ക്രൂഡോയിൽ വില വർധനയുടെ മറുവശം
ക്രൂഡോയിൽ, പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയരുന്നതിന് ചില അനുകൂല ഘടകങ്ങളുമുണ്ട്. ഏറ്റവും പ്രധാനമായത് ഉപഭോഗം കുറയുന്നുവെന്നതാണ്. ആഗോള താപനത്തിന്‍റെ ഈ കാലത്ത് കാർബണ്‍ അടിസ്ഥാനത്തിലുള്ള ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുവാൻ ലോകമെങ്ങും ശ്രമങ്ങൾ നടന്നുവരികയാണ്. പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ. അതുകൊണ്ടുതന്നെ അവർ ഉയർന്ന നികുതിയാണ് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്നത്.

ധനകമ്മി നിയന്ത്രിക്കാൻ സാധിക്കുന്നു

ഇന്ത്യ പ്രതിവർഷം ഏതാണ്ട് 10000 കോടി ലിറ്റർ ഡീസലും 4000 കോടി ലിറ്റർ പെട്രോളും ഉപയോഗിക്കുന്നുണ്ട്. രണ്ടു വർഷംകൊണ്ട് പെട്രോൾ, ഡീസൽ എന്നിവയിൽനിന്നുള്ള നികുതി വരുമാനത്തിൽ 1.8 ലക്ഷം കോടി രൂപയുടെ വർധനയാണു സർക്കാർ വരുത്തിയത്. സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും കൂടി പെട്രോളിയം ഉത്പന്നങ്ങളിൽനിന്ന് ഏതാണ്ട് 5 ലക്ഷം കോടി രൂപയാണ് നികുതിയായി പിരിച്ചെടുക്കുന്നത്. ഇതുവഴി രാജ്യത്തിന്‍റെ ധനകാര്യ നില വഷളാകാതെ കാക്കുവാൻ സർക്കാരിനു കഴിയുന്നു.

ധനകമ്മി പിടിച്ചു നിർത്താൻ പെട്രോൾ നികുതി സർക്കാരിനെ സഹായിക്കുന്നു. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും കൂടുതൽ തുക ചെലവഴിക്കാൻ ഇതു സഹായിക്കുന്നുണ്ട്. ഗവണ്‍മെന്‍റിന്‍റെ സബ്സിഡി ബാധ്യതകളും കുറയുന്നു. ഇപ്പോൾ ഇന്ധന സബ്സിഡിയായി ഏതാണ്ട് 25000 കോടി രൂപ നൽകിയാൽ മതിയാകും.

പുതിയ ഉൗർജസ്രോതസുകൾ

വില ഉയർന്നു നിൽക്കുന്നതിന്‍റെ മറ്റൊരു ഗുണം പാരന്പര്യ ഉൗർജസ്രോതസുകൾ വികസിപ്പിക്കുന്നതിലേക്കും പുതിയ ഉൗർജ സ്രോതസുകൾ കണ്ടെത്തുന്നതിലേക്കും നയിക്കുമെന്നതാണ്. ശുദ്ധമായ ഉർജം കണ്ടെത്താനുള്ള ശ്രമങ്ങൾക്കു കൂടുതൽ പിന്തുണ ലഭിക്കും.

ഷെൽ ഗ്യാസ് പര്യവേക്ഷണങ്ങൾക്ക് യുഎസിൽ സജീവമായ സമയത്താണ് ക്രൂഡോയിലിന്‍റെ വില കുത്തനെയിടഞ്ഞത്. അതോടെ ഷെയ്ൽ പര്യവേക്ഷണം മന്ദഗതിയിലായി. കുറഞ്ഞത് ബാരലിന് 60 ഡോളർ എങ്കിലും ലഭിച്ചെങ്കിലേ ഷെയ്ൽ ഗ്യാസ് പദ്ധതി ബ്രേക്ക് ഈവൻ ആകുകയുള്ളു. വീണ്ടും വില കുത്തനെ ഉയർന്നത് ഷെയ്ൽ ഗ്യാസ് പര്യവേക്ഷണത്തിനു ജീവൻ വയ്പിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾ

2030-ഓടെ രാജ്യത്തെല്ലായിടത്തും ഇലക്ട്രിക് വാഹനങ്ങൾ മുഖ്യമാകണമെന്നാണ് ഗവണ്‍മെന്‍റ് ആഗ്രഹിക്കുന്നത്. ഇപ്പോൾ ഇലകട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ. ഇന്ധന വില ഉയരുന്നത് ഇത്തരം ശ്രമങ്ങൾക്ക് കൂടുതൽ വേഗം നൽകും.


വാഹനങ്ങൾ മൂലമുള്ള മലിനീകരണം കുറയ്ക്കുവാനും ശുദ്ധമായ ഇന്ധനോപയോഗത്തിനും ഇതു വഴി തെളിക്കും. പ്രത്യേകിച്ചും നഗരപ്രദേശങ്ങളിലെ മലീനീകരണം. രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ താമസിക്കാൻ കഴിയാത്ത വിധത്തിൽ വായുമലിനീകരണം സംഭവിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ ഇതു കുറയ്കുന്നതിനു ഗണ്യമായി സഹായിക്കും.

ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂടുതലാണ്. ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളുമില്ല. കൂടുതൽ ഗവേഷണങ്ങൾ എത്തുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുന്നതിനും കൂടുതൽ കൂടുതൽ ആളുകൾ അവ വാങ്ങുന്നതിനു തയാറാവുകയും ചെയ്യും. വൈദ്യുതി ചാർജ് കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ഉയർന്നുവരികയും ചെയ്യും.

ദീർഘകാല ഇന്ധന സുരക്ഷ

ക്രൂഡോയിലിന്‍റെ ഉയർന്ന വില ദീർഘകാല ഇന്ധന സുരക്ഷയെക്കുറിച്ച് ആലോചിക്കാൻ ഗവണ്‍മെന്‍റിനെ പ്രേരിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സന്പദ്ഘടന എന്ന നിലയിൽ ഇന്ധന സുരക്ഷ ഉറപ്പാക്കേണ്ടത് ഏറ്റവും ആവശ്യമാണ്.

ക്രൂഡോയിലിൽനിന്ന് പ്രകൃതിവാതകത്തിലേക്കു നീങ്ങുവാനും ഇതു സഹായിക്കും. നമ്മുടെ അയൽ രാജ്യങ്ങളായ തുർക്കിമേനിസ്ഥാൻ, ഇറാൻ, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങൾക്ക് ധാരാളം പ്രകൃതിവാതകമുണ്ട്. അവരിൽനിന്ന് പ്രകൃതിവാതകം വാങ്ങാനുള്ള സംവിധാനമൊരുക്കാൻ ഈ വിലക്കയറ്റം രാജ്യത്തെ നിർബദ്ധമാക്കും. ദീർഘകാലത്തിൽ ഇന്ധന സുരക്ഷ ഉറപ്പാക്കാൻ ഗവണ്‍മെന്‍റിന് വിലക്കയറ്റം പ്രചോദനമാകും.

ഇന്ധന സുരക്ഷയ്ക്കായി ഗവണ്‍മെന്‍റ് ഇപ്പോൾ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിനു വളരെയധികം പ്രോത്സാഹനം നൽകിവരുന്നു. ഇനിയും സൗരോർജവും മറ്റും ഉത്പാദിപ്പിക്കുന്നതിനാവശ്യമായ സോളാർ പാനലുകളുടേയും മറ്റും ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങൾ ഉയർന്നുവരുവാനും സഹായിക്കും.
ഈ രംഗത്തു നിരവധി തൊഴിൽ സാധ്യതയും ലഭ്യമാക്കും. ഇപ്പോഴത്തെ വിലക്കയറ്റത്തോടു പോസീറ്റീവായി പ്രതികരിക്കണമെന്നു മാത്രം.