബാങ്കിൽ മറ്റൊരു സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ സാധിക്കില്ല. നിലവിൽ ഒരു സേവിംഗ്സ് അക്കൗണ്ടുണ്ടെങ്കിൽ ബിഎസ്ബിഡിഎ അക്കൗണ്ട് തുറന്ന് 30 ദിവസത്തിനുള്ളിൽ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതാണ്.
* എന്നാൽ ബിഎസ്ബിഡിഎ അക്കൗണ്ടുള്ളവർക്ക് ടേം ഡെപോസിറ്റ്, സ്ഥിര നിക്ഷേപം, റെക്കറിംഗ് ഡെപോസിറ്റ് എന്നിവയ്ക്കുള്ള അക്കൗണ്ടുകൾ തുറക്കാവുന്നതാണ്.
* സേവിംഗ്സ് അക്കൗണ്ട്് തുറക്കുന്നവർക്ക് ലഭിക്കുന്ന എല്ലാവിധ സേവനങ്ങളും ബിഎസ്ബിഡിഎ അക്കൗണ്ട് തുറക്കുന്നവർക്കും ലഭിക്കും. അതുകൊണ്ടു തന്നെ നിശ്ചിത വിഭാഗത്തിനുവേണ്ടി മാത്രമുള്ളതല്ല ബിഎസ്ബിഡിഎ.
* ഉപഭോക്താക്കളുടെ പ്രായം, വരുമാനം തുടങ്ങിയ ഘടകങ്ങളൊന്നും ബിഎസ്ബിഡിഎ അക്കൗണ്ട് തുറക്കുന്പോൾ പരിഗണിക്കുന്നതല്ല.
* ലളിതമായ കെവൈസി നടപടിക്രമങ്ങളേ ബിഎസ്ബിഡിഎയ്ക്കുള്ളു.
* ബിഎസ്ബിഡിഎ അക്കൗണ്ടുകളിൽ നിക്ഷേപം, പിൻവലിക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം ലഭിക്കും. ഇലക്ട്രോണിക് പേമെന്‍റ് ചാനലുകളിലൂടേയും ചെക്കായും പണം നിക്ഷേപിക്കാം. എടിഎം ഉപയോഗിച്ച് പിൻവലിക്കുകയും ചെയ്യാം.
* ബിഎസ്ബിഡിഎ അക്കൗണ്ടുകൾക്ക് റുപേ കാർഡുകൾ ലഭിക്കും.
* അക്കൗണ്ട് തുറക്കാനായി തുടക്കത്തിൽ തുക നിക്ഷേപിക്കേണ്ട ആവശ്യമില്ല
* ബിഎസ്ബിഡിഎ അക്കൗണ്ടുകൾ നൽകുന്നസേവനങ്ങൾക്കു പുറമേ മറ്റു സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കു ലഭിക്കുന്ന സേവനങ്ങൾ ലഭ്യമാകണമെങ്കിൽ ഓരോ ബാങ്കും തീരുമാനിക്കുന്നതിനനുസരിച്ച് ഫീസും സർവീസ് ചാർജുകളും നൽകേണ്ടി വരും. ഇങ്ങനെ അധിക സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന അക്കൗണ്ടുകൾ ബിഎസ്ബിഡിഎ അക്കൗണ്ടായി പരിഗണിക്കില്ല.
* ബിഎസ്ബിഡിഎ അക്കൗണ്ടുകളിൽ നിന്നും ഒരുമാസം നാലു തവണ മാത്രമേ പണം പിൻവലിക്കാൻ സാധിക്കു. അതിൽ കൂടുതൽ തവണ പിൻവലിച്ചാലും ചെക്ക് ബുക്ക് വേണമെങ്കിലും അധിക ചാർജ് നൽകേണ്ടി വരും.
* ബിഎസ്ബിഡിഎ അക്കൗണ്ട് ഉടമകളുടെ എടിഎം കാർഡുകൾക്ക് വാർഷിക ഫീസ് ഈടാക്കുന്നതല്ല.
* സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ ആവശ്യമെങ്കിൽ ബിഎസ്ബിഡിഎ അക്കൗണ്ട് ആക്കി മാറ്റാം.

2. ജൻധൻ അക്കൗണ്ടുകൾ
രാജ്യത്തെ പൗരൻമാർക്ക് അവർക്ക് അർഹതപ്പെട്ട സാന്പത്തിക സഹായങ്ങളും നേട്ടങ്ങളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാന മന്ത്രി ജൻധൻ അക്കൗണ്ടുകളുടെ തുടക്കം. ജൻധൻ അക്കൗണ്ടുകൾ സീറോ ബാലൻസ് അക്കൗണ്ടാണ്. ഒരു കുടുംബത്തിലെ രണ്ടു പേർക്ക് ജൻധൻ അക്കൗണ്ടുകൾ ആരംഭിക്കാം.
* ഒരു വിധത്തിലുമുള്ള ചാർജുകളുമില്ലാതെ പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാം.
* സേവിംഗ്സ് അക്കൗണ്ടിലേതു പോലെ തന്നെ ബാലൻസ് പരിശോധിക്കാം. കൂടാതെ റൂപേ ഡെബിറ്റ് കാർഡ് ഉപയോഗിക്കുകയും ചെയ്യാം.
* ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും പണമൊന്നും നൽകേണ്ടതില്ല
* മൊബൈൽ ബാങ്കിംഗ് സേവനങ്ങളും ജൻധൻ അക്കൗണ്ടുകൾക്ക് ലഭിക്കും.

3. പെൻഷൻ അക്കൗണ്ടുകൾ
വിവിധ ക്ഷേമ പെൻഷനുകൾക്ക് അർഹരായവർക്ക് അത് ലഭ്യമാക്കുന്നത് അക്കൗണ്ടുകൾ വഴിയാണ.് പെൻഷൻ അക്കൗണ്ടുകളുള്ളവരും മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യമില്ല. അക്കൗണ്ട് തുറക്കുന്പോൾ പെൻഷൻ അക്കൗണ്ടാണെന്ന് പ്രത്യേകം പറയേണ്ടതാണ്.

സേവിംഗ്സ് അക്കൗണ്ട് തുറക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വം ലഭിക്കണം.
* മികച്ച സേവനം കിട്ടണം
* ഇന്‍റർനെറ്റ് ബാങ്കിംഗ് ഉണ്ടായിരിക്കണം
* മൊബൈൽ ബാങ്കിംഗ് ഉണ്ടായിരിക്കണം
* രാജ്യത്ത് എവിടെച്ചെന്നാലും സേവനം ലഭിക്കുന്ന വിധത്തിൽ ശാഖകളുണ്ടായിരിക്കണം
* സ്ഥിരമായി യാത്ര ചെയ്യുന്ന ഒരാളാണെങ്കിൽ ആഗോള തലത്തിൽ ബ്രാഞ്ചുകളുള്ള ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാം.