പച്ചപ്പൊരുക്കി പ്ലാന്‍റ് എ ഹോം
പച്ചപ്പൊരുക്കി പ്ലാന്‍റ് എ ഹോം
Tuesday, August 14, 2018 4:43 PM IST
വൈക്കം സ്വദേശിയായ രാഹുൽദാസും കാഞ്ഞിരമറ്റം സ്വദേശി അഡ്വ. ജോമോൻ പി വർഗീസും ഏഴുമാസം മുന്പാണ് കലൂർ സെന്‍റ് ഫ്രാൻസിസ് റോഡിൽ "പ്ലാന്‍റ് എ ഹോം’ എന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും വളർത്തുന്നതിനുള്ള ചെടികൾ, ചെടിച്ചട്ടികൾ, ആന്‍റിക് വസ്തുക്കൾ, ക്യൂരിയോസുകൾ തുടങ്ങിയവയെല്ലാം ലഭ്യമാക്കുന്ന സംരംഭമാണ് പ്ലാന്‍റ് എ ഹോം.

ചെടികളോടുള്ള ഇഷ്ടം കൊണ്ട് ഒന്നിച്ചു ചേർന്നവരാണ് രാഹുലും ജോമോനും. ചെടികളോടും മറ്റും താൽപര്യമുണ്ടെങ്കിൽ മാത്രം മുന്നോട്ടു കൊണ്ടു പോകാൻ പറ്റുന്ന ഒരു സംരംഭമാണ് ഇതെന്നാണ് രാഹുലിന്‍റെ അഭിപ്രായം. കാരണം എല്ലാ ദിവസവും ചെടികളെ നോക്കണം. അവയെ പരിചരിക്കണം. ഇതൊരു ബിസിനസ് സംരംഭമല്ല. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള ടെൻഷനുകളുമില്ല.

മുറികൾക്കുള്ളിൽ ചെടി വളർത്താം

വീട്ടിലോ ഫ്ളാറ്റിലോ ഓഫീസിലോ എവിടെയും മുറികൾക്കുള്ളിൽ വളർത്താവുന്ന ഇൻഡോർ പ്ലാന്‍റുകളാണ് പ്ലാന്‍റ് എ ഹോം നൽകുന്നത്. പുനെയിൽ നിന്നുമാണ് ടിഷ്യുകൾച്ചർ ചെയ്ത ഹൈബ്രിഡ് പ്ലാന്‍റുകൾ എത്തിക്കുന്നത്. ചെടികളോടൊപ്പം തന്നെ ചെടികൾ നടാനാവശ്യമായ ചട്ടികൾ എന്നിവയും ലഭ്യമാക്കുന്നുണ്ട്. ഉപഭോക്താക്കളുടെ താൽപര്യത്തിനനുസരിച്ച് ഇവിടെവെച്ചു തന്നെ ചട്ടികളിൽ ചെടി നട്ട് നൽകും.’’ രാഹുൽ പറഞ്ഞു.

ഇതിനു പുറമേ ചെടിച്ചട്ടികളിൽ നിറയ്ക്കാനുള്ള പോട്ടിംഗ് മിക്സ്ചറുണ്ട്. മണ്ണ്, ചകിരിച്ചോർ, പെർലൈറ്റ്, പീറ്റ്മോസ്, ഓർഗാനിക് വളം എന്നിവ ചേർന്നതാണ് പോട്ട് മിക്സ്ച്ചർ. ഈ മിശ്രിതം ഇട്ടാണ് ചെടി നടുന്നതെങ്കിൽ അഞ്ചു മുതൽ ആറുമാസത്തേക്ക് വളം ഇടേണ്ടതില്ല. കൂടാതെ ദിവസവും വെള്ളമൊഴിക്കേണ്ടതില്ല. കാരണം മിക്സ്ച്ചറിനുള്ളിലെ ഘടകങ്ങൾക്ക് വെള്ളം ശേഖരിച്ചു വെയ്ക്കാനുള്ള കഴിവുണ്ട്. കോട്ടയം ആസ്ഥനമായിട്ടുള്ള ഒരു കന്പനിയാണ് പോട്ട്മിക്സ്ച്ചർ ലഭ്യമാക്കുന്നത്.

പ്ലാന്‍റ് എ ഹോമിൽ 200 ലധികം ചെടികൾ ലഭ്യമാണ്. അറുപതു രൂപ മുതൽ 1800 രൂപവരെ വില വരുന്ന ചെടികളുണ്ട്. മണിപ്ലാന്‍റ്, സ്പാത്തിഫൈലം, സ്നേക്ക് പ്ലാന്‍റ്, ലക്കി ബാംബു തുടങ്ങിയ ബെഡ്റൂമിനുള്ളിൽ വെയ്ക്കാവുന്നതുവരെയുള്ള ഇൻഡോർ ചെടികൾ ഇവർ നൽകുന്നുണ്ട്.വിദ്േശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ചെടികളും ഇവരുടെ പക്കലുണ്ട്. മില്യൺസ് ഓഫ് ഹാർട്ട്സ്, സ്ട്രിംഗ് ഓഫ് ബെൽസ്, ലിപ്സ്റ്റിക് പ്ലാന്‍റ്,ആന്‍റ് പ്ലാന്‍റ്(കിഡ്നി പ്ലാന്‍റ്) എന്നിവയാണ് ഇറക്കുമതിചെയ്യുന്ന പ്ലാന്‍റുകൾ.

എട്ടു രൂപ മുതൽ 9800 രൂപവരെ വില വരുന്ന ചെടിച്ചട്ടികളുമുണ്ട്. മരം കൊണ്ടുള്ള പോട്ടുകളുമുണ്ട്. ട്രീറ്റെഡ് വുഡിലാണ് ഈ പോട്ടുകൾ ചെയ്തിരിക്കുന്നത്. സെറാമിക്, പ്ലാസ്റ്റിക്, ക്ലേ, ഫൈബർ, ഗ്ലാസ് എന്നിവയിലുള്ള ചെടിച്ചട്ടികൾ ലഭ്യമാണ്.ചെടി ചട്ടികൾ ശേഖരിക്കുന്നത് ചൈന, ജപ്പാൻ, പൂനെ, ബംഗളുരു എന്നിവിടങ്ങളിൽ നിന്നെല്ലാമാണ്.


ക്യൂരിയോസ്, ആന്‍റിക് എന്നിവയും ചെയ്യുന്നുണ്ട്. ഇതിനു പുറമേ ഗാർഡൻ സർവീസ് ചെയ്തു നൽകുന്നു. വെർട്ടിക്കൽ ഗാർഡനിംഗ്, ലാൻഡ്സ്കേപിംഗ്, ഗ്രീൻ വാൾ എന്നിവയെല്ലാം ചെയ്തു നൽകുന്നുണ്ട്. വില്ല പ്രോജക്ടുകൾ, വ്യക്തിഗത ഉപഭോക്താക്കൾ, ഫ്ളാറ്റുകൾ തുടങ്ങി എല്ലായിടത്തും അവർ സേവനം നൽകിവരുന്നു. ലൈവ് ഇൻഡോർ വാൾ, അതിന്‍റെ അറ്റകുറ്റപ്പണികൾ എന്നിവയും ചെയ്തു നൽകുന്നു. ഗാർഡൻ പെബിൾസ്, പോളിഷ്ഡ്, അണ്‍പോളിഷ്ഡ് കല്ലുകൾ എന്നിവയെല്ലാം ഇവരുടെ പക്കലുണ്ട്. ജയ്പൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നുമാണ് ഇവ ശേഖരിക്കുന്നത്.

ഗ്രീൻ ഗിഫ്റ്റ്

സ്വന്തമായി വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങൾ ഉപയോഗിച്ച് ലഭ്യമാക്കിയിട്ടുള്ള ഗ്രീൻ ഗിഫ്റ്റാണ് പ്ലാന്‍റ് എ ഹോമിന്‍റെ പുതിയ ഉത്പന്നം. ഇത് ഒരാഴ്ച്ചവരെ പാക്ക് ചെയ്ത് ചെടുകൾ സൂക്ഷിക്കാൻ സാധിക്കുന്ന സംവിധാനമാണ്. പേപ്പർ പാക്കറ്റിൽ പ്രത്യേക ജെല്ലിലാണ് ചെടി സൂക്ഷിക്കുന്നത്.
സ്ത്രീ ഉപഭോക്താക്കളാണ് തങ്ങളെ തേടി കൂടുതലായും വരുന്നതെന്ന് രാഹുൽ പറയുന്നു. ഓഫീസിൽ വയ്ക്കാനും മറ്റും ചെടികളന്വേഷിച്ച് ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ നിന്നും ആളുകളെത്താറുണ്ട്.

ഹോട്ടലുകൾ, ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിൽ നിന്നും പ്രോജക്ടുകൾ വരാറുണ്ട്. നെട്ടൂർ ആര്യഭംഗി ഷുഗർ, എംജി റോഡിലെ നാസി ആൻഡ് മി റസ്റ്ററന്‍റ് , അസറ്റ് ഹോമിന്‍റെ ഫ്ളാറ്റുകൾ, എസ്എഫ്സ് ഹോം എന്നിവടങ്ങളിൽ ഇൻഡോർ ലൈവ് വാളുകളും മറ്റും ചെയ്തു നൽകാറുണ്ട്.
ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും പോകുന്നവരും കൊണ്ടു പോകാറുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൊച്ചിയിലെ ഐടി ജീവനക്കാരും മറ്റും വന്നു വാങ്ങിച്ചു കൊണ്ടു പോകാറുണ്ട്. ബോംബെ, പഞ്ചാബ് എന്നിവിടങ്ങളിൽ പ്ലാന്‍റ് എ ഹോമിന് ഇത്തരം ഉപഭോക്താക്കളുണ്ട്.

പുഷ്പിക്കുന്ന ചെടികളാണെങ്കിൽ മെയിന്‍റനൻസ് കൂടുതലാണ്. വീടിനുള്ളിലോ അല്ലെങ്കിൽ ഓഫീസിനുള്ളിലോ ഒരു ചെടി വേണമെന്ന ആഗ്രഹിക്കുന്നവരാണ് എറണാകുളം പോലൊരു നഗരത്തിലെ ആളുകളിൽ ഭൂരിപക്ഷവും.ആ സാധ്യതകൾ കൂടി പരിഗണിച്ചാണ് ഇത്തരമൊരു സ്ഥാപനത്തിന് തുടക്കം കുറിച്ചതെന്നും രാഹുൽ പറഞ്ഞു. ആന്‍റിക് സാധനങ്ങൾ ശേഖരിക്കുന്നത് അതിന്‍റെ ശേഖരണമുള്ളവരിൽ നിന്നുമാണ്.

നല്ല ഇരുട്ടുള്ള മുറിയിൽ ചെടികൾ വയ്ക്കരുത്. അത്യാവശ്യം പ്രകാശം കിട്ടുന്നിടങ്ങളിലെ ചെടികൾ വയ്ക്കാവൂ. നിലവിൽ ഇവരോടൊപ്പം ഏഴു പേർ കൂടി ജോലിക്കായുണ്ട്. ജോലിക്കാരെ തെരഞ്ഞെടുത്ത് കഴിഞ്ഞ് അവർക്ക് ചെടികളെക്കുറിച്ചും അവയെ പരിപാലിക്കേണ്ടതിനെക്കുറിച്ചുമെല്ലാം കൃത്യമായ പരിശീലനം നൽകും. വീടിനുള്ളിൽ വെയ്ക്കുന്ന ചെടികൾ ആഴ്ച്ചയിലൊരിക്കൽ വെയിൽകൊള്ളിക്കണം. ഓഗസ്റ്റ് മാസത്തിൽ എംജി റോഡിൽ സെൻട്രൽ സ്ക്വയറിൽ പുതിയ ഒരു കടകൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണിവർ.