ധനകാര്യ സ്വാതന്ത്ര്യത്തിലേക്ക് ചുവടുവയ്ക്കാൻ
ധനകാര്യ  സ്വാതന്ത്ര്യത്തിലേക്ക് ചുവടുവയ്ക്കാൻ
Friday, August 31, 2018 3:30 PM IST
ധനകാര്യ സ്വാതന്ത്ര്യം എന്നുള്ളത് അതിനെ ഓരോരുത്തരും എങ്ങനെ നിർവചിക്കുന്നു എന്നുള്ളതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും വേണ്ട ധനകാര്യ സ്വാതന്ത്ര്യം എന്താണെന്നുള്ളത് നിർവചിച്ചെങ്കിൽ മാത്രമേ അത് എത്തിപ്പിടിക്കുവാനും സാധിക്കുകയുള്ളു.

നേരത്തെ റിട്ടയർ ചെയ്ത് ജീവിതം ആസ്വദിക്കണം എന്നുള്ളതാകും ചിലരുടെ ധനകാര്യ സ്വാതന്ത്ര്യം. ചിലർക്ക് ശന്പളം കുറവാണെങ്കിൽ കൂടി ഇഷ്ടപ്പെട്ട കരിയർ തെരഞ്ഞെടുക്കണം എന്നുള്ളതാണ്. മറ്റു ചിലർക്ക് അത് അടിയന്തര ഘട്ടങ്ങളെ നേരിടാനുള്ള ശേഷിയാണ്.

ധനകാര്യ സ്വാതന്ത്ര്യം വിശ്രമമല്ല:

ധനകാര്യ സ്വാതന്ത്ര്യം നേടിയെന്നാൽ വിശ്രമജീവിതത്തിലേക്കു പോകുകയെന്നല്ല. ചില ഇഷ്ടങ്ങൾ മാറ്റിവച്ചിട്ടാകാം വരുമാനമുണ്ടാക്കാൻ ജോലിയിൽ പ്രവേശിച്ചത്. അങ്ങനെയുള്ളവർക്കു ജോലി നിർത്തി തങ്ങളുടെ "പാഷനി’’ലേക്കു മടങ്ങാനുള്ള അവസരമാണ് ധനകാര്യ സ്വതന്ത്ര്യം നൽകുന്നത്. അല്ലെങ്കിൽ എന്താണു സന്തോഷം തരുന്നത് അതിനായി പ്രവർത്തിക്കാം.

ഇപ്പോൾ മുപ്പതിലോ നാല്പതിലോ അന്പതിലോ ഒക്കെ ഇത്തരത്തിൽ സാന്പത്തിക സ്വാതന്ത്ര്യം നേടിയശേഷം തങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലേക്ക് പോകുന്നവർ ധാരാളമുണ്ട്. തങ്ങളുടേതായ കണ്ടീഷനിൽ ജീവിച്ചു പോകുവാൻ ഇഷ്ടപ്പെടുന്നവരാണിവർ. ഇത് ഏവർക്കും നേടുവാൻ സാധിക്കും. ഓരോരുത്തരും അവരവരുടെ ധനകാര്യ സ്വാതന്ത്ര്യം എന്താണെന്നു കണ്ടെത്തി കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ്. ആ ലക്ഷ്യത്തിനായി ആസൂത്രണം ചെയ്യാം; അതു നേടുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാം.

എങ്ങനെ ധനകാര്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരാം

ധനകാര്യ സ്വാതന്ത്ര്യം ഒരു തൊട്ടറിവാണ്. ആകുലതകളില്ലാതെ ധനകാര്യാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുമെന്ന ആത്മവിശ്വാസം അതു നൽകുന്നു.

ഉദാഹരണമായി ഒരു മാസത്തെ കാര്യമെടുക്കുക. ഒന്നാം തീയതി ശന്പളം കിട്ടുന്നു. അതുപയോഗിച്ച് ഇഎംഐ, ക്രെഡിറ്റ് കാർഡ് ബിൽ, മറ്റ് ചെലവകുൾ തുടങ്ങി ആ മാസത്തെ ചെലവുകൾ നടത്തുകയും അടുത്ത മാസം മിച്ചത്തോടെ ആരംഭിക്കുകയും ചെയ്യുമെന്ന ആത്മവിശ്വാസമാണ്.

ഇനി അടുത്ത ലെവലിലേക്കു പോകാം. നിശ്ചിത കാലയളവിൽ എന്തെങ്കിലും വാങ്ങണമെന്നു തീരുമാനിക്കുന്നു. അത് നേടിയെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ മാസശന്പളത്തിനപ്പുറത്ത് ആസ്തികൾ ആർജിച്ചെടുക്കാമെന്നുള്ള വിശ്വാസമാണ് ധനകാര്യ സ്വാതന്ത്ര്യം.
വൈവിധ്യമാർന്ന നിക്ഷേപങ്ങൾ പോലതന്നെ വൈവിധ്യമാർന്ന വരുമാന സ്രോതസുകളും ഉണ്ടാവണം. നിക്ഷേപകൻ മാത്രമാണ് വരുമാനം നേടുന്നയാൾ എന്നു കരുതുക. ഏതെങ്കിലും സാഹചര്യത്തിൽ കുറേനാൾ ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതി ആലോചിച്ചു നോക്കിക്കേ. ഈ സാഹചര്യത്തിൽ വരുമാനം ഇല്ലാതാകുന്നു. അപ്പോൾ മറ്റു സ്രോതസുകളിൽനിന്നു വരുമാനമെന്നത് നല്ല കാര്യമാണ്. ഇതു മെച്ചപ്പെട്ട സാന്പത്തിക സുരക്ഷിതത്വവും സ്വാതന്ത്ര്യവും നൽകുന്നു.

ചുരുക്കത്തിൽ മാസ ശന്പളത്തിനപ്പുറത്തുള്ള വരുമാനവും സന്പാദ്യവുമാണ് ധനകാര്യ സ്വാതന്ത്ര്യം എന്ന അനുഭവം നൽകുന്നത്.

അവിടെയെത്തിച്ചേരുന്നതിന് കുറച്ചു വഴികളേയുള്ളു. നിക്ഷേപമാണ് ഏറ്റവും പ്രധാനപ്പെട്ട വഴി. അടുത്തത് എവിടെ നിക്ഷേപമെന്നുള്ളതാണ്. ഓഹരിയിൽ, ഭൂമിയിൽ, സ്വർണത്തിൽ, കലയിൽ, ബിസിനസിൽ..... ഓരോ ആസ്തിക്കും അതിന്‍റേതായ നഷ്ട സാധ്യതകളും അതു നൽകുന്ന റിട്ടേണുകളുമുണ്ട്.

1. എവിടെ നിൽക്കുന്നു:
ആദ്യം വേണ്ടത് സാന്പത്തികമായി എവിടെ നിൽക്കുന്നു എന്നുള്ള ഒരു വിശകലനമാണ്. എത്ര രൂപ വരുമാനമുണ്ട്. സന്പാദ്യത്തിനായി എത്ര തുക നീക്കിവെയ്ക്കുന്നുണ്ട്, എത്ര രൂപയുടെ ലോണുണ്ട്, പ്രതിമാസം വായ്പ തിരിച്ചടവ് എത്ര വരുന്നു. എത്ര രൂപയുടെ ഇഎംഐ പ്രതിമാസം നൽകുന്നു... എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒന്ന് അവലോകനം ചെയ്യാം.

2. ചെലവുകളെ പിന്തുടരാം:
നല്ല ശന്പളമുള്ള ജോലിയാണ് എന്നു പറഞ്ഞതുകൊണ്ടു മാത്രമായില്ല. ചെലവുകളെയൊന്നു വിലയിരുത്താം. അപ്പോൾ അത്യാവശ്യവും ആവശ്യവും അനാവശ്യവുമായ ചെലവാക്കലുകളെ കണ്ടെത്താം. ധനകാര്യ ആസൂത്രണത്തിന് അത്യാവശ്യമാണിത്.

3. ചെലവുകളെ ക്രമീകരിക്കാം:
ചെലവാക്കലിന് നിശ്ചിത പരിധിവെച്ചിട്ടുള്ള ജീവതമാണോ. സന്പാദിക്കുന്നതിനേക്കാൾ ചെലവാക്കുന്ന ശീലമുള്ളയാളാണോ. കടക്കെണിയിൽ വീഴുന്നതിനു മുന്പേ ചെലവുകളെ നിയന്ത്രിക്കാം. ചുരുക്കേണ്ട ചെലവുകൾ ചുരുക്കുക തന്നെ ചെയ്യണം. ആഴ്ച്ചയിൽ അഞ്ചു ദിവസം പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് കുറച്ച് വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാം. അങ്ങനെ ആ തുക സന്പാദിക്കാം.

4. ലക്ഷ്യങ്ങൾ തയ്യാറാക്കാം:
ധനകാര്യ സ്വതന്ത്ര്യം നേടാൻ ലക്ഷ്യങ്ങളുണ്ടായിരിക്കണം. ആ ലക്ഷ്യ സ്ഥാനത്തെത്തലാണ് ധനാകര്യ സ്വാതന്ത്ര്യം. ഇത് ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം കൂടിയാണ്. 10 വർഷം അല്ലെങ്കിൽ 20 വർഷം കഴിയുന്പോൾ എന്തൊക്കെ നേടാനാണ് ആഗ്രഹിക്കുന്നത്. വീട് വേണം, കാർ വേണം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കാൻ മാന്യമായ തുക വേണം, റിട്ടയർമെന്‍റ് കാലത്ത് ചെലവഴിക്കാൻ കൈയിൽ ധാരാളം പണം ...ഇങ്ങനെ ഓരോരോ ധനകാര്യ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും. ഇത്തരം ലക്ഷ്യങ്ങളാണ് ധനകാര്യ സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്. ഇത് സാന്പത്തിക അച്ചടക്കം ജീവിതത്തിൽ കൊണ്ടു വരാനും സഹായിക്കും.

5. തന്ത്രം മെനയാം:
ലക്ഷ്യങ്ങൾ നേടുവാൻ കൃത്യമായൊരു പ്ലാനിംഗ് ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. നിക്ഷേപത്തിനു നിരവധി ഓപ്ഷനുകൾ ചുറ്റിലുമുണ്ടാകും. അവയെക്കുറിച്ച് അറിഞ്ഞു വയ്ക്കുന്നത് യോജിച്ച നിക്ഷേപം തെരഞ്ഞെടുക്കുവാൻ സഹായിക്കും. ആവശ്യമെങ്കിൽ ധനകാര്യ ഉപദേശകരുടെ സഹായവും തേടാം. ഓരോ ലക്ഷ്യവും നേടിയെടുക്കുന്നതിനു സമയപരിധികൂടി നിശ്ചയിക്കുക. അതനുസരിച്ച് നിക്ഷേപാസ്തി തെരഞ്ഞെടുക്കുക.

6. പ്ലാൻ സജീവമായി നടപ്പാക്കാം:
ആസ്തി തെരഞ്ഞെടുത്തു നിക്ഷേപ തുടങ്ങിയതോടെ ജോലി അവസാനിക്കുന്നില്ല. ക്രമമായി നിക്ഷേപത്തിന്‍റെ വളർച്ചയേയും പ്രകടനത്തേയും വിലയിരുത്തുക. പരിതസ്ഥിതിക്കനുസൃതമായി ലക്ഷ്യത്തിലും നിക്ഷേപ തന്ത്രത്തിലും മാറ്റം ആവശ്യമാണോയെന്നു ഇടയ്ക്കിടെ വിലയിരുത്തണം. അതിനുസരിച്ച് നിക്ഷേപശേഖരം ഉടച്ചു വാർക്കണം.


7. വരുമാനം ഉണ്ടായിരിക്കണം
ആദ്യമേ തന്നെ ഒരു വാരുമാനം ഉണ്ടായിരിക്കണം എന്നുള്ളതാണ് അത്യാവശ്യം. ധനകാര്യ സ്വാതന്ത്ര്യം നേടാനാഗ്രഹിച്ചാൽ ജോലിയിലൂടെയോ അല്ലെങ്കിൽ സ്വന്തം ബിസിനസിലൂടെയോ സ്ഥിരമായതും ദീർഘകാലത്തേക്കു ലഭ്യമാകുന്നതുമായ വരുമാനം ഉറപ്പാക്കിയിരിക്കണം. കാരണം അതാണ് നിങ്ങളുടെ സന്പത്തിന്‍റെയും ധനകാര്യ സ്വാതന്ത്ര്യത്തിന്‍റെയും അടിത്തറ.

8. ആവശ്യങ്ങൾക്ക് ഒന്നാം സ്ഥാനം: ആഗ്രഹങ്ങൾക്ക് രണ്ടാം സ്ഥാനം
ഉയർന്ന നിക്ഷേപ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള മന്ത്രം ഇതാണ്. ആഗ്രഹിക്കുന്നവയ്ക്കെല്ലാം ചെലവാക്കാതെ ആവശ്യങ്ങൾക്കു വേണ്ടി ചെലവാക്കണം. ഷോപ്പിംഗിനു പോകുന്പോൾ കൃത്യമായൊരു ലിസ്റ്റ് തയ്യാറാക്കി പോകാം. അങ്ങനെയാകുന്പോൾ ആവശ്യമില്ലാത്ത സാധനങ്ങൾ അധികം വാങ്ങികൂട്ടില്ല.

9. നേരത്തെ തുടങ്ങാം
നേരത്തെ നിക്ഷേപം ആരംഭിച്ചാൽ നേരത്തെ ലക്ഷ്യങ്ങളെല്ലാം പൂർത്തീകരിച്ച് നേരത്തെ ധനകാര്യ സ്വാതന്ത്ര്യം നേടാം. ജോലി കിട്ടി ആദ്യ നാളുകളിൽ ഉത്തരവാദിത്തങ്ങൾ കുറവായിരിക്കും. അതുകൊണ്ടു തന്നെ നിക്ഷേപത്തിനായി നല്ലൊരു തുക നീക്കിവെയ്ക്കാൻ സാധിക്കും.

10. ചെയ്യേണ്ട ചില കാര്യങ്ങൾ
n കടങ്ങളുണ്ടെങ്കിൽ അത് ആദ്യമേ ഇല്ലാതാക്കാൻ ശ്രമിക്കുക. എന്നിട്ടു മതി നിക്ഷേപങ്ങൾ. ചിലപ്പോൾ പഠനത്തിനായും മറ്റു വായ്പ എടുത്തിട്ടുണ്ടാകും. കടം തീർന്നാൽ അടുത്ത ശ്രദ്ധ ആസ്തിയുണ്ടാക്കുന്നതിനായിരിക്കണം. ഇതിനു വായ്പകളും മറ്റും ഉപയോഗിക്കാൻ സാധിക്കും. ഉദാഹരണത്തിന് ഭവന വായ്പ.
n അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി നിക്ഷേപം നടത്തിയിരിക്കണം. കുറഞ്ഞത് ആറുമാസം ജീവിക്കാനുള്ള പണം ലിക്വിഡ് ആയി സൂക്ഷിക്കുക. ഒറ്റയടിക്കു സാധിക്കുന്നില്ലെങ്കിൽ ഏതാനും വർഷത്തെ നിക്ഷേപം വഴി ഇതു നേടിയെടുക്കുക.
n റിട്ടയർമെന്‍റ് കാലത്തെ ജീവിതത്തിനായി നിക്ഷേപം നടത്തിയിരിക്കണം
n ആരോഗ്യ, ടേം ഇൻഷുറൻസ് നിക്ഷേപങ്ങൾ നടത്തണം
n ദീർഘകാല ലക്ഷ്യങ്ങൾ നേടിയെടുക്കാനായി നിക്ഷേപങ്ങൾ.
ചുരുക്കത്തിൽ ധനകാര്യ സ്വാതന്ത്ര്യം നേടുവാൻ വളരെ അച്ചടക്കത്തോടെയുള്ള സമീപനം ഉണ്ടായെ തീരു. വൈവിധ്യമാർന്ന ആസ്തികളിൽ ദീർഘകാലത്തേക്ക് നിക്ഷേപം നടത്തണം. നിക്ഷേപ ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്പോൾ അവയുടെ റിസ്ക്, കാലാവധി, നിക്ഷേപ രീതി എന്നിവയെല്ലാം മനസിലാക്കിയിരിക്കണം. നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവുന്ന ഓപ്ഷനുകളാണ് താഴെ നൽകിയിരിക്കുന്നത്.

11. നികുതിയാസൂത്രണം നടത്താം
നികുതിയെന്ന ചെലവു കുറയ്ക്കുന്നത് തീർച്ചയായും ധനകാര്യ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവയ്പുതന്നെയാണ്. നികുതി ലാഭിക്കുവാൻ നിക്ഷേപം നടത്തുന്നതുവഴി നികുതി നൽകുന്നതിന്‍റെ അളവു കുറയുന്നു; നിക്ഷേപം നടത്താൻ ആരംഭിക്കുന്നു; നിക്ഷേപത്തിന്‍റെ അളവു കൂട്ടാൻ സാധിക്കുന്നു; നിക്ഷേപത്തിൽനിന്നു വരുമാനവും ലഭിക്കുന്നു.
ഉയർന്ന റിട്ടേണ്‍ നൽകുന്ന ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം മുതൽ സുരക്ഷിതത്വമുള്ള പഞ്ചവർഷ ബാങ്ക് ഡെപ്പോസിറ്റ് വരെയുള്ള വൈവിധ്യമാർന്ന നികുതിലാഭ നിക്ഷേപ ഉപകരണങ്ങൾ ലഭ്യമാണ്.

ഇതെല്ലാം നിങ്ങളുടെ ധനകാര്യ സ്വതന്ത്ര്യത്തിലേക്കുള്ള മാർഗനിർദ്ദേശങ്ങൾ മാത്രമാണ്. പക്ഷേ ധനകാര്യ ലക്ഷ്യങ്ങൾ നേടുവാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടാലേ ധനാകാര്യ സ്വതന്ത്ര്യത്തിലേക്ക് എത്തിച്ചേരാനാകൂ.

അടിയന്തര സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ സഹായം തേടാതെ പണം കണ്ടെത്താൻ കഴിയുന്നതിനെക്കാൾ സമ്മർദ്ദ രഹിതമായി ഒന്നുമില്ല എന്നത് ഇടയ്ക്കിടക്ക് ഓർക്കാം.
മാസം വരുമാനമായി ലഭിക്കുന്ന തുക കൊണ്ട് അടിച്ചു പൊളിച്ച് അങ്ങ് ജീവിക്കും. കുട്ടികളുടെ വിദ്യാഭ്യാസചെലവുകൾ വരുന്പോൾ കയ്യിൽ കാശില്ലാതെ ബുദ്ധിമിട്ടുന്പോൾ ആരോടെങ്കിലുമൊക്കെ കടം വാങ്ങും.

അപ്രതീക്ഷിതമായി കാർ ഒന്നു റിപ്പയർ ചെയ്യേണ്ടി വന്നാലും അങ്ങനെ തന്നെ ചെയ്യും.
യാദൃശ്ചികമായി എന്തെങ്കിലും അപകടമോ മറ്റെന്തിങ്കിലും അത്യാവശ്യമോ ഉണ്ടാകുന്പോഴാണ് പലരും നിക്ഷേപത്തെക്കുറിച്ചും സന്പാദ്യത്തെക്കുറിച്ചും ചിന്തിക്കുക പോലും ചെയ്യുന്നത്!

ഓഹരികളിലെ നിക്ഷേപം: ഓഹരികളിലെ നിക്ഷേപം. റിസ്കുള്ളതാണെങ്കിൽ കൂടി ദീർഘകാലത്തിൽ നേട്ടം നൽകുന്നതാണ്. ഉയർന്ന റിസ്ക് ആണ് ഇതിനുള്ളത്. നിക്ഷേപം മുഴുവൻ നഷ്ടമാകാം. വളർച്ച സാധ്യതയുള്ള, നല്ല മാനേജ്മെന്‍റിനാൽ നയിക്കുന്ന മികച്ച കന്പനികളുടെ ഓഹരികൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക. ഇത്തരം കന്പനികളെ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ വിദഗ്ധരുടെ സഹായം തേടുകയാണ് ഉത്തമം.

മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ: ഡെറ്റ് ഫണ്ട്, ഇക്വിറ്റി ഫണ്ട്, ഹൈബ്രിഡ് ഫണ്ട് എന്നിങ്ങനെ വൈവിധ്യമാർന്ന ആസ്തികളെ അടിസ്ഥാനമാക്കിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപ പദ്ധതികൾ ലഭ്യമാണ്. ഓഹരിയിൽ നേരിട്ടു നിക്ഷേപം നടത്താൻ വൈദഗ്ധ്യം ഇല്ലാത്തവർക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ഒരുമിച്ച് ഒരു വലിയ തുക നിക്ഷേപിക്കാതെ എസ്ഐപി വഴിയും നിക്ഷേപം നടത്താവുന്നതാണ്.

റിയൽ എസ്റ്റേറ്റ് : റിയൽ എസ്റ്റേറ്റ് മേഖലയിൽ നടത്തുന്ന നിക്ഷേപം ദീർഘകാലത്തിൽ നേട്ടം നൽകുന്നതാണ്. വികസിച്ചുകൊണ്ടിരിക്കുന്ന ടയർ- 2 നഗരങ്ങളിലും മറ്റും നിക്ഷേപം നടത്തുന്നതാണ് നല്ലത്. സ്ഥലമായോ വസ്തുവായോ വാങ്ങിക്കാവുന്നതാണ്. വീടാണെങ്കിൽ അത് വാടകയ്ക്കു നൽകിയും വരുമാനം നേടാം. പക്ഷേ ഇവ ആർജിക്കുവാൻ വലിയ തുക മുടക്കണം. അവയുടെ അറ്റകുറ്റപ്പണികൾക്കായി ഓരോ വർഷവും തുക ചെലവഴിക്കണം. ലിക്വിഡിറ്റിയും കുറവ്.

നല്ല റിട്ടയർമെന്‍റ് പ്ലാനുകളിലെ നിക്ഷേപം:
ജോലി കിട്ടി ആദ്യ നാളുകളിൽ തന്നെ നല്ല പെൻഷൻ പ്ലാനുകളിൽ നിക്ഷേപം നടത്തിയാൽ റിട്ടയർമെന്‍റ് കാലത്ത് നല്ല തുക പെൻഷനായി ലഭിക്കും. എൻപിഎസ്, പിപിഎഫ് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.

സ്വർണത്തിലെ നിക്ഷേപം: പരന്പരാഗത രീതിയിൽ ആഭരണങ്ങളായി വങ്ങിയോ അല്ലെങ്കിൽ ഇടിഎഫ് രീതിയിൽ നിക്ഷേപം നടത്തിയോ സ്വർണം വാങ്ങിക്കാവുന്നതാണ്. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിന് സമാനമാണ്.