പിസിഒഡി; ഭക്ഷണക്രമീകരണത്തിലൂടെ പ്രതിരോധിക്കാം
പിസിഒഡി; ഭക്ഷണക്രമീകരണത്തിലൂടെ പ്രതിരോധിക്കാം
Friday, September 28, 2018 4:58 PM IST
പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം അഥവാ PCOD ഹോര്‍മോണ്‍ വ്യതിയാനം മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ചു ലോകത്താകമാനം ഏകദേശം 11.6 കോടി സ്ത്രീകള്‍ ഈ അസുഖ ബാധിതരാണ്.

സ്ത്രീകളിലെ വന്ധ്യതയുടെ ഒരു പ്രധാന കാരണമാണ് പിസിഒഡി. അാശയത്തെ ബാധിക്കുന്നതുമൂലം സാധാരണ ഗര്‍ഭധാരണത്തിന് തടസ്സമുണ്ടാകാനുള്ള സാധ്യത ഈ അസുഖമുള്ളവരില്‍ കൂടുതലാണ്. പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഗര്‍ഭാശയത്തില്‍ ഉണ്ടാകാവുന്ന അര്‍ബുദം എന്നിവ ഈ രോഗത്തിന്റെ സങ്കീര്‍ണ്ണതകളാണ്.

കാരണങ്ങള്‍

ഭക്ഷണരീതിപ്രധാനമായും കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍, ടെന്‍ഷന്‍, ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍, പാരമ്പര്യം, വ്യായാമം ഇല്ലായ്മ എന്നിവയാണ് ഈ രോഗത്തിന്റെ മുഖ്യ കാരണങ്ങള്‍.

പരിഹാര മാര്‍ഗങ്ങള്‍

ക്രമം തെറ്റിയ ഭക്ഷണ രീതി, മദ്യം, മധുരപാനീയങ്ങള്‍ അഥവാ സോഫ്റ്റ് ഡ്രിങ്ക്‌സ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, മധുരം അമിതമായി അടങ്ങിയ ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം ക്രമീകരിക്കാനും മേല്പറഞ്ഞ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനും ഒരു പരിധി വരെ സാധിക്കും. വിശപ്പ് കൂട്ടുന്ന ഹോര്‍മോണായ ഗ്രെലിന്‍ ഇവരില്‍ കൂടുതലായതിനാല്‍ മെറ്റബോളിസം കുറയുകയും കൊഴുപ്പു ശരീരത്തില്‍ അടിഞ്ഞുകൂടാന്‍ കാരണമാകുകയും ചെയ്യും.

ലക്ഷണങ്ങള്‍

ശരിയായ രീതിയിലുള്ള അണ്‌ഡോത്പാദനം നടക്കാത്തതിനാല്‍ ആര്‍ത്തവം ക്രമംതെറ്റിയതായിരിക്കും. പുരുഷ ഹോര്‍മോണുകളായ ആന്‍ഡ്രോജന്റെയും, ടെസ്‌റ്റോസ്റ്റീറോണിന്റെയും അളവ് കൂടുന്നതിനാല്‍ അമിതവണ്ണം, മുഖത്തെയും വിവിധ ശരീരഭാഗങ്ങളിലെയും അമിത രോമവളര്‍ച്ച, ഉറക്കക്കുറവ്, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്, മുഖക്കുരു, എണ്ണമയമുള്ള ചര്‍മം എന്നീ ലക്ഷണങ്ങള്‍ രൂപപ്പെടുന്നു. അള്‍ട്രാസോണോഗ്രാം ടെസ്റ്റിലൂടെയും രക്തപരിശോധനയിലൂടെയും ഈ രോഗം സ്ഥിരീകരിക്കാനാകും.

ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍

1. അമിതവണ്ണം നിയന്ത്രിക്കുന്നതിന് കലോറി കുറഞ്ഞ ഭക്ഷണക്രമം സഹായിക്കുന്നു. മൂന്ന് പ്രധാന ഭക്ഷണവും രണ്ട് ഇടനേര ഭക്ഷണവും നാരുകളും, പ്രോട്ടീനും ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് ക്രമേണ, ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയ്ക്കുന്നതിനും സഹായിക്കും. കലോറി കുറഞ്ഞ ഭക്ഷണങ്ങളായ സാലഡുകള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഇടനേരങ്ങളില്‍ ഉള്‍പ്പെടുത്തുക.

2. കൊഴുപ്പും അന്നജവും നിയന്ത്രിച്ചും മാംസ്യങ്ങളും ധാതുലവണങ്ങളും അടങ്ങിയതുമായ ഭക്ഷണക്രമവും രോഗ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

3. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായ പയറുവര്‍ഗ്ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല്‍, മീന്‍, മുട്ട, സോയ, കൊഴുപ്പുകുറഞ്ഞ മാംസങ്ങള്‍, നട്‌സ് എന്നിവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇന്‍സുലിന്‍ ഉല്പാദനം കൂുന്നതിനും ശരീരത്തിലെ കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു .

4. ധാരാളം വെള്ളം കുടിക്കുക. ശുദ്ധമായ വെള്ളം കുടിക്കുന്നത് ദഹനത്തിനും ഊര്‍ജോത്പാദനതിനും വിശപ്പു കുറയ്ക്കാനും ശരീരത്തില്‍നിന്ന് വിഷാംശം പുറംതള്ളുന്നതിനും സഹായിക്കും.

5. നാരങ്ങ, തേന്‍, പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയില്‍ അടങ്ങിയിുള്ള ആന്റീ ഓക്‌സിഡന്റുകളും വിറ്റാമിനുകളും ശരീരഭാരം കുറയ്ക്കുന്നതിനും ഉപാചയപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നു.

6. തവിടു കൂടിയതും വെള്ളത്തില്‍ ലയിക്കുന്നതുമായ നാരുകള്‍ കൂടുതല്‍ അടങ്ങിയ ബാര്‍ലി, ബജ്‌റ, റാഗി, തിന, ചോളം, തവിടുള്ള കുത്തരി എന്നിവ ഇന്‍സുലിന്‍ റെസിസ്റ്റന്‍സിനെതിരെ പ്രവര്‍ത്തിക്കുന്നു. നാരുകള്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു.

7. നല്ല കൊഴുപ്പുകളായ തവിടെണ്ണ, ഒലിവ് എണ്ണ, ബദാം, വാല്‍ന്, കപ്പലണ്ടി എന്നിവ സ്റ്റാര്‍ച്ചിന്റെയും പഞ്ചസാരയുടെയും രക്തത്തിലേക്കുള്ള ആഗിരണം തടയും.

8. വയമ്പ്, കറുവാപ്പട്ട, ഇരിമധുരം, തുളസിയില, ഉണങ്ങിയ പുതിനയില (ഒരുടീസ്പൂണ്‍) എന്നിവ തിളപ്പിച്ചവെള്ളത്തില്‍ ഇട്ടുകുടിക്കുന്നത് ആന്‍ഡ്രോജന്‍ ഹോര്‍മോണ്‍ ഉല്പാദനവും മാനസിക സമ്മര്‍ദവും കുറയ്ക്കുന്നതിനും അമിതരോമവളര്‍ച്ച തടയുന്നതിനും സഹായിക്കുന്നു.(രക്തസര്‍ദം കൂടുതലുള്ളവര്‍ ഇരട്ടിമധുരം ഒഴിവാക്കുക, ആന്റികൊയാഗുലാന്റ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ തുളസിയില, പുതിന ഇവ ഒഴിവാക്കുക)

9. ഒമേഗ ത്രീ ഫാറ്റിആസിഡ് അടങ്ങിയ ചെറുമല്‍സ്യങ്ങളായ മത്തി, അയല, ട്യൂണ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഇന്‍ഫെക്ഷന്‍, മുടികൊഴിച്ചില്‍ എന്നിവ തടയുന്നതിനും ഇത് സഹായിക്കുന്നു .

10. കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി എന്നിവ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ വര്‍ധിപ്പിക്കുന്നതിന് സഹായി ക്കും.


11. ഐസോഫ്‌ളേവോണ്‍സ് അടങ്ങിയ സോയാബീന്‍, വിറ്റാമിന്‍ബി (മയോ ഈനോസിറ്റോള്‍) അടങ്ങിയ ബീന്‍സ്, വെണ്ടയ്ക്ക, തക്കാളി, കാബേജ്, ചീര, ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവ ദിവസേന ഉപയോഗിക്കുന്നത് ആര്‍ത്തവചക്രം ക്രമീകരിക്കുന്നതിന് സഹായിക്കുന്നു

12. കുതിര്‍ത്ത ഉലുവ (ഏകദേശം എട്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത്) ഒരു ടീസ്പൂണ്‍ പ്രഭാത ഭക്ഷണത്തിനു മുന്‍പായി തേനില്‍ ചേര്‍ത്ത് കഴിക്കാം. ഉച്ചഭക്ഷണത്തിനു മുന്‍പായി മോരില്‍ ചേര്‍ത്തും അത്താഴത്തിനു മുന്‍പായി ബാര്‍ലി വെള്ളത്തില്‍ ചേര്‍ത്തും കഴിക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നത്തിനും ഇതു വളരെ ഉപകാര പ്രദമാണ്.

13. ഒരു ടേബിള്‍ സ്പൂണ്‍ എള്ള് ഒരുഗ്ലാസ്സ് വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കുന്നതും ഫലപ്രദമാണ്.

14. ക്രമം തെറ്റിയ ഭക്ഷണരീതി, മദ്യം, മധുരപാനീയങ്ങള്‍ അഥവാ സോഫ്റ്റ് ഡ്രിങ്ക്‌സ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, മധുരം അമിതമായി അടങ്ങിയ ബേക്കറി ഉത്പന്ന ങ്ങള്‍, തവിടില്ലാത്ത ധാന്യങ്ങള്‍, പഞ്ചസാര എന്നിവ ഇന്‍സുലിന്‍ ഉല്പാദനം കൂട്ടും. തന്മൂലം ആന്‍ഡ്രോജന്‍ ഹോര്‍മോണ്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ശരീര ഭാരം ക്രമീകരിക്കാനും മേല്പറഞ്ഞ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനും ഒരു പരിധി വരെ സാധിക്കും.

15. കോള, സോഫ്ട് ഡ്രിങ്ക്‌സ് ഇവയിലെ ഫോസ്ഫറസ് മഗ്‌നീഷ്യത്തിന്റെ പ്രവര്‍ത്തനത്തെ തടയുകയും മൂത്രത്തിലൂടെ ധാരാളം കാല്‍സ്യം നഷ്ടപ്പെടുന്നതിന് കാരണമാകുകയും ചെയ്യും. കാല്‍സ്യം കുറവുള്ള ഭക്ഷണരീതി ശരീരഭാരം കൂടുന്നതിനും അണ്‌ഡോത്പാദനം തടസപ്പെടുന്നതിനും കാരണമാകുന്നു. കാല്‍സ്യം കൂടുതലുള്ള മുട്ടയുടെ വെള്ള, ഇലക്കറികള്‍, കൊഴുപ്പുകുറഞ്ഞ പാല്‍, ചെറിയ മല്‍സ്യങ്ങള്‍ എന്നിവ ദിവസവും കഴിക്കുക.

16. നാരുകള്‍ കുറവായതിനാല്‍ പച്ചരി, വെള്ളയരി എന്നിവയുടെ ഉപയോഗം അമിതമായ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഹേതുവാകും. ആയതിനാല്‍ ഇവയുടെ ദിവസേനയുള്ള ഉപയോഗം നിയന്ത്രിക്കുക.

17. ഓട്‌സ്, റാഗി, നുറുക്കുഗോതമ്പ് പോലെയുള്ള ധാന്യങ്ങള്‍ കുറുക്കുരൂപത്തില്‍ കൂടുതല്‍ സമയം വേവിക്കുന്നത് അവയിലെ നാരുകള്‍ പൊട്ടിപ്പോകുന്നതിന് ഇടയാക്കും.

18.. കാപ്പി, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍ പ്രിസെര്‍വ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നതു രോഗലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും.

ഒരു ദിവസത്തെ ഭക്ഷണക്രമം

പ്രഭാത ഭക്ഷണം

ധാന്യങ്ങളും പയറുവര്‍ഗങ്ങളും ചേര്‍ന്ന പ്രഭാത ഭക്ഷണം പ്രത്യേകിച്ച് ബാര്‍ലി, തവിടുള്ള അരി, ഗോതമ്പ്, തിന എന്നിവ ചെറുപയര്‍, കടല, വന്‍പയര്‍, മുതിര, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്ത് കഴിക്കുക.
പ്രോട്ടീന്‍ അടങ്ങിയ പുഴുങ്ങിയ മുട്ടയുടെ വെള്ള അല്ലെങ്കില്‍ നട്‌സ് ഇവയും ദിവസവും ഉള്‍പ്പെടുത്തുക. കാപ്പി, ചായ എന്നിവ പ്രഭാതഭക്ഷണത്തോടൊപ്പം കുടിക്കുന്നത് ഒഴിവാക്കുക

ഉച്ചഭക്ഷണം

തവിടു കൂടിയ ബ്രൗണ്‍ അരി, തേങ്ങാ കുറച്ചുള്ള കറികള്‍, ഇലക്കറികള്‍, മീന്‍, സാലഡ്, മോര് എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്. വിശപ്പു കുറയ്ക്കുന്നതിനായി 200 മി.ലി മോര്, ചോറ് കഴിക്കുന്നതിനു മുന്‍പായി കുടിക്കുക.

അത്താഴം

ഗോതമ്പും ബാര്‍ലി, ഓട്‌സ്, തിന എന്നിവ വിവിധ അനുപാതത്തില്‍ ദോശ, ചപ്പാത്തി, പുട്ട് എന്നീരൂപത്തില്‍ ദിവസേന കഴിക്കാവുന്നതാണ്.ചിക്കന്‍ അല്ലെങ്കില്‍ മീന്‍ അല്ലെങ്കില്‍ പയറുവര്‍ഗങ്ങള്‍ ഇവയുടെ കൂടെ പച്ചക്കറി തോരന്‍, സാലഡ് എന്നിവ ദിവസവും ഉള്‍പ്പെടുത്തുക. ശരിയായി ഉറക്കം കിട്ടുന്നതിന് പാട നീക്കിയ ഒരു ഗ്ലാസ് പാല്‍ ദിവസവും ഉറങ്ങുന്നതിനു മുന്‍പായി ഉള്‍പ്പെടുത്തുക.ഭക്ഷണം കഴിക്കുന്നതില്‍ സമയക്രമം പാലിക്കാനും ഭക്ഷണം ഒഴിവാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

ജീവിതശൈലി മാറ്റൂ

യോഗ മനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും നാല്‍പതു മിനിറ്റ് വ്യായാമത്തിനായി നീക്കിവയ്ക്കണം. നടത്തം പോലുള്ള വ്യായാമങ്ങള്‍ ഫലപ്രദമാണ്. സ്‌റ്റെപ് ക്ലൈമ്പിങ്, സൈക്ലിംഗ്, ജോഗിങ്, വിവിധതരം എയിറോബിക് വ്യായാമങ്ങളും പതിവായി ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. ദിവസവും അഞ്ചാറു മണിക്കൂര്‍ ശരിയായ ഉറക്കം അത്യാവശ്യമാണ്.

ഇപ്രകാരമുള്ള ജീവിതശൈലി മാറ്റങ്ങള്‍, ശരിയായ ഭക്ഷണക്രമം എന്നിവ ഈ രോഗത്തിന്റെ സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ സഹായിക്കും.

ജ്യോതി എസ്.കൃഷ്ണന്‍
ചീഫ് ഡയറ്റീഷന്‍, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍, തിരുവല്ല