ആനന്ദനടനം
കാന്‍സര്‍ എന്റെ ജീവിതത്തിലെ ഒരു പേജ് മാത്രമായിരുന്നു, ജീവിതപുസ്തകമല്ല- പ്രശസ്ത നര്‍ത്തകി പദ്മശ്രീ ആനന്ദ ശങ്കര്‍ ജയന്തിന്റെ വാക്കുകളാണിത്. 47ാം വയസില്‍ നൃത്തജീവിതത്തിന്റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴാണ് കാന്‍സര്‍ തന്നെ ബാധിച്ചിരിക്കുന്നുവെന്ന സത്യം ആനന്ദ അറിഞ്ഞത്. ആദ്യമൊന്നു പതറിയെങ്കിലും നൃത്തത്തിലൂടെ കാന്‍സറിനെ തോല്‍പ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ചടുലമായ നൃത്തച്ചുവടുകളിലൂടെ കാന്‍സറിന്റെ വേദന അവര്‍ മറന്നു. ആനന്ദയുടെ ഉള്‍ക്കരുത്തില്‍ രണ്ടുവര്‍ഷത്തിനുശേഷം കാന്‍സര്‍ രോഗം അവരെ വിട്ടകന്നു. ഭരതനാട്യത്തിലൂടെയും കുച്ചുപ്പുടിയിലൂടെയും അരങ്ങില്‍ അഗ്നിശോഭയായി ജ്വലിക്കുന്ന ആനന്ദയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ വായിക്കാം...

നാലാം വയസില്‍ കെട്ടിയ ചിലങ്ക

ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന ജി.എസ് ശങ്കറിന്റെയും അധ്യാപികയും സംഗീതജ്ഞയുമായിരുന്ന സുഭാഷിണിയുടെയും മകളായി തിരുനെല്‍വേലിയിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ആനന്ദ ജനിച്ചത്.

നാലു വയസുള്ളപ്പോള്‍ ആനന്ദയും അമ്മയും അടുത്തുള്ള ക്ഷേത്രത്തില്‍പ്പോയി. അവിടെ വച്ച് കുട്ടിയെ കണ്ട ഒരു സ്ത്രീ ചോദിച്ചു; വലിയ കണ്ണുകളാണല്ലോ, മോളെ നൃത്തം പഠിപ്പിക്കുന്നുണ്ടോ? അപ്പോള്‍ സുഭാഷിണി പറഞ്ഞു ആഗ്രഹമുണ്ട്, പക്ഷേ ആരുമില്ല പഠിപ്പിക്കാന്‍. പക്ഷേ ആ അപരിചിതയുടെ മറുപടി സുഭാഷിണിയെ ഞെട്ടിച്ചുകളഞ്ഞു. മോളെ ഞാന്‍ നൃത്തം പഠിപ്പിക്കാമെന്നു പറഞ്ഞ ആ അപരിചിത നൃത്താധ്യാപികയായ ശാരദ കേശവറാവു ആയിരുന്നു. അവരുടെ കീഴില്‍ ആനന്ദ നൃത്തപഠനം തുടങ്ങി.

നാലാംവയസില്‍ ചിലങ്ക കെട്ടിയ ആനന്ദ, പതിനൊന്നാം വയസില്‍ സ്‌കോളര്‍ഷിപ്പോടെ ചെന്നൈ കലാക്ഷേത്രയില്‍ ചേര്‍ന്നു. തുടര്‍ന്ന് പദ്മാ ബാലഗോപാല്‍, ശാരദ ഹോഫ്മാന്‍, കൃഷ്ണവേണി ലക്ഷ്മണ്‍ എന്നിവരുടെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിച്ചു. ആറു വര്‍ഷത്തെ പഠനത്തിനുശേഷം ഭരതനാട്യം, ശാസ്ത്രീയ സംഗീതം, വീണ എന്നിവയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടി.

ആദ്യ വനിതാ ഓഫീസറായി ഇന്ത്യന്‍ റെയില്‍വ ട്രാഫിക് സര്‍വീസിലേക്ക്

ചെറുപ്രായത്തില്‍ നൃത്തപഠനത്തിനു പോയാല്‍ സ്‌കൂളിലെ പഠിപ്പ് എന്താവുമെന്ന് ആശങ്കപ്പെട്ട അച്ഛന് സ്വകാര്യപഠനത്തിലൂടെ നേടിയ പത്താംക്ലാസ് വിജയവും പിന്നീട് കൊമേഴ്‌സ് ബിരുദവും കൊണ്ടാണ് ആനന്ദ മറുപടി കൊടുത്തത്. ഉസ്മാനിയ സര്‍വകലാശാലയില്‍ ചരിത്ര ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ആനന്ദ സിവില്‍ സര്‍വീസ് പരീക്ഷയിലും ഒരു കൈനോക്കി. അനന്തരം, ഇന്ത്യന്‍ റെയില്‍വെ ട്രാഫിക് സര്‍വീസസിലെ ആദ്യ വനിതാ ഉദ്യോഗസ്ഥയായി ജോലിയില്‍ പ്രവേശിച്ചു.

റെയില്‍വേ ഉദ്യോഗസ്ഥയായപ്പോഴും അവര്‍ നൃത്തത്തെ കൈവിട്ടില്ല. ഒരു ദിവസം പോലും പരിശീലനം മുടക്കാത്ത ആ നര്‍ത്തകിക്ക് ജീവിക്കാന്‍ ആഹാരം പോലെ തന്നെ അത്യാവശ്യമായിരുന്നു നൃത്തവും. എന്റെ ആാവിന്റെ ഭക്ഷണമാണ് നൃത്തമെന്നു പറയുന്ന ആ നര്‍ത്തകി പിന്നെയും വേദികള്‍ തോറും നടനം തുടര്‍ന്നുകൊണ്ടേയിരുന്നു. ജോലിക്കു വേണ്ടി നൃത്തത്തെയോ നൃത്തത്തിനു വേണ്ടി ജോലിയെയോ ഉപേക്ഷിക്കുമെന്ന് കരുതിയവര്‍ക്കു തെറ്റിയത് അപ്പോഴാണ്. നൃത്തവും ജോലിയും ഭംഗിയായി കൊണ്ടുപോകാന്‍ തനിക്കാവുമെന്ന് അവര്‍ മനസില്‍ കുറിച്ചിരുന്നു.

ട്രെയിന്‍ ഓപ്പറേഷനുകളുടെയും ട്രാക്ക് പരിശോധനയുടെയുമൊക്കെ ചുമതലയുമായി സെക്കന്ദ്രാബാദിലെ റെയില്‍വേ ഓഫീസില്‍ ജീവിതത്തിന്റെ ഒരുപകുതി തിരക്കിലമര്‍ന്നപ്പോള്‍ മറുപകുതിയില്‍ ആനന്ദ ആവോളം നൃത്തം ചെയ്തു. ഭരതനാട്യത്തിനു പുറമെ കുച്ചുപ്പുടിയും അഭ്യസിച്ചു. നൃത്തവും ജോലിയും ഇഴചേര്‍ത്തപ്പോള്‍ രണ്ടിടത്തും അവര്‍ക്ക് ശോഭിക്കാനായി.

ഉദ്യോഗസ്ഥയായപ്പോഴും അവര്‍ ഉപരിപഠനത്തെ കൈവിട്ടില്ല. കലാചരിത്രത്തില്‍ എംഫിലും ടൂറിസത്തില്‍ പിഎച്ച്ഡിയും നേടിയത് സര്‍വീസിലിരിക്കുമ്പോഴാണ്. പദ്മശ്രീ വരെയെത്തിയ കലാജീവിതവും പിഎച്ച്ഡി വരെയെത്തിയ അക്കാദമിക നേട്ടങ്ങളും അതിന് നേര്‍സാക്ഷ്യങ്ങളാണ്. 2007ല്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമായി പദ്മശ്രീ ബഹുമതി ആനന്ദയെത്തേടിയെത്തി.


ഇടിത്തീപോലെ കാന്‍സര്‍ രോഗം

നൃത്തവേദികളില്‍ ആനന്ദ തിളങ്ങിനില്‍ക്കുന്ന സമയം. 2008ല്‍ അമേരിക്കയില്‍ നര്‍ത്തകസമ്മേളനം കഴിഞ്ഞു മടങ്ങിയെത്തിയ ആനന്ദയ്ക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെതോടെയാണ് ഡോക്ടറെ കാണാന്‍ പോയത്. ആനന്ദയ്ക്ക് സ്തനാര്‍ബുദമാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആനന്ദയും ഭര്‍ത്താവും ഞെട്ടിത്തരിച്ചിരുന്നു. നൃത്തജീവിതം അവസാനിച്ചു അല്ലേ എന്നായിരുന്നു ഭര്‍ത്താവ് ജയന്തിനോട് ആനന്ദ അന്ന് ചോദിച്ചത്. നീയൊരു പോരാളിയാണ്, നീ നൃത്തം തുടരുമെന്ന് അദ്ദേഹം ആനന്ദയുടെ കൈപിടിച്ചു പറഞ്ഞു. ഭര്‍ത്താവിന്റെ ആ പിന്തുണ അവരെ വീണ്ടും നൃത്തലോകത്തേക്ക് കൈപിടിച്ചു.

രോഗത്തെ തോല്‍പ്പിച്ച്

കാന്‍സറിനോടു പൊരുതാന്‍ ആനന്ദ മനസിലൊരു ബിംബമുണ്ടാക്കി നര്‍ത്തകീവേഷം. ശസ്ത്രക്രിയാ മുറിയിലേക്കു പോയതു പോലും നൃത്തവേദിയിലേക്കാണെന്ന മട്ടിലായിരുന്നുവെന്ന് ആനന്ദ പറയുന്നു. പെഡിക്യൂര്‍, മാനിക്യൂര്‍, മുടിയൊരുക്കല്‍ എല്ലാം ചെയ്തു. ശസ്തക്രിയയ്ക്കു ശേഷം നെറ്റിയില്‍ പൊട്ടും ലിപ്സ്റ്റിക്കുമണിഞ്ഞു അവരുടെ വാക്കുകളില്‍ ആവിശ്വാസത്തിന്റെ തിരയിളക്കം നിഴലിച്ചിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച വീണ്ടും അനന്ദ നൃത്തം ചെയ്തു. റേഡിയേഷന്റെയും കീമോതെറാപ്പിയുടെയും വേദന നിറഞ്ഞ ഇടവേളകളില്‍ ഡോക്ടര്‍മാര്‍ വിലക്കിയിട്ടു പോലും നൃത്തപരിശീലനം നടത്തി. കീമോതെറാപ്പിക്കു തീയതി ഇട്ടു നല്‍കുമ്പോഴൊക്കെ അവര്‍ ഡോക്ടറോടു പറയുമായിരുന്നു അന്നേദിവസം നൃത്തപരിപാടിയുള്ളതിനാല്‍ മറ്റൊരു ഡേറ്റ് കൊടുക്കാന്‍. കീമോ ചെയ്ത് മുടിയെല്ലാം കൊഴിഞ്ഞപ്പോള്‍ വിഗ് വച്ച് അവര്‍ നൃത്തം ചെയ്തു.

കാന്‍സറുമായുള്ള പോരാട്ടം രണ്ടുവര്‍ഷം നീണ്ടു. അസുഖം തോല്‍വി സമ്മതിച്ചു പിന്മാറി. കാന്‍സറില്‍നിന്നു മുക്തയായ ശേഷം ആനന്ദ നടത്തിയ ടെഡ് പ്രഭാഷണം, കാന്‍സര്‍ സംബന്ധമായി നടന്ന 12 അതിവിശിഷ്ട ടെഡ് പ്രഭാഷണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഇന്ത്യക്കാരുടെ ഏറ്റവും മികച്ച അഞ്ച് ടെഡ് പ്രഭാഷണങ്ങളില്‍ ഏറ്റവും മികച്ചതായി അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റായ 'ദ ഹഫിങ്ടണ്‍ പോസ്റ്റ്' അനന്ദയുടെ ടെഡ് പ്രഭാഷണത്തെ തിരഞ്ഞെടുത്തു. കാന്‍സറിനെ കീഴടക്കിയ ശേഷം ഒരുക്കിയ 'സിംഹനന്ദിനി'യെന്ന നൃത്തശില്‍പം അവര്‍ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു.

ഇന്നും തുടരുന്ന പഠനം

പതിനേഴാം വയസില്‍ ശങ്കരാനന്ദ കലാക്ഷേത്രയെന്ന നൃത്തവിദ്യാലയം തുടങ്ങിയ ആനന്ദ ഇന്നും നൃത്താധ്യാപികയാണ്, കൊറിയോഗ്രാഫറാണ്. ഹൈദരാബാദിലെ വീട്ടില്‍ നൃത്തപരിശീലനത്തോടെ മാത്രം ദിവസത്തിനു തുടക്കം കുറിക്കുന്ന നൃത്തവിദ്യാര്‍ഥിനി കൂടിയാണ് താനെന്ന് ആനന്ദ പറയുന്നു.

സ്വപ്‌നം

ഒട്ടേറെ വിദേശവേദികളില്‍ ചിലങ്ക കെട്ടിയാടിയ അനന്ദയ്ക്ക് ഒരു സ്വപ്‌നമുണ്ട്. സ്‌കൂള്‍ പഠനവും നൃത്തപഠനവും ഒരുമിച്ചു നടത്താന്‍ കഴിയുന്ന ഒരു വിദ്യാലയം തുടങ്ങണം. അതിനുള്ള തയാറെടുപ്പിലാണവര്‍. ഓണ്‍ലൈന്‍ നൃത്തപഠനത്തിനായി 'നാട്യാരംഭ' എന്ന പേരില്‍ നൃത്ത പരിശീലക ആപ്പും ആനന്ദ പുറത്തിറക്കി

പുരസ്‌കാരങ്ങള്‍

പദ്മശ്രീ പുരസ്‌കാരം, കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ കലാരത്‌ന അവാര്‍ഡ്, നൃത്യ ചുഡാമണി പുരസ്‌കാരം, നാട്യ ഇളവരശി പുരസ്‌കാരം, നൃത്യ കലാസാഗര പുരസ്‌കാരം, നാട്യ കലാസാഗര്‍ പുരസ്‌കാരം.

സീമ മോഹന്‍ലാല്‍