ബ്രഡ് ഫ്‌ളവര്‍ എന്ന റൊട്ടിപ്പൂവ്
ഇങ്ങനെയും ഒരു പൂവ്. പേര് ബ്രഡ് ഫ്‌ളവര്‍ അഥവാ റൊട്ടിപ്പൂവ്. ഓഫ് വൈറ്റ് നിറത്തില്‍ കപ്പുപോലെ വിടരുന്ന അഞ്ചിതള്‍പ്പൂക്കള്‍ക്ക് ആരെയും വിസ്മയിപ്പിക്കുന്ന സവിശേഷ ഗന്ധം. ചിലര്‍ പറയുന്നു ഇതിന് പൂക്കൈത ഇലകളുടെ സുഗന്ധമാണെന്ന്. മറ്റുചിലര്‍ പറയുന്നു ഇവയ്ക്ക് മുല്ലയുടെയും കൈതയുടെയും സമ്മിശ്ര സുഗന്ധമാണെന്ന്. പുതുതായി തയാറാക്കിയ സുഗന്ധ അരിയുടെ മണമാണ് റൊട്ടിപ്പൂവിനെന്നു പറയുന്നവരും ധാരാളം. ഫ്രഷ് ബ്രഡിന്റെ സവിശേഷമായ സുഗന്ധവും ഈ പൂവിന്റെ പ്രത്യേകതയാണ്. ശിഖരാഗ്രങ്ങളില്‍ കുലകളായി അതിരാവിലെ യാണ് പൂക്കള്‍ വിടരുക. എങ്കിലും സായാഹ്നമാകുമ്പോഴേക്കാണ് ഇതിന്റെ സുഗ ന്ധം ഉച്ചസ്ഥായിയില്‍ എത്തുന്നത്. ഇതു തന്നെയാണ് 'വല്ലേരിസ് ഗ്ലാബ്ര' എന്ന പേരായ റൊട്ടിപ്പൂവിനെ ഇതര പൂച്ചെടികളില്‍ നിന്നു വ്യത്യസ്തയാക്കുന്നത്.

ഇന്തൊനേഷ്യയിലെ ജാവ, സുമാത്ര ദേശങ്ങളാണ് റൊട്ടിപ്പൂവിന്റെ ജന്മസ്ഥലം. ദീര്‍ഘനാള്‍ വളരാന്‍ കഴിവുള്ള നിത്യഹരിത സ്വഭാവക്കാരിയായ വള്ളിച്ചെടിയാണിത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം അനായാസം വളരും. രണ്ടു മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ ഇത് പടര്‍ന്നു കയറും. ഇത്രയും തന്നെ ഇത് പടര്‍ന്നു വളരും. ഇളംപച്ച നിറത്തില്‍ തിളക്കമുള്ള ഇലകള്‍ക്ക് ദീര്‍ഘവൃത്താകൃതിയാണ്. ഇലയഗ്രം കൂര്‍ത്തമുനപോലിരിക്കും. തണ്ട് കനം കുറഞ്ഞതും ഇളം ചാരനിറമുള്ളതുമാണ്. അഗ്രം കൂര്‍ത്ത അഞ്ച് വെളുത്ത ഇതളുകളാണ് പൂക്കളുടെ പ്രത്യേകത. ഇതളുകള്‍ പരസ്പരം കവിഞ്ഞു കിടക്കും.

വളര്‍ത്താന്‍ താരതമ്യേന എളുപ്പമാണ് റൊട്ടിപ്പൂച്ചെടി. നല്ല വെളിച്ചമോ ഭാഗിക സൂര്യപ്രകാശമോ ആകാം. ഇടത്തരം നനവു മതി. ചെടിത്തടം കമ്പോസ്റ്റോ കരിയിലയോ കൊണ്ട് പുതച്ചു വളര്‍ത്തിയാല്‍ നന്നാകും. ഉഷ്ണകാലത്തു ചെടിത്തടത്തില്‍ ഊഷ്മാവ് വര്‍ധിക്കാതിരിക്കാന്‍ ഇത് സഹായിക്കും. ജൈവവളങ്ങള്‍ക്കു പുറമെ ഫോസ്ഫറസ് വളം ചേര്‍ത്താല്‍ ചെടി പുഷ്പിക്കും. എന്നാല്‍ നൈട്രജന്‍ വളം കുറച്ചേ ചേര്‍ക്കാന്‍ പാടുള്ളൂ. അമിതമായി ശിഖരം കോതി പ്രൂണിംഗ് നടത്തേണ്ടതില്ല. കാരണം പുതിയ ശിഖരങ്ങളില്‍ നിന്നാണ് കൂടുതല്‍ പൂക്കള്‍ വിടരുക.


തണ്ട് മുറിച്ചും ഒട്ടുതൈകള്‍ നട്ടും വായുവില്‍ പതിവച്ചെടുക്കുന്ന എയര്‍ലെയറുകളായും പുതിയ ചെടി വളര്‍ത്താം. ബ്രഡ് ഫ്‌ളവര്‍ ചെടിയുടെ തണ്ടിന്റെ ഒരു ഭാഗം മണ്ണിലേക്കു മുട്ടിച്ച് ഇഷ്ടിക താങ്ങി വച്ചാല്‍ അതില്‍ നിന്നു വേരും തണ്ടും പൊട്ടി, പുതിയ തൈ വളരുന്നതു കാണാം. എന്നാല്‍ വള്ളികള്‍ അത്യാവശ്യം മുറിച്ച് ചട്ടികളില്‍ ഇത് കുറ്റിച്ചെടിയാക്കി ഒതുക്കി വളര്‍ത്താം.

വെട്ടുപൂവായും പൂക്കള്‍ ഉണ ക്കി ഡ്രൈ ഫ്‌ളവര്‍ ആയും മാറ്റാം. മലയായിലെ സുന്ദരികള്‍ തങ്ങളുടെ മുടിക്കെട്ടില്‍ റൊട്ടിപ്പൂവ് തിരുകി വയ്ക്കുക പതിവായിരുന്നു. മലയന്‍ വിവാഹച്ചടങ്ങുകളില്‍ ബുംഗ റാംപെയ് എന്ന സമ്മിശ്രസുഗന്ധ ക്കോപ്പ തയാറാക്കാന്‍ റൊട്ടിപ്പൂക്കള്‍ ഉപയോഗിച്ചിരുന്നു. തായ്‌ലന്‍ഡ്, തെക്കു-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഈ ഉദ്യാനസസ്യം ലാന്‍ഡ്‌സ്‌കേപ്പിംഗിലെ പ്രധാന ചേരുവയാണ്. കമാനങ്ങളിലും പെര്‍ഗോളകളിലുമൊക്കെ പടര്‍ത്തി വളര്‍ത്താന്‍ ഉത്തമമാണിത്.

ചിത്രശലഭങ്ങളെ ആകര്‍ഷിക്കും

ചിത്രശലഭങ്ങളെ ആകര്‍ഷിക്കാന്‍ സവിശേഷ സിദ്ധിയുള്ളതിനാല്‍ ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനുകള്‍ക്ക് അനുയോജ്യമായ ചെടിയാണ് റൊട്ടിപ്പൂച്ചെടി. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഇതിന്റെ പൂക്കാലം. വൈകുന്നേരത്തോടെ സുഗന്ധം വാരിവിതറുന്ന വെളുത്ത പൂക്കളുള്ള ഉദ്യാന സസ്യമായതിനാല്‍ മൂണ്‍ ഗാര്‍ഡനുകള്‍ക്ക് മികച്ച ചേരുവയാണ് ബ്രഡ് ഫ്‌ളവര്‍.

മലേഷ്യയിലെ സംസ്ഥാന പൂഷ്പം എന്ന പദവിയും റൊട്ടിപ്പൂവിനുണ്ട്. വലിയ ചട്ടികളില്‍ ഒതുക്കി വളര്‍ത്തിയാല്‍ പൂമുഖത്ത് അലങ്കാരച്ചെടിയായി വയ്ക്കാന്‍ ഉത്തമം. പടര്‍ത്തി വളര്‍ത്താനാണെങ്കില്‍ മറയായും മതിലുകളില്‍ കയറ്റിയും വളര്‍ത്താം.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം. ഫോണ്‍ 944701 5939.