ബാങ്കുകൾ ഞെട്ടിക്കുന്പോൾ
ബാങ്കുകൾ  ഞെട്ടിക്കുന്പോൾ
Monday, July 2, 2018 5:06 PM IST
പൊതുമേഖലയിലെ ബാങ്കുകൾക്ക് എന്തു സംഭവിച്ചു ഇതായിരുന്നു കുറേനാൾ മുൻപുവരെയുള്ള ചോദ്യം. ഇപ്പോൾ ചോദ്യം നമ്മുടെ ബാങ്കുകൾക്ക് എന്തു സംഭവിച്ചു എന്നായി.
കാരണമുണ്ട്. പൊതുസ്വകാര്യഭേദമില്ലാതെ എല്ലാം പ്രശ്നത്തിലാണ്. കിട്ടാക്കടങ്ങൾ, നഷ്ടം, സ്വജനപക്ഷപാതം.

സാധാരണക്കാർക്കു പിടികിട്ടാത്തവിധമാണു കാര്യങ്ങൾ. ബാങ്കിൽ പണം നിക്ഷേപിച്ചാൽ കിട്ടുന്നതു തുച്ഛമായ പലിശ. വായ്പയെടുത്താൽ അസഹ്യമായ പലിശ. വായ്പ അനുവദിച്ചുകിട്ടാൻ നൂറുനൂറു കടന്പകൾ.

ഇതെല്ലാം അനുഭവിക്കുന്ന സാധാരണക്കാർക്ക് ബാങ്കുകളുടെ ആയിരക്കണക്കിനു കോടികളുടെ നഷ്ടവും ലക്ഷക്കണക്കിനു കോടികളുടെ കിട്ടാക്കടവും മനസിലാക്കാൻ എളുപ്പമല്ല.
ഏതായാലും അതു സംഭവിക്കുന്നു. ബാങ്കുകൾ നൽകിയ വായ്പകളിൽ പത്തു ശതമാനത്തിലേറെ നിഷ്ക്രിയ ആസ്തികൾ ആയിരിക്കുന്നു. വേറൊരു അഞ്ചുശതമാനംകൂടി പ്രശ്നആസ്തികൾ ആകുമെന്നാണു സൂചന.

പരസ്പരം കുറ്റപ്പെടുത്തൽ

എന്തുകൊണ്ട് ഇങ്ങനെ പലരും പല ന്യായങ്ങളും പറയുന്നു. ബിജെപിക്കാരോടു ചോദിച്ചാൽ യുപിഎ കാലത്ത് വേണ്ടത്ര ജാഗ്രതയില്ലാതെ വായ്പ അനുവദിച്ചെന്നു കുറ്റപ്പെടുത്തും. കോണ്‍ഗ്രസിനോടു ചോദിച്ചാൽ ബിജെപിയുടെ ഭരണപ്പിഴവുകൊണ്ട് സാന്പത്തികവളർച്ച കുറഞ്ഞതുമൂലം വ്യവസായമേഖല തളർന്നു, അതുമ·ൂലം ആ മേഖലകളിൽ പണം മുടക്കിയ കന്പനികൾ വിഷമത്തിലായി എന്നു പറയും.

സ്വകാര്യവാദം നിലച്ചു

മറ്റു ചിലർ പറയും ബാങ്ക് മേധാവികളുടെ ഉത്തരവാദിത്വ ബോധമില്ലായ്മയാണു പ്രശ്നം, എന്തുവന്നാലും കുഴപ്പമില്ലെന്ന തോന്നലാണു പ്രശ്നം എന്നൊക്കെ.
വേറേ ചിലർ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കണമെന്നു പറഞ്ഞിരുന്നു. ഐസിഐസിഐ ബാങ്കിലെയും ആക്സിസ് ബാങ്കിലെയും സംഭവങ്ങൾ പുറത്തായതോടെ സ്വകാര്യവത്കരണ വാദത്തിനു ശബ്ദം കുറഞ്ഞു.

2006 മുതൽ 2011 വരെയുള്ള കാലത്തെ വലിയ വ്യവസായ വായ്പകളാണ് ഇപ്പോൾ കിട്ടാക്കടങ്ങളായി ബാങ്കുകളെ ഉലയ്ക്കുന്നത്. സ്റ്റീൽ, വൈദ്യുതി ഉത്പാദനം (താപനിലയങ്ങൾ), മൊബൈൽ ടെലികോം, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ വ്യവസായങ്ങളിൽ നൽകിയ വായ്പകളാണ് പ്രശ്നകടങ്ങളും നിഷ്ക്രിയ ആസ്തികളും പിന്നെ കിട്ടാക്കടങ്ങളുമായത്.

നയം മാറ്റങ്ങൾ

ചില മേഖലകളിൽ അമിതനിക്ഷേപം ഉണ്ടായി. ഒപ്പം ഉത്പന്നത്തിന് ആവശ്യം കുറഞ്ഞു. അതോടെ ഉത്പന്ന വിലയിടിഞ്ഞ് വ്യവസായം നഷ്ടത്തിലായി. സ്റ്റീൽ വ്യവസായത്തിൽ സംഭവിച്ചത് അതാണ്. ഭൂഷണ്‍ സ്റ്റീൽ, എസാർ സ്റ്റീൽ തുടങ്ങിയവയൊക്കെ വലിയ വികസനത്തിനു തുനിഞ്ഞു പാപ്പർ കോടതിയിലെത്തിയ സാഹചര്യമിതാണ്.

മറ്റുചിലതിൽ സർക്കാർ നയം മാറിയതു പ്രശ്നമായി. താപവൈദ്യുത നിലയങ്ങൾ ഉദാഹരണമാണ്. പലതരത്തിൽ നയം മാറി. കൽക്കരി ലഭ്യത ഉറപ്പുവരുത്താനുള്ള കരാറുകൾ പലതും ഏകപക്ഷീയമായി തിരുത്തി. ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലും സർക്കാർ നയം മാറ്റിയപ്പോൾ അവിടെനിന്നുള്ള കൽക്കരിക്ക് താങ്ങാനാവാത്ത വിലയായി. വൈദ്യുതി വാങ്ങാൻ ദീർഘകാല കരാറുണ്ടാക്കാൻ വൈദ്യുതിബോർഡുകൾ വിസമ്മതിച്ചു. ഫലം ഒരുഡസനോളം വലിയ താപവൈദ്യുത പദ്ധതികൾ പാതിവഴിയിൽ കിടക്കുന്നു. കടമെടുത്തവരെ പാപ്പർ കോടതിയിലുമാക്കി.

മൊബൈൽ യുദ്ധം

മൊബൈൽ ടെലികോമിൽ ആരോപണങ്ങളെ തുടർന്നു സ്പെക്ട്രം വില കൂട്ടിയതും റിലയൻസ് ജിയോ വന്ന് എല്ലാ ധാരണകളും തിരുത്തി മത്സരം അഴിച്ചുവിട്ടതും അരഡസനിലേറെ കന്പനികളെ പാപ്പരാക്കി. മുകേഷ് അംബാനിയുടെ അനുജൻ അനിൽ അംബാനി ടെലികോമിൽനിന്നു സന്പൂർണമായി വിട്ടുപോകേണ്ട നിലയിലായി. 46,000 കോടി രൂപയാണ് അനിൽ അംബാനിയുടെ കടബാധ്യത.

ദേശീയപാത മുതൽ വിമാനത്താവളം വരെയുള്ള അടിസ്ഥാനസൗകര്യമേഖലയിൽ ഭൂമി ഏറ്റെടുക്കലും മറ്റും വർഷങ്ങളോളം വൈകിയത് കന്പനികളെ കുഴപ്പത്തിലാക്കി. ആ മേഖലയിലും ലക്ഷക്കണക്കിനു കോടി കിട്ടാക്കടങ്ങളായി.

രണ്ടു കാരണങ്ങൾ

ഈ മാർച്ചിൽ അവസാനിച്ച ത്രൈമാസത്തെ കണക്കുകൾ വന്നപ്പോഴാണ് ബാങ്കുകളുടെ നഷ്ടം ഞെട്ടിക്കുന്ന തോതിലായത്. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തേത് റിസർവ് ബാങ്കിന്‍റെ ഫെബ്രുവരി 12ലെ നിർദേശം. ഇതനുസരിച്ച് ഒരുദിവസത്തെ കുടിശിക വന്നാൽപോലും അതു പ്രശ്നവായ്പയായി കാണണം. നിഷ്ക്രിയ ആസ്തി നിർണയം കർശനമാക്കണം. അതു വന്നപ്പോൾ പെട്ടെന്ന് നിഷ്ക്രിയ ആസ്തി കൂടി. അതനുസരിച്ച് അതിൽ വരാവുന്ന നഷ്ടത്തിനു വകയിരുത്തൽ നടത്തേണ്ടിവന്നു.


രണ്ടാമത്തേത് ബാങ്കുകളുടെ നിയന്ത്രണത്തിൽപ്പെട്ട കാര്യമല്ല. സർക്കാർ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. പലിശനിരക്ക് കൂടുന്നതിന്‍റെ പശ്ചാത്തലത്തിലാണിത്. വാങ്ങിയ വിലയേക്കാൾ കുറവായി കടപ്പത്രവില. ആയിനത്തിൽ ബാങ്കുകൾക്ക് വരുന്ന നഷ്ടം 30,000 കോടി രൂപയിലധികമാണ്.

പ്രതിസന്ധി മറികടന്നു

എല്ലാം ചേർന്ന് മാർച്ച് ത്രൈമാസത്തിൽ ബാങ്കുകളിലെ നിക്ഷേപകരെയും ബാങ്ക് ഓഹരി ഉടമകളെയും ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവിട്ടത്. എന്നാൽ, വലിയ പ്രതിസന്ധി മറികടന്നെന്നാണ് ബാങ്കിംഗ് വിദഗ്ധർ പറയുന്നത്. പ്രശ്നവായ്പകൾ മിക്കതും തിട്ടപ്പെടുത്തിക്കഴിഞ്ഞു. ജൂണ്‍ 30ന് അവസാനിക്കുന്ന ത്രൈമാസത്തോടെ നിഷ്ക്രിയ ആസ്തികളുടെ വളർച്ച നിലയ്ക്കും. അതിനകം കുറേ പാപ്പർ കേസുകളിൽ തീരുമാനമാകും.
ഭൂഷണ്‍ സ്റ്റീലിന്‍റെ കാര്യം ഈയിടെ തീർപ്പായി. 56000 കോടി രൂപ കുരുങ്ങിപ്പോയ കേസാണത്. 32,500 കോടി രൂപ ബാങ്കുകൾക്ക് തിരിച്ചുകിട്ടുമെന്നായി. ഒന്നും കിട്ടാനിടയില്ലെന്നു കരുതിയ സ്ഥാനത്താണിത്. ഇങ്ങനെ കിട്ടുന്ന തുകയത്രയും ബാങ്കുകൾക്കു ലാഭമാണ്. കാരണം നഷ്ടസാധ്യതയ്ക്കു വകയിരുത്തൽ നടത്തിയിരുന്നു.

വീണ്ടും ലാഭവഴിയേ

ഒരുവർഷംകൊണ്ട് ബാങ്കുകൾ നഷ്ടക്കഥ മാറ്റി ലാഭപാതയിലാകും എന്നാണു നിഗമനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ രഞ്ജിത്കുമാർ പറയുന്നത് സെപ്റ്റംബർ കഴിഞ്ഞാൽ എസ്ബിഐ വീണ്ടും ലാഭവഴിയിലാകുമെന്നാണ്. അതുകൊണ്ടാണ് റിക്കാർഡ് നഷ്ടത്തിന്‍റെ കണക്ക് പുറത്തുവന്നപ്പോൾ ഓഹരിവില കുതിച്ചുകയറിയത്.

മോശം ആസ്തികൾ പലതരംനിഷ്ക്രിയ ആസ്തി
(എൻപിഎനോണ്‍ പെർഫോമിംഗ് അസറ്റ്):

മുതലും പലിശയും യഥാസമയം അടയ്ക്കാത്ത വായ്പ. നേരത്തേ നിശ്ചിത തീയതി കഴിഞ്ഞ് 90 ദിവസംകൂടി കാത്തിരുന്നിട്ടേ എൻപിഎ ആയി പ്രഖ്യാപിച്ചിരുന്നുള്ളൂ. ഇനി ഒരു ദിവസം വൈകിയാലും എൻപിഎ ആക്കണമെന്ന് റിസർവ് ബാങ്ക് പറഞ്ഞിട്ടുണ്ട്. ഈ നിർദേശത്തിൽ ഇളവ് ലഭിക്കാൻ ബാങ്കുകൾ ശ്രമിക്കുന്നുണ്ട്.

പുനർക്രമീകരിച്ച ആസ്തി
(റീ സ്ട്രക്ചേഡ് അസറ്റ്):

കാലാവധി നീട്ടിയോ പലിശ കുറച്ചോ വായ്പയിൽ ഒരുഭാഗം ഓഹരിയാക്കിയോ വായ്പ പുതുക്കി നൽകിയോ ഒക്കെ പുനർക്രമീകരിക്കപ്പെട്ട വായ്പകൾ.

എഴുതിത്തള്ളൽ:

തിരിച്ചുകിട്ടില്ലെന്നു കരുതാവുന്ന വായ്പകൾ ആവശ്യമായ തുക ബാങ്ക് വകയിരുത്തിയ ശേഷം കണക്കിൽനിന്നു മാറ്റുന്നു. എന്നാൽ വായ്പ എടുത്തവരുടെ ബാധ്യത തീരില്ല. ബാങ്ക് നിയമനടപടി തുടരും. ചിലപ്പോൾ ഇത്തരം കടങ്ങൾ ചെറിയ വിലയ്ക്കു വാങ്ങിയിട്ട് ബലം പ്രയോഗിച്ച് തുക ഈടാക്കുന്ന കന്പനികൾക്ക് (അസറ്റ് റീകണ്‍സ്ട്രക്ഷൻ കന്പനി) വായ്പ വിൽക്കും. ജപ്തിവഴിയോ വില്പനവഴിയോ കിട്ടുന്ന തുക ബാങ്കിന് ലാഭമാകും.

പ്രശ്നവായ്പകൾ
(സ്ട്രെസ്ഡ് അസറ്റ്):
എൻപിഎയും പുനർക്രമീകരിച്ച ആസ്തിയും എഴുതിത്തള്ളിയ വായ്പയും ചേർന്നത്.

വ്യവസായ വായ്പയിൽ അഞ്ചിലൊന്നു പ്രശ്നം; കൃഷിയിൽ പതിനാറിലൊന്നു മാത്രം

വ്യവസായങ്ങൾക്കു കൊടുത്ത വായ്പയിൽ അഞ്ചിലൊന്നു പ്രശ്നവായ്പയായി. അതേസമയം കാർഷിക വായ്പയിൽ പതിനാറിലൊന്നു മാത്രമാണ് പ്രശ്നം. ഭവനവായ്പ അടക്കമുള്ള റീട്ടെയിൽ വായ്പകളിൽ ഇത് അൻപതിലൊന്നും. ലോക്സഭയിൽ മാർച്ച് എട്ടിനു ധനസഹമന്ത്രി ശിവപ്രതാപ് ശുക്ല നൽകിയ മറുപടിയിലുള്ളതാണിത്.

കഴിഞ്ഞ ഡിസംബർ 31-ലെ നിലവച്ച് വ്യവസായ വായ്പകളിൽ 6,09,222 കോടി രൂപ നിഷ്ക്രിയ ആസ്തി (എൻപിഎ)യിൽപ്പെടും. മുതലും പലിശയും തിരിച്ചടയ്ക്കുന്നതിൽ 90 ദിവസത്തിലേറെ വീഴ്ചവരുത്തിയവയാണ് എൻപിഎ. ഈ എൻപിഎ മൊത്തം വ്യവസായവായ്പയുടെ 20.41 ശതമാനം വരും.

എന്നാൽ, കൃഷിക്കും അനുബന്ധമേഖലയ്ക്കുമായി എടുത്ത വായ്പയിൽ 69,600 കോടിയേ എൻപിഎ ആയുള്ളൂ. 6.53 ശതമാനം മാത്രം.

സേവനമേഖല എടുത്ത വായ്പയിൽ 5.77 ശതമാനം എൻപിഎ ആയി. റീട്ടെയിൽ വായ്പകളിൽ 2.01 ശതമാനം എൻപിഎയേ ഉള്ളു.

റ്റി.സി. മാത്യു