ഹെൽത്ത് ഇൻഷുറൻസ്: ആരോഗ്യം സംരക്ഷിക്കാം; നികുതിയും ലാഭിക്കാം
ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിനു പല ഗുണങ്ങളുണ്ട്. ഏറ്റവും പ്രധാനമായിട്ടുള്ളത് ആരോഗ്യം സംരക്ഷിക്കുന്നുവെന്നതാണ്. മാത്രവുമല്ല, ഏറ്റവും മികച്ച ചികിത്സ നേടുവാനും സഹായിക്കുന്നു.

ചികിത്സാച്ചെലവ് വർഷന്തോറും 18-25 ശതമാനം കണ്ടു വർധിക്കുന്നതായാണ് അനുഭവം. ഇതുമൂലം മികച്ച ചികിത്സ സാധാരണക്കാരന് താങ്ങാൻ സാധിക്കാതെ വരികയാണ്. ചെറിയൊരു ചികിത്സയ്ക്കുപോലും മികച്ച ആശുപത്രികളിൽ 2-3 ലക്ഷം രൂപ ചെലവു വരുന്ന സ്ഥിതിയാണിപ്പോൾ. ചുരുക്കത്തിൽ മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി മാത്രമാണ് നല്ല ചികിത്സയ്ക്കുള്ള വഴി. ചികിത്സാച്ചെലവിനെക്കുറിച്ചും പേടിക്കേണ്ട.

ഈ നേട്ടങ്ങൾക്കൊപ്പം നികുതി ലാഭിക്കുവാനും സഹായിക്കുന്നു. ആദായ നികുതി നിയമത്തിൽ 80 ഡി വകുപ്പ് അനുസരിച്ചാണ് ആരോഗ്യ ഇൻഷുറൻസിന്‍റെ പ്രീമിയത്തിന് ഇളവു ലഭിക്കുന്നത്.
മറ്റു നിക്ഷേപങ്ങളിൽനിന്നു ലഭിക്കുന്ന റിട്ടേണുമായി ഒന്നും ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല.
നികുതിയിളവ്

ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുവാനായി പ്രീമിയമായി നൽകുന്ന തുകയ്ക്ക് ആദായനികുതി വകുപ്പ് 80 ഡി അനുസരിച്ചാണ് നികുതിയിളവു ലഭിക്കുന്നത്.
ഒരാൾ അയാൾക്കുവേണ്ടി വാങ്ങുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസിക്കു മാത്രമല്ല, പങ്കാളി, മക്കൾ എന്നിവർക്കുവേണ്ടി വാങ്ങുന്ന പോളിസിക്കു നൽകുന്ന പ്രീമിയത്തിനു നികുതിയിളവു ലഭിക്കും. വ്യക്തികൾക്ക്, അവരുടെ കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തി എല്ലാവർക്കും കൂടി കവറേജ് വാങ്ങാം.

മിക്ക നികുതിയദായകരും മറന്നു പോകുന്ന ഒരു സംഗതിയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യ ഇൻഷുറൻസിനായി അടയ്ക്കുന്ന തുകയ്ക്ക് നികുതിയിളവു ലഭിക്കുമെന്ന കാര്യം. പങ്കാളിയും മക്കളും മാത്രമല്ല മാതാപിതാക്കളെകൂടി പോളിസിയിൽ ഉൾപ്പെടുത്താം. അവർക്കു പ്രത്യേകമായും പോളിസി വാങ്ങാം. ഇതിനു നൽകുന്ന പ്രീമിയത്തിനും നികുതിയിളവു കിട്ടും.


പ്രീമിയം കാഷ് ആയി അടയ്ക്കരുത്

എല്ലാ നികുതിദായകരും ഓർത്തിരിക്കേണ്ട ~ഒരു കാര്യമുണ്ട്. കാഷ് ആയി പ്രീമിയം അടച്ചാൽ നികുതിയിളവും ലഭിക്കുകയില്ല. ചെക്കായോ, ഇലക്ട്രോണിക് പേമെന്‍റ് വഴിയോ ഡ്രാഫ്റ്റ് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഏതെങ്കിലും രീതികളിൽ ഈ തുക അടച്ചാലേ നികുതിയിളവു ലഭിക്കുകയുള്ളു.

ഹെൽത്ത് ചെക്കപ്പിന് 5000 രൂപ വരെ കിഴിവ്

ഹെൽത്ത് ഇൻഷുറൻസിനു പുറമേ ഒരു കുടുംബത്തിന് ഹെൽത്ത് ചെക്കപ്പിന് ചെലവാകുന്ന 5000 രൂപ വരെയുള്ള തുകയ്ക്ക് കിഴിവ് ലഭിക്കും.

വൈകല്യമുള്ളവർക്കു വേണ്ടി ചെലവാക്കുന്പോൾ

ആദായനികുതി വകുപ്പിന്‍റെ 80ഡിഡി വകുപ്പ് അനുസരിച്ച് വൈകല്യമുള്ള ആശ്രിതരുടെ (40 ശതമാനമോ അതിലധികമോ ) ചികിത്സയ്ക്കായി എടുക്കുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് അടയ്ക്കുന്ന 75000 രൂപ വരെയുള്ള പ്രീമിയത്തിന് നികുതി കിഴിവ് കിട്ടും. എന്നാൽ ഗുരുതരമായ വൈകല്യമുള്ളവർക്കായി ( 80 ശതമാനമോ അതിലധികമോ) എടുക്കുന്ന പോളിസിയുടെ 1.2 ലക്ഷം രൂപ വരെയുള്ള പ്രീമിയത്തിനു നികുതിയിളവു കിട്ടും.

* മാതാപിതാക്കളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് അടയ്ക്കുന്ന പ്രീമിയത്തിന് നികുതി കിഴിവ് കിട്ടും.
* ലൈഫ് ഇൻഷുറൻസ് കന്പനികൾ നൽകുന്ന ക്രിട്ടിക്കൽ ഇൽനെസ്, മെഡിക്കൽ ഇൻഷുറൻസ് റൈഡറുകൾക്ക് നൽകുന്ന പ്രീമിയത്തിന് നികുതിയിളവ് കിട്ടും.
* സ്റ്റാൻഡ് എലോണ്‍ ഹെൽത്ത് ഇൻഷുറൻസ് കന്പനി, ജനറൽ ഇൻഷുറൻസ് കന്പനി തുടങ്ങിയവ നൽകുന്ന ഹോസ്പിറ്റൽ കാഷ് പോളിസി, ക്രിട്ടിക്കൽ ഇൽനെസ് പോളിസി തുടങ്ങിയവയുടെ പ്രീമിയത്തിനും കിഴിവു കിട്ടും
* ഒരു കുടുംബത്തിന് 5000 രൂപ വരെയുള്ള ഹെൽത്ത് ചെക്കപ്പിന് ഇളവുണ്ട്.
* പ്രീമിയം കാഷ് ആയി നൽകിയാൽ നികുതിയിളവ് ക്ലെയിം ലഭിക്കുകയില്ല