ചോക്‌ലേറ്റ് ഗേള്‍ ആകാന്‍...
ചോക്‌ലേറ്റ് ഗേള്‍ ആകാന്‍...
Saturday, September 22, 2018 5:13 PM IST
രാവിലെ തന്നെ ചോക്‌ലേറ്റ് തിന്നാന്‍ തുടങ്ങിയോ? ഒരു കൈയില്‍ പുസ്തകവും മറുകൈയില്‍ ചോക്‌ലേറ്റും പിടിച്ചിരിക്കുന്ന രമ്യയോട് റൂം മേറ്റായ വിനീത ചോദിച്ചു.

'പരീക്ഷയുടെ സ്‌ട്രെസ് താങ്ങാന്‍ വയ്യ. ഈ സ്‌ട്രെസ് കൈകാര്യം ചെയ്യാന്‍ ചോക്‌ലേറ്റ് സഹായിക്കും. പിന്നെ ആര്‍ക്കാണ് ചോക്‌ലേറ്റിനോട് ഇഷ്ടമില്ലാത്തത്.' രമ്യ പതിവു മറുപടി എടുത്തു പ്രയോഗിച്ചു.

എങ്കില്‍ ചര്‍മത്തിനും അല്‍പം ചോക്‌ലേറ്റ് കൊടുത്തൂടെ? വീനിതയുടെ ചോദ്യം കേട്ട് ഒന്നും മനസിലാകാതെ രമ്യ അമ്പരന്നു.

അന്തം വിട്ടു നോക്കണ്ട. ചോക്‌ലേറ്റ് സ്‌ട്രെസ് കുറയ്ക്കും എന്നതു ശരിയാണ്. അതുപോലെ തന്നെ ചര്‍മ സംരക്ഷണത്തിലും ഈ പറയുന്ന കൂട്ടര്‍ മിടുക്കരാണ്. ചര്‍മ സംരക്ഷണത്തിനു ചോക്‌ലേറ്റ് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വിനീത പറഞ്ഞു തുടങ്ങി.

എന്തുകൊണ്ട് ഡാര്‍ക്ക് ചോക്‌ലേറ്റ് ?

ഡാര്‍ക്ക് ചോക്‌ലേറ്റില്‍ അടങ്ങിയിട്ടുള്ള കറ്റേച്ചിനും പോളിഫിനോളും ഫ്‌ളാവനോളും ഇതിനെ മികച്ച ആന്റി ഓക്‌സിഡന്റ് ആക്കി മാറ്റുന്നു. മറ്റേതു പഴത്തേക്കളും ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് കൊക്കോ എന്ന് പഠനങ്ങള്‍ പറയുന്നു. ഇതു വെയിലേറ്റുള്ള കരിവാളിപ്പില്‍ നിന്നു സംരക്ഷിക്കുകയും ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്തുകയും ചെയ്യും.

മാത്രമല്ല സ്‌ട്രെസ് ഉണ്ടാകാന്‍ കാരണമാകുന്ന ഹോര്‍മോണുകളുടെ അളവു കുറയ്ക്കാനും കൊക്കോയ്ക്കു സാധിക്കും.

ചോക്‌ലേറ്റ് ഫേസ് മാസ്‌ക് എന്നു കേള്‍ക്കുമ്പോള്‍ ആരും ചെലവിനെക്കുറിച്ചോര്‍ത്ത് ഭയപ്പെടണ്ട. ഇതില്‍ പലതും ചെലവു കുറഞ്ഞതും വീട്ടില്‍ തന്നെ ചെയ്യാവുന്നതും ആണ്.



എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന ചോക്ലേറ്റ് ഫേസ് മാസ്‌കുകള്‍

1. ഒരു ടേബിള്‍ സ്പൂണ്‍ കൊക്കോ പൊടിയും ഒരു നുള്ള് കറുവാപ്പട്ടയുടെ പൊടിയും തേനില്‍ ചാലിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഇത് ആവര്‍ത്തിച്ചാല്‍ മുഖക്കുരുവും പാടുകളും മാറി ചര്‍മത്തിനു തിളക്കം ലഭിക്കും.

2. കാല്‍ കപ്പ് കൊക്കോ പൊടി, രണ്ടു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, രണ്ടു ടേബിള്‍ സ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ നാരങ്ങാ നീര്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ നന്നായി ചേര്‍ത്തിളക്കി കുഴമ്പു രൂപത്തിലാക്കുക. ഇതു മുഖത്തും കഴുത്തിലും പുരി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താം.


3. നാലു ടേബിള്‍സ്പൂണ്‍ വീതം കൊക്കോ പൊടിയും കാപ്പിപ്പൊടിയും എട്ടു ടേബിള്‍ സ്പൂണ്‍ തൈരും രണ്ടു ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാലും ചേര്‍ത്തിളക്കുക. മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകുക. ആഴ്ചയില്‍ ഒന്നു വീതം ഇങ്ങനെ ചെയ്താല്‍ മുഖകാന്തി വര്‍ധിക്കുകയും ചര്‍മത്തിനു തിളക്കം ലഭിക്കുകയും ചെയ്യും.

4. ഒരു ടേബിള്‍സ്പൂണ്‍ കൊക്കോ പൊടിയും ഒരു ചെറിയ പഴം ഉടച്ചതും ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ കൂടി ചേര്‍ക്കണം. ഈ കൂട്ട് മുഖത്തും കഴുത്തിലും പുരട്ടുക. ഇത് ഉണങ്ങിയ ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകി കളയാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ആവര്‍ത്തിക്കുക.

5. അര കപ്പ് കൊക്കോ പൊടി, മൂന്നു ടേബിള്‍ സ്പൂണ്‍ ഓട്‌സ് പൊടിച്ചത്, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ കുഴമ്പു രൂപത്തിലാക്കി മുഖത്തും കഴുത്തിലും ഇടുക. 20 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകി കളയാം. ആഴ്ചയില്‍ ഒന്നു വീതം ഇത് ആവര്‍ത്തിച്ചാല്‍ മുഖത്തെ മൃതകോശങ്ങള്‍ നീങ്ങി ചര്‍മത്തിന്റെ നിറം വര്‍ധിക്കുകയും മൃദുത്വം കൈവരുകയും ചെയ്യും. വരണ്ട ചര്‍മക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ ഫേസ് മാസ്‌ക് ആണിത്.

ചോക്‌ലേറ്റ് മാസ്‌ക് ഇടുമ്പോള്‍ ശ്രദ്ധിക്കാം

* മുഖവും കഴുത്തും നന്നായി കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ചു തുടച്ചശേഷം ഫേസ് പാക്ക് ഇടാം.
* പാക്ക് പൂര്‍ണമായി ഉണങ്ങരുത്. അഥവാ പാക്ക് ഉണങ്ങിപ്പിടിച്ചാല്‍ ചെറുതായി വെള്ളം തൊട്ടു കൊടുത്ത ശേഷം മുഖം കഴുകുക.
* വൃത്താകൃതിയില്‍ മസാജ് ചെയ്തു കൊണ്ടു വേണം മാസ്‌ക് കഴുകികളയാന്‍.
* കണ്ണിനു ചുറ്റുമുള്ള ചര്‍മം വളരെ മൃദുവായതിനാല്‍ ഈ ഭാഗത്ത് ഫേസ് മാസ്‌ക് ഇടാന്‍ പാടില്ല.

എ.എ
വിവരങ്ങള്‍ക്കു കടപ്പാട്
ആര്‍. ചിത്ര
ഉമ ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍, തിരുവനന്തപുരം