മഴക്കാലം; ഭക്ഷണം കരുതലോടെ
ചുട്ടുപൊള്ളുന്ന ചൂടുകാലത്തിന് ശേഷമുള്ള മഴ ആവി പറക്കുന്ന ചായയും പക്കാവടയുമായി ആസ്വദിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. പക്ഷേ, മണ്‍സൂണ്‍ കൊണ്ടുവരുന്നതോ പലതരത്തിലുള്ള അണുബാധകളും പനികളുമാണ്. അവയെ ശരിയായ രീതിയില്‍ നേരിടേണ്ടതുണ്ട്. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്നതിനാല്‍ ഈ കാലഘട്ടത്തില്‍ എല്ലാത്തരം ഇലക്കറികളിലും, പച്ചക്കറിയിലും കീടങ്ങളും പുഴുക്കളുമുണ്ടാകും. അതിനാല്‍ കൂടുതലും പാവയ്ക്ക, കോവയ്ക്ക, വെണ്ടയ്ക്ക, കുമ്പളങ്ങ, ചുരയ്ക്ക പോലുള്ള പച്ചക്കറികള്‍ നമുക്കുപയോഗിക്കാം. എന്നാല്‍ പച്ചക്കറികളെല്ലാം തന്നെ ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി കഴുകണം.

മഴക്കാലത്ത് റോഡിന്റെ അരികിലും മറ്റും കൂട്ടിയിട്ട് മഴയും വെയിലും നിറഞ്ഞ അന്തരീക്ഷത്തില്‍ കിടക്കുന്ന പച്ചക്കറികള്‍ കഴിവതും ഒഴിവാക്കുക.

ഫ്രെഷ് ജ്യൂസ് ഉണ്ടാക്കാം

ഈ കാലാവസ്ഥയില്‍ ആവുന്നതും ഫ്രെഷ്ജ്യൂസ് വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. എന്നാല്‍ വീട്ടില്‍ ആയാലും പഴങ്ങളും പച്ചക്കറികളും മുറിച്ചുവയ്ക്കാതിരിക്കുക. അന്തരീക്ഷത്തിലെ അണുക്കള്‍ നിറഞ്ഞ വായുവിനോട് അടുപ്പം വന്നാല്‍ അവയിലും അണുക്കള്‍ നിറയും.

മീന്‍ വേണ്ട

ഈ മണ്‍സൂണ്‍കാലമാണ് മീനുകളുടെ പ്രജനനകാലം. ഈ സമയത്ത് അവയെ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ മാംസാഹാരം കഴിക്കണമെന്ന് തോന്നുമ്പോള്‍ മട്ടനും ചിക്കനുമുപയോഗിക്കുന്നതാണ് ഉത്തമം.


എണ്ണയില്‍ പൊരിച്ചവ വേണ്ട

മഴക്കാലത്ത് ദഹനപ്രക്രിയ വളരെ താഴ്ന്ന രീതിയിലാണ് നടക്കുന്നത്. അതിനാല്‍ പൊരിച്ചെടുക്കുന്ന ആഹാരങ്ങളുടെ അമിതോപയോഗം ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഒന്നിലും അമിതമായ ഉപ്പ് ഉപയോഗിക്കരുത്. തട്ടുകട ഭക്ഷണം ഈ സമയത്ത് ഒഴിവാക്കുന്നതാണ് അഭികാമ്യം. കാരണം മിക്കവാറും അവരുപയോഗിക്കുന്ന വെള്ളവും പാത്രങ്ങളും അണുക്കള്‍ നിറഞ്ഞതാകാം. കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് അതായത് കൊക്കക്കോള, പെപ്‌സി തുടങ്ങിയവയുടെ ഉപയോഗം ശരീരത്തിലെ മിനറലുകളുടെ അളവ് കുറയ്ക്കുന്നു. ഇതുവഴി ശരീരത്തിലെ എന്‍സൈം പ്രവര്‍ത്തനക്ഷമത കുറയുന്നു.

കൂടുതല്‍ ഭക്ഷണം വേണ്ട

പാലും പാലുത്പന്നങ്ങളും ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ അവയുടെ അളവ് കുറയ്ക്കണം. നാരങ്ങാവെള്ളം, ചുക്കുകാപ്പി, ഇഞ്ചിച്ചായ എന്നിവ നുടെ ദഹനത്തിന് സഹായിക്കുന്നു.

* ഴക്കാലത്ത് ഒരിക്കലും കൂടുതല്‍ ആഹാരമുപയോഗിക്കാതിരിക്കുക. എപ്പോഴും ലഘുഭക്ഷണമാണ് നല്ലത്.
* കൃത്യമായി ചെയ്തുവരുന്ന വ്യായാമങ്ങള്‍ക്ക് മുടക്കം വരുത്തരുത്.
* ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുക. ഡിഹൈഡ്രേഷന്‍ സംഭവിക്കാതിരിക്കാനാണ് ഇത്.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷന്‍, ലിസി ഹോസ്പിറ്റല്‍, എറണാകുളം