യുലിപ്; നികുതി ലാഭത്തിനൊപ്പം സുരക്ഷിതത്വവും നിക്ഷേപവും
ഇൻഷുറൻസ്, നിക്ഷേപം, നികുതി ലാഭം എന്നീ മൂന്നു കാര്യങ്ങൾ ഒരേ സമയം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ ഉപകരണമാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യുലിപ്. ഇതോടൊപ്പം ഓഹരിയിൽ ഒരു ഭാഗം നിക്ഷേപം നടത്തി മെച്ചപ്പെട്ട റിട്ടേണും നേടാൻ സഹായിക്കുന്നു. പരന്പരാഗത ഇൻഷുറൻസ് പോളിസിയിൽനിന്നു യുലിപ്പിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്.

പോളിസി ഉടമ പ്രതിമാസമോ വാർഷികമോ ആയി നൽകുന്ന പ്രീമിയത്തിൽ ഒരു ഭാഗം ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള കവറേജിന് ഉപയോഗിക്കുന്നു ബാക്കി തുക മ്യൂച്വൽ ഫണ്ടുകളൊക്കെ ചെയ്യുന്നതുപോലെ വിവിധ ആസ്തികളിൽ നിക്ഷേപം നടത്തുന്നു.
പോളിസി ഉടമ അഞ്ച്, 10,15 തുടങ്ങിയവർഷങ്ങളിലേക്ക് ഇവയിൽ നിക്ഷേപം നടത്തുകയും യൂണിറ്റുകൾ നേടുകയും ചെയ്യുന്നു. ഓഹരിയിലും ഡെറ്റ് ഉപകരണങ്ങളിലും ഇതിന്‍റെ മിശ്രിതങ്ങളിലും നിക്ഷേപം നടത്താൻ പോളിസി ഉടമയ്ക്ക് അവസരം നൽകുന്നു. പോളിസി ഉടമയുടെ തീരുമാനമനുസരിച്ച് നിക്ഷേപം തെരഞ്ഞെടുക്കാം.

റിസ്ക് എടുക്കുവാൻ താൽപര്യമുള്ള പോളിസി ഉടമയ്ക്ക് ഓഹരിയധിഷ്ടിത ഫണ്ടുകൾ തെരഞ്ഞെടുക്കാം. കണ്‍സർവേറ്റീവ് നിക്ഷേപകർക്ക് ഡെറ്റ് ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. ഇക്വിറ്റിയധിഷ്ഠിത പദ്ധതികളെ ഗ്രോത്ത് ഓപ്ഷൻ എന്നും വിളിക്കുന്നു.

റിസ്കും റിട്ടേണും

യുലിപ്പിന്‍റെ റിട്ടേണ്‍ വിപണിയുടെ പ്രകടനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. റിട്ടേണിന് ഗാരന്‍റിയില്ല. അതായത് പരന്പരാഗത ലൈഫ് ഇൻഷുറൻസ് പോളിസികളെക്കാൾ ഉയർന്ന റിസ്കുള്ളതാണ്.പക്ഷേ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ്.
മാത്രവുമല്ല, റിട്ടേണിന് നികുതി നൽകേണ്ടതുമില്ല. അഞ്ചു വർഷമാണ് യുലിപിന്‍റെ ലോക്ക് ഇൻ പിരീഡ്. ഇഎൽഎസ്എസ് കഴിഞ്ഞാൽ ഏറ്റവും കുറവ് ലോക്ക് ഇൻ പീരിയഡ് ഉള്ള നികുതി ലാഭ ഉപകരണമാണിത്.

മറ്റു നികുതി നിക്ഷേപ ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ സുരക്ഷിതത്വം, നിക്ഷേപം, നികുതി ലാഭം എന്നിവയെല്ലാം ഒത്തുച്ചേരുന്ന യുലിപ് മികച്ച ഒരു നിക്ഷേപ ഉപകരണമാണ്. പരന്പരാഗത ലൈഫ് ഇൻഷുറൻസ് പോളിസികൾ സുരക്ഷിതത്വവും നികുതിലാഭവും മാത്രമാണ് നൽകുന്നത്. ഇഎൽഎസ്എസ് സുരക്ഷിതത്വം നൽകുന്നില്ല. പക്ഷേ, ദീർഘകാലത്തിൽ മികച്ച റിട്ടേണ്‍ നൽകുന്നു. യുലിപാകട്ടെ ഇവ രണ്ടിനുമുള്ള അവസരമാണ് നൽകുന്നത്.

ഹൈബ്രിഡ് നിക്ഷേപ ഉപകരണം

ലൈഫ് ഇൻഷുറൻസിന്‍റെയും നിക്ഷേപത്തിന്‍റെയും പ്രയോജനം നൽകുന്ന ഒരു ഹൈബ്രിഡ് നിക്ഷേപ ഉപകരണമാണിത്. മറ്റേതൊരു ലൈഫ് ഇൻഷുറൻസ് പോളിസിയേയും പോലെ ലൈഫ് കവറേജു നൽകുന്നു. അതേപോലെ വിപണിയുമായി ബന്ധപ്പെടുത്തി ഉയർന്ന റിട്ടേണിനുള്ള നിക്ഷേപാവസരവും നൽകുന്നു. പ്രീമിയമായി അടയ്ക്കുന്ന തുകയിൽ നല്ലൊരു ഭാഗം നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്. ഇതിനായി നിരവധി ഫണ്ട് ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. എവിടെ നിക്ഷേപം നടത്തണമെന്നത് പോളിസി ഉടമയ്ക്ക് തീരുമാനിക്കാം. ഡെറ്റ് ഫണ്ടുകൾ, ഇക്വിറ്റി ഫണ്ടുകൾ, ഇവ രണ്ടും ചേർന്നത് എന്നിങ്ങനെ നിക്ഷേപത്തിനു വിവിധതരം ഫണ്ടുകൾ ലഭ്യമാണ്.

ലൈഫ് ഇൻഷുറൻസ് പോളിസിയിലെ സം അഷ്വേഡ് തുകയ്ക്ക് പ്രീമിയം അടച്ച് പോളിസി ആക്ടീവായിരിക്കുന്ന കാലത്തോളം ഗാരന്‍റിയുണ്ട്. അത് നിശ്ചിത കാലത്തേക്കു നിശ്ചിത കവറേജ് നൽകുന്ന ഉത്പന്നമാണ്. സം അഷ്വേഡ് തുകയും ഇവിടെ നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ചതാണ്. ലൈഫ് ഇൻഷുറൻസ് പോളിസി പണപ്പെരുപ്പത്തിൽ നിന്നും സംരംക്ഷണം നൽകുന്ന ഒന്നല്ല.

നേരത്തെ സൂചിപ്പിച്ചതുപോലെ യുലിപ്പിൽ ഇൻഷുറൻസ് കവറേജിനൊപ്പം നിക്ഷേപത്തിനുള്ള അവസരവും ഒരുക്കിയിരിക്കുന്നു. എന്നാൽ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ റിട്ടേണ്‍ ലഭിക്കുമെന്നു ഗാരന്‍റിയില്ല.

എന്നാൽ ഓരോ നിക്ഷേപകനും അവരവരുടെ റിസ്ക്ശേഷിയനുസരിച്ച് നിക്ഷേപാസ്തി തെരഞ്ഞെടുക്കാം. പ്രായം 20 കളിലുള്ള ഒരു നിക്ഷേപകനാണെങ്കിൽ ഉയർന്ന റിസ്കുള്ള ഇക്വിറ്റി ഫണ്ടുകൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ഉയർന്ന റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവർക്ക് ഇക്വിറ്റി നിക്ഷേപമുള്ള ഫണ്ടുകൾ ഒഴിവാക്കി പൂർണമായും ഡെറ്റിൽ നിക്ഷേപം നടത്താം. ഇടത്തരം റിസ്ക് എടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇക്വിറ്റിയുടേയും ഡെറ്റിന്‍റെ മിശ്രിത ഫണ്ടുകൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. അതുപോലെ വിപണിയിലെ വ്യതിയാനങ്ങൾക്കനുസരിച്ച് നിക്ഷേപം സ്വിച്ച് ചെയ്യാനുള്ള അവസരവുമുണ്ട്.

നികുതി നേട്ടം

സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസികളുടെ 150,000 രൂപവരെയുള്ള പ്രീമിയം അടവിന് ആദായ നികുതി നിയമം 80 സിപ്രകാരം നികുതിയിളവ് ലഭ്യമാണ്. ഇതുപോലെ തന്നെ യുലിപിനും 150,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭ്യമാണ്.

എന്നാൽ ഒരു നിബന്ധനയുള്ളത് യുലിപിനു നൽകുന്ന പ്രീമിയം സംഅഷ്വേഡ് തുകയുടെ 10 ശതമാനത്തിൽ താഴെയായിരിക്കണം. ഉദാഹരണത്തിന് സം അഷ്വേഡ് തുക 15 ലക്ഷമാണെന്നിരിക്കട്ടെ പ്രീമിയം ഒന്നര ലക്ഷം രൂപയാണ് നൽകുന്നതെങ്കിൽ പ്രീമിയമായി നൽകുന്ന മുഴുവൻ തുകയ്ക്കും നികുതിയിളവ് ലഭിക്കും. പക്ഷേ, പ്രീമിയമായി രണ്ടു ലക്ഷം രൂപ നൽകുന്നുണ്ടെങ്കിൽ നികുതിയിളവ് നൽകേണ്ട തുക പ്രീമിയത്തിന്‍റെ 10 ശതമാനമായി കണക്കാക്കും. അതായത് ഒന്നര ലക്ഷം രൂപ. ആ തുകയ്ക്കേ നികുതിയിളവ് ലഭിക്കു.

റിട്ടേണിന് നികുതിയില്ല

* കാലാവധിക്കു മുന്പേ പോളിസി ഉടമ മരിച്ചാൽ
പോളിസി ഉടമ മരിച്ചാൽ ഡെത്ത് ബെനഫിറ്റ് നോമിനിക്ക് നൽകുന്പോൾ അത് പൂർണമായും നികുതിവിമുക്തമാണ്. പരന്പരാഗത ലൈഫ് ഇൻഷുറൻസ് പോളിസികളിൽ കാലാവധിക്കു മുന്പ് പോളിസി ഉടമ മരിച്ചാൽ കുടുംബത്തിന് സാന്പത്തിക സുരക്ഷിതത്വം ലഭിക്കുന്നതുപോലെതന്നെയാണിത്. എടുക്കുന്ന യുലിപ്പിന്‍റെ സ്വഭാവം അനുസരിച്ച് ( ടൈപ് എ, ടെപ്പ് 2) സം അഷ്വേഡോ ഫണ്ട് മൂല്യമോ ഏതാണ് കൂടുതൽ, സം അഷ്വേഡും ഫണ്ടു മൂല്യവും കൂടിയോ നോമിനിക്കു ലഭിക്കുന്നു. ഇതിനു നികുതിയില്ല.

* പോളിസി കാലാവധി പൂർത്തിയായാൽ
പോളിസി കാലവധി പൂർത്തിയായി ലഭിക്കുന്ന മച്യൂരിറ്റി തുകയും പൂർണമായും നികുതി രഹിതമാണ്. മൊത്തമുള്ള യൂണിറ്റിനെ എൻഎവി കൊണ്ടു ഗുണിക്കുന്പോൾ ലഭിക്കുന്നതാണ് ഫണ്ടിന്‍റെ മൂല്യം. ഇതാണ് പോളിസി ഉടമയ്ക്കു ലഭിക്കുക.

* നിബന്ധനകൾക്കു വിധേയമായി യുലിപ്പിൽ നിന്നു തുക പിൻവലിക്കാമെങ്കിലും നികുതിയിളവിനായി നിക്ഷേപിക്കുന്ന യുലിപ്പിന് അഞ്ചുവർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. ഈ കാലാവധി പൂർത്തിയായതിനുശേഷമുള്ള ഭാഗികമായി പിൻവലിക്കലിന് നികുതി നൽകേണ്ടതില്ല.