പ്രശ്നങ്ങളുമായി ജിഎസ്ടി രണ്ടാം വർഷത്തിലേക്ക്
പ്രശ്നങ്ങളുമായി ജിഎസ്ടി രണ്ടാം വർഷത്തിലേക്ക്
Monday, July 23, 2018 4:37 PM IST
ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്ന ആപ്ത വാക്യവുമായി വളരെ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയതായിരുന്നു ചരക്കു സേവന നികുതി (ജിഎസ്ടി). 2018 ജൂലൈ ഒന്നിന് ജിഎസ്ടി ഒരു വർഷം പിന്നിട്ടു. നടപ്പിലാക്കിയ അന്നുമുതൽ ജിഎസ്ടിയെക്കുറിച്ച് പരാതികളെ ഉള്ളു. അക്കാര്യത്തിന് ഒരു വർഷം പിന്നിടുന്പോഴും വലിയ മാറ്റമൊന്നുമില്ല. റിട്ടേണ്‍ സമർപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, സോഫ്റ്റ് വേർ ലഭ്യമാകാത്തത്, വിവിധ തരത്തിലുള്ള നികുതി നിരക്കുകൾ, ഉത്പന്നങ്ങൾ ഏതു നികുതി സ്ലാബിൽ വരും... എന്നിങ്ങനെ പ്രശ്നങ്ങൾ നിരവധിയാണ്.

വ്യാപാര വ്യവസായ ഏകോപന സമിതി, വ്യാപാര വ്യവസായ സമിതി, കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി തുടങ്ങിയ വിവിധ മേഖലകളുടെ പ്രതിനിധികൾ ജിഎസ്ടി ഒരു വർഷം പിന്നിടുന്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും വിലയിരുത്തുകയാണ്.

ചെറുകിട ഇടത്തരം ഹോട്ടലുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണം
ജി. ജയപാൽ
ജനറൽ സെക്രട്ടറി ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ

രാജ്യത്ത് ഏകീകൃത നികുതി വ്യവസ്ഥ കൊണ്ടുവരുന്ന തിനായി ചരക്കു സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തിയിട്ട് ഒരു വർഷം പൂർത്തിയായിരി ക്കുകയാണ്. നികുതിയിനത്തിൽ വൻ ലാഭം ജനങ്ങൾക്ക് ലഭിക്കുമെന്ന് കെട്ടിഘോഷിച്ച് നടപ്പാക്കിയ ജിഎസ്ടി ചെറുകിട, ഇടത്തരം ഹോട്ടലുകൾക്കും പൊതുജനങ്ങൾക്കും വൻ സാന്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്.

സേവനമേഖലയായ ഹോട്ടൽ,റസ്റ്റോറന്‍റുകൾക്ക് ജിഎസ്ടി പ്രാബല്യത്തിൽ വന്നപ്പോൾ 12 ശതമാനവും എ.സി. ഹോട്ടലുകൾക്കും റസ്റ്റോറന്‍റുകൾക്കും 18 ശതമാനവും ആയിരുന്നു നികുതി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ അടക്കമുള്ള സംഘടനകളുടേയും പൊതുജനങ്ങളുടേയും ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ നവംബറിൽ ഹോട്ടലുകൾക്കും റസ്റ്റോറന്‍റുകൾക്കും എ.സി നോണ്‍ എ.സി. വേർതിരിവില്ലാതെ അത് അഞ്ച് ശതമാനം ജിഎസ്ടിയായി കുറയ്ക്കുകയുണ്ടായി. എന്നാൽ ഹോട്ടൽ മേഖലക്കുള്ള ഇൻപുട്ട് ടാക്സ് ആനുകൂല്യം റദ്ദാക്കുകയാണുണ്ടായത്. അതുമൂലം വാടക ഇനത്തിലും മറ്റും ഹോട്ടലുടമകൾ നൽകുന്ന ജിഎസ്ടിയിൽ ഇൻപുട്ട് ഇനത്തിൽ ലഭ്യമാകേണ്ടിയിരുന്ന ആനുകൂല്യവും ഹോട്ടലുകളിലേക്ക് വാങ്ങുന്ന മറ്റേതൊരുൽപ്പന്നത്തിനും ലഭ്യമാകേണ്ടിയിരുന്ന ആനുകൂല്യങ്ങളും നഷ്ടമായി.

കോന്പോസിഷൻ സ്കീമിൽ ബാധ്യതകൂടി

കോന്പോസിഷൻ സ്കീം തെരഞ്ഞെടുത്ത ഹോട്ടൽ വ്യാപാരികൾക്കാണ് അതിലേറെ സാന്പത്തിക ബാധ്യത ജിഎസ്ടി വരുത്തിവെച്ചത്. കോന്പോസിഷൻ തെരഞ്ഞെടുത്തവർക്കും അഞ്ചു ശതമാനം തന്നെയാണ്. ജിഎസ്ടി അത് ഉപഭോക്താക്കളിൽനിന്നും പിരിക്കാതെ ഹോട്ടലുടമ തന്‍റെ കയ്യിൽനിന്നും അടയ്ക്കേണ്ട ബാധ്യതയാണ് ഉള്ളത്. ഫലത്തിൽ ഉപഭോക്താക്കളിൽനിന്നും പിരിച്ച് അടയ്ക്കേണ്ട ജിഎസ്ടി ഉപഭോക്താക്കളിൽനിന്നും പിരിക്കാതെ അടയ്ക്കേണ്ട ജിഎസ്ടിയും തുല്യമായിരിക്കുകയാണ്. ഇതുമൂലം വൻ സാന്പത്തികബാധ്യതയാണ് ചെറുകിട ഹോട്ടലുടമകൾക്ക് ഉണ്ടായിട്ടുള്ളത്.
വിവിധതരം ലൈസൻസുകൾ, പാചകവാതക വിലയിലെ അസ്ഥിരത, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, തൊഴിലാളിക്ഷാമം, മലിനീകരണ നിയന്ത്രണനിയമങ്ങൾ, മാലിന്യ സംസ്ക്കരണം, വൈദ്യുതി, വെള്ളക്കരം, തുടങ്ങി നിരവധി പ്രശ്നങ്ങൾ തരണം ചെയ്താണ് ഒരു ഹോട്ടൽ നടത്തിക്കൊണ്ടുപോകുന്നത്. അതിനിടയിൽ ജിഎസ്ടി കൂടി തങ്ങളുടെ കയ്യിൽനിന്നും അടക്കേണ്ടിവരുന്നത് ഹോട്ടലുടമകൾക്ക് വൻ സാന്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സാന്പത്തിക ബാധ്യതമൂലം പല ഹോട്ടലുകളും അടച്ചുപൂട്ടി. പലതും അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയതോടെ പൊതുവായുണ്ടായ സാന്പത്തിക മാന്ദ്യവും വ്യാപാരമാന്ദ്യവും ഹോട്ടൽ മേഖലയുടെ സുഗമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചെറുകിട ഇടത്തരം ഹോട്ടലുകളെ ജിഎസ്ടിയിൽനിന്നും ഒഴിവാക്കുകയോ കോന്പോസിഷൻ നിരക്ക് ഒരു ശതമാനമായി കുറയ്ക്കുകയോ ചെയ്തില്ലെങ്കിൽ ചെറുകിട വ്യാപാരമേഖല വൻ പ്രതിസന്ധി നേരിടും.

ജിഎസ്ടിയിലെ സങ്കീർണത മാറ്റണം; സ്വതന്ത്രമായി വ്യാപാരം ചെയ്യുവാൻ അവസരമൊരുക്കണം
അഡ്വ. എസ്.അബ്ദുൽ നാസർ
സംസ്ഥാന ട്രഷറർ, ഓൾ കേരളാ ഗോൾഡ് ആൻഡ് , സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ

ചരക്കു സേവന നികുതി ഒരു വർഷം പൂർത്തിയാക്കുന്പോഴും ജിഎസ്ടി നെറ്റ് വർക്കും സോഫ്റ്റ് വേറും പ്രശ്നങ്ങളില്ലാതെ പ്രവർത്തിക്കുന്നില്ലെന്നു മാത്രമല്ല ന്രടപടിക്രമങ്ങൾ അപ്പാടെ പാളം തെറ്റിയിരിക്കുകയുമാണ്. മറ്റു വാക്കിൽ പറഞ്ഞാൽ വിവര സാങ്കേതിക വിദ്യയെ ജിഎസ്ടി യിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു വർഷം കൊണ്ടു പ്രവർത്തനങ്ങളിലെ തുടരെത്തുടരെയുള്ള പാളിച്ചകൾ മൂലം വ്യാപാരികളുടെയും ഉപഭോക്താക്കളുടേയും വിശ്വാസമാർജിക്കാൻ ജിഎസ്ടി ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

സ്വർണ മേഖലയിൽ ജിഎസ്ടി ഫലപ്രദമായി നടപ്പാക്കാൻ ശ്രമിക്കുന്പോൾ കേരളത്തിലെ ഉദ്യോഗസ്ഥർ ഇപ്പോഴും വാണിജ്യ നികുതിയുടെ പിറകേ തന്നെയാണ്: അവർ അഞ്ചു വർഷം പിറകോട്ടാണ് ചിന്തിക്കുന്നത്. ജിഎസ്ടി നടപ്പാക്കുന്നതിന് ഒരു ശ്രമവും നടത്തുന്നില്ല. മറിച്ച് 2011-12 വർഷം മുതലുള്ള കണക്കുകളുടെ പുനപ്പരിശോധനയിലൂടെ വ്യാപാരികളെ എങ്ങനെ പീഡിപ്പിക്കാമെന്നാണ് അവർ ആലോചിക്കുന്നത്. 2011-12 വർഷം മുതൽ ഇ-ഫയലിംഗ് സംവിധാനത്തിലൂടെയാണ് റിട്ടേണുകൾ സമർപ്പിച്ചിട്ടുള്ളത്. മാസാന്ത്യ, വാർഷിക റിട്ടേണുകൾ വാണിജ്യ നികുതി വകുപ്പിന്‍റെ പക്കലുണ്ടായിട്ടും വ്യാപാരികൾക്ക് നോട്ടീസുകൾ അയയ്ക്കുകയാണ് ഇപ്പോൾ ഇവരുടെ പ്രധാന ജോലി. ഇത്തരം നോട്ടീസുകളും നടപടികളും വിരൽ ചൂണ്ടുന്നത് കഴിഞ്ഞ അഞ്ചു വർഷവും വാണിജ്യനികുതി വകുപ്പ് നിഷ്ക്രിയമായിരുന്നു എന്നതാണ്. വാറ്റ് നിയമങ്ങൾ കാലഹരണപ്പെട്ടതാണെന്നും, ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള സ്വർണ വ്യാപാരികളുടെ അഭിപ്രായം ശരിവച്ച് ഹൈക്കോടതി സ്റ്റേ ഉത്തരവ് നൽകിയിട്ടുണ്ട്.അതുകൊണ്ടു തന്നെ നിയമപ്പോരാട്ടം തുടരാനാണ് തീരുമാനം.
ജിഎസ്ടിയിൽ എത്ര സ്വർണ വ്യാപാരികൾ രജിസ്ട്രേഷൻ എടുത്തിട്ടുണ്ടന്നോ എത്ര കോടി രുപയുടെ നികുതി വരുമാനമുണ്ടന്നോ കേരളത്തിലെ അധികാരികൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാര സ്ഥാപനങ്ങളെ മാത്രമാണ് ഉദ്യോഗസ്ഥർ ഇപ്പോഴും പരിശോധിക്കുന്നത്. ഇതിനിടയിൽ അനധികൃത മേഖല തഴച്ചുവളരുകയാണ്. പതിനായിരക്കണക്കിനു അനധികൃത സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു. ഇവരിൽ പലരുടെയും വാർഷിക വിറ്റുവരവ് 2 ലക്ഷം കോടിക്ക് മുകളിലാണ്. അവരിൽ നിന്നും ടെസ്റ്റ് പർച്ചേസിനു പോലും കേരളത്തിലെ ജിഎസ്ടി വകുപ്പ് ഇതുവരെ തയ്യാറയിട്ടില്ല.

പ്രതീക്ഷയോടെ വന്നു; പക്ഷേ പ്രശ്നങ്ങൾ ബാക്കി
വർക്കി പീറ്റർ
റൈസ്മിൽ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി

വളരെ പ്രതീക്ഷയോടെ വന്ന ഒന്നായിരുന്നു ജിഎസ്ടി. പക്ഷേ, വ്യക്തമായ ധാരണയില്ലാതെ നടപ്പിലാക്കിയത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചെറുകിട കച്ചവടക്കാർക്കും മറ്റും കംപ്യൂട്ടർ പരിജ്ഞാനമുള്ള ഒരാളെക്കൂടി കൂടെ കൂട്ടേണ്ട അവസ്ഥയാണ്. സോഫ്റ്റ് വേർ സംബന്ധിച്ച പ്രശ്നങ്ങൾ ഇതുവരെ ഇല്ലാതാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതിനോടൊപ്പം പലവിധ നികുതി നിരക്ക് എച്ച്എസ്എൻ കോഡ് നൽകി അതു കണ്ടു പിടിക്കാൻ പലരും ബുദ്ധിമുട്ടുന്നുണ്ട്.
അരി, ഗോതന്പ് തുടങ്ങിയ ധാന്യങ്ങൾക്ക് നികുതി ഇല്ലെന്ന് പറയുന്നുണ്ടെങ്കിൽ കൂടി അഞ്ചു ശതമാനം നികുതി ഇവയ്ക്കുണ്ട്. ബ്രാൻഡഡ് ഉത്പന്നങ്ങൾക്കു മാത്രമേ നികുതിയുള്ളു എന്നു പറയുന്നുണ്ടെങ്കിലും ബ്രാൻഡഡ് അല്ലാതെ ഒരു ഉത്പന്നവും ഇന്ന് പുറത്തിറിക്കുന്നില്ല. അതുകൊണ്ടു തന്നെ നികുതി നൽകിയേതീരു.

നികുതിയിൽ നിന്നും ഒഴിവാക്കണമെങ്കിൽ സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്‍റിൽ ബ്രാൻഡഡ് ഉത്പന്നമല്ല എന്നുള്ള സത്യവാംഗ് മൂലം നൽകണം. ഭക്ഷ്യ സുരക്ഷ നിയമമനുസരിച്ച് എല്ലാ ഉത്പന്നങ്ങളും ബ്രാൻഡ് ചെയ്തേ പുറത്തിറക്കാവു എന്ന നിയമവുമുണ്ട്.

ജിഎസ്ടിയെക്കുറിച്ച് പൊതു ജനങ്ങൾക്കും കച്ചവടക്കാർക്കും അധികാരികൾക്കും വ്യക്തമായ ധാരണയില്ലാതെ പോയത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ അവ്യക്തത മാറ്റിയെങ്കിൽ മാത്രമേ മികച്ച രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കും.


കരാറുകാർ നൽകുന്ന ജിഎസ്ടി തിരികെ നൽകണം
പി.വി സ്റ്റീഫൻ
പിഡബ്ല്യുഡി കോണ്‍്ട്രാക്ടേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി

ജിഎസ്ടി പ്രകാരം അവസാനത്തെ ഉപഭോക്താവാണ് നികുതി നൽകേണ്ടത്. കോണ്‍ട്രാക്ടർ മേഖലയിലും 2017 ജൂലൈ ഒന്നിനു തന്നെ ജിഎസ്ടി ഏർപ്പെടുത്തി. ഏറ്റെടുക്കുന്ന ജോലി പൂർത്തിയാക്കി ബിൽ സമർപ്പിക്കുന്പോൾ അതിനോടൊപ്പം കോണ്‍ട്രാക്ടർമാർ ജിഎസ്ടിയും സമർപ്പിക്കണം.

ജിഎസ്ടി തുക റീഫണ്ട് ചെയ്യുമെന്നു പറഞ്ഞെങ്കിൽ കൂടിയും അത് ഇതുവരെ നൽകിയിട്ടില്ല. ഒരു റോഡോ പാലമോ പണിയുന്പോൾ അതിന്‍റെ അവസാന ഉപഭോക്താവ് സർക്കാരാണ്. സർക്കാരാണ് ജിഎസ്ടി നൽകേണ്ടത്. ഇരുപതു ലക്ഷം രൂപയിൽ കൂടുതൽ ബിസിനസുള്ളവർ മാത്രം ജിഎസ്ടി രജിസ്ട്രേഷൻ എടുത്താൽ മതിയെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും കരാറുകളെടുക്കാനുള്ള ടെൻഡർ ഫോം കിട്ടണമെങ്കിൽ ജിഎസ്ടി നന്പർ നൽകേണ്ടതുണ്ട്.
കരാർ ജോലികൾക്കു നൽകുന്ന പണത്തോടൊപ്പം കരാറുകാർ നൽകുന്ന ജിഎസ്ടികൂടി വേണമെന്നതാണ് ഞങ്ങളുടെ ആവശ്യം. പലരും പുതിയ കരാർ ജോലികളൊന്നും ഏറ്റെടുക്കുന്നതെയില്ല. പലയിടത്തും ഏറ്റെടുത്ത ജോലികൾ കൂടി പൂർത്തിയാക്കാതെ കിടക്കുകയാണ്. ശരിയായ രീതിയിൽ ഇതിനൊരു പരിഹാരം വേണമെന്നു തന്നെയാണ് കോണ്‍്ട്രാക്ടേഴ്സ് അസോസിയേഷന്‍റെ ആവശ്യം.

നികുതികൾ ഏകീകരിക്കണം
ഇ.എസ് ബിജു
സംസ്ഥാന ജനറൽ സെക്രട്ടറി, വ്യാപാര വ്യവസായ സമിതി

വ്യാപാരികൾ ഇപ്പോഴും ബുദ്ധിമുട്ടിലാണ്. വിദഗ്ധമായി ക്രമീകരിച്ച ഒരു സംവിധാനവും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമവും ഉണ്ടാകും എന്നു പറഞ്ഞാണ് ജിഎസ്ടി നടപ്പിലാക്കിയത്. പക്ഷേ, സോഫ്റ്റ് വേർ പ്രശ്നങ്ങൾ, റിട്ടേണ്‍ സമർപ്പിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ എന്നിവ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

ഒരു ദിവസം റിട്ടേണ്‍ ഫൽ ചെയ്യാൻ താമസിച്ചാൽ 50 രൂപയാണ് പിഴ. ഇത് വ്യാപാരികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കച്ചവടക്കാരും പൊതു ജനങ്ങളുമെല്ലാം ഇത് ശരിയായി മനസിലാക്കി വരുന്നതേയുള്ളു. ഇത് പലപ്പോഴും ഉപഭോക്താവും കച്ചവടക്കാരനും തമ്മിലുള്ള പ്രശ്നങ്ങളിലേക്കു വരെ നയിക്കുന്നുണ്ട്.

വില കുറയുമെന്നു പറഞ്ഞിട്ടും സാധനങ്ങളുടെയെല്ലാം വില കൂടിയതേയുള്ളു. ഒരു രാജ്യം ഒരു നികുതി എന്നതായിരുന്നു ജിഎസ്ടിയുടെ ആപ്ത വാക്യമെങ്കിൽകൂടി അഞ്ചു തരത്തിലുള്ള നികുതിയാണ് നിലവിൽ രാജ്യത്തുള്ളത്. ജിഎസ്ടി നടപ്പിലാക്കിയുള്ള മറ്റു രാജ്യങ്ങളെവെച്ചു നോക്കുന്പോൾ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ നികുതി.

ഇതിനോടൊപ്പം തന്നെ രാജ്യം കാഷ് ലെസ് സന്പദ് വ്യവസ്ഥയിലേക്ക് മാറുന്നതും വ്യാപാര മേഖലയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വൻകിട കച്ചവടക്കാർക്ക് കാഷ് ലെസ് സംവിധാനം ഒരു പ്രശ്നമല്ല. ചെറുകിട കച്ചവടക്കാർക്ക് പിഒഎസ് മെഷീനൊന്നും വെച്ചിട്ടുള്ള ഇടപാടുകൾ സാധ്യമല്ല. കേരളത്തിൽ മാത്രമാണ് ജിഎസ്ടി അൽപ്പം കാര്യക്ഷമമായി നടപ്പിലാക്കിയിരിക്കുന്നത്. സെയിൽസ് ടാക്സ് വിഭാഗത്തിന്‍റെ ഭാഗത്തു നിന്നും ഒരുവിധത്തിലുമുള്ള പരിശോധനകളും ഉണ്ടാകില്ല എന്നു പറഞ്ഞിട്ടു കൂടി ഇപ്പോഴും പരിശോധനകൾ നടത്തുന്നുണ്ട്. ഇതിനെല്ലാമെതിരെ ഒരു പ്രതിഷേധം സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

* വ്യാപാരികൾക്കും വ്യവസായികൾക്കും സർ്ക്കാർ തലത്തിൽ ഒരു ബോധവത്കരണ പരിപാടി സംഘടിപ്പിക്കുക
* നികുതികൾ ഏകീകരിക്കുക. ഒന്നോ രണ്ടോ നികുതി നിരക്കിലേക്ക് എത്തിക്കുക
* എല്ലാവർക്കും കൈകാര്യം ചെയ്യാവുന്ന വിധത്തിൽ സോഫ്റ്റ് വേർ വികസിപ്പിക്കുക
* ഭക്ഷണ പദാർഥങ്ങളെ ജിഎസ്ടിയിൽ നിന്നും ഒഴിവാക്കുക
* ഹോട്ടലുകളെ ജിഎസ്ടിയിൽ നിന്നും പൂർണമായി ഒഴിവാക്കുക
* റിവേർസ് ചാർജ് മെക്കാനിസം മോശമായി തീരും.
* കാഷ് ലെസ് ഇടപാടുകൾക്കുള്ള രണ്ടു ശതമാനം ഇളവ് ചെറുകിട വ്യാപാരികൾക്കു ലഭിക്കുന്നില്ല
* ഒരു ശതമാനം കോന്പൗണ്ടിംഗ് നികുതിയുടെ പേരിലുള്ള അനാവശ്യ പരിശോധനകൾ ഒഴിവാക്കുക എന്നവയാണ് വ്യാപാര വ്യവസായ സമിതിക്ക് മുന്നോട്ടു വെക്കാനുള്ള ആവശ്യങ്ങൾ.

കൂടുതൽ സുതാര്യമാക്കണം
പി.എ.എം ഇബ്രാഹം
വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ്

വളരെ ആഘോഷത്തോടെ യായിരുന്നു 2017 ജൂലൈ ഒന്നിന് ജിഎസ്ടിയുടെ വരവ്. പക്ഷേ, ഇതുവരെയും കൃത്യമായൊരു സംവിധാനത്തിലേക്ക് ജിഎസ്ടി എത്തിയിട്ടില്ല. സോഫ്റ്റ് വേർ ഡൗണ്‍ലോഡ് ചെയ്തെടുക്കാൻ പറ്റുന്നില്ല. അതുകൊണ്ടാണ് റിട്ടേണ്‍ സമർപ്പിക്കാനുള്ള തീയതി ഒരു വർഷത്തിനുള്ളിൽ അഞ്ചു തവണ മാറ്റേണ്ടി വന്നത്.

സെയിൽസ് ടാക്സ് ഉദ്യേഗസ്ഥരുടെ പരിശോധന ഉണ്ടാകില്ല എന്നു പറഞ്ഞെങ്കിൽ കൂടിയും ഉടനെ തന്നെ വീണ്ടു പരിശോധന ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരുക്കങ്ങളൊന്നുമില്ലാതെ വളരെ വേഗത്തിൽ നടപ്പിലാക്കി എന്നുള്ളതാണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള കാരണം.

ഇരുപതു ലക്ഷം രൂപയ്ക്കു മുകളിലുള്ള ബിസിനസ് ചെയ്യുന്നവരാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്നു പറഞ്ഞെങ്കിൽകൂടിയും അതിൽ താഴെയുള്ളവരുടെ ബിസിനസിനെ ഇത് മോശമായി ബാധിച്ചിട്ടുണ്ട്. കാരണം അയാൾ ഇടപാടു നടത്തുന്ന മറ്റൊരാൾ ജിഎസ്ടി രജിസ്ട്രേഷനുള്ളയാളാണെങ്കിൽ അയാൾക്ക് ടാക്സ് റിട്ടേണ്‍ ലഭിക്കുക എന്നുള്ളത് ബുദ്ധിമുട്ടാകും. സ്വാഭാവികമായി ഈ സാഹചര്യത്തിൽ 20 ലക്ഷം രൂപയിൽ കൂടുതൽ ബിസിനസുള്ള വ്യക്തി കുറഞ്ഞ തുകയിൽ ബിസിനസുള്ള വ്യ്ക്തിയുമായുള്ള ഇടപാട് അവസാനിപ്പിക്കും. ഇത്തരത്തിൽ 10 മുതൽ 20 ശതമാനത്തോളം ചെറുകിട ബിസിനസുകാർ ബിസിനസ് അവസാനിപ്പിച്ചിട്ടുണ്ട്.

ബോധവത്കരണമൊക്കെ നടത്തിയിരുന്നെങ്കിൽ കൂടിയും എല്ലാവർക്കും ഇപ്പോഴും ഇതൊന്നും മനസിലായിട്ടില്ല. അതുകൊണ്ടു തന്നെ അഖിലേന്ത്യ തലത്തിൽ ഒരു സമരം നടത്തുക എന്ന ഉദ്ദേശ്യമുണ്ട്.

ജിഎസ്ടി കൂടുതൽ സുതാര്യമാക്കുക, സെയിൽസ് ടാക്സ് ഉദ്യോഗസ്ഥരുടെ അനാവശ്യ പരിശോധനകൾ ഒഴിവാക്കുക, ഏകീകൃത നികുതി നിരക്ക് കൊണ്ടുവരിക, ഭക്ഷ്യവസ്തുക്കൾ മുതലായവയെ ജിഎസ്ടിയിൽ നിന്നും ഒഴിവാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായാണ് സമരം.

ശരിയായ പാതയിലാണ് ജിഎസ്ടി
ഡോ.എസ്. സജികുമാർ
ചെയർമാൻ സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സിൽ

ജിഎസ്ടി ഒരു വർഷം പൂർത്തിയാക്കുന്പോൾ തുടക്കത്തിലുള്ള പ്രശ്നങ്ങളൊക്കെ മാറി എല്ലാവരും തന്നെ ജിഎസ്ടിയെ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. എല്ലാവർക്കും തന്നെ ജിഎസ്ടിയെ പിന്തുടരാൻ പറ്റുന്നുണ്ട്.

ജിഎസ്ടി നടപ്പിലാക്കിയ ആദ്യ കാലങ്ങളിൽ എല്ലാ ആഴ്ച്ചയും സിഐഐ ജിഎസ്ടി ക്ലിനിക്കുകൾ നടത്തിയിരുന്നു. ആദ്യകാലങ്ങളിൽ നിരവധി പ്രശ്നങ്ങളുമായിട്ടായിരുന്നു ആളുകൾ എത്തിക്കൊണ്ടിരുന്നത്. പതിയെ പതിയെ അത് കുറഞ്ഞു വന്നു. ജിഎസ്ടി ക്ലിനിക്കുകൾ രണ്ടാഴ്ച്ച കൂടുന്പോഴാക്കി. എന്തെങ്കിലും പ്രശ്നമുള്ളവർക്ക് സിഐഐയ്ക്ക് ഇമെയിൽ അയക്കാനുള്ള അവസരവുമുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ ധാരാളം ഇമെയിലുകൾ വന്നിരുന്നു. പിന്നീട് അതു കുറഞ്ഞു വന്നു. ഇപ്പോൾ പ്രശ്നങ്ങളും പരാതികളുമെല്ലാം കുറഞ്ഞിട്ടുണ്ട്. സുഗമമായ രീതിയിൽ എല്ലാവരും പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. കൃത്യമായി ഇത് പിന്തുടർന്ന് കൃത്യ സമയത്ത് റിട്ടേണ്‍ സമർപ്പിച്ചാൽ പ്രശ്നങ്ങളൊന്നുമുണ്ടാകില്ല.
ഒരേ നികുതി നിരക്ക് എന്നത് വളരെ ഭാവനപരമായിട്ടുള്ള ആശയമാണ്. കാരണം സമ്മുടെ സാമൂഹിക സാന്പത്തിക അന്തരീക്ഷം വളരെ വ്യത്യസ്തമാണ്. ഓരോ പ്രദേശത്തെയും അവശ്യ വസ്തുക്കൾ എന്നു പറയുന്നതും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ പെട്ടന്ന് ഇത്തരത്തിലൊരു മാറ്റം സാധ്യമാണോയെന്നത് ആലോചിക്കേണ്ട കാര്യമാണ്. ഒരു പക്ഷേ, ആളോഹരി വരുമാനമൊക്കെ കൂടുന്ന സാഹചര്യത്തിൽ ഇത് നടപ്പിലാക്കാം. കേരളത്തെ അപേക്ഷിച്ച് മറ്റും സംസ്ഥാനങ്ങളിലെല്ലാം ഗ്രാമപ്രദേശങ്ങൾ ധാരാളമുണ്ട്. ജിഎസ്ടി നടപ്പിലാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ അതിൽ നിന്നും മുന്നോട്ടു പോകാനേ സാധിക്കു. പിന്നോട്ടൊരു മടക്കം സാധ്യമല്ല.

ജിഎസ്ടിയുടെ ഏറ്റവും വലിയ നേട്ടം ബിസിനസിലെ ഉത്തരവാദിത്തങ്ങൾ പങ്കുവെയ്ക്കപ്പെട്ടു എന്നുള്ളതാണ്. നിർമാതാക്കൾ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിങ്ങനെ കൃത്യമായി ഉത്തരവാദിത്തം പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്.