മനഃസാന്നിധ്യത്തിലൂടെ കാന്‍സറിനെ മറികടക്കാം
മനഃസാന്നിധ്യത്തിലൂടെ കാന്‍സറിനെ മറികടക്കാം
Friday, August 31, 2018 4:41 PM IST
കാന്‍സര്‍ എന്നത് ജീവിതത്തിന്റെ മഹാവിപത്തല്ല; അവസാനമല്ല മറിച്ച് ജീവിതം മധ്യത്തില്‍ നല്‍കിയ ഒരു ഘട്ടമാണ്. അല്ലെങ്കില്‍ ഒരു അതിജീവന പ്രക്രിയയാണ് എന്നുമാത്രം കരുതി മുന്നേറുവാന്‍ കഴിയുന്ന ഒേട്ടറെപേര്‍ നമ്മുടെ ഇടയിലുണ്ട്. അവരില്‍ എഴുത്തുകാരും, ചലച്ചിത്രതാരങ്ങളും, രാഷ്ട്രീയക്കാരും, പുരോഹിതരും മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്. മനക്കരുത്തും ഇച്ഛാശക്തിയുംകൊണ്ട് മാരകമായ അര്‍ബുദത്തെ എതിര്‍ത്ത് തോല്‍പിച്ച് സമൂഹത്തെ വിസ്മയിപ്പിച്ച വനിതാപ്രതിഭകളില്‍ ഹോളിവുഡ് താരം ആഞ്ചലീന ജോളി, ബോളിവുഡ് നടി സോണാലി ബെന്ദ്രെ, മലയാളി താരം മംമ്ത മോഹന്‍ദാസ്, പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍, എഴുത്തുകാരി ചന്ദ്രമതി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

ശരീരത്തിനപ്പുറം എന്റെ ജീവന്‍ സ്പന്ദിക്കട്ടെ:
-ആഞ്ചലീന ജോളി


''ശരീരമോ ശരീരത്തിന്റെ സൗന്ദര്യമോ അല്ല ജീവിതത്തില്‍ ഏറ്റവും വലുത്. മറിച്ച് ജീവിതം തന്നെയാണ്. മാറിടങ്ങള്‍ നഷ്ടപ്പെടുന്നു എന്നതുകൊണ്ട് എനിക്കൊന്നും സംഭവിക്കുന്നില്ല. എന്റെ അമ്മയ്ക്ക് സ്തനാര്‍ബുദം കാരണം ഒരു മാറിടം നഷ്ടപ്പെിരുന്നു. എന്നാല്‍ ജീവിതത്തില്‍ അമ്മ നല്ലൊരു അമ്മയായിരുന്നു, ഭാര്യയായിരുന്നു. മാത്രമല്ല മികച്ച ബിസിനസ് വനിതയുമായിരുന്നു. എന്റെ ഏറ്റവും വലിയ ലക്ഷ്യം എന്റെ കുട്ടികള്‍ക്കുവേണ്ടി ജീവിച്ചിരിക്കുക എന്നതാണ്. ഇവിടെ എന്റെ ശരീരത്തിന്റെ കുറവുകള്‍ പ്രസക്തമേയല്ല.''
സ്വര്‍ണമുടിയും നീലകണ്ണുകളും മനോഹരമായ ശരീരവടിവുമുള്ള ഹോളിവുഡ്ഡിലെ സൂപ്പര്‍താരം ആഞ്ചലീന ജോളിയുടെയാണ് ഈ വാക്കുകള്‍. 2013ല്‍ കാന്‍സര്‍ പ്രതിരോധത്തിനുവേണ്ടി താന്‍ നടത്തിയ രണ്ടു സ്തനമാറ്റ ശസ്ത്രക്രിയകള്‍ക്കും ശേഷം സിഎന്‍എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂപ്പര്‍നടി.

കാന്‍സര്‍ സാധ്യതയുള്ള BRCA 1 എന്ന ജനിതപ്രശ്‌നം പാരമ്പര്യവഴിയെ പകര്‍ന്നു കിട്ടിയതിനാലാണ് ആഞ്ചലീനയ്ക്ക് ഈ വഴി തെരഞ്ഞെടുക്കേണ്ടി വന്നത്. ഹോളിവുഡ് നടിയും സംവിധായികയും മനുഷ്യവകാശ പ്രവര്‍ത്തകയുമായ ആഞ്ചലീന ജോളി 2013 ഫെബ്രുവരി 16 നു തന്റെ 38ാമത്തെ വയസിലാണ് സ്തനം മാറ്റുന്ന മാസ്‌ടെക്ടമി ശസ്ത്രക്രിയയ്ക്കു വിധേയയായത്. നല്ല ആരോഗ്യവതിയായ അര്‍ബുദമില്ലാത്ത ആഞ്ചലീനയാണ് കാന്‍സര്‍ നിയന്ത്രണത്തിനുവേണ്ടി തന്റെ മാറിടങ്ങള്‍ ബലി നല്‍കിയത്. തീര്‍ന്നില്ല, 2015ല്‍ നടത്തിയ രക്തപരിശോധനയില്‍ അണ്ഡാശയ കാന്‍സറിന്റെ ആദ്യഘട്ടത്തിലെ രോഗലക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെ രണ്ട് അണ്ഡാശയങ്ങളും ശസ്ത്രക്രിയയിലൂടെ മാറ്റുവാനുള്ള തീരുമാനവും അവര്‍ എടുത്തു. തുടര്‍ന്നു രണ്ട് അണ്ഡാശയങ്ങളും ഫലോപ്യന്‍ ട്യൂബുകളും നീക്കുകയും ചെയ്തു.

ജനിത കാരണങ്ങളാല്‍ 87 ശതമാനം ബ്രസ്റ്റ് കാന്‍സര്‍ വെല്ലുവിളിയും 50 ശതമാനം ഓവേറിയന്‍ കാന്‍സര്‍ ഭീഷണിയും ഉള്ളതിനാലാണ് ആഞ്ചലീനയ്ക്കു ലോകത്തെ അദ്ഭുതപ്പെടുത്തിയ ഈ ശസ്ത്രക്രിയകള്‍ക്കു വിധേയയാകേണ്ടി വന്നത്. സ്തനങ്ങള്‍ മാറ്റിയതിനെക്കുറിച്ച് ആഞ്ചലീന പറഞ്ഞത് ഇങ്ങനെ'' തീരുമാനം എടുക്കുക ചെറിയ കാര്യമേയായിരുന്നില്ല. ഒരുപാട് സംശയങ്ങളും പ്രത്യാഘാതങ്ങളും എനിക്കുണ്ടായിരുന്നു. ഞാന്‍ തീരെ കുട്ടിയായിരുന്ന കാലത്ത് എന്റെ അമ്മ പറഞ്ഞ വാക്കുകള്‍ എന്റെ മനസിലുണ്ട്. കുട്ടികളെ തനിച്ചാക്കി പോവുകയെന്നതാണ് കാന്‍സര്‍ രോഗം നല്‍കുന്ന ഏറ്റവും വലിയ വേദന എന്നത്. അമ്മയുടെ അതിജീവനം സ്വന്തം കുഞ്ഞുങ്ങള്‍ക്കുവേണ്ടിയായിരുന്നു. എന്‍േറതും അതിനുതന്നെ...''

സ്തനങ്ങള്‍ നീക്കുവാന്‍ 2013ല്‍ നടന്ന ശസ്ത്രക്രിയയിലും ഭര്‍ത്താവ് ബ്രാഡ് പിറ്റ് ഒപ്പം നിന്നു. സ്ത്രീയുടെ അടയാളങ്ങളായി കരുതപ്പെടുന്ന സ്തനങ്ങളും അണ്ഡാശയവും വേര്‍പ്പെടുത്തുവാനുള്ള കരുത്ത് തനിക്കു നല്‍കിയത് ബ്രാഡ് പിറ്റാണെന്ന് ആഞ്ചലീന അന്ന് തുറന്നു പറഞ്ഞിരുന്നു. ബ്രാഡ് പിറ്റ് ഒപ്പമില്ലായിരുന്നെങ്കില്‍ തനിക്ക് ഈ തീരുമാനം എടുക്കുവാന്‍ സാധിക്കില്ലെന്നും സൂപ്പര്‍താരം വെളിപ്പെടുത്തി. ബ്രാഡ് പിറ്റിനെ വിവാഹം ചെയ്യുന്നതിനുമുമ്പ് രണ്ടു തവണ ആഞ്ചലീന വിവാഹിതയായിരുന്നു. ദത്തെടുത്ത കുട്ടികള്‍ ഉള്‍പ്പെടെ ആറു മക്കളുമുണ്ട്.

ശസ്ത്രക്രിയകള്‍ക്കുവേണ്ടി ആശുപത്രിയിലായിരുന്ന കാലത്തെ ആഞ്ചലീന ഓര്‍മിച്ചെടുക്കുന്നത് കേള്‍ക്കുക''ഞങ്ങള്‍ ഒന്നിച്ചിരുന്നു ജീവിതത്തെ ആസ്വദിച്ചു. തമാശകള്‍ പറഞ്ഞ് ചിരിച്ചു..''

ആഞ്ചലീന ജോളി ഇഫക്ട് എന്ന് ഇന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഞ്ചലീനയുടെ സ്തനശസ്ത്രക്രിയയ്ക്കുശേഷം സ്തനമാറ്റ ശസ്ത്രക്രിയെക്കുറിച്ചും ചികിത്സയെക്കുറിച്ചും സ്ത്രീകളുടെ അവബോധം വളരെയധികം വര്‍ധിച്ചു. കാന്‍സര്‍ എന്ന മാരക രോഗത്തിന്റെ ആഘാതത്തില്‍ സ്തനമാറ്റം നടത്തേണ്ടി വരുന്ന സ്ത്രീകള്‍ക്കു തകര്‍ന്നു പോകാതെ പിടിച്ചു നില്‍ക്കാനുള്ള പ്രചോദനമായി ആഞ്ചലീന മാറുകയായിരുന്നു. മാറിടങ്ങളും ഓവറികളും മാറ്റിയിട്ടും പഴയപോലെ ഗ്ലാമറസായി ജീവിക്കുന്ന ആഞ്ചലീന ലോകത്തിനു മുന്നില്‍ മികച്ച മാതൃകയായി.

പാരമ്പര്യമായി സ്തനാര്‍ബുദ, അണ്ഡാശയ അര്‍ബുദ സാധ്യതയുള്ള ഒരു കുടുംബത്തിലെ അംഗമാണ് ആഞ്ചലീന. കുടുംബത്തിലെ എട്ടു സ്ത്രീകള്‍ ഈ വിധത്തില്‍ കാന്‍സര്‍ ബാധിച്ച് അകാലത്തില്‍ മരിച്ചു. ആഞ്ചലീനയുടെ അമ്മ, അമ്മയുടെ അമ്മ, മുത്തശ്ശി എന്നിവര്‍ ഇതില്‍പ്പെടും. ആഞ്ചലീനയുടെ അമ്മ മാര്‍ക്കലൈന്‍ ബെര്‍ട്രെന്‍ഡ് ഓവറിയിലെ കാന്‍സര്‍ മൂലമാണ് മരിച്ചത്.

ന്യൂയോര്‍ക്ക് ടൈംസില്‍ ആഞ്ചലീന എഴുതി ''സ്തനാര്‍ബുദം വന്ന് എന്റെ മക്കള്‍ക്ക് എന്നെ നഷ്ടപ്പെടില്ലെന്ന് അവര്‍ക്ക് ഉറപ്പുനല്‍കുവാന്‍ എനിക്ക് ഇപ്പോള്‍ സാധിക്കും.'' തന്നെ പോലെ കാന്‍സര്‍ വരാന്‍ സാധ്യതയുള്ള ജനിതകങ്ങള്‍ പേറുന്ന സ്ത്രീകള്‍ക്കു കാന്‍സറില്‍ നിന്നു മുക്തി നേടാനുള്ള പ്രത്യാശയും ഇതിലൂടെ അവര്‍ പകര്‍ന്നു നല്‍കി.

എന്റെ വഴികളില്‍ വിളക്കുകള്‍ പ്രകാശം ചൊരിയുന്നു
-സൊണാലി ബെന്ദ്രെ


''തികച്ചും അപ്രതീക്ഷിതമായ ഒരു സമയത്ത്, ജീവിതം എന്റെ മുന്നിലേക്ക് വേദന തിങ്ങുന്ന ഒരത്ഭുതം എറിഞ്ഞു തന്നിരിക്കുന്നു. എന്റെ കാന്‍സര്‍ മെറ്റാസ്റ്റാസ്റ്റിക് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു.'' പനി വൈറസ് പടര്‍ന്നു കയറുന്നത്‌പോലെ ശരീര ഭാഗങ്ങളില്‍ വളരെ വേഗം വ്യാപിക്കുന്ന അര്‍ബുദം തനിക്കു ബാധിച്ചുവെന്നു മനസിലായ നിമിഷങ്ങളില്‍ ബോളിവുഡ് താരം സൊണാലി ബെന്ദ്രെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വരികളാണിത്. വേദന നിറയുന്ന അത്ഭുതം എന്നാണ് കാന്‍സറിനെ സൊണാലി വിശേഷിപ്പിച്ചിരുന്നത്. Curve Ball എന്ന വാക്കാണ് ഇതിന് ഉപയോഗിച്ചത്. ക്രൂരനഖങ്ങള്‍ ഓരോ കോശത്തിലും ആഴ്ത്തിയിറക്കുന്ന അര്‍ബുദത്തെ നേരിടുക ഒട്ടും എളുപ്പമല്ല. എന്നാല്‍ ജീവിതം അവിചാരിതമായ നിമിഷത്തില്‍ മുന്നിലേക്ക് എറിഞ്ഞു നല്‍കിയ ഏറ്റവും മാരകമായ വിപത്തിനെ നിറഞ്ഞ പുഞ്ചിരികൊണ്ട് നേരിടുന്ന ബോളിവുഡ് താരം സൊണാലി ബെന്ദ്രെ ഇപ്പോള്‍ ലോക വാര്‍ത്തകളില്‍ ഇടം നേടുകയാണ്.


ഇക്കഴിഞ്ഞ ജൂലൈ പത്തിന് സൊണാലി സമൂഹമാധ്യമങ്ങളില്‍ എഴുതി.
''എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഇസബെല്‍ അലസന്‍ഡേയുടെ വാക്കുകള്‍ കടമെടുത്ത് പറയുകയാണെങ്കില്‍ നമ്മള്‍ എത്ര കരുത്തരാണെന്നു നമ്മള്‍ അറിയുന്നില്ല. ഉള്ളിലെ ആ ആശക്തി പുറത്ത് വരാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നത് വരെ... അതേ സ്വന്തം നിലനില്‍പ്, യുദ്ധം തുടങ്ങിയ സമയത്താണ് പല മനുഷ്യരും പല അത്ഭുതകരമായ കാര്യങ്ങളും നടത്തുന്നത്. നിലനില്‍ക്കുവാനും ഉയിര്‍ത്തെഴുന്നേല്‍ക്കുവാനുമുള്ള മനുഷ്യന്റെ കഴിവ് അപാരമാണ്. എനിക്ക് അടുത്തകാലത്ത് ലഭിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹപ്രവാഹം അളവില്ലാത്തതാണ്. കാന്‍സറിനെ നേരിവരുടെ അനുഭവകഥകള്‍ പങ്കുവച്ചരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. എനിക്ക് അധികശക്തിയും ധൈര്യവും ലഭിക്കുവാന്‍ ആ അനുഭവങ്ങള്‍ സഹായിച്ചു. ഞാന്‍ ഒറ്റയ്ക്കല്ല എന്ന അറിവും എനിക്ക് കിുകയാണ്. ''

ജൂലൈ നാലിനാണ് തനിക്ക് കാന്‍സര്‍ രോഗമാണെന്നു സ്ഥിരീകരിച്ചിുണ്ടെന്നും ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നുമുള്ള ഔദ്യോഗിക അറിയിപ്പ് സൊണാലി പുറത്തുവിട്ടത്. സൊണാലിയുടെ സുഹൃത്തുക്കളെയും ആരാധകരെയും അക്ഷരാര്‍ഥത്തില്‍ നടുക്കിയ ഈ വാര്‍ത്തയ്ക്കു പുറകെ വന്ന സൊണാലിയുടെ പോസ്റ്റുകള്‍ പക്ഷേ ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. സുഹൃത്തുക്കളെയും ആരാധകരെയും സാന്ത്വനിപ്പിച്ചുകൊണ്ട്, അവരുടെ വീക്ഷണങ്ങളില്‍ വലിയ മാറ്റം സൃഷ്ടിച്ചുകൊണ്ട് സൊണാലി ബെന്ദ്രെ ഓരോ വരികളും എഴുതി തുടങ്ങി. അര്‍ബുദത്തിന്റെ പിടിയിലാണ് താന്‍ എന്നു ലോകത്തെ അറിയിക്കുന്നതിനു മുന്നോടിയെന്നോണം ജൂലൈ രണ്ടിനു ഇന്‍സ്റ്റാഗ്രാമില്‍ നടി ഒരു ചിത്രം അയച്ചിരുന്നു. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ. ''എന്റെ വഴികളില്‍ ഒരു നിര വിളക്കുകള്‍ വെളിച്ചം വീശുന്നു.'' അതു വായിച്ചവരാരും പക്ഷേ സൊണാലി ഇത്ര വേദനാജനകമായ ഒരു സത്യത്തിനു മുഖവുര ഇടുകയാണെന്ന് അറിഞ്ഞില്ല. പിന്നാലെ ഈ ലോകത്തോട് താന്‍ അര്‍ബുദമെന്ന മഹാവ്യാധിയുടെ പിടിയിലാണെന്ന് അവര്‍ പറഞ്ഞു. ആദ്യ പോസ്റ്റിനൊടുവില്‍ സ്വയം സമാശ്വാസപ്പിക്കുന്നപോലെ സൊണാലി കുറിച്ചു.

''ഞങ്ങള്‍ക്കു ശുഭാപ്തി വിശ്വാസമുണ്ട്. ഞങ്ങള്‍ ഈ യുദ്ധം ഏറ്റെടുക്കുന്നു. ഓരോ ചുവടും അതിശക്തമായി പൊരുതിക്കൊണ്ട്...''ന്യൂയോര്‍ക്കില്‍ ചികിത്സയിലിരിക്കുമ്പോള്‍ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും നിരവധി പോസ്റ്റുകളും ചിത്രങ്ങളും സൊണാലി ഇട്ടു. സൊണാലിയുടെ പോസ്റ്റുകള്‍ ഇങ്ങനെ തുടരുന്നു. ''ഓരോ ദിവസവും വരുന്നത് ഓരോരോ വെല്ലുവിളികളുമായാണ്, വിജയങ്ങളുമായാണ്. ഞാന്‍ ശ്രമിക്കുന്നത് എപ്പോഴും പോസിറ്റീവായിരിക്കുവാനാണ്. എന്റെ ജീവിതാഭിമുഖ്യം നിലനിര്‍ത്തുവാനാണ് . എന്റെ ഈ യാത്ര പങ്കിടുക എന്നതും ഈ ഒരു ജീവിതവഴിയുടെ ഭാഗമാണ്.'' ജൂലൈ പത്തിന് ഉച്ചയ്ക്ക് സൊണാലി പുറത്തുവിട്ട വീഡിയോയില്‍ സൊണാലിയുടെ നീണ്ട തലമുടി മുറിക്കുന്ന ദൃശ്യങ്ങളുണ്ട്. നീണ്ട് പട്ടുപോലൊഴുകുന്ന തലമുടി മുറിച്ചു മാറ്റുന്നതിനിടയില്‍ ആ മുഖത്ത് തീവ്ര വിങ്ങല്‍ പടരുന്നതും മുഖം പൊത്തി ഒരു നിമിഷം നില്‍ക്കുന്നതും കണ്ണുകള്‍ നിറയുന്നതും കാണാം. ജീവിതത്തിലെ ഏറ്റവും വികാരവിക്ഷോഭത്തിനിടയിലും പക്ഷേ സൊണാലി പുഞ്ചിരിക്കുന്നു. വെട്ടിയിട്ട മുടിത്തുമ്പ് മീശപോലെ വച്ച് കുറുമ്പ് കാട്ടി തന്നെ സ്‌നേഹിക്കുന്നവരെ ചിരിപ്പിക്കുന്നു. നിഴലുപോലെ ഒപ്പമുള്ള സൊണാലിയുടെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മാതാവുമായ ഗോള്‍ഡി ബെഹല്‍ പകരുന്ന കരുത്ത് വെളിവാക്കുന്ന ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലുണ്ട്. മുടി മുറിച്ച് പുതിയ സ്റ്റൈലില്‍ നില്‍ക്കുന്ന സൊണാലിയുടെ മൂര്‍ധാവില്‍ ചുംബിക്കുന്ന ഭര്‍ത്താവിന്റെ ചിത്രം വികാരതീവ്രമാണ്. പതിമൂന്നുകാരനായ രണ്‍വീറാണ് ഇവരുടെ ഏകമകന്‍.

കുടുംബവും സുഹൃത്തുക്കളുമാണ് തന്റെ പോരട്ടാത്തിന്റെ കരുത്തെന്നും സൊണാലി ഉറപ്പിച്ചു പറയുന്നു. ശില്‍പഷെട്ടി, കരണ്‍ ജോഹര്‍, ശ്രദ്ധ കപൂര്‍, സൂസേന്‍ ഖാന്‍ തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികള്‍ പുതിയ പരിവേഷത്തിലെ സൊനാലിയുടെ ചിത്രത്തിന് അഭിനന്ദനങ്ങള്‍ വര്‍ഷിച്ചിരിക്കുകയാണ്. ''അതിസുന്ദരിയായ പോരാളി സുഹൃത്തേ, നമ്മള്‍ ഈ പ്രതിസന്ധിയെ അതിജീവിക്കും'' എന്നാണ് സുസേന്‍ഖാന്‍ കുറിച്ചിത്. മുടി മുറിച്ചശേഷം കണ്ണുകളില്‍ തിളക്കവും ചുണ്ടില്‍ പുഞ്ചിരിയുമായി നില്‍ക്കുന്ന സൊണാലിയുടെ ഫോട്ടോ കണ്ട് സംവിധായകന്‍ കരണ്‍ ജോഹര്‍ കുറിക്കുന്നു 'അത്യാകര്‍ഷകമായ സൗന്ദര്യം, സൊണാലി നീ ഉരുക്കുപോലെയുള്ള കരുത്താണ്.''

മനസാന്നിധ്യത്തിന്റെ കരുത്ത് പകര്‍ന്ന്
-ലീല മേനോന്‍


ഈ ജൂലൈയില്‍ നമ്മെ വിട്ടുപോയ ലീല മേനോന്‍ ഡോക്ടര്‍മാര്‍ വിധിച്ച ആറുമാസക്കാല ജീവിതം നാലു പതിറ്റാണ്ടിലേറെ സജീവമാക്കിയ വ്യക്തിത്വമാണ്. നിലയ്ക്കാത്ത സിംഫണി എന്നാണ് ലീല മേനോന്‍ തന്റെ ആ കഥയ്ക്കു നല്‍കിയ പേര്. 1990ല്‍ അര്‍ബുദം സ്ഥിരീകരിക്കപ്പെട്ടിട്ടും തന്റെ ജീവരാഗം നിലയ്ക്കില്ല എന്നവര്‍ വിശ്വസിച്ചു. കാന്‍സര്‍ കിടക്കയില്‍ കിടന്ന് കുറിഞ്ഞിപ്പൂക്കളെ സ്വപ്‌നം കണ്ടു. ലീല മേനോന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിഷമിച്ചപ്പോഴും ചെറിയ പനി വന്നത് പോലെയോ ശരീരത്തില്‍ പൊടി പാറി വീണതുപോലെയോ ആണ് അവര്‍ പ്രതികരിച്ചത്. സാരമില്ല പോട്ടെ എന്ന രീതിയില്‍ വളരെ ലാഘവത്തോടെ അര്‍ബുദത്തെ കുടഞ്ഞെറിഞ്ഞ ലീലാമഞ്ജരി എന്ന ലീല മേനോന്‍ ഒടുവില്‍ പോരാടി വിജയിച്ചു. 83ാം വയസില്‍ മറ്റു പല രോഗങ്ങളും വാര്‍ധക്യപ്രശ്‌നങ്ങളുമാണ് ആ ജീവിതത്തിനു വിരാമമിട്ടത്.

എസ്.മഞ്ജുളാദേവി