ക്രൂഡോയിൽ തിളയ്ക്കുന്നു
2018 സെപ്റ്റംബർ 24. രാജ്യത്ത് ആദ്യമായി ഒരു ലിറ്റർ പെട്രോളിന്‍റെ വില 90 രൂപയ്ക്കു മുകളിൽ എത്തിയിരിക്കുകയാണ്. മുംബൈയിൽ ലിറ്ററിന് 90.08 രൂപയിൽ വിലയെത്തി. ഡീസലിന് ലിറ്ററിന് 78.58 രൂപയും. ബ്രെന്‍റ് ക്രൂഡോയിലിന് രാജ്യാന്തരവില 81.20 ഡോളറിൽ എത്തി നിൽക്കുകയാണ്. 2014 നവംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. 2009-ൽ ക്രൂഡോയിൽ വില 147 ഡോളറിൽ എത്തിയിരുന്നു.

വില ഇനിയും മുന്നോട്ടു പോകും. 2018-ൽ ശിഷ്ടമുള്ള കാലം വില ബാരലിന് 70 ഡോളറിൽ താഴേപ്പോകുവാൻ സാധ്യതയില്ലെന്നാണ് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സിന്‍റെ വിലയിരുത്തൽ.

ഇപ്പോഴത്തെ നിലയിൽ വില 100 ഡോളറിലേക്ക് എത്തിയാൽ അതിശയിക്കേണ്ടെന്നാണ് ഈ രംഗത്തെ വ്യാപാരികളുടെ വിലയിരുത്തൽ. ക്രിസ്മസോടെ 90 ഡോളറിലേക്കും 2019-ൽ 100 ഡോളറിലേക്കും ക്രൂഡ് വില ഉയരുമെന്ന് കരുതുന്ന അനലിസ്റ്റുകളും ഏറെയാണ്. ക്രൂഡോയിൽ ഉത്പാദനം വർധിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ആഹ്വാനം, ആഗോള എണ്ണയുത്പാദനത്തിന്‍റെ 40 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഓർഗനൈസേഷൻ ഓഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കണ്‍ട്രീസ് ( ഒപ്പെക്) അവഗണിച്ചിരിക്കുകയാണ്. ഇതോടൊപ്പം എണ്ണയുത്പാദക രാജ്യമായ വെനിസ്വേലയും യുഎസും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കവും ഇറാൻ ക്രൂഡിന്‍റെ ഇറക്കുമതി നവംബർ അഞ്ചുമുതൽ എല്ലാ രാജ്യങ്ങളും നിർത്തിവയ്ക്കണമെന്ന യുഎസ് ഡിമാൻഡും ക്രൂഡ് വിലയെ ഉയരത്തിലേക്ക് നീക്കുകയാണ്.
ചൈനയാണ് ഏറ്റവും കൂടുതൽ ക്രൂഡ് ഇറാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡോയിൽ സപ്ലയർ ആണ് ഇറാൻ. ഇരു രാജ്യങ്ങൾക്കും ഇറാനിയൻ ക്രൂഡ് ഒഴിവാക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.

ഇന്ത്യ ഞെരിപിരികൊള്ളുന്നു

ഈ ആഗോള പശ്ചാത്തലത്തിലോട്ട് രൂപയുടെ മൂല്യശോഷണവും ( ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസിയായ രൂപ അടുത്തിയിടെ 10-12 ശതമാനത്തോളം ദുർബലമായി) കൂടി ചേരുന്പോൾ ഇന്ത്യയെ ഏറ്റവും പ്രയാസകരമായ സ്ഥിതിയിൽ എത്തിച്ചിരിക്കുകയാണ്. ക്രൂഡോയിൽ വിലയിൽ 20.5 ശതമാനം ഉയർച്ചയുമുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡോയിൽ ഇറക്കുമതിക്കാരാണ്. ആവശ്യത്തിന്‍റെ 80 ശതമാനത്തോളം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

ഓരോ ഡോളർ വർധിക്കുന്പോഴും വാർഷികാടിസ്ഥാനത്തിൽ ഇറക്കുമതി ബില്ലിൽ 10,700 കോടി രൂപയുടെ വർധനയാണുണ്ടാകുന്നത്. ഇന്ത്യൻ ഇറക്കുമതിച്ചെലവിന്‍റെ 40 ശതമാനത്തോളം ഇപ്പോൾ ക്രൂഡോയിൽ ഇറക്കുമതി ചെയ്യാനാണ് ഉപയോഗിക്കുന്നത്.

2016-17-ൽ ഇന്ത്യ 214 ദശലക്ഷം ടണ്‍ ക്രൂഡോയിൽ ഇറക്കുമതി ചെയ്തു. 2017-18-ൽ ഇറക്കുമതി ബില്ലിൽ 25 ശതമാനം വർധനയാണുണ്ടായത്. നടപ്പുവർഷം ഇറക്കുമതി ബിൽ കുത്തനെ ഉയരുകയാണ്. ഇതിന്‍റെ ഫലമായി കറന്‍റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.4 ശതമാനത്തിലേക്ക് ഇക്കഴിഞ്ഞ ഏപ്രിൽ- ജൂണ്‍ ക്വാർട്ടറിൽ ഉയർന്നിരിക്കുകയാണ്. 2017-18 നാലാം ക്വാർട്ടറിൽ കറന്‍റ് അക്കൗണ്ട കമ്മി 1.9 ശതമാനമായിരുന്നു.

രൂപ ക്ഷയിക്കുന്നതുവഴി ഉപഭോക്താക്കൾക്ക് കൂടുതൽ വില പെട്രോളിയം ഉത്പന്നങ്ങൾക്കു നൽകേണ്ടതായി വരും. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തു കളഞ്ഞതാണ് ഇതിനുള്ള മുഖ്യ കാരണം. ഇത് ഉപഭോക്താക്കളിലും ഉയർന്ന പണപ്പെരുപ്പത്തിനും ഇടയാക്കും.
ഇന്ത്യൻ ബാസ്കറ്റ് ക്രൂഡോയിൽ വില സെപ്റ്റംബർ 21- ന് ബാരലിന് 78.01 ഡോളറാണ്. ഇതോടൊപ്പം എക്സൈസ് തീരുവയും സംസ്ഥാന നികുതികളുമൊക്കെ ചേർത്താണ് റീട്ടെയിൽ വില നിശ്ചയിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറവില ആഗോള ക്രൂഡ് വിലയുമായി ബന്ധിക്കപ്പെട്ടിരിക്കുകയാണ്. 2018-19-ൽ 65 ഡോളർ വിലയാണ് ഇന്ത്യ കണക്കാക്കിയിരുന്നത്.
ഉപഭോക്താവ് നൽകേണ്ടി വരുന്ന വില

ഇപ്പോഴത്തെ ക്രൂഡോയിൽ വില വർധനയുടെ ഫലം ഉപഭോക്താക്കൾ കൂടുതൽ തുക നൽകേണ്ടി വരുന്നുവെന്നതാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറവിലയിൽ 20-25 ശതമാനം വർധനയുണ്ടായിരിക്കുകയാണ്. ഗവണ്‍മെന്‍റിന് വരുമാനവും എണ്ണക്കന്പനികൾക്കു ലാഭവും ഇതിലൂടെ ലഭിക്കുന്നു. നഷ്ടം ഉപഭോക്താവിനു മാത്രം.

എണ്ണവില കുറഞ്ഞനിന്ന സമയത്തും ഉപഭോക്താവിന് യാതൊരു ആനുകൂല്യവും ലഭിച്ചില്ല. വില കൂടിയപ്പോൾ പോക്കറ്റിൽനിന്നു കൂടുതൽ തുക നൽകേണ്ടിയും വരികയാണ്.
ഗവണ്‍മെന്‍റിന് വേണമെങ്കിൽ നികുതി കുറച്ചുകൊണ്ട് ചില്ലറവില സ്ഥിരതയോടെ നിർത്താം. എണ്ണക്കന്പനികൾക്ക് അവയുടെ ലാഭം കുറച്ചുകൊണ്ട് വില പിടിച്ചു നിർത്താൻ സഹായിക്കാം.

അങ്ങോട്ടും വയ്യ ഇങ്ങോട്ടും വയ്യ

അങ്ങോട്ടും വയ്യ ഇങ്ങോട്ടും വയ്യ എന്ന അവസ്ഥയിലാണ് കേന്ദ്രസർക്കാർ. അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പു നടക്കാനിരിക്കേ പെട്രോൾ ഡീസൽ വില കുറച്ചില്ലെങ്കിൽ അതു ജനങ്ങളെ രോഷാകുലരാക്കും. 2008-ൽ രാജ്യാന്തര വില 140 രൂപയിൽ എത്തിയപ്പോൾ പോലും ഇത്രയും വില രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങൾക്ക് ഇല്ലായിരുന്നു. ഇപ്പോൾ എന്തുകൊണ്ട് വില ഉയർന്നു നിൽക്കുന്നുവെന്നു ജനങ്ങൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ചോദ്യങ്ങൾ കൂടുതലായി ഉണ്ടാവുന്നതിനാൽ ഗവണ്‍മെന്‍റ് വില കുറയ്ക്കുവാൻ നിർബന്ധിതരാകും.

വില കുറച്ചാൽ ബജറ്റിൽ ലക്ഷ്യമിട്ടിരിക്കുന്ന വരുമാനം നേടുവാൻ സാധിക്കാത്ത നിലവരും. 2018-19-ൽ പെട്രോളിയം ഉത്പന്നങ്ങളിൽനിന്നു നികുതിയിനത്തിൽ 2.43 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ എണ്ണക്കന്പനികൾക്കു നഷ്ടമുണ്ടാക്കുകയും ചെയ്യും.
ഏതൊരു സർക്കാരിനും ചെലവു കുറച്ച് ഏറ്റവും കൂടുതൽ വരുമാനം നേടാനുള്ള ഏറ്റവും എളുപ്പവഴിയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി. നികുതി വെട്ടിപ്പും തീരെയില്ല. നികുതി പിരിഞ്ഞു കിട്ടാതെയുമിരിക്കുന്നില്ല. കഴിഞ്ഞ വർഷം വരെ പെട്രോളിയം ഉത്പന്നങ്ങളുടെ യഥാർത്ഥ വിലയേക്കാൾ കൂടുതലാണ് നികുതിയായി പെട്രോൾ പന്പുകൾ പിരിച്ചെടുത്തുകൊണ്ടിരുന്നത്.

ക്രൂഡോയിലിന്‍റെ വില, കടത്തുകൂലി, ശുദ്ധീകരണച്ചെലവ്, മാർജിൻ, ഡീലർ മാർജിൻ തുടങ്ങിയവയെല്ലാം അടയങ്ങിയതാണ് പെട്രോളിന്‍റെ വില. ഇതിനോടൊപ്പം നികുതിയും കൂടി ചേർത്താണ് ഉപഭോക്താവിന് ഉത്പന്നം നൽകുന്നത്.

100 ശതമാനം നികുതി

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഗവണ്‍മെന്‍റ് ഇപ്പോൾ 100 ശതമാനത്തോളം നികുതിയാണ് ഈടാക്കുന്നത്. കഴിഞ്ഞവർഷം പെട്രോളിന് അതിന്‍റെ യഥാർത്ഥ വിലയുടെ 120 ശതമാനവും ഡീസലിന് 90 ശതമാനവുമായിരുന്നു നികുതി. ഈ വർഷമത് യഥാക്രമം 100 ശതമാനവും 70 ശതമാനവും വീതമാണ്.

ഉയർന്ന ക്രൂഡോയിൽ വില ഗവണ്‍മെന്‍റ് നികുതി വരുമാന പ്രതീക്ഷയേയും തകിടം മറിക്കും. ഉപഭോഗം കുറയും. കന്പനികളുടെ പ്രവർത്തനെത്ത ബാധിക്കുന്നത് കന്പനി നികുതി വരുമാനം കുറയുന്നതിനു കാരണമാകും. മാത്രവുമല്ല, സന്പദ്ഘടനയിൽ നിക്ഷേപം ഏറ്റവും ആവശ്യമായ സമയത്ത് സ്വകാര്യ നിക്ഷേപങ്ങൾ എത്താൻ മടിക്കും. പുതിയ തൊഴിൽ സൃഷ്ടിക്കാൻ നിക്ഷേപം ഏറ്റവും ആവശ്യമായ സമയമാണ്. നിരവധി ക്വാർട്ടറുകൾക്കുശേഷം സന്പദ്ഘടന വളർച്ചയിലേക്കു തിരിച്ചുവരുന്ന സമയവുംകൂടിയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ ഉയർന്ന വില വ്യവസായമേഖലയുടെ വളർച്ചയേയും അവരുടെ വരുമാന വളർച്ചയേയും ലാഭവളർച്ചയേയും പ്രതികൂലമായി ബാധിക്കും. സ്വഭാവികമായി സർക്കാരിന്‍റെ നികുതി വരുമാനത്തേയും.
ഗവണ്‍മെന്‍റ് പെട്രോളിന്‍റേയും ഡീസലിന്‍റേയും എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുവാൻ നിർബന്ധിതമായാൽ അതും വരുമാനത്തെ ബാധിക്കും. ഉയർന്ന ക്രൂഡോയിൽ വില പണപ്പെരുപ്പത്തിനും വഴിതെളിക്കും. അതു പലിശനിരക്കു വർധനയ്ക്കു റിസർവ് ബാങ്കിനെപ്രേരിപ്പിക്കും.

ഇന്ത്യയെപ്പോലെ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ പൊതുവേ പെട്രോൾ, ഡീസൽ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കാറില്ല. കുറഞ്ഞു നിൽക്കുന്ന ഇന്ധന വില സാന്പത്തിക വളർച്ച ത്വരിതപ്പെടുത്തുമെന്നതുകൊണ്ടാണത്. ഇക്കാര്യത്തിൽ വികസ്വര രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയുടെ അയൽ രാജ്യങ്ങളിലൊന്നും പെട്രോളിനും ഡീസലിനും ഇത്രയും വിലയില്ല. ഇവയിൽ പലതിനും റിഫൈനറികൾ പോലുമില്ല. ഇന്ത്യയിൽനിന്നും പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുകയാണ്. അവർ പോലും ഇത്രയധികം നികുതി ഈടാക്കുന്നില്ല. അവരുടെ റീട്ടെയിൽ വില ഇന്ത്യൻ വിലയേക്കാൾ വളരെ കുറവാണുതാനും എന്നതാണ് വിരോധാഭാസം.

ഇന്ത്യൻ ഭരണകൂടം പെട്രോളിയം ഉത്പന്നങ്ങൾക്കു തുടർച്ചയായി നികുതി കൂട്ടുകയാണ് ചെയ്തത്. 2014-ൽ ക്രൂഡോയിൽ വില ഇടിയുന്നതിനനുസരിച്ച് മോദി സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. പെട്രോൾ വിലയേക്കാൾ അധികം നികുതിയെന്ന നിലയിൽ അത് എത്തി നിൽക്കുകയാണ്. 2014 -നും 16-നും ഇടയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് നികുതി ഒന്പതു തവണയാണ് കൂട്ടിയത്. ഇപ്പോഴത്തെ നിരക്ക് പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ്. 2014 സെപ്റ്റംബറിൽ പെട്രോളിന്‍റെ എക്സൈസ് തീരുവ 9.48 രൂപയായിരുന്നു.

സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിന്‍റെ എക്സൈസ് ഡ്യൂട്ടിക്കും ഡീലർ കമ്മീഷനുംകൂടി വാറ്റ് ഈടാക്കുന്നു.

ഇരട്ട നികുതി!

2017-18-ൽ കേന്ദ്രസർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് ഡ്യൂട്ടി വഴി 2.29 ലക്ഷം കോടി രൂപയും 2016-17-ൽ 2.42 ലക്ഷം കോടി രൂപയുമാണ് സമാഹരിച്ചത്. സംസ്ഥാനങ്ങൾ വാറ്റ് വഴി 2017-18-ൽ സമാഹരിച്ചത് 1.84 ലക്ഷം കോടി രൂപയാണ്. തലേവർഷമിത് 1.66 ലക്ഷം കോടി രൂപയാണ്.

കഴിഞ്ഞ വർഷം സ്വരൂപിച്ച ജിഎസ്ടി, എക്സൈസ് എന്നിവയിൽ സ്വരൂപിച്ച 8 ലക്ഷം കോടി രൂപയിൽ 36 ശതമാനവും പെട്രോളിയം ഉത്പന്നങ്ങളിൽനിന്നാണെന്ന് കെയർ റേറ്റിംഗ്സിന്‍റെ പഠനം പറയുന്നു. സംസ്ഥാനങ്ങളുടെ വരുമാനത്തിന്‍റെ 20 ശതമാനവും പെട്രോളിയം ഉത്പ്ന്നങ്ങളിൽനിന്നാണ്. അതുകൊണ്ടുതന്നെ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ അടുത്തകാലത്തൊന്നും കൊണ്ടുവരുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാവുകയില്ല.