സര്‍വസുഗന്ധി, സമ്മിശ്രഗന്ധി
സ്പാനിഷ് സഞ്ചാരികള്‍ വളരെ യാദൃശ്ചികമായാണ് അതു കണ്ടത്, കുറച്ച് ആളുകള്‍ തങ്ങള്‍ കഴിക്കുന്ന പരമ്പരാഗത ഭക്ഷണത്തിലേക്കും ചോക്‌ളേറ്റിലേക്കും ചെറിയ കറുത്ത ഒരുതരം കായ്കള്‍ ചേര്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡിസിലേക്കും മധ്യ അമേരിക്കയിലേക്കും നടത്തുന്ന സാഹസികയാത്രക്കിടയിലാണ് ഇത് സ്പാനിഷ് സഞ്ചാരികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തിരക്കിയപ്പോഴാണ് അവര്‍ക്ക് അതിന്റെ രഹസ്യം മനസിലാകുന്നത്. ഭക്ഷണത്തിന് ചൂടും എരിവും നല്‍കാന്‍ വേണ്ടിയാണത്രെ ആ കറുത്ത കായ്കള്‍ ചേര്‍ക്കുന്നത്. അങ്ങനെയാണ് ആ കറുത്ത കായകള്‍ക്ക് അവര്‍ കുരുമുളക് എന്നയര്‍ഥത്തില്‍ പെപ്പര്‍ എന്നു പേര് നല്‍കിയത്. തുടര്‍ന്ന് തങ്ങളുടെ ഭാഷയില്‍ കുരുമുളകിന് പറയുന്ന 'പിമെന്റോ' എന്ന പേരും അവര്‍ ആ കായ്കള്‍ക്ക് നല്കി. 1686 ല്‍ ബ്രിട്ടീഷ് പ്രകൃതിശാത്രജ്ഞനായിരുന്ന ജോണ്‍ റേ ആണ് തന്റെ 'ഹിസ്റ്റോറിക്ക പ്ലാന്റിറം' എന്ന ബൃഹദ് ഗ്രന്ഥത്തില്‍ ഈ കറുത്ത കായമണികള്‍ക്ക് 'സ്വീറ്റ് സെന്റഡ് ജമൈക്കന്‍ പെപ്പര്‍' എന്ന പേരു നല്‍കിയത്. നിരവധി ഭക്ഷ്യവിഭവങ്ങളില്‍ ഉപയോഗിക്കാം എന്നതിനാല്‍ ഇതിനു പുറമേ ഓള്‍ സ്‌പൈസ് എന്നും പേരിട്ടു. കുരുമുളക്, ഗ്രാമ്പൂ, ജാതി, കറുവ തുടങ്ങി വിവിധ സുഗന്ധ വിളകളുടെ സ്വാദും സുഗന്ധവും സമ്മിശ്രമായി കലര്‍ന്നതിനാലാണ് ഇതിനെ 'ഓള്‍സ്‌പൈസ്' എന്നു വിശേഷിപ്പിച്ചത്.

അമേരിക്ക കണ്ടെത്തിയ ക്രിസ്റ്റഫര്‍ കൊളംബസ് തന്റെ രണ്ടാമത്തെ യാത്രക്കിടയില്‍ കരീബിയന്‍ പ്രദേശത്തുവച്ചാണ് ഓള്‍ സ്‌പൈസ് കണ്ടെത്തിയതെന്നും ചരിത്രം പറയുന്നു. യഥാര്‍ഥ കുരുമുളകിന്റെ ചരിത്രം അറിഞ്ഞ് ഹരം കയറിയ കൊളംബസ് ആദ്യമായി ഓള്‍സ്‌പൈസ് കണ്ടപ്പോള്‍ അത് കുരുമുളകാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. യഥാര്‍ഥ കുരുമുളക് കൊളംബസ് അന്നോളം കണ്ടിട്ടുമുണ്ടായിരുന്നില്ല.

പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുതന്നെ ലാറ്റിന്‍ അമേരിക്കയിലെ മായന്മാര്‍ ഓള്‍സ്‌പൈസ് ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക് സ്വാദും സുഗന്ധവും നല്‍കാന്‍ ഉപയോഗിച്ചിരുന്നു. കൂടാതെ മൃതശരീരങ്ങള്‍ സുഗന്ധ തൈലങ്ങള്‍ പൂശി കേടാകാതെ സൂക്ഷിക്കുന്നതിലും ഓള്‍സ്‌പൈസ് പ്രധാന ചേരുവയായിരുന്നു. പ്രാചീന മെക്‌സിക്കോയിലെ അസ്‌ടെക്ക് വര്‍ഗക്കാരാകട്ടെ പ്രധാനമായും തങ്ങളുടെ ചോക്ലേറ്റ് പാനീയത്തിന് സുഗ ന്ധം നല്‍കാനാണ് ഓള്‍സ് പൈസ് ഉപയോഗിച്ചത്. 1601 മുത ല്‍ തന്നെ ഇത് ഏലത്തിനു പകരക്കാരന്‍ എന്ന നിലയ്ക്ക് യൂറോപ്പില്‍ നിന്ന് കയറ്റി അയച്ചിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍ ഓള്‍സ് പൈസിന്റെ കമ്പുകള്‍ കൊണ്ടു തീര്‍ത്ത കുട ഉപയോഗിക്കുന്ന തും വാക്കിംഗ് സ്റ്റിക്ക് എടുക്കുന്നതും ഒക്കെ ആളുകള്‍ക്കിടയില്‍ ഹരമായിമാറി. യഥാര്‍ഥത്തില്‍ കരീബിയന്‍ ദ്വീപുകളാണ് ഓള്‍ സ്‌പൈസിന്റെ ജന്മസ്ഥലം. ഇവിടെ നിന്ന് ഒരു പരിധിവരെ ഇത് ക്യൂബ ഉള്‍പ്പെടെയുള്ള ഇതര ദേശങ്ങളിലേക്ക് എത്തിച്ചത് ഇതിന്റെ കായ്കള്‍ സ്വാദോ ടെ ഭക്ഷിച്ച ദേശാടനക്കിളികളായിരുന്നു. പില്‍ക്കാലത്ത് മെക്‌സിക്കോയിലും ഇത് പ്രചരിപ്പിച്ചുവെങ്കിലും ഓള്‍സ്‌പൈസ് കൃഷിയിലും ഉത്പാദനത്തിലും മുമ്പന്തിയില്‍ നില്‍ക്കുന്നത് ജമൈക്കാ തന്നെയാണ്. കാരണം 1509-ല്‍ ആദ്യമായി ഓള്‍സ്‌പൈസ് മരം കണ്ടെത്തിയതിനുശേഷം തുടര്‍ച്ചയായി ഓള്‍സ്‌പൈസ് ഉത്പാദനത്തില്‍ മുന്നില്‍ നിന്നത് ജമൈക്ക ആയിരുന്നു.

സസ്യപരിചയം

കുരുമുളക്, കുരുമുളകുമണി എന്നെല്ലാം അര്‍ഥമുള്ള 'പിമിയെന്റ'എന്ന സ്പാനിഷ് പദത്തില്‍ നിന്നാണ് 'പിമെന്റോയുടെ' പിറവി. ഇംഗ്ലീഷുകാര്‍ ഈ മരത്തെ പിമെന്റോ എന്നും മണികളെ ഓള്‍സ്‌പൈസ് എന്നും വിളിക്കുന്നു. ഒരിക്കല്‍ ഡച്ചുകാരും പോര്‍ച്ചുഗീസുകാരും അധിവസിച്ചിരുന്ന പശ്ചിമഘട്ടത്തിലെ ചില പ്രദേശങ്ങളിലും ഓള്‍സ്‌പൈസ് വളരുന്നുണ്ട്.

നിത്യഹരിത സുഗന്ധവൃക്ഷമാണ് ഓള്‍സ്‌പൈസ്. ഇടത്തരം വലിപ്പം എട്ടു മുതല്‍ 10 മീറ്റര്‍ വരെ ഉയരം. നിവര്‍നം വളരുന്ന സ്വഭാവം. പുറംതൊലിക്ക് ചാരനിറം ആണ്‍-പെണ്‍ വൃക്ഷങ്ങള്‍ കാ ഴ്ചക്ക് സമാനമാണ്. പുഷ്പിക്കുമ്പോള്‍ മാത്രമേ ഇത് ഒരുവേള തിരിച്ചറിയാന്‍ കഴിയൂ. മലയാളത്തിലും തമിഴിലും ഇത് സര്‍വസുഗന്ധി എന്ന പേരില്‍ പ്രസിദ്ധമാണ്. ഇതിന്റെ ഇലകള്‍ക്ക് തുകല്‍ പോലെ കട്ടിയുണ്ട്. സുഗന്ധവാഹിയുമാണ്. കായ്കള്‍ക്ക് പര്‍ പ്പിള്‍ കലര്‍ന്ന കറുപ്പു നിറം. കായ്കള്‍ ഉണക്കിയാണുപയോഗിക്കുക. ഒരു ഗ്രാം തൂങ്ങാന്‍ ഇത്തരത്തില്‍ 13 മുതല്‍ 14 വരെ കായ്കള്‍ വേണം. വളരുന്ന സ്ഥലസ്വഭാവം വിളവെടുക്കുമ്പോഴും സംഭരിക്കുമ്പോഴുമുള്ള കായ്കളുടെ മൂപ്പ് എന്നിവയെ ആസ്പദമാക്കി സര്‍വസുഗന്ധിയുടെ ഗുണമേന്മയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും.

കൃഷിയറിവുകള്‍

വിത്തുപാകിയാണ് സര്‍വസുഗന്ധിയുടെ തൈകള്‍ മുളപ്പിക്കുക. പഴുത്ത കേടില്ലാത്ത കായ്കള്‍ വിളവെടുത്ത് പരമാവധി മൂന്നാ ഴ്ച വരെ സൂക്ഷിക്കാം. എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞാല്‍ വിത്തിന്റെ മുളയ്ക്കല്‍ ശേഷി കുറയും. ഒന്‍പതാഴ്ച കഴിഞ്ഞാല്‍ ഇത് പൂര്‍ ണമായും നശിക്കും. ഒരു മീറ്റര്‍ വീതിയിലും സൗകര്യപ്രദമായ നീളത്തിലും എടുക്കുന്ന തടങ്ങളില്‍ 15-20 സെന്റീമീറ്റര്‍ ഉയരത്തില്‍ വിത്തു പാകാം. ഇളകിയ മേല്‍മണ്ണും മണലും കലര്‍ത്തിയാണ് തടങ്ങള്‍ തയാറാക്കേണ്ടത്. പതിനഞ്ചു ദിവസമാകുമ്പോള്‍ വിത്തുകള്‍ മുളയ്ക്കും. ഇത് 40 മുതല്‍ 45 ദിവസം വരെ തുടരും തൈകള്‍ മൂന്നാഴ്ച കഴിഞ്ഞ് പോളിബാഗുകളിലേക്കു മാറ്റാം. ആറുമാസം വളര്‍ച്ചയെത്തിയ തൈകള്‍ ആറു മീറ്റര്‍ അകലത്തില്‍ നടാം. ഏഴു മുതല്‍ 10 വര്‍ഷ ത്തെ വളര്‍ച്ച മതി ചെടികള്‍ പുഷ്പിക്കാന്‍. മരത്തിന് 15-20 വര്‍ഷത്തെ വളര്‍ച്ചയാകുമ്പോഴാണ് മികച്ച വിളവു കിട്ടാന്‍ തുടങ്ങുക.

ഇതിനു പുറമെ കമ്പുകള്‍ മുറിച്ച് വേരുപിടിപ്പിക്കല്‍ ഹോര്‍മോണ്‍ പുരട്ടി നട്ടും വായുവില്‍ പതിവച്ചും അപ്രോ ച്ച് ഗ്രാഫ്റ്റിംഗ് വഴിയും സര്‍വസുഗന്ധിയില്‍ തൈകള്‍ ഉത്പാദിപ്പിക്കാം. ഐബിഎ, എന്‍എഎ പോലുള്ള വേരുപിടിപ്പിക്കല്‍ ഹോര്‍മോണുകള്‍ 2500 പിപി എം വീര്യത്തില്‍ കരിപ്പൊടിയുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് സര്‍വസുഗന്ധിയുടെ കമ്പുകളെ വേരുപിടിക്കാന്‍ ഉത്തേജിപ്പിക്കും.

ചില കണക്കുകള്‍

മെക്‌സിക്കോ, ജമൈക്ക, ഗ്വാട്ടിമല എന്നിവരാണ് സര്‍വസുഗന്ധി ഏറ്റവുമധികം ഉത്പാദിപ്പിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍. എന്നാല്‍ അമേരിക്ക, ജര്‍മ്മനി, യു. കെ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, കാന ഡ എന്നിവയാണ് സര്‍വസുഗന്ധി ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍.

അന്താരാഷ്ട്ര നിലവാരമനുസരിച്ച് സര്‍വസുഗന്ധിയുടെ കായ്ക്ക് ഇടത്തരം മുതല്‍ കടുത്ത ബ്രൗണ്‍ നിറം വരെയാകാം. ഒരു ഗ്രാം തുങ്ങാന്‍ 13 കായ്കള്‍ വേണം. ഇവയുടെ പുറം തോല്‍ മൃദു വും ഒരേ സ്വഭാവമുള്ളതും 6.5 മുതല്‍ .5 മില്ലിമീറ്റര്‍ വരെ വ്യാസമുള്ളതാകണം. കൂടാതെ ആസ്വാദ്യകരമായ ഒരു സുഗന്ധവും നിര്‍ബന്ധം.


സുഗന്ധവാഹിയായ കായ്കള്‍

ഉണങ്ങിയ സര്‍വസുഗന്ധി കായ് കളില്‍ സുഗന്ധതൈലം, റെസിന്‍, പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, വര്‍ണകങ്ങള്‍, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ മുതലായവ അടങ്ങിയിരിക്കുന്നു. ഫീനോളിക് സംയുക്തങ്ങളായ യുജിനോള്‍, ഐസോയുജിനോള്‍ എന്നിവയ്ക്കു പുറമെ സെസ്‌ക്വിടെര്‍വിന്‍ ഹൈ ഡ്രോകാര്‍ബണ്‍, ബീറ്റ കരിയോഫില്ലിന്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.

സര്‍വസുഗന്ധിയുടെ ഇലകളിലും കായ്കളിലും നിന്ന് തൈലമെടുക്കാം. ഇലകളില്‍ നിന്നെടുക്കുന്ന തൈലത്തിന് മഞ്ഞകലര്‍ന്ന ബ്രൗണ്‍ നിറവും ഗ്രാമ്പുവിനോട് സമാനമായ ഗന്ധവുമുണ്ട്. കായില്‍ നിന്നെടുക്കുന്ന തൈലത്തിന് ഇളം മഞ്ഞ നിറമാണ്. കുറച്ചുകൂടെ പുതുമയാര്‍ന്ന ഗന്ധമാണിതിന്റെ സവിശേഷത.

ആവിയില്‍ വാറ്റിയാണ് തൈലം വേര്‍തിരിക്കുന്നത്. തൈലം ദഹനസഹായിയാണ്. ശരീരത്തില്‍ പുരട്ടി വ്യാധികള്‍ അകറ്റാന്‍ ഉത്തമം. വാതം, കൈകാല്‍ കോച്ചല്‍, ചുമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗവാസ്ഥകള്‍ക്ക് പരിഹാരം.

ജയന്തനും സര്‍വസുഗന്ധിയും

ഇതര സുഗന്ധവിളഗകളെ പോ ലെ ഓള്‍സ്‌പൈസ് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തി വിജയം കൊയ്ത സംരംഭകര്‍ അധികമില്ല. എങ്കിലും ഇനിയും മടിച്ചു നില്‍ക്കുന്നവര്‍ക്കും ഇതിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാതൃകയാണ് വയനാട് ജില്ലയില്‍ മുട്ടില്‍ എന്ന സ്ഥലത്തെ കെ. ഡി. ജയന്തന്റെ സര്‍വസുഗന്ധിവിജയം. ഏതാണ്ട് മൂന്ന് നൂറ്റാണ്ടു മുമ്പ് കര്‍ണ്ണാടകത്തില്‍ നിന്ന് വയനാട്ടിലേക്ക് കുടി യേറിയ ജൈനമതപാരമ്പര്യമുള്ള കുടുംബത്തിലെ പിന്‍മുറക്കാരനാണ് ജയന്തന്‍ പരമ്പരാഗതമായി ലഭിച്ച 15 ഏക്കര്‍ സ്ഥലത്ത് കുരുമുളക്, കാപ്പി, അടയ്ക്ക തുടങ്ങിയ വിളകള്‍ സമുദ്ധമായി കൃഷി ചെയ്യുന്നു.

കുറേ നാള്‍ മുമ്പ് യാദൃശ്ചികമായി കണ്ടൊരു പരസ്യമാണ് ജയന്തനെ സര്‍വസുഗന്ധിയിലേക്കെത്തിക്കുന്നത്. എന്നതാണ് സര്‍വസുഗന്ധിയുടെ സാധ്യതകള്‍ എന്നു യാതൊരു ധാരണയുമില്ല. എന്തായാലും ഭാഗ്യം പരീക്ഷിക്കുക തന്നെ. അങ്ങനെയാണ് ജയന്തന്‍ വയനാട്ടിലെ മംഗലം കാര്‍പ്പ് എസ്റ്റേറ്റില്‍ നിന്ന് 200 ഗ്രാം പഴുത്ത സര്‍വസുഗന്ധിക്കായ്കള്‍ 1000 രൂപയ്ക്ക് വാങ്ങി തൈകള്‍ തയാറാക്കാന്‍ തുടങ്ങിയത്. ഇിതില്‍ നിന്ന് നല്ല തൈകള്‍ തെരഞ്ഞെടുത്ത് നിലവിലെ വിളകള്‍ക്കിടയില്‍ വീട്ടുവളപ്പില്‍ തന്നെ 7-8 മീറ്റര്‍ ഇടയകലത്തില്‍ നട്ടു.

കുറേ വര്‍ഷത്തെ കാര്‍ത്തിരിപ്പും പരിചരണവും. മരങ്ങള്‍ എല്ലാം ആറു മുതല്‍ 10 മീറ്റര്‍ വരെ ഉയരത്തിലെത്തി. ഇന്നിപ്പോള്‍ പൂര്‍ണവളര്‍ച്ചയെത്തിയ നൂറിലേറെ സര്‍വസുഗന്ധവൃക്ഷങ്ങള്‍ ജയന്തന്റെ തോട്ടത്തിലുണ്ട്. ജൈവകൃഷിരീതിയായതിനാല്‍ സമൃദ്ധമായി ജൈവവളങ്ങള്‍ നല്‍കിയിരുന്നു. യാതൊരു വിധ കീട-രോഗ ശല്യവുമില്ല. അതുകൊണ്ടു തന്നെ കീടനാശിനി പ്രയോഗത്തെക്കുറിച്ച് ആലോചിക്കേണ്ടിയും വന്നില്ല.

തുറസായ സ്ഥലത്ത് വളരാന്‍ ഇഷ്ടപ്പെടുന്ന വിളയാണ് സര്‍വസുഗന്ധി. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ 10-12 ദിവസം ഇടവിട്ട് തടം നനയോ തളിനനയോ നല്‍കിയാല്‍ മരങ്ങള്‍ ഒരുപോലെ പുഷ്പിക്കുകയും കായ്കള്‍ ഏതാണ്ട് ഒരേ സമയത്ത് പാകമാകുകയും ചെയ്യും.

മേയ് ആദ്യം കായ്കള്‍ വിളവെടുക്കാന്‍ തയാര്‍. 70-80 ശതമാനം മൂപ്പെത്തിയ പച്ചക്കായ്കളാണ് വിളവെടുക്കുക. സാധാരണയായി ഒരു കുലയില്‍ ഒന്നോ രണ്ടോ കായ്കള്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ വിളവെടുക്കാറായി എന്ന് മനസിലാക്കാം. സര്‍വസുഗന്ധിയുടെ കാര്യത്തില്‍ വിളവെടുപ്പു സമയത്തിന് പ്രത്യേക പ്രാധാന്യമുണ്ട് എന്നോര്‍ക്കുക.

മരത്തിന്റെ ചുവട്ടില്‍ വലിയ പായോ ഷീറ്റോ വിരിക്കണം. മരത്തിലേക്ക് ഏണി ചാരി അതില്‍ നിന്നുകൊണ്ടാണ് കൈകൊണ്ടുതന്നെ ചില്ലകളോടു ചേര്‍ത്ത് കുലകള്‍ പൊട്ടിക്കുക. ഒരാള്‍ക്ക് ഒരു ദിവസം 40 കിലോ വരെ കായ്കള്‍ വിളവെടുക്കാന്‍ സാധിക്കും. സാധാരണ ഒരു മരത്തില്‍ നിന്ന് ഒരു വിളവെടുപ്പു മാത്രമേ ഒരു വര്‍ഷം ഉണ്ടാകാറുള്ളു. അപൂര്‍വം ചില വൃക്ഷങ്ങള്‍ രണ്ടുതവണ വിളവ് തരാറുമുണ്ട്. ജയന്തന് തന്റെ തോട്ടത്തിലെ സര്‍വസുഗന്ധിവൃക്ഷങ്ങളില്‍ നിന്ന് ശരാശരി 130 കിലോ പച്ചക്കായ്കള്‍ കിട്ടാറുണ്ട്. ഒരു മരത്തില്‍ നിന്ന് 15 കിലോ വരെ പച്ചക്കായ്കളും.

കായ്കള്‍ വിളവെടുത്തയുടന്‍ ഉണക്കണം. അല്ലെങ്കില്‍ അവ അഴുകി മേന്മ കുറയും, വെയിലത്ത് പായില്‍ നിരത്തി ഉണക്കാം. മൂന്നു നാലു ദിവസം വെയിലത്തുണങ്ങിയാല്‍ 10-12 ശതമാനം വരെ ഈര്‍പ്പനിലയിലേക്കെത്തും. ഏലക്ക ഉണക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളുപയോഗിച്ച് 16 മണിക്കൂര്‍ നേരം കൊണ്ടും സര്‍വസുഗന്ധിയുടെ കായ്കള്‍ ഉണക്കാം. ഉണങ്ങിയ കുലകളില്‍ നിന്ന് കായ്കള്‍ വേര്‍പെടുത്തിയെടുക്കും.

സീസണ്‍ അനുസരിച്ച് കിലോ യ്ക്ക് 800 മുതല്‍ 1200 രൂപ വരെ നിരക്കിലാണ് കായ്കള്‍ വില്‍ക്കുന്നത്. തണ്ടോടുകൂടിയ കായ്കള്‍ക്ക് കിലോയ്ക്ക് 150 രൂപ നിരക്കിലാണ് വില. കായ്കള്‍ നന്നായുണങ്ങിക്കഴിഞ്ഞാല്‍ ഉടനെ വിറ്റു പോയില്ലെങ്കിലും കൈനഷ്ടം വരാറില്ല. ഗുണത്തില്‍ യാതൊരു കുറവും വരാതെ ഇത് രണ്ടുവര്‍ഷം വരെ സൂക്ഷിച്ചു വയ്ക്കാന്‍ കഴിയുന്നു. കൂടാതെ സര്‍വസുഗന്ധിയുടെ ഇലകള്‍ക്കും ഡിമാന്‍ഡുണ്ട്. പാതിയുണങ്ങിയ ഇലകള്‍ക്ക് കിലോയ്ക്ക് 70-80 രൂപ വരെ കിട്ടും.

വയനാട് സോഷ്യല്‍ സര്‍വീ സ് സൊസൈറ്റി കൂടാതെ പ്രാദേശികമായുള്ള സുഗന്ധവിള വ്യാപാരികളാണ് ജയന്തനില്‍ നിന്ന് ഉത്പന്നം വാങ്ങുന്നത്. ഈരാറ്റുപേട്ട, കോട്ടയം ഭാഗങ്ങളില്‍ നിന്നും സര്‍വസുഗന്ധി വാ ങ്ങുക പതിവുണ്ട്. ഉത്തരേന്ത്യന്‍ വിപണിയിലേക്ക് പോകുന്ന സര്‍വസുഗന്ധി, മസാലപ്പൊടി, കറിപ്പൊടി വ്യവസായങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഭാരതീയ സുഗന്ധവിളഗവേഷണ കേന്ദ്രത്തിന്റെ സമയോചിതമായ ഇടപെടല്‍ ജയന്തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ ഉപകരിച്ചു. ജയന്തന്റെ വിജയകഥ കണ്ടറിഞ്ഞ് ഇന്ന് അമ്പലവയല്‍, മാനന്തവാടി, മേപ്പാടി, വൈത്തിരി, പുല്‍ പ്പള്ളി തുടങ്ങി വിവിധ സ്ഥലങ്ങളിലെ കര്‍ഷകര്‍ സര്‍വസുഗന്ധികൃഷിയിലേക്ക് വന്നു കഴിഞ്ഞു. തന്റെ നഴ്‌സറിയില്‍ നിന്ന് നല്ല സര്‍വസുഗന്ധിതൈകള്‍ ജയന്തന്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുമുണ്ട്.

സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (റിട്ട.)
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫോണ്‍: 94463 06 909.