കാഷ് ഇടപാടുകൾ നടത്തുന്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കാഷ് ഇടപാടുകൾ നടത്തുന്പോൾ  ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Wednesday, September 12, 2018 4:43 PM IST
കാഷ് ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ നിരവധി സംവിധാനങ്ങൾ കൊണ്ടു വരുന്നുണ്ടെങ്കിൽ കൂടിയും ഇന്ത്യക്കാരുടെ ഇടയിൽ ഇത് ഇപ്പോഴും വളരെ സജീവമാണ്. അടുത്തയിടെ വന്ന കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തെക്കാൾ 22 ശതമാനം വർധനയാണ് കാഷ് ഇടപാടുകളിലുണ്ടായിട്ടുള്ളത്. ഇത് വ്യക്തമാക്കുന്നത് വ്യക്തികളും ബിസിനസുകാരുമെല്ലാം ഇപ്പോഴും ഉയർന്ന തോതിൽ കാഷ് ഉപയോഗിച്ചുള്ള പണമിടപാടുകൾ തന്നെയാണ് നടത്തുന്നത്.

സർക്കാർ യൂണിഫൈഡ് പേമെന്‍റ് ഇന്‍റർഫേസ്(യുപിഐ), 2000 രൂപയ്ക്കു താഴെയുള്ള മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ്(എംഡിആർ) തുടങ്ങിയ ഡിജിറ്റൽ പേമെന്‍റ് രീതികളെല്ലാം ലഭ്യമാക്കിയിട്ടും ഡിജിറ്റൽ ഇടപാടുകൾ വലിയതോതിലൊന്നും വർധിപ്പിക്കാനായിട്ടില്ല.

കാഷ് ഇടപാടുകൾക്കുള്ള പരിധി 2017-18 ലെ ബജറ്റിൽ ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി മൂന്നു ലക്ഷം രൂപ വരെയായി നിജപ്പെടുത്തി. പിന്നീട് 2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷം രൂപവരെയാക്കി ഇതിന്‍റെ പരിധി കുറച്ചു. ഇതു സംബന്ധിച്ച നിബന്ധന ധനകാര്യ ബില്ലിൽ ഉൾപ്പെടുത്തി പാർലമെന്‍റിൽ പാസാക്കുകയായിരുന്നു. ഇതു പ്രകാരം പണം നൽകുന്നവർക്കല്ല സ്വീകരിക്കുന്നവർക്കാണ് ശിക്ഷ.

രണ്ടു ലക്ഷം രൂപയിൽ കൂടുതൽ പണമായി സ്വീകരിച്ചാൽ

ആദായ നികുതി നിയമത്തിൽ 269 എസ്ടി എന്ന പുതിയ വകുപ്പു കൂട്ടിച്ചേർത്തുകൊണ്ടാണ് കാഷ് ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയമം നടപ്പിലാക്കിയത്. ഇതനുസരിച്ച് 2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ കാഷ് ഇടപാടുകളും നിയമവിരുദ്ധമായി.

"ഒരു വ്യക്തി രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി, മറ്റൊരു വ്യക്തിയുടെ കൈയ്യിൽ നിന്നും ഒരേ ദിവസം, ഒരു ഇടപാടിനായോ അല്ലെങ്കിൽ ഒരു പ്രത്യേക സന്ദർഭത്തിനായോ കൈപ്പറ്റുവാൻ പാടില്ല.’ ഇവിടെ വ്യക്തി എന്നു പറയുന്നത് വ്യക്തിയോ സ്ഥാപനമോ ട്രസ്റ്റോ സൊസൈറ്റിയോ കന്പനിയോ കൃഷിക്കാരനോ ആരുമാവാം. ആർക്കും ഈ നിയമത്തിൽ നിന്നും ഒഴിവില്ല.

സ്വീകരിക്കുന്ന കാഷിനു തുല്യമായ പിഴയാണ് തുക സ്വീകരിക്കുന്നയാളിൽനിന്നു ഈടാക്കുന്നത്.

നാലിനം പണമിടപാടുകൾക്ക് നിയന്ത്രണം

ആദായനികുതി നിയമം നാല് വിധത്തിലുളള പണമിടപാടിനെ പറ്റിയാണു വിവരിക്കുന്നത്.
1. ഒരു ദിവസത്തെ ഇടപാട്: ഒരു ദിവസം ഒരു വ്യക്തിയോ സ്ഥാപനമോ മറ്റൊരു വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷ് ആയി സ്വീകരിക്കാൻ പാടുള്ളതല്ല.
* തുക കൂടിയാൽ ബാങ്ക് വഴി: രണ്ടു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഒരു ഇടപാട് നടത്തിയാലും രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള തുകമാത്രമേ പണമായി സ്വീകരിക്കുവാൻ സാധിക്കുകയുള്ളു. മിച്ചം വരുന്ന തുക ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ ബാങ്കിൽ കൂടി മാത്രമേ നൽകുവാൻ പാടുള്ളൂ. ഒറ്റ ലക്ഷ്യത്തിനായുള്ള തുകയായതിനാൽ പല ദിവസങ്ങളിലായി കുറഞ്ഞ തുകയായും നൽകാൻ പാടുള്ളതല്ല.

2. ഇമ്മൂവബിൾ പ്രോപ്പർട്ടി: സ്ഥാന ചലനം വരുത്താൻ സാധിക്കാത്ത ആസ്തികൾ ( ഉദാഹരണത്തിന് വീട്) വിൽക്കുന്പോൾ 20,000 രൂപയ്ക്കു മുകളിൽ സ്വീകരിച്ചാൽ ആദായ നികുതി വകുപ്പ് പിഴ ഈടാക്കും. പണം സ്വീകരിക്കുന്നയാളാണ് പിഴ നൽകേണ്ടതായി വരിക. നൽകുന്നയാളല്ല.
3. സംഭാവനകൾ: രജിസ്റ്റർ ചെയ്തിട്ടുള്ള ട്രസ്റ്റുകൾ, പൊളിറ്റിക്കൽ പാർട്ടികൾ എന്നിവയ്ക്കായി 2,000 രൂപയ്ക്കു മുകളിൽ കാഷ് ആയി സംഭാവന നൽകിയാൽ അത് നിയമലംഘനമാണ്. കാഷ് ആയി 2,000 രൂപയ്ക്കു മുകളിൽ നൽകുന്ന സംഭാവനകൾക്ക് നികുതിയിളവ് ക്ലെയിം ചെയ്യാൻ സാധിക്കില്ല.
4. ബിസിനസ്, പ്രൊഫഷണൽ ആവശ്യങ്ങൾ എന്നിവയ്ക്കായി 10,000 രൂപയ്ക്കു മുകളിലുള്ള തുക പണമായി ചെലവഴിച്ചാൽ പിഴ നൽകേണ്ടതായി വരും. ആദായ നികുതി നിയമത്തിന്‍റെ വിഭാഗം 43 വകുപ്പു പ്രകാരം പതിനായിരം രൂപയ്ക്കു മുകളിലുള്ള ആസ്തികൾ കാഷ് കൊടുത്ത് വാങ്ങുവാൻ പാടില്ല.

നിയന്ത്രണത്തിൽപെടാത്ത ഇടപാടുകൾ

1. ഒരാളുടെ സ്വന്തം അക്കൗണ്ടിൽ അയാൾ നടത്തുന്ന പണ നിക്ഷേപങ്ങളും പിൻവലിക്കലുകളും ഈ നിയന്ത്രണത്തിന്‍റെ പരിധിയിൽ വരില്ല.
2. ആദായ നികുതി നിയമത്തിലെ 269 എസ്ടി വകുപ്പ് അനുസരിച്ച് ഗവണ്‍മെന്‍റ്, ബാങ്കുകൾ, പോസ്റ്റ് ഓഫീസ്, കോ-ഓപ്പറേറ്റീവ് ബാങ്ക്, എന്നീ സ്ഥാപനങ്ങളിൽ നിന്നും രണ്ടു ലക്ഷം രൂപയ്ക്കു മുകളിൽ പിൻവലിക്കുന്ന തുകയ്ക്ക് നിയമം ബാധകമല്ല.

3. പ്രത്യേക സന്ദർഭങ്ങളിൽ ലഭിക്കുന്ന പണത്തിനും ഇളവു നൽകിയിട്ടുണ്ട്.
ഉദാഹരണത്തിന്, ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്തവർ നൽകിയ സമ്മാന തുക രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുണ്ടെന്നിരിക്കട്ടെ. ഇവിടെ സമ്മാന തുക ലഭിച്ചത് ഒരാളിൽ നിന്നല്ലാത്തതിനാൽ ഇവിടെ നിയന്ത്രണം ബാധകമല്ല.

ശിക്ഷ

പണം കൈപ്പറ്റുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ആയിരിക്കും ശിക്ഷ ലഭിക്കുക. ഇവിടെ നികുതി നൽകിയ പണമാണെന്നോ നികുതി കിഴിവുള്ള പണമാണെന്നോ കാർഷിക വരുമാനമാണ് എന്നുള്ളതോ ആയ യാതൊരു വിധ പരിഗണനയും ഉണ്ടായിരിക്കില്ല.
സ്വീകരിക്കുന്നവരാരായാലും സ്വീകരിക്കുന്ന തുകയ്ക്ക് തുല്യമായ തുക പിഴയായി നൽകേണ്ടതായി വരും.

നികുതി നിയമത്തിലെ 271 ഡിഎ വകുപ്പ് അനുസരിച്ചാണ് ശിക്ഷ. എന്നാൽ, പണം സ്വീകരിച്ച വ്യക്തിക്കോ, സ്ഥാപനത്തിനോ അതിന് തക്കതായ കാരണം ബോധിപ്പിക്കാൻ സാധിച്ചാൽ പിഴ ഈടാക്കില്ല.