രാജകീയ ഭാവം, തിളങ്ങും വള്ളി
സ്വതഃസിദ്ധമായി വളര്‍ന്നു കയറുന്ന വള്ളിച്ചെടി, പകിട്ടുള്ള വലിയ പൂക്കള്‍ നിരന്തരം വിടര്‍ത്തുന്ന സ്വഭാവം; പൂക്കള്‍ക്ക് ഇളം പര്‍പ്പിള്‍ നിറം. പൂക്കളാകട്ടെ ഇലച്ചാര്‍ത്തിനിടയില്‍ നിന്ന് എത്തി നോക്കുന്ന മട്ടിലാണ് ഇടതൂര്‍ന്ന് വിടരുക. തിളങ്ങു വള്ളി എന്നര്‍ഥമുള്ള 'ഗ്ലോ വൈന്‍' എന്ന ഉദ്യനലതയുടെ സവിശേഷതകളാണിവ. 'ബിഗ്നോണിയേസി' സസ്യകുലത്തില്‍പെട്ട ഗ്ലോ വൈനിന് 'സരിറ്റേ മാഗന്നിഫിക്ക' എന്നാണ് സസ്യനാമം. രാജകീയ പ്രൗഢിയുള്ളത് എന്നര്‍ഥം വരുന്ന ലാറ്റിന്‍ പദമായ മാഗ്നിഫിക്കയാണ് ഈ വള്ളിച്ചെടിയുടെ പൂപിടിത്തം കണ്ടാല്‍ ആര്‍ക്കും പറയാന്‍ തോന്നുക. അതാണ് നിത്യഹരിത സ്വഭാവമുള്ള ഈ പൂവള്ളിയുടെ മുഖമുദ്ര.

തെക്കേ അമേരിക്കയാണ് ഗ്ലോവൈനിന്റെ ജന്മനാട്. എങ്കിലും ഇന്ത്യയിലുടനീളം ഏറെ പ്രചാരം നേടിയ ഒരു ഉദ്യാനസസ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് ഗ്ലോവൈന്‍. പര്‍പ്പിള്‍ ഫണല്‍ വൈന്‍, പര്‍പ്പിള്‍ ബിഗ്നോണിയ എന്നെല്ലാം ഇതിന് വിളിപ്പേരുകള്‍ വേറെയുമുണ്ട്. പര്‍പ്പിള്‍ നിറത്തില്‍ കൊച്ചുവാദ്യത്തിന്റെ ആകൃതിയിലുള്ള പൂക്കളുടെ ഉള്‍ഭാഗം വെളുത്ത നിറമാണ്. ശിഖരാഗ്രങ്ങളില്‍ നാലുപൂക്കള്‍ വീതമുള്ള പൂങ്കലകളായാണ് ഇത് വിടരുക. പൂക്കള്‍ വലുതാണ്. 6 സെന്റീമീറ്റര്‍ നീളം. പൂത്തണ്ടിലല്ലെന്നു തന്നെ പറയാം. കാണാന്‍ അത്യാകര്‍ഷകം. നേര്‍ത്തു നീണ്ട കഴുത്തും പുറത്തേക്ക് ഇറക്കുന്ന ഏതാണ്ട് വൃത്താകൃതിയുള്ള ഇതളുകളും. പൂവിതളുകള്‍ ചേരുന്ന കഴുത്തിന് 35 മില്ലിമീറ്റര്‍ മാത്രമേ വീതിയുള്ളു. പൂക്കള്‍ വയലറ്റ്, പര്‍പ്പിള്‍, മജന്ത ഇങ്ങനെ വ്യത്യസ്ത നിറങ്ങളാകാം.

ഗ്ലോവൈനിന്റെ മൃദുവും തുക ല്‍ രൂപവുമുള്ള ഇലകളാണ് പൂക്കളേക്കാള്‍ മനോഹരം എന്നു പറയാം. പടര്‍ന്നു കയറുന്ന വള്ളി തെ ല്ല് ദൃഢതയുള്ളതാണ്. പരമാവധി ആറുമീറ്റര്‍ ഉയരത്തില്‍ വരെ പടര്‍ന്നു കയറും. ഭാഗികമായ തണലത്തും ഈ വള്ളിച്ചെടി നന്നായി വളരും. വള്ളിച്ചെടി നിറഞ്ഞു നില്‍ക്കുന്ന കടുംപച്ചിലകള്‍ പൂക്കളില്ലാത്തപ്പോഴും ഗ്ലോ വൈനിന് ഒരു മികച്ച ഉദ്യാനസസ്യത്തിന്റെ പരിവേഷം നല്‍കുന്നു. കേരളത്തില്‍ മഴക്കാലം കഴിയുന്നതോടെയാണ് ഗ്ലോ വൈന്‍ പുഷ്പിക്കാന്‍ തുടങ്ങുക. ഇത് അടുത്ത വേനല്‍ക്കാലം വരെ തുടരും. ദൃഢമായി വളരുന്ന സ്വഭാവമായതിനാല്‍ ഉഷ്ണമേഖല പ്രദേശങ്ങളിലെ ഉദ്യാനങ്ങളിലെല്ലാം ഇത് ഇലകൊഴിഞ്ഞു നില്‍ക്കുന മരങ്ങളിലും കമാനങ്ങളിലും ഒക്കെ പടര്‍ത്തി വിടാന്‍ ഉത്തമമാണ്. ജൈവവളപ്പറ്റുള്ള മണ്ണിലും മാധ്യമത്തിലും വെള്ളക്കെട്ടില്ലാതെ വളരാനാണ് ഗ്ലോവൈന്‍ ഇഷ്ടപ്പെടുന്നത്.


തറയിലായാലും ചട്ടിയിലായാലും മണ്ണും മണലും ചാണകപ്പൊടിയും എല്ലുപൊടിയും കലര്‍ത്തി തയാറാക്കുന്ന മിശ്രിതത്തില്‍ വളര്‍ത്തുകയാണുചിതം. ഒരു വര്‍ഷത്തെ വളര്‍ച്ചെയത്തിയ ചെടിയില്‍ നിന്ന് പെന്‍സിലിന്റെ കനവും 25-30 സെന്റീ മീറ്റര്‍ നീളവുമുള്ള തണ്ടുകള്‍ മുറിച്ചു നട്ട് ഗ്രോ വൈന്‍ വളര്‍ത്താം. തണ്ടി ന്റെ മുറിപ്പാടില്‍ വേരുപിടിപ്പിക്കല്‍ ഉത്തേജിപ്പിക്കുന്ന ഇന്‍ഡോ ള്‍ അസറ്റിക് ആസിഡ് (കഅഅ), നാഫ്ത്തലില്‍ അസറ്റിക് ആ സിഡ് (ചഅഅ) തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു ഹോര്‍മോണ്‍ പൊടി പുരട്ടി നടണം. ചെമ്മണ്ണും മണലും പൊടിഞ്ഞ ഉണക്കച്ചാണകവും ചേര്‍ത്തു തയാറാക്കിയ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചിയില്‍ തണ്ടിന്റെ കഷണം നട്ട് വേരുപിടിപ്പിക്കണം. വേര് പിടിച്ചു കഴിഞ്ഞാല്‍ നല്ല വെളിച്ചം കിട്ടുന്ന ഉദ്യാനത്തിന്റെ ഒരു ഭാഗത്ത് പടര്‍ന്നു കയറാന്‍ ശക്തമായ ഒരു താങ്ങുകാല്‍ ഉള്‍പ്പെടെ നടാന്‍ ശ്രദ്ധിക്കണം. സ്വതന്ത്രമായി വളരാന്‍ ഗ്ലോ വൈനിന് ധാരാളം സ്ഥലവും ജലവും വെളിച്ചവും വേണം. എന്നോര്‍ത്തിരിക്കുക. നട്ട് രണ്ടുവര്‍ഷമാകുമ്പോഴേക്കും വള്ളി നിറയെ പൂചൂടാന്‍ തുടങ്ങും.

കൂടാതെ വായുവില്‍ പതിവച്ചും സാധാരണ പതികളാക്കിയും ഗ്രോവൈനില്‍ പുതിയ തൈകള്‍ തയാറാക്കാം. സെപ്റ്റംബര്‍-ഓക്‌ടോബര്‍ മാസങ്ങളാണ് ഇതിന്റെ പൂക്കാലം. കേരളത്തില്‍ വളരെ സുഗമമായി വളരാനും നിറയെ പുഷ്പിക്കാനും കഴിയുന്ന ചെടിയാണ് ഗ്ലോ വൈന്‍.
ഫോണ്‍: സീമ-944701 5939.

സീമ സുരേഷ്
ജോയിന്റ് ഡയറക്റ്റര്‍, കൃഷി വകുപ്പ്, തിരുവനന്തപുരം