കൂര്‍ക്കംവലി ശ്രദ്ധിക്കണം
ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നത്, സാധാരണമാണ്. ഏതാണ്ട് 24 ശതമാനം പുരുഷന്മാരും 14 ശതമാനം സ്ത്രീകളും കൂര്‍ക്കം വലിക്കുന്നവരാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ നാലു ശതമാനത്തിന് ഈ കൂര്‍ക്കംവലി ഉറക്കത്തില്‍ ശ്വാസതടസം ഉണ്ടാക്കുന്ന ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ (ഒഎസ്എ) എന്ന രോഗത്തിന്റെ ഭാഗമായി കണ്ടുവരുന്നു. ഹൃദയത്തെയും ശ്വാസകോശങ്ങളേയും തലച്ചോറിനെയും സാരമായി ബാധിക്കുന്ന ഈ രോഗത്തിന്റെ ആദ്യ ലക്ഷണം കൂര്‍ക്കംവലിയാണ്. അതുകൊണ്ടു തന്നെ കൂര്‍ക്കംവലിയെ ഗൗരവമായി കണ്ട് അതു ഒഎസ്എ അല്ല എന്ന് വിദഗ്ധ പരിശോധനയിലൂടെ ഉറപ്പുവരുത്തണം.

കൂര്‍ക്കംവലി എങ്ങനെ ഉണ്ടാകുന്നു?

നാം ഉറങ്ങുമ്പോള്‍, ശരീരത്തിലെ മറ്റ് എല്ലാ പേശികളുടെയും പോലെ, നമ്മുടെ ശ്വസനപാതയിലെ പേശികളും അയഞ്ഞു തുടങ്ങും. അപ്പോള്‍ നാം ശ്വാസം വലിക്കുമ്പോള്‍, ശ്വസന പാതയില്‍ ഉണ്ടാകുന്ന ന്യൂനമര്‍ദം മൂലം, അയഞ്ഞ പേശികള്‍ ഉള്ളിലേക്ക് വലിയുന്നു. കൂര്‍ക്കംവലിക്കുന്ന വ്യക്തികളില്‍ ഇപ്രകാരം, കുറുനാക്കിലെയും, നാക്കിന്റെ പിന്‍ഭാഗത്തുള്ള പേശികളും ക്രമാതീതമായി അയയുന്നതു മൂലം, ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍, ഈ അയഞ്ഞ പേശികള്‍ പ്രകമ്പനം കൊള്ളുകയും, കൂര്‍ക്കംവലിയുടെ ശബ്ദം ഉണ്ടാവുകയും ചെയ്യുന്നു. ആണുങ്ങളിലും, മുതിര്‍ന്നവരിലും മദ്യപാനികളിലും വണ്ണമുള്ളവരിലും ഇപ്രകാരം കൂര്‍ക്കംവലിക്കാനുള്ള പ്രവണത കൂടുതലായി കാണുന്നു.

കൂര്‍ക്കംവലിയും ശ്വാസതടസവും

കൂര്‍ക്കംവലിക്കുന്ന എല്ലാവര്‍ക്കും ശ്വാസതടസം ഉണ്ടാകുന്നില്ല. കൂര്‍ക്കംവലി ഒരു രോഗവുമല്ല. എന്നാല്‍ കൂര്‍ക്കം വലിക്കുന്ന ചിലരിലെങ്കിലും ഇതു ഒഎസ്എ എന്ന ഒരു ഗുരുതരമായ രോഗാവസ്ഥയുടെ ആദ്യ ലക്ഷണമാകാം. ഈ അവസ്ഥയില്‍ സംഭവിക്കുന്നത് ഇപ്രകാരമാണ്. ഉറക്കത്തിന്റെ ഏറ്റവും ആഴത്തിലെ ഘട്ടത്തില്‍ കൂര്‍ക്കംവലിയുടെ തോത് ക്രമേണ വര്‍ധിച്ചു വരികയും, അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ താല്‍ക്കാലികമായി ശ്വാസം നിലയ്ക്കുകയും ചെയ്യുന്നു. പിന്നീട് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുകയും, വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. ഇപ്രകാരം ശ്വാസം നിലയ്ക്കുന്ന അവസ്ഥയെ അപ്‌നിയ എന്നു വിശേഷിപ്പിക്കുന്നു. ഈ അവസരത്തില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയും. ഈ രീതിയില്‍ ഉറങ്ങുന്ന സമയത്ത്, മണിക്കൂറില്‍ 5 40 പ്രാവശ്യം വരെ ഈ പ്രക്രിയ ആവര്‍ത്തിക്കപ്പെടുന്നു. ഉറക്കത്തിലെ ശ്വാസതടസം മൂന്നുതരമായി വേര്‍തിരിക്കാം.

1. സെന്‍ട്രല്‍ സ്ലീപ് അപ്‌നിയ
ഇതു തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ മൂലം ഉണ്ടാകുന്നു. ശ്വാസോച്ഛ്വാസത്തിന്റെ നിയന്ത്രണം ഇല്ലാതാകുന്ന ഈ അവസ്ഥയില്‍ ശ്വാസം വലിക്കുവാനുള്ള ശ്രമം പോലും പലപ്പോഴും ഇല്ലാതാകുന്നു.
2. ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ
മൂക്കിലെയും തൊണ്ടയിലെയും അസുഖങ്ങള്‍ മൂലം ഉണ്ടാകുന്ന ഉറക്കത്തിലെ ശ്വാസതടസം. ഇതില്‍ ശ്വാസം എടുക്കുവാനുള്ള ശ്രമം തുടരുന്നു. പിന്നീട് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുന്നു.
3. മിക്‌സ്ഡ് സ്ലീപ് അപ്‌നിയ
ഉറക്കത്തിന്റെ തുടക്കത്തില്‍ ശ്വാസം എടുക്കുവാനുള്ള ശ്രമമുണ്ടാകുന്നില്ലെങ്കിലും, പിന്നീട് ഈ ശ്രമം തുടരുകയും ഒരു ഞെലോടെ ശ്വാസനാളം തുറക്കുകയും ചെയ്യുന്നു.

ഒഎസ്എയുടെ ലക്ഷണങ്ങള്‍

കൂര്‍ക്കംവലിയും ഉറക്കത്തിലെ ശ്വാസതടസവും കൂടാതെ താഴെ പറയുന്ന രോഗലക്ഷണങ്ങളും കണ്ടുവരാറുണ്ട്.
* പകലുറക്കം
* പലപ്പോഴും രോഗി ഇരുന്നു ജോലിചെയ്യുമ്പോഴോ, ടിവി കാണുമ്പോഴോ, വാഹനം ഓടിക്കുമ്പോഴോ എന്തിനു സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും ഉറങ്ങിപ്പോകാറുണ്ട്.
* രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദന
* പെരുമാറ്റത്തിലെ മാറ്റങ്ങള്‍, പെട്ടെന്ന് ദേഷ്യം വരിക
* ഓര്‍മ്മക്കുറവ്, കൃത്യനിര്‍വഹണത്തിലെ ശ്രമക്കുറവ്.
* ഉറക്കത്തില്‍ അറിയാതെ കൈ കാലുകള്‍ ചലിപ്പിക്കുക.
* രാത്രി പലപ്രാവശ്യം മൂത്രം ഒഴിക്കുവാന്‍ എഴുന്നേല്‍ക്കുക.
* രക്താദിസമ്മര്‍ദ്ദം, ശ്വാസകോശങ്ങളുടെയും, ഹൃദയത്തിന്റെയും പ്രവര്‍ത്തന പരാജയം, പെെട്ടന്ന് ഉണ്ടാകുന്ന നെഞ്ചുവേദന.

ഒഎസ്എ ഉണ്ടാകുവാനുള്ള കാരണങ്ങള്‍

1. അമിതവണ്ണമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. നുടെ വണ്ണം അമിതമാണോയെന്ന് അറിയാനുള്ള ഒരു ഫോര്‍മുല താഴെ പറയുന്നു. നമ്മുടെ ഭാരത്തെ (കിലോഗ്രാമില്‍) നമ്മുടെ പൊക്കം (മീറ്ററില്‍) കൊണ്ടു രണ്ടു പ്രാവശ്യം ഹരിക്കുക. പുരുഷന്മാരില്‍ ഇതു 27.8 നും സ്ത്രീകളില്‍ 27.3 നും മുകളിലാണെങ്കില്‍ ഇതു പൊണ്ണത്തടിയുടെ ലക്ഷണമാണ്.
ഉദാഹരണത്തിന് 170 സെ.മീ പൊക്കമുള്ള ഒരു പുരുഷന്റെ ഭാരം 95 കിലോഗ്രാം ആണെങ്കില്‍ അയാളുടെ (ബിഎംഐ = 95/17ഃ1.7) =32.8 ആയിരിക്കും. ഇത് വളരെ കൂടുതലാണ്.
2. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവ്
3. മദ്യം കഴിക്കുമ്പോള്‍ സാധാരണ കൂര്‍ക്കം വലിക്കാത്തവര്‍ കൂര്‍ക്കം വലിക്കുകയും, കൂര്‍ക്കം വലിക്കുന്നവര്‍ക്ക്, ഉറക്കത്തില്‍ ശ്വാസതടസം അനുഭവപ്പെടാനുള്ള സാധ്യത ഏറുകയും ചെയ്യുന്നു.
4. മൂക്കിലെ രോഗങ്ങള്‍ മൂക്കിന്റെ പാലത്തിനുള്ള വളവ്, മൂക്കിലുണ്ടാകുന്ന ദശ വളര്‍ച്ച.
5. തൊണ്ടയിലെ രോഗങ്ങള്‍ കുട്ടികളില്‍ തൊണ്ടയിലെ ടോണ്‍സിലിന്റെയും മൂക്കിനു പിന്നില്‍ സ്ഥിതി ചെയ്യുന്ന ടോണ്‍സിലായ അഡിനോയ്‌സിന്റെയും അമിതമായ വളര്‍ച്ച. മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന മുഴകള്‍, നാക്കിന്റെ പിന്‍ഭാഗത്തെ കട്ടി കൂട്ടുന്ന രോഗങ്ങള്‍.
6. ജന്മനാ വായിന്റെയും തൊണ്ടയുടെയും ആകൃതിയിലും വിസ്തൃതിയിലും കുറവുണ്ടാകുന്ന അവസ്ഥകള്‍.

പരിശോധനകള്‍

സാധാരണ കൂര്‍ക്കംവലിയെയും ഒഎസ്എയും വേര്‍തിരിക്കുവാനുള്ള ഒരു സുപ്രധാന പരിശോധനയാണ് പോളിസോംനൊഗ്രഫി. ഉറക്കത്തില്‍ മാത്രം സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഉറക്കത്തില്‍ മാത്രമെ പരിശോധിക്കുവാനും മനസിലാക്കുവാനും സാധിക്കൂ. ആയതിനാല്‍ പലപ്പോഴും ഈ പരിശോധന സ്ലീപ് ലാബ് ഉള്ള ഏതെങ്കിലും ആശുപത്രികളില്‍ മാത്രമെ സാധിക്കാറുള്ളു. രോഗി ഉറങ്ങുമ്പോഴോ മരുന്നുകള്‍ ഉപയോഗിച്ചു രോഗിയെ ഉറക്കിയതിനുശേഷമോ മാത്രമേ ഈ പരിശോധന ചെയ്യുവാന്‍ സാധിക്കൂ. എന്നാല്‍ ഈ പരിശോധനയുടെ ഒരു ലളിതമായ രൂപം ഇപ്പോള്‍ വീട്ടില്‍ വച്ചു തന്നെ നടത്തുവാന്‍ സാധിക്കും. ഇതിനായി രോഗിയുടെ ശരീരത്തില്‍ പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിക്കുകയും രോഗി ഉറങ്ങുമ്പോള്‍ അവ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍/ വ്യതിയാനങ്ങള്‍ റിക്കാര്‍ഡ് ചെയ്യുകയും ചെയ്യുന്നു. ഇതില്‍ പ്രധാനമായും റിക്കാര്‍ഡ് ചെയ്യപ്പെടുന്നത് ഹൃദയമിടിപ്പിന്റെ ഗതിയും താളവും അറിയുവാന്‍ സഹായിക്കുന്ന ഇസിജി, തലച്ചോറില്‍ നിന്നും ഉണ്ടാകുന്ന വൈദ്യുത തരംഗങ്ങള്‍ റിക്കാര്‍ഡ് ചെയ്യുന്ന ഇഇസി, പേശികളിലെ തരംഗങ്ങള്‍ റിക്കാര്‍ഡ് ചെയ്യുന്ന ഇഎംജി, രക്തത്തിലെ ഓക്‌സിജന്റെ അളവ് അറിയുവാനുള്ള പള്‍സ് ഓക്‌സിമെട്രി ( നെഞ്ചിന്റെയും വയറിന്റെയും ചലനങ്ങള്‍ അളക്കുവാനുള്ള സംവിധാനം, ശ്വാസനപാതയില്‍ ഉണ്ടാകുന്ന മര്‍ദം അളക്കുവാനുള്ള സംവിധാനം എന്നിവയും ഉള്‍പ്പെടുന്നു. ഈ ഉപകരണങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് കൂര്‍ക്കം വലിക്കുന്ന ഒരു രോഗിക്ക് സ്ലീപ് അപ്‌നിയ ഉണ്ടോ എന്നും, ഉണ്ടെങ്കില്‍ അതിന്റെ കാഠിന്യം എത്രയെന്നും കൃത്യമായി മനസിലാക്കുവാന്‍ സാധിക്കും.
മറ്റു പരിശോധനകള്‍

1. പോളിസോമോണോഗ്രാഫി കൂടാതെ, ശ്വസനപാതയില്‍ തടസം, ഏതു തലത്തിലാണെന്ന് അറിയുവാനുള്ള മൂക്കിലെയും തൊണ്ടയിലെയും എന്‍ഡോസ്‌കോപ്പി പരിശോധന തികച്ചും അനിവാര്യമാണ്. ഉറക്കത്തിലോ, ഉണര്‍ന്നിരിക്കുന്ന അവസരത്തിലോ, രോഗിയുടെ മൂക്കും തൊണ്ടയും മരവിപ്പിച്ച് ഒരു കുഴല്‍ മൂക്കിലൂടെ കടത്തിവിടുമ്പോള്‍, അതില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ വഴി, ഉള്ളിലെ ദൃശ്യങ്ങള്‍ തത്സമയം പുറത്തുള്ള മോണിറ്ററില്‍ കാണുവാന്‍ സാധിക്കും. മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന ദശവളര്‍ച്ച, മുഴകള്‍ എന്നിവ കൂടാതെ ശ്വസനപാതയിലെ ഓരോ ഭാഗത്തെയും വലുപ്പത്തെക്കുറിച്ച് ഇതുവഴി മനസിലാക്കാന്‍ സാധിക്കും. വലിപ്പം കുറയുന്ന ഭാഗത്ത് ഉറങ്ങുമ്പോള്‍ തടസം ഉണ്ടാകുവാനുള്ള സാധ്യത ഏറുന്നു.

2. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അറിയുവാനുള്ള പരിശോധന, നെഞ്ചിന്റെ എക്‌സ്‌റേ, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അറിയുവാനുള്ള പരിശോധന, മൂക്കിന്റെയും തൊണ്ടയുടെയും എക്‌സ്‌റേ, സിടി സ്‌കാന്‍, ഫ്‌ളുറോസ്‌കോപ്പി, മാനോമെട്രി എന്നീ പരിശോധനകളും ചിലപ്പോള്‍ വേണ്ടിവരാറുണ്ട്.

ചികിത്സ വേണോ?

ഒഎസ്എ എന്ന രോഗം യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ അതു പിന്നീട് രക്താദിസമ്മര്‍ദ്ദത്തിനും, ഹൃദയാഘാതത്തിനും, ശ്വാസകോശങ്ങളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടിനും കാരണമാകും. ഇത്തരം രോഗികള്‍ വണ്ടി ഓടിക്കുമ്പോഴും ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോഴും ഉറങ്ങിപ്പോകാനുള്ള സാധ്യത ഉള്ളതുകൊണ്ട് ഇതു പലതരം അപകടങ്ങള്‍ക്കും കാരണം ആയിത്തീരാറുണ്ട്.

ചികിത്സാരീതികള്‍

* അമിതഭാരം കുറയ്ക്കുകയും മദ്യപാനശീലം ഒഴിവാക്കുകയും ചെയ്യുക എന്നത് ചികിത്സയുടെ ഒരു പ്രധാന ഭാഗമാണ്. പലര്‍ക്കും ഭാരം കുറയുന്നതോടെ കൂര്‍ക്കം വലിയുടെ തോത് ഗണ്യമായി കുറയുന്നതായി കാണുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനകുറവുള്ളവര്‍ക്ക് അതിനുള്ള ചികിത്സ നല്‍കുമ്പോള്‍ വളരെയേറെ ആശ്വാസം ലഭിക്കുന്നതാണ്. പ്രാരംഭഘട്ടത്തില്‍ ചില മരുന്നുകള്‍ കൊണ്ടും ഈ രോഗത്തെ ചികിത്സിക്കാവുന്നതാണ്.

* എന്നാല്‍ പലപ്പോഴും മേല്‍പറഞ്ഞ പൊതുവായ ചികിത്സാരീതികള്‍ പരാജയപ്പെടുമ്പോള്‍ ഉറക്കത്തില്‍ ശ്വാസതടസം ഒഴിവാക്കുവാനുള്ള ചില പ്രത്യേക ഉപകരണങ്ങളുടെ സഹായം രോഗിക്ക് ആവശ്യമായി വരാറുണ്ട്.

ഉദാഹരണത്തിന്

Tongue Retaining Device
ഉറങ്ങുമ്പോള്‍ നാക്ക് ക്രമാതീതമായി പിന്നോട് വലിഞ്ഞ് ശ്വാസതടസം ഉണ്ടാകുന്ന രോഗികളില്‍ നാക്ക് ഈ ഉപകരണത്തിന്റെ സഹായത്തോടെ പിന്നോ് വലിയുന്നത് തടയുവാനും ശ്വാസതടസം ഒഴിവാക്കുവാനും സാധിക്കും.

Mandibular Positioning Device
ഉറങ്ങുമ്പോള്‍ ഈ ഉപകരണം കീഴ്ത്താടി മുന്നോട്ട് വലിച്ച് തൊണ്ടയില്‍ ഉണ്ടാകുന്ന തടസം ഒഴിവാക്കാന്‍ സഹായിക്കുന്നു.

CPAP

രോഗി ഉറങ്ങുമ്പോള്‍, മൂക്കിന്മേല്‍ ഘടിപ്പിക്കുന്ന ഒരു മാസ്‌കിലൂടെ ശുദ്ധവായു തുടര്‍ച്ചയായി മൂക്കിലൂടെ പമ്പു ചെയ്യുവാന്‍ ഈ ഉപകരണം ഉപയോഗിക്കുന്നു. ഇങ്ങനെ പമ്പു ചെയ്യപ്പെടുന്ന വായുവിന്റെ മര്‍ദ്ദത്താല്‍ ശ്വസനപാതയിലൂടെ ഭിത്തികള്‍ ഉള്‍വലിയുന്നത് തടയുവാനും അതുവഴി ശ്വാസതടസം ഒഴിവാക്കുവാനും സാധിക്കും. ഛടഅ ഉള്ള 99 ശതമാനം രോഗികളിലും ഈ ചികിത്സ ഫലപ്രദമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
നിര്‍ഭാഗ്യവശാല്‍ മേല്‍ വിവരിച്ച ചികിത്സാരീതികളോട് പ്രതികരിക്കാത്ത അപൂര്‍വം രോഗികളില്‍ ചില ശസ്ത്രക്രിയകള്‍ വേണ്ടി വന്നേക്കാം.

1. മൂക്കിന്റെ പാലം നേരെയാക്കാനുള്ള ശസ്ത്രക്രിയ (Septoplasty)
2. മൂക്കിലെയും തൊണ്ടയിലെയും മുഴകളും ദശകളും നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയ.
3. ക്രമാതീതമായി വളരുന്ന ടോണ്‍സില്‍, അഡിനോയ്ഡ് എന്നിവ നീക്കംചെയ്യുവാനുള്ള ശസ്ത്രക്രിയ.
4.Uvulopalato Pharyngoplasty (UPP)4.

നമ്മുടെ വായയ്ക്കും മൂക്കിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന പാലറ്റിന്റെ കട്ടി കുറയ്ക്കുന്നതോടൊപ്പം ഈ ശസ്ത്രക്രിയയില്‍ ടോണ്‍സിലുകള്‍ കൂടി നീക്കംചെയ്യുന്നു. ഇതുവഴി തൊണ്ടയിലെ ഈ സുപ്രധാനമായ ഭാഗത്ത് ഉണ്ടാകുന്ന തടസം ഗണ്യമായി കുറയുന്നു, ലേസര്‍/ കോബ്ലേറ്റര്‍ എന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചും ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്.

5. Mirline Laser Glossectomy
ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് നാക്കിന്റെ പിന്‍ഭാഗത്തെ കട്ടി കുറയ്ക്കുന്നു എന്നതാണ് ഈ ശസ്ത്രക്രിയയുടെ പ്രത്യേകത.

6. Maxillo Facial Surgery
അപൂര്‍മായി ചില രോഗികള്‍ക്ക് മേല്‍ത്താടിയുടെയും കീഴ്ത്താടിയുടെയും ഘടനാപരമായ സവിശേഷതകള്‍ കൊണ്ട് തൊണ്ടയുടെ വലുപ്പം വളരെയധികം ചുരുങ്ങിപ്പോകാറുണ്ട്. ഇത്തരം രോഗികളില്‍ തൊണ്ടയുടെ വലുപ്പം കൂടുവാനും ഉറക്കത്തിലെ ശ്വാസതടസം ഒഴിവാക്കുവാനും വിവിധതരം ശസ്ത്രക്രിയകള്‍ അനിവാര്യമായി വന്നേക്കാം.

7. Tracheostomy
മറ്റെല്ലാ ചികിത്സാ മാര്‍ഗങ്ങളും പരാജയപ്പെടുമ്പോള്‍ മാത്രം ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണിത്. കഴുത്തില്‍ ഉണ്ടാക്കുന്ന ഒരു മുറിവിലൂടെ ശ്വാസക്കുഴലിലേക്ക് നേരി് ഒരു ട്യൂബ് ഇറക്കുന്നു. അങ്ങനെ തൊണ്ടയില്‍ ഉണ്ടാകുന്ന തടസത്തെ ബൈപാസ് ചെയ്ത് ഈ ട്യൂബ് വഴി ശ്വസിക്കുന്ന വായു നേരിട്ട് ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നു. രോഗിക്ക് സംസാരശേഷി നഷ്ടപ്പെടും എന്നതാണ് ഈ ശസ്ത്രക്രിയയുടെ ഒരു വലിയ പോരായ്മ. പക്ഷേ, ഇപ്പോള്‍ ഈ ട്യൂബിലൂടെ സംസാരിക്കാവുന്ന പലതരം സ്പീക്കിംഗ് വാല്‍വുകള്‍ ലഭ്യമാണ്. ഒഎസ്എയില്‍ നിന്നും 100 ശതമാനം ആശ്വാസം നല്‍കുന്ന ഒരേ ഒരു ശസ്ത്രക്രിയയാണിത്.

ഒബ്‌സ്ട്രക്ടിവ് സ്ലീപ് അപ്നിയ എന്നത് കൂര്‍ക്കംവലിക്കുന്നവരില്‍ കാണുന്ന ഒരു ഗുരുതരമായ രോഗാവസ്ഥയാണ്. മനസിലാക്കി അതിനുള്ള ചികിത്സ യഥാസമയം ചെയ്യേണ്ടതാണ്. എല്ലാ കൂര്‍ക്കം വലിയും ഒഎസ്എ അല്ല. കൃത്യമായ പരിശോധനകളിലൂടെ മാത്രമെ, ഹൃദയത്തെയും തലച്ചോറിനെയും സാരമായി ബാധിക്കുന്ന ഈ രോഗം കണ്ടുപിടിക്കാനാകൂ.