ദാമ്പത്യജീവിതത്തില്‍ വാട്‌സ്ആപ്പ് വില്ലനാകുമ്പോള്‍
ദാമ്പത്യജീവിതത്തില്‍ വാട്‌സ്ആപ്പ് വില്ലനാകുമ്പോള്‍
Saturday, September 1, 2018 5:10 PM IST
ഇന്നു സോഷ്യല്‍ മീഡിയ പല കുടുംബബന്ധങ്ങളും തകര്‍ത്തുകൊണ്ടിരിക്കുന്നു. നാം പറയുന്നതും ചെയ്യുന്നതുമെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കും. ഇതു ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നറിയാന്‍ വലിയ ബുദ്ധിമുട്ടില്ല.

പണ്ടൊക്കെ കമിതാക്കള്‍ തമ്മില്‍ തങ്ങളുടെ സ്‌നേഹം കൈമാറിയിരുന്നത് നീണ്ട പ്രേമലേഖനങ്ങളിലൂടെയായിരുന്നു. എന്നാല്‍ ഇന്ന് വിരല്‍ത്തുമ്പില്‍ വാട്‌സ്ആപ്പുള്ളപ്പോള്‍ ഒരു നിമിഷംകൊണ്ട് ഒന്നില്‍ കൂടുതല്‍ കമിതാക്കള്‍ക്ക് സന്ദേശമയച്ച് രസിക്കുന്നത് ഒരു ശീലമാക്കി യുവതലമുറ. പണ്ടൊക്കെ ഗള്‍ഫിലുള്ള ഭര്‍ത്താവ് തന്റെ ഭാര്യയോട് ഐ മിസ് യു എന്നു പറയാന്‍ എഴുതിയിരുന്ന കത്തുകള്‍ ഭാര്യമാര്‍ നിധിപോലെ സൂക്ഷിച്ചിരുന്നു. ഇന്ന് കാര്യങ്ങളൊക്കെ വാട്‌സ്ആപ്പിലൂടെ എളുപ്പമായതോടെ സ്‌നേഹത്തിന്റെ തീവ്രതയും സത്യസന്ധതയും കുറഞ്ഞു. എന്നാല്‍ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന സംശയരോഗവും ഏറിവന്നു.

ഭര്‍ത്താവുവിദേശത്തിരിക്കെ, അവരുടെ ഭാര്യമാര്‍ വാട്‌സാപ്പിലൂടെ മറ്റുബന്ധങ്ങള്‍ തേടി പല കെണികളില്‍ ചെന്നുപെടാറുണ്ട്. ഇതുപേടിക്കുന്ന ഭര്‍ത്താക്കന്മാരാകട്ടെ ഭാര്യമാരെ നിരന്തരമായി ശ്രദ്ധിക്കാന്‍ തുടങ്ങും. പണ്ടൊക്കെ ഭര്‍ത്താവ് അയയ്ക്കുന്ന കത്തിനായി ഭാര്യമാര്‍ നാട്ടില്‍ കാത്തിരിക്കും. ആ കാത്തിരിപ്പ് ചിലപ്പോള്‍ ഒന്നോ രണ്ടോ മാസം വരെ നീളും. എന്നാല്‍ ഇന്ന് തന്റെ പങ്കാളി തനിക്ക് ഉടന്‍ തന്നെ വാട്‌സ്ആപ്പില്‍ മറുപടി തന്നില്ലെങ്കില്‍ പിന്നെ അസ്വസ്ഥതയായി, രണ്ടുപേരും പിരിഞ്ഞു പോകുമോ എന്നു വരെ ഭയപ്പെടുന്ന ഒരു സാഹചര്യം തന്നെ സംജാതമായിരിക്കുന്നു.

പങ്കാളിക്കും ഒരു സ്വകാര്യതയുണ്ട്

ഇന്ന് ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം വിശ്വസിക്കുവാനാകാത്ത ഒരു സ്ഥിതിയാണ് കാണപ്പെടുന്നത്. ഇടയ്ക്ക് വാട്‌സ്ആപ്പില്‍ വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്ത് സ്ഥിരമായി ബന്ധം പുലര്‍ത്തണമെന്ന് ചിലര്‍ക്കു നിര്‍ബന്ധമുണ്ട്. എന്നാല്‍, തന്റെ പങ്കാളിക്കും ഒരു സ്വകാര്യതയുണ്ടെന്നും പരസ്പര വിശ്വാസമാണ് കുടുംബജീവിതത്തിനാധാരമെന്നും നാം തിരിച്ചറിയുന്നില്ല.

വാട്‌സ്ആപ്പില്‍ പലരുമായി സംസാരിച്ചുനടന്നിട്ട് വിവാഹം കഴിക്കുമ്പോഴും ഈ സംശയം തന്നെ നിങ്ങളുടെ ദാമ്പത്യത്തില്‍ വില്ലനാകും.

ശ്രദ്ധിക്കാന്‍ ഏറെയുണ്ട്

വാട്‌സ്ആപ്പില്‍ പലപ്പോഴും നാം നേരിട്ടറിയാത്ത പലരുടെയും സന്ദേശം വരാം. അവരുമായി സംസാരിക്കരുത്. ഒരിക്കലും നിങ്ങളുടെ ഫോാേ സാമൂഹ്യമാധ്യമങ്ങളിലൂടെ കൈമാറരുത്. വീഴ്ചയിലേയ്ക്കുള്ള പടി വളരെ അടുത്തായിരിക്കാം. നിങ്ങളുടെ പങ്കാളിയില്‍ നിന്നും കിട്ടാത്തതൊന്നും നിങ്ങള്‍ക്ക് വാട്‌സാപ്പിലൂടെ ലഭ്യമാകില്ല.

പല പുരുഷന്മാരും, സ്‌നേഹം അഭിനയിച്ച് വാട്‌സ് ആപ്പില്‍ സന്ദേശമറിയിക്കും. പിന്നെ നഗ്നചിത്രങ്ങള്‍ അയയ്ക്കാന്‍ പ്രേരിപ്പിക്കും. അപ്പോള്‍ ഇതു ചതിക്കുഴിയാണെന്ന തിരിച്ചറിവ് സ്ത്രീകള്‍ക്കുണ്ടാവണം. ഒരിക്കലും നിങ്ങളുടെ സ്വകാര്യത വാട്‌സ്ആപ്പില്‍ പങ്കുവയ്ക്കരുത്. ഉദാ: ഭര്‍ത്താവിന്റെ ജോലി, എത്ര കുട്ടികളുണ്ട്, അവര്‍ എവിടെ പഠിക്കുന്നു, നിങ്ങളുടെ വീട് എവിടെ സ്ഥിതി ചെയ്യുന്നു തുടങ്ങിയവ ഒരിക്കലും അപരിചിതരുമായി പങ്കുവയ്ക്കരുത്.

ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരേയൊരു വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാകുന്നതാണ് അഭികാമ്യം. എന്നാല്‍ ചിലപ്പോള്‍ ഇതു പ്രായോഗികമല്ല.

നിങ്ങളുടെ പങ്കാളി എപ്പോഴാണ് വാട്‌സ്ആപ്പില്‍ പ്രത്യക്ഷമാകുന്നത് എന്നുനോക്കി എപ്പോഴുമിരിക്കരുത്. പങ്കാളി അറിയാതെ അവരുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളും ഗ്രൂപ്പുകളും തിരഞ്ഞു നടക്കുന്നത് നിങ്ങളുടെ ബന്ധത്തെ ശിഥിലമാക്കുകയേള്ളു.


ഭാരിച്ച ജോലിയുമായി ഓഫീസില്‍ ഇരിക്കുന്ന ഭര്‍ത്താവിനെ തുടര്‍ച്ചയായി ശല്യപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ആരോടെല്ലാം വാട്‌സ്ആപ്പില്‍ സംസാരിക്കുന്നുണ്ടെന്ന് നിങ്ങളുടെ പങ്കാളി അറിയണം. നിങ്ങളുടെ പങ്കാളിക്കു രസിക്കാത്ത സംസാരങ്ങളും സന്ദേശങ്ങളും ഒരിക്കലും ആരോടും വേണ്ട. വാട്‌സ്ആപ്പിലൂടെ മാത്രം പങ്കാളിയോട് ആശയവിനിമയം ചെയ്യുന്നവര്‍ വളരെ വേഗത്തില്‍ തന്നെ അകലാന്‍ സാധ്യതയുണ്ട്. ദൂരെയായിരിക്കുന്ന പങ്കാളികള്‍ തമ്മിലുള്ള വാട്‌സ്ആപ്പ് ആശയവിനിമയം കൂടുതല്‍ തെറ്റിദ്ധാരണകളും അസ്വസ്ഥതകളും വളര്‍ത്തുകയേയുള്ളു. ദിവസവും തമ്മില്‍ നേര്‍ക്കുനേര്‍ നോക്കി സംസാരിക്കണം. ദൂരെയുള്ള പങ്കാളിയെ ഫോണ്‍ വിളിച്ചു സംസാരിക്കണം.


നിങ്ങളുടെ പങ്കാളിക്ക് വേണ്ട സമയം നല്‍കുന്നുണ്ടോ?

യഥാര്‍ഥ ജീവിതത്തില്‍ ഭാര്യക്കോ ഭര്‍ത്താവിനോ കൊടുക്കേണ്ട സമയം നിങ്ങള്‍ വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്തു കളയുന്നുണ്ടോ. നിങ്ങള്‍ സന്ദേശമറിയിക്കുന്ന പലരും നിങ്ങളുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ആവാം. എന്നാല്‍ സുദൃഢമായ ദാമ്പത്യ ബന്ധത്തിനായി നിങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ സമയം കണ്ടെത്തണം. സ്ഥിരമായി നിങ്ങളുടെ പങ്കാളിയുമായി വാട്‌സ്ആപ്പിലൂടെ സന്ദേശം കൈമാറുന്നവര്‍ക്ക് വളരെ ശിഥിലമായ ഒരു ബന്ധമേ ഉണ്ടാകുകയുള്ളു.

നിങ്ങളുടെ പങ്കാളിയല്ലാത്ത, പലരുമായി ചിലപ്പോള്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറാന്‍ സാധ്യതയുണ്ട്. ഇത് അമിതമായാല്‍ പങ്കാളിയുമായി സ്ഥിരമായി വഴക്കിലേര്‍പ്പെടാനിടയാകും.

എന്താണ് പരിഹാരം?

നിങ്ങളുടെ സുഹൃത്തുക്കളുമായി സന്ദേശങ്ങള്‍ കൈമാറാം. എന്നാല്‍ വാട്‌സ്ആപ്പിന്റെ ഉപയോഗത്തിനായി ഒരു നിശ്ചിതസമയം ക്രമീകരിക്കണം. കുടുംബവുമായി ചിലവഴിക്കേണ്ട സമയം നിങ്ങള്‍ മറ്റൊന്നിനും കൊടുക്കരുത്. നിങ്ങളുടെ കുട്ടികളെ (18 വയസിനു താഴെ) ഒരിക്കലും വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സമ്മതിക്കരുത്.

പങ്കാളിയുടെ വാട്‌സ്ആപ്പ് തിരയാതിരിക്കുക.

തുടരെയായി വരുന്ന സന്ദേശങ്ങള്‍ ഒഴിവാക്കുക. പങ്കാളിയുമായി എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്നതു ശീലമാക്കണം. വീട്ടില്‍ വന്നതിനുശേഷം വാട്‌സ്ആപ്പ് ഉപയോഗിക്കാതിരിക്കുക. നിങ്ങള്‍ക്കു പരിചയമില്ലാത്തവരുമായി ചാറ്റ് ചെയ്യരുത്. അവശ്യഘങ്ങളില്‍ കൗണ്‍സലിംഗും സ്വീകരിക്കാം. പങ്കാളിയെ വിശ്വസിക്കുക. നിങ്ങളുടെ വികാരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് വാട്‌സ്ആപ്പിലൂടെയാകരുത്. പങ്കാളിയുമായി നൂറുശതമാനം വിശ്വസ്തരായിരിക്കുമെന്ന് തീരുമാനമെടുക്കണം.

നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുന്നതിനിടയ്ക്ക് ഫോണ്‍ ഉപയോഗിക്കരുത്. സ്ഥിരമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ അതിന്റെ അടിമത്തത്തിലാണെങ്കില്‍ അതു തിരിച്ചറിഞ്ഞ് കൗണ്‍സലിങ്ങും തെറാപ്പിയും സ്വീകരിക്കണം. ഓര്‍ക്കുക, ദാമ്പത്യ ജീവിതം വളരെ പവിത്രമാണ്. നിങ്ങളുടെ ജീവിതത്തില്‍ വാട്‌സ്ആപ്പ് വില്ലനാകാതിരിക്കട്ടെ...

ഡോ.നതാലിയ എലിസബത്ത് ചാക്കോ
സൈക്യാട്രിസ്റ്റ്, എച്ച്.ജി.എം ഹോസ്പിറ്റല്‍, മുട്ടുചിറ