കടത്തിൽ നിന്നും കരകയറാം
കടത്തിൽ നിന്നും  കരകയറാം
Saturday, September 22, 2018 4:47 PM IST
ജോലിയൊക്കെ ആയില്ലെ ഇനിയിപ്പോ ഒരു വീടും കാറുമൊക്കെ വാങ്ങിക്കൂടെ?
വിദ്യാഭ്യാസ വായ്പ എടുത്തത് കുറച്ച് വീട്ടാനുണ്ട് അതു കഴിഞ്ഞ് വീടും കാറുമൊക്കെ വാങ്ങാം.
ഓ, എന്തിന അത്ര കാത്തിരിക്കുന്നത്. ഭവന വായ്പ എടുത്ത് വീടു വാങ്ങണം. അല്ലെങ്കിൽ നഗരത്തിൽ ഒരു വീട് വാടകയ്ക്ക് എടുക്കാലോ? കാറിനും കിട്ടുമല്ലോ വായ്പ....
ഇങ്ങനെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമായി നിരവധി പേർ ഉണ്ടാകും. അതുകേട്ട് അതെല്ലാം അതേ പടി പ്രാവർത്തികമാക്കുന്നവരും. എന്നാൽ ശന്പളം എത്രയാണെന്നും ചെലവുകൾ എന്തൊക്കെയാണെന്നും അവനവനേ അറിയൂ. അതുകൊണ്ട് അറിഞ്ഞു ചെയ്തില്ലെങ്കിൽ പ്രശ്നത്തിലാകുന്നത് അവനവൻ തന്നെയായിരിക്കും. വരവനുസരിച്ച് ചെലവു ചെയ്തില്ലെങ്കിൽ അദ്ധ്വാനിച്ചുണ്ടാക്കുന്നതു മുഴുവൻ കടം വീട്ടാനേ തികയൂ. ജീവിതം സന്തോഷത്തോടെ ആസ്വദിക്കുവാനും സാധിക്കുകയില്ല. കടം ജീവിതത്തിന്‍റെ സന്തോഷം കെടുത്തും. പ്രത്യേകിച്ചും എടുത്താൽ പൊങ്ങാത്താണെങ്കിൽ.

കടക്കെണി ഉണ്ടാകാതിരിക്കാൾ ശ്രദ്ധയോടെ ഓരോ ചുവടുവയ്ക്കാം.
ആളുകൾക്കായാലും കന്പനികളായാലും ഇനിയിപ്പോ രാജ്യങ്ങളായാലും ചെലവഴിക്കാൻ പണമില്ലെങ്കിൽ കടം വാങ്ങുക, ചെലവഴിക്കുക എന്ന രീതിയിലാണ് കാര്യങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നത്. അതുകൊണ്ടു തന്നെ ആളുകൾക്ക് പാപ്പരാകുന്നതിനുള്ള വഴി ചെറുപ്പത്തിൽ തന്നെ ലഭിക്കുന്നു. മാതാപിതാക്കൾ പണവുമായി സമരം ചെയ്യുന്നതും കടമെടുക്കുന്നതും വീട്ടുന്നതുമൊക്കെ കണ്ടാണ് കുട്ടികൾ വളരുന്നത്. അവസാനമില്ലാത്ത പരസ്യം പോലെ അത് തുടരുകയും ചെയ്യും. എല്ലാവർക്കും കടമുണ്ടാകും. കടം വാങ്ങുക എന്നുള്ളത് വളരെ സ്വീകര്യമായ ഒരു പ്രവൃത്തിയുമാണ്.

എന്നാൽ കടമെടുക്കുന്നതിൽ വിവേചനം വേണം. കടത്തിലെ നല്ലതും ചീത്തയും അറിഞ്ഞിരിക്കണം. കടം ആസ്തി വളരുന്ന ആസ്തി സൃഷ്ടിക്കാനാണെങ്കിൽ നല്ലത്. ചെലവു ചെയ്യാനാണെങ്കിൽ ചീത്ത. ഈ വ്യത്യാസം അറിഞ്ഞിരുന്നാൽ കടക്കെണിയിൽപ്പെടാതെ കഴിക്കാം.

ഉന്നതവിദ്യാഭ്യാസവും ഉയർന്ന കടവും

പ്ലസ്ടു പഠന ശേഷം എഞ്ചീനീയറിംഗ് ബിരുദം നേടിയ അരുണ്‍,അതിനുശേഷം എംബിഎയ്ക്ക് ചേർന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലിയൊന്നും ശരിയാകാതിരുന്നപ്പോഴാണ് എംബിഎയിലേക്ക് തിരിഞ്ഞത്. എഞ്ചിനീയറിംഗ് പഠനത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പയുണ്ട്. എംബിഎയ്ക്ക് ചേർന്നപ്പോൾ വീണ്ടും വായ്പ എടുത്തു. പഠനകാലത്ത് ് നിത്യേനയുള്ള ചെലവുകൾക്കായി ക്രെഡിറ്റ് കാർഡു കൂടി കടന്നുവന്നു. വിദ്യാഭ്യാസത്തിനായി എടുത്ത വായ്പ മുതലും പലിശയും കൂടി വലിയൊരു തുകയായി ഒരു വശത്ത്. ക്രെഡിറ്റ്കാർഡ് വഴി എടുത്ത വായ്പകൾ ഉയർന്ന തോതിലുള്ള പലിശയുമായി വിദ്യാഭ്യാസത്തിനായി എടുത്ത വായ്പയെക്കാൾ ഉയർന്ന തലത്തിൽ എത്തി മറുവശത്ത്.

നമ്മുടെ രാജ്യത്തും വിദേശരാജ്യങ്ങളിലേതുപോലെ കടമെടുത്തു പഠന നടത്തുന്ന രീതി നാട്ടുനടപ്പായിരിക്കുന്നു. കഴിഞ്ഞ തലമുറയിൽ അങ്ങനെയായിരുന്നില്ല. നല്ലതുപോലെ പഠിക്കുന്നവർ നല്ല സ്ഥാപനത്തിൽ അഡ്മിഷൻ നേടും. ഫീസൊന്നും വലുതായിരുന്നില്ല. ഇന്ന് വിദ്യാഭ്യാസമാണ് ഏറ്റവും ചെലവേറിയ ഐറ്റം.

ജോലികിട്ടിയാലും മാറ്റമില്ല

വിദ്യാഭ്യാസം പൂർത്തിയാക്കി പുതിയൊരു ജോലിയിലേക്ക് പ്രവേശിച്ചാലോ, അപ്പോഴും സ്ഥിതിക്ക് വലിയ മാറ്റമൊന്നുമുണ്ടാകില്ല. അരുണിന്‍റെ കാര്യം തന്നെ നോക്കാം. ജോലി കിട്ടിക്കഴിഞ്ഞപ്പോൾ യാത്ര സൗകര്യത്തിനായി ഒരു കാർ വാങ്ങാൻ നിർബന്ധിതനായ അരുണ്‍ ഒരു ഓട്ടോ ഡീലറുടെ അടുത്തേക്കാണ് എത്തിപ്പെട്ടത്. പ്രതിമാസം എത്ര രൂപ തിരിച്ചടവിനുള്ള കാറാണ് അന്വേഷിക്കുന്നതെന്ന് ചോദിച്ച സെയിൽസ്മാനോട് അരുണ്‍ തന്‍റെ ബജറ്റു പറഞ്ഞു. സെയിൽസ്മാൻ അരുണിന്‍റെ ബജറ്റിനും സ്റ്റാറ്റസിനും ഇണങ്ങിയ കാർ തന്നെ കണ്ടെത്തി നൽകി. ഡീലറുടെ അടുത്ത് നിന്നും മടങ്ങുന്പോൾ മറ്റൊരു കടം കൂടി അരുണ്‍ ചുമലിലേക്ക് എടുത്തുവെച്ചു കഴിഞ്ഞിരുന്നു. വിദ്യാഭ്യാസ വായ്പ, ക്രെഡിറ്റ് കാർഡ് വായ്പ, കാർ വായ്പ ഇവയെല്ലാം അടച്ചു തീർക്കാനായുള്ള പരിശ്രമത്തിലാണ് പിന്നീടുള്ള അരുണിന്‍റെ അദ്ധ്വാനമെല്ലാം.

അപ്പോഴാണ് ഭവന വായ്പയുടെ വരവ്. നല്ല കന്പനിയിൽ ജോലികിട്ടിയതല്ലേ നല്ല ഒരു വീടും വെച്ചു. അതിനിടയിലെപ്പോഴോ ചിലരൊക്കെ ഭാവിയിലേക്ക് അൽപ്പം നിക്ഷേപം നടത്തണമെന്നുള്ള കാര്യം അരുണിനെ ഓർമ്മിപ്പിച്ചിരുന്നു. അങ്ങനെ പ്രതിമാസം പെൻഷൻ ലഭിക്കുന്നതിനായി വരുമാനത്തിന്‍റെ നിശ്ചത ശതമാനം നിക്ഷേപത്തിനായി നീക്കിവെയ്ക്കാനും അരുണ്‍ തുടങ്ങി.

ഇത്രയുമൊക്കെ ആയപ്പോൾ. കടത്തിന്‍റെ ഭാരമൊന്നു കുറയ്ക്കാനായി പല കടങ്ങളെയെല്ലാം ഒന്നു ഏകീകരിക്കണം എന്ന ചിന്ത അരുണിനു വരുന്നത്. ഉയർന്ന പലിശയിലുള്ള കടം തീർക്കാനായി താഴ്ന്ന പലിശയിലുള്ള കടം എടുക്കുന്നത് ഒരു സ്മാർട്ട് ആശയമാണല്ലോ എന്നു തോന്നിയ അരുണ്‍ അങ്ങനെ ഒരു വായ്പ എടുത്തു. പക്ഷേ, അത് കൂടുതൽ കുഴപ്പത്തിലേക്കാണ് നയിച്ചത്. അതോടെ പ്രതിമാസ തരിച്ചടവുകൾ കുറയുകയും ചെലവഴിക്കൽ കൂടുകയും ചെയ്തു.
ഇവിടെ അരുണ്‍ ഉദാഹരണം മാത്രമാണ്. പലരുടെയും കാര്യം ഇങ്ങനെയൊക്കെ തന്നെയാണ്. ഏതാനും റൗണ്ട് കടങ്ങളുടെ ഏകീകരണത്തിനുശേഷം മിക്ക ആൾക്കാരും അവരുടെ വരുമാനത്തെ ചെലവഴിക്കലിനെക്കാളധികമായി കടം വീട്ടലിനാണ് ഉപയോഗിക്കുന്നത്. ഇത് ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കും. താഴന്ന നിരക്കിലുള്ള വായ്പകൾ എടുക്കാൻ സാധിക്കാതെ വരും. ഉയർന്ന നിരക്കിലുള്ള വായ്പകളും ക്രെഡിറ്റ് കാർഡും പണമിടപാടിനെ നിയന്ത്രിക്കും. ചുരുക്കത്തിൽ ജീവിതത്തിലെ സന്തോഷമൊക്കെ പൊയ്പ്പോകും. കടം വീട്ടുകയെന്നതു മാത്രമായി ജീവിതമൊതുങ്ങും.

കടം വാങ്ങൽ അവസാനിപ്പിക്കാം


കട ബാധ്യതയിൽ നിന്നും രക്ഷനേടാനുള്ള ആദ്യത്തെ ചവിട്ടുപടി എന്നത് പണം കടം വാങ്ങുന്നത് അവസാനിപ്പിക്കുക എന്നതാണ്. ക്രെഡിറ്റ് കാർഡാണ് ഉപഭോഗ കടത്തിനുള്ള പ്രധാനകാരണക്കാരൻ. അതുകൊണ്ട് പ്ലാസ്റ്റിക് മണിയെ ദൂരെക്കളയുക. പകരം പണം നൽകുക, ചെക്ക് എഴുതി നൽകുക, അല്ലെങ്കിൽ ഫീസൊന്നും ഇല്ലാത്ത ഡെബിറ്റ് കാർഡ് ഉപയോഗിക്കുക.
ഇങ്ങനെ ചെയ്യുന്പോൾ എത്ര പണം ചെലവാക്കുന്നുണ്ടെന്നും എങ്ങനെയാണ് പണം ചെലവാകുന്നതെന്നും മനസിലാക്കാം. അധികം പണം ചെലവഴിക്കുകയുമില്ല കാരണം കയ്യിൽ നി്ന്നാണല്ലോ പണമെടുത്തു നൽകുന്നത്.

അടുത്തതാായി വരുവകളും ചെലവുകളും സൂക്ഷമമായി ഒന്നു പരിശോധിക്കാം. ധാരാളം ആളുകൾ നിശ്ചിത ബജറ്റുണ്ടാക്കി അതിൽ ജീവിക്കുന്നുണ്ട്. ഈ യാഥാർഥ്യം എല്ലാവർക്കും പ്രാവർത്തികമാക്കാവുന്നതാണ്. ചെലവഴിക്കുന്ന ഓരോ ചില്ലിക്കാശും ട്രാക്ക് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ, കൃത്യമായ ഇടവേളകളിൽ ഇത് പരിശോധിക്കുകയെങ്കിലും ചെയ്യാം. ചെലവും വരുവും താരതമ്യം ചെയ്യാം. ഇതും കടത്തെ പുറത്തു നിർത്താനോ കുറയ്ക്കുവാനോ ഉള്ള വഴിയാണ്.

പുറത്തുകടക്കാനുള്ള വഴി

വരുമാനവും ചെലവുകളും വിലയിരുത്തുവാൻ സമയം കണ്ടെത്തണം. ഓരോരുത്തരുടെയും ജീവിതരീതി വ്യത്യസ്തമായിരിക്കും. അതുകൊണ്ട് അതു മനസിലാക്കാൻ സമയം കണ്ടെത്തണം. ജീവിതരീതിയിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ അത് ഒരു നിശ്ചിത സാന്പത്തിക അടിത്തറ സൃഷ്ടിക്കുവാൻ സാധിക്കും. സ്വയം സാധിക്കുന്നില്ലെങ്കിൽ ധനകാര്യ ഉപദേശകന്‍റെ സേവനം തേടുക. ഇപ്പോൾ ധാരാളം ധന സ്ഥിതി പരിശോധിക്കുന്പോൾ വരവിനെക്കാൾ കൂടുതൽ ചെലവാണെന്നു മനസിലായാൽ ആ സമവാക്യം മാറ്റാനുള്ള മാർഗവും കണ്ടെത്തേണ്ടതുണ്ട്. പണത്തിന്‍റെ വരവും പോക്കും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണ്. പക്ഷേ, അതുകൊണ്ടുമാത്രം പ്രശ്നങ്ങൾക്കു പരിഹാരമാവില്ല.

ആദ്യചുവട്

ഒരു മിച്ച വരുമാനം ലഭിക്കുന്നതിലേക്ക് ചെലവുകളെ കുറയ്ക്കേണ്ടതുണ്ട്. അല്ലെങ്കിൽ അധിക വരുമാനം കണ്ടെത്തേണ്ടി വരും. പൊതുവേ ആളുകൾ മിച്ചവരുമാനം കണ്ടെത്തുകയാണ് ചെയ്യാറ്. നിലവിലുള്ള ജോലിയിൽ നിന്നും മെച്ചപ്പെട്ട ഒരു ജോലി കണ്ടെത്താം. അല്ലെങ്കിൽ രണ്ടാമതൊരു ജോലി കൂടി കണ്ടെത്താം. ഇത് ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ടൈംടേബിളിനെ വേഗത്തിലാക്കും.

ജീവിത രീതിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾകൊണ്ട് ചെലവിൽ കുറവു വരുത്താൻ സാധിക്കും. താമസവും യാത്രയുമാണ് പലർക്കും വലിയ ചെലു വരുന്ന കാര്യങ്ങൾ. സൗകര്യങ്ങൽ കുറവാണെങ്കിലും ചെറിയ വീട്ടിലേക്ക് താമസം മാറ്റുന്നത് ചെലവിൽ കുറവു വരുത്തും. ഇത് ചെറയ തുകയെ കുറവു വരുത്തുന്നുണ്ടാവുകയുള്ളു. പക്ഷേ, ദീർഘകാലത്തിൽ ഇത് നേട്ടമായി തീരും എന്നോർക്കുക. അതുപോലെ കാറിനു പകരം അത്രയും ചെലവില്ലാത്ത ഒരു വാഹനവും ചെലവഴിക്കലിൽ മാറ്റം വരുത്തും. കാറിന്‍റെ ഇഎംഐ അടയ്ക്കൽ, ഇൻഷുറൻസ്, പെട്രോൾ ഇങ്ങനെയുള്ള ചെലവുകളെല്ലാം ഇതുവഴി കുറയ്ക്കാം.

വെട്ടിക്കുറയ്ക്കാൻ സാധിക്കുന്ന ചെലവുകളൊക്കെ വെട്ടിക്കുറയ്ക്കുക എന്നുള്ളതാണ് അടുത്തതായി ചെയ്യാനുള്ളത്. ദിവസവും ചെലവഴിക്കുന്ന പണത്തെ കൃത്യമായി കണക്കുകൂട്ടാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് ഇത് ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. ഇനി ഇങ്ങനെ കൃത്യമായി കണക്കു കൂട്ടാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ ചെയ്യാവുന്ന ലളിതമായ കാര്യം ഇതാണ്. ചെലവഴിക്കുന്ന പണം കടം വാങ്ങാതെ പണമായി സ്വന്തം കയ്യിൽ നിന്നു തന്നെ നൽകുക. അപ്പോൾ എത്രമാത്രം ചെലവഴിച്ചുവെന്നും ഇനി എത്ര അവശേഷിക്കുന്നുവെന്നും അറിയാം.

അടുത്ത ചുവട്

ചെലവുകൾ കുറയ്ക്കാനുള്ള വഴി കണ്ടെത്തി അല്ലെങ്കിൽ വരുമാനം വർധിപ്പിക്കാനുള്ള വഴി കണ്ടെത്തിക്കഴിഞ്ഞാൽ അത് നിങ്ങൾക്കായി തന്നെ ചെലവഴിക്കുക എന്നുള്ളതാണ് ചെയ്യാനുള്ള അടുത്തപടി. ആ പണം ഉപയോഗിച്ച് ഒരു എമർജൻസി ഫണ്ട് സ്വരൂപിക്കാം. അതുവഴി പണത്തിന് അത്യാവശ്യം വരുന്പോൾ കടം വാങ്ങേണ്ടതായി വരില്ല. കുറച്ചു മാസത്തേക്കായി അൽപ്പം പണം സ്വരുക്കൂട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് സ്വരൂപിക്കാം. മിച്ചം പിടിക്കാനുള്ളത് വലിയൊരു സംഖ്യ അല്ലെങ്കിൽ പോലും പിൻമാറേണ്ടതില്ല. 500 രൂപയാണെങ്കിൽ കൂടി അത് വലിയൊരു തുടക്കമാണെന്നോർക്കുക.

മിച്ചം പിടിക്കുന്ന 24 മണിക്കൂറും തങ്ങൾക്കുവേണ്ടി പണമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ആസ്തികളിൽ നിക്ഷേപിക്കാം. ബാങ്ക് ഡിപ്പോസിറ്റ് മുതൽ ഓഹരി നിക്ഷേപം വരെയുള്ള വൈവിധ്യമാർന്ന നിക്ഷേപങ്ങൾ ഓരോരുത്തരുടേയും റിസ്ക് ശേഷിയനുസരിച്ച് ലഭ്യമാണ്.
സ്വന്തം ആവശ്യങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനൊപ്പം തന്നെ കടങ്ങൾ വീട്ടാനും തുടങ്ങുക. അതിന് രണ്ടു വഴികളാണുള്ളത്. ഏറ്റവും ലോജിക്കായിട്ടുള്ളത് ഉയർന്ന പലിശ നിരക്കുള്ള കടങ്ങൾ ആദ്യമേ വീട്ടുക എന്നുള്ളതാണ്. ഇത് സാന്പത്തിക നേട്ടം നൽകും. എന്നാൽ വലിയൊരു തുകയാണ് കടമായിട്ടുള്ളതെങ്കിൽ വളരെയധികം കാലമെടുക്കും എന്തെങ്കിലും പുരോഗതി കൈവരിച്ചു എന്നുള്ള തോന്നലുണ്ടാകാൻ. ഇത് ബുദ്ധിമുട്ടായി തോന്നുവെങ്കിൽ കുറഞ്ഞ വായ്പകൾ അടച്ചു തീർക്കാം. എന്നാൽ ഇത് സാന്പത്തികമായി ചെറിയ സ്വാധീനമേ ഉണ്ടാക്കു. ഒരു കടം തീർക്കുന്പോൾ തുടർന്നുള്ളതൊക്കെ തീർക്കാനുള്ള ഒരു ശ്രമമുണ്ടാകും.
ഓർമിക്കാൻ

കടം തീർക്കാൻ ക്ഷമ ഒരു അത്യാവശ്യ ഘടകമാണ്. ലക്ഷ്യത്തിലേക്കെത്താൻ പ്രേരിപ്പിക്കുന്നതും അതിൽ ഉറച്ചു നിൽക്കാൻ സഹായിക്കുന്നതും അർഥവത്തായ കാര്യങ്ങളാണ്. അവയെ മുറുകെ പിടിക്കുക. ഓർക്കുക വർഷങ്ങൾ വേണ്ടിവന്നേക്കാം ഉയർന്ന നിക്ഷേപങ്ങളിലേക്കെത്താൻ. കാരണം വീണ്ടെടുപ്പ് എപ്പോഴും മന്ദഗതിയിലായിരിക്കും.