സിജിതയുടെ കാവ്യലോകം
പ്രശാന്തതയില്‍ ഓര്‍ത്തെടുക്കുന്നള്ള തീവ്രവികാരങ്ങളാണ് കവിതകള്‍ എന്നാണ് വില്യം വേഡ്‌സ്‌വര്‍ത്ത് കവിതയ്ക്ക് നല്‍കിയ നിര്‍വചനം. ഓരോ സ്ത്രീയിലും ഒരു സാഹിത്യകാരി ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍ കുടുംബവും പ്രാരാബ്ധങ്ങളുമൊക്കെയാകുമ്പോള്‍ തങ്ങളുടെ ഉള്ളിലെ വികാരങ്ങള്‍ അക്ഷരങ്ങളാക്കാനുള്ള പ്രശാന്തത കണ്ടെത്താന്‍ അവര്‍ക്ക് കഴിയാതെ പോകുന്നു. എഴുതാന്‍ ഉള്‍വിളി ഉണ്ടായിരുന്നിട്ടും ആ എഴുത്തിനെ വെളിച്ചം കടന്നുചെല്ലാത്ത ഒരു പെട്ടിയുടെ ഉള്ളിലേക്കോ ചിതലരിക്കുന്ന തട്ടിന്‍പുറങ്ങളിലേക്കോ വലിച്ചെറിയുന്ന സ്ത്രീകള്‍ക്ക് മാറ്റത്തിനു മാതൃകയാവുകയാണ് സിജിത അനില്‍. രണ്ടു പുസ്തകങ്ങള്‍കൊണ്ടുതന്നെ ആരാധകരെ നേടിയ ഈ വീട്ടമ്മയെ പരിചയപ്പെടാം...

കുട്ടിക്കാലം മുതലേ എഴുത്തിനോട് പ്രണയം

എറണാകുളം ജില്ലയിലെ കോതമംഗലത്താണ് സിജിത ജനിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ എഴുത്തിനോട് താത്പര്യമുണ്ടായിരുന്നു. സ്‌കൂളില്‍നിന്ന് ലഭിച്ച സമ്മാനങ്ങളാണ് സിജിതയിലെ എഴുത്തുകാരിക്ക് പ്രോത്സാഹനമായത്. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ പഠിക്കുമ്പോഴും എഴുത്തു തുടര്‍ന്നു. ഹോസ്റ്റല്‍ ജീവിതം കൂടുതല്‍ എഴുതാന്‍ സഹായിച്ചു. എന്നാല്‍ അന്നൊന്നും താന്‍ കുത്തിക്കുറിച്ചുവച്ച കഥകളും കവിതകളും പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി ചിന്തിച്ചിേട്ടയില്ലായിരുന്നു. പഠനത്തിനിടയില്‍ കല്യാണം വന്നു. കുടുംബിനിയായതോടെ എഴുത്തില്‍ ഒരിടവേളയുണ്ടായി.

വഴിത്തിരിവായ ചതുര്‍ഭുജങ്ങള്‍

കല്യാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം സിജിത വീണ്ടും എഴുതാന്‍ തുടങ്ങി.അവ വായിച്ച സുഹൃത്തുക്കളാണ് ഒരു കഥാസമാഹാരമാക്കി മാറ്റാന്‍ നിര്‍ദേശിച്ചത്. ഒപ്പം കുടുംബത്തിന്റെ പിന്തുണകൂടിയായപ്പോള്‍ സിജിതയുടെ ആദ്യ കഥാസമാഹാരം പുറത്തിറങ്ങിചതുര്‍ഭുജങ്ങള്‍. ഇതിലെ കഥകള്‍ ഏറെ വായിക്കപ്പെെങ്കിലും അമ്മയുടെയും ഭാര്യയുടെയുമെല്ലാം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ തിരക്കില്‍ എഴുത്തിന് വീണ്ടും ബ്രേക്ക് നല്‍കി.


മകന്റെ സ്‌കൂള്‍ കൊണ്ടുവന്ന ഭാഗ്യം

മകനെ ഭരണങ്ങാനത്തെ സ്‌കൂളില്‍ ചേര്‍ത്ത സമയത്ത് അവിടത്തെ സിസ്‌റ്റേഴ്‌സാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു കഥാപ്രസംഗം തയാറാക്കാന്‍ സിജിതയോട് ആവശ്യപ്പെടുന്നത്. സഹനത്തിന്റെ പുത്രി എന്ന കഥാപ്രസംഗ സിഡി ചൂടപ്പംപോലെയാണ് വിറ്റുപോയത്. ഇതിനിടയില്‍ നിരവധി സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ സിജിതയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചു. ആത്മബലി എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചതോടെ നിരവധി അവാര്‍ഡുകള്‍ സിജിതയെ തേടിയെത്തി. ഇതിലെ ഒരു ആത്മബലി എന്ന കഥ സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. തന്റെ കവിതകളുടെ സമാഹാരമായ 'സൂര്യനെ പ്രണയിച്ച ഭൂമി'യുടെ പണിപ്പുരയിലാണ് സിജിത ഇപ്പോള്‍. തടിവ്യവസായിയായ അനില്‍ ജോസ് ഞൊണ്ടിമാക്കലാണ് സിജിതയുടെ ഭര്‍ത്താവ്. ആദിത്യ,അനവദ്യ, ആരാധ്യ എന്നിവര്‍ മക്കളാണ്.

അവാര്‍ഡുകള്‍

ഡോ.ബി. ആര്‍ അംബേദ്കര്‍ സാഹിത്യശ്രീ നാഷണല്‍ അവാര്‍ഡ്, ഭഗവാന്‍ ബുദ്ധ നാഷണല്‍ ഫെലോഷിപ്പ്, സ്ത്രീശക്തി പുരസ്‌കാരം, ദേവജ പുരസ്‌കാരം, നവോത്ഥാനശ്രേഷ്ഠ പുരസ്‌കാരം, പ്രഫസര്‍ ഹൃദയകുമാരി പുരസ്‌കാരം, നന്മ ജെ.സി ഡാനിയല്‍ പുരസ്‌കാരം, കാവാലം നാരായണപ്പണിക്കര്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ സിജിത ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു.

റോസ്‌മേരി ജോണ്‍