പുഞ്ചിരി തൂകൂ...കൂടുതല്‍ ആത്മവിശ്വാസത്തോടെ...
പുഞ്ചിരി ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഒേട്ടറെയാണ്. കൂടുതല്‍ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാന്‍ തീര്‍ച്ചയായും മനോഹരമായ ചുണ്ടുകള്‍ വേണം.

ലിപ്സ്റ്റിക്കോ ലിപ് ഗ്ലോയോ ഉപയോഗിച്ച് ചുണ്ടുകള്‍ മനോഹരമാക്കാം. എന്നാല്‍ ചുണ്ടിന്റെ സ്വാഭാവികമായ നിറവും ഭംഗിയും കിട്ടാന്‍ ചുണ്ടിനു പ്രത്യേക ശ്രദ്ധ കൊടുത്തേ മതിയാകൂ. വരണ്ടുണങ്ങിയ ചുണ്ടുകള്‍ അഭംഗിയാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും മൃദുലമായ ഭാഗങ്ങളിലൊന്നാണ് ചുണ്ട്. കാലാവസ്ഥയ്ക്ക് അനുസരിച്ച് ചുണ്ടിന് മാറ്റങ്ങള്‍ ഉണ്ടാകും. ഇതെല്ലാം കണ്ടറിഞ്ഞുവേണം സംരക്ഷണം കൊടുക്കാന്‍.

തണുപ്പു കാലമാകുന്നതോടെ ചുണ്ട് വരണ്ട് പൊട്ടുവാന്‍ സാധ്യതയുണ്ട്. ഇത് ചിരിയുടെ അഴകുമാത്രമല്ല, മുഖത്തിന്റെ ശ്രീ കൂടി നഷ്ടപ്പെടുത്തും.

സിഗരറ്റുവലിക്കുന്നതും പാന്‍മസാല പോലുള്ളവ ഉപയോഗിക്കുന്നതും ഉമിനീരുകൊണ്ട് ചുണ്ട് നനയ്ക്കുന്നതും ചുണ്ടിന്റെ ഭംഗി നഷ്ടപ്പെടുത്തും.

ഉപയോഗിക്കുന്ന കോസ്‌മെറ്റിക്കുകളുടെ നിലവാരം ഉറപ്പു വരുത്തുക. ക്വാളിറ്റി കുറഞ്ഞ ലിപ്സ്റ്റിക്കും ലിപ്‌ഗ്ലോസും ചുണ്ടിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തും. ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങള്‍ ഒഴിവാക്കാം.


* വാസലീനോ നെയ്യോ പുരട്ടുന്നത് ചുണ്ട് മൃദുവായിരിക്കാന്‍ സഹായിക്കും.
* ലിപ് ബാം കൈയില്‍ കരുതണം. ചുണ്ട് വരണ്ടുപോകുന്നുവെന്നു തോന്നുന്ന സമയത്ത് ലിപ് ബാം ഉപയോഗിക്കാം.
* ദിവസവും 8/10 ഗ്ലാസ് വെള്ളം കുടിച്ചാല്‍ ചുണ്ട് വരണ്ടു പോകാതിരിക്കും.
* ബീറ്റ്‌റുട്ട് മുറിച്ച് ചുണ്ടില്‍ ഉരസിയാല്‍ ചുണ്ടിന്റെ നിറം വര്‍ധിക്കും. ചുണ്ടിന്റെ സൗന്ദര്യവും സ്‌നിഗ്ധതയും നിലനിറുത്താനും ഇത് നല്ലതാണ്.
* വെള്ളരിക്കയും കാരറ്റും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
* ചുണ്ടിന്റെ കറുപ്പുനിറം മാറാന്‍ നാരങ്ങാനീര് ഉപയോഗിച്ച് മസാജ് ചെയ്യാം. തേന്‍ ഉപയോഗിച്ച് ആഴ്ചയിലൊരിക്കല്‍ മസാജ് ചെയ്യുന്നതും ചുണ്ടിന്റെ നിറം വര്‍ധിക്കാന്‍ സഹായിക്കും.
* ചുണ്ടിലെ മൃതകോശങ്ങള്‍ നീക്കാന്‍ ആഴ്ചയിലൊരിക്കല്‍ ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൃദുവായി ഉരയ്ക്കുക.
* ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം ചുണ്ടിന് കറുപ്പുനിറം ഉണ്ടാക്കും. ഇതൊഴിവാക്കുക.

സീമ