വീണ്ടെടുക്കാം കൃഷിഭൂമിയെ
അപ്രതീക്ഷിതമായ തോരാമഴയിലും തുടര്‍ന്നുണ്ടായ പ്രളയത്തിന്റെ സംഹാരതാണ്ഡവത്തിലും കേരളീയര്‍ ഒരുവേള പകച്ചു. ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയില്‍ നിന്നും സാവധാനം കരകയറാനുള്ള ശ്രമത്തിലാണു നാം. മാനവികതയും ഐക്യവും ഒക്കെ സമാനതകളില്ലാത്തവിധം പ്രകടമായ മുഹൂര്‍ത്തങ്ങള്‍.

ഇതിനോടകം ദൂരവ്യാപകമായ പരിണാമങ്ങളാണ് മണ്ണിനു സംഭവിച്ചത്. അവശേഷിക്കുന്ന വിളകളിലും വരുംകാല കൃഷിയിലുമൊക്കെ ഇതു ചെലുത്തുന്ന സ്വാധീനം പഠിച്ചും വിശകലനം ചെയ്തും മുന്നോട്ടു പോകണം. കാരണം നമ്മുടെ അതിജീവനത്തിന്റെ മേഖല തന്നെ കൃഷിയില്‍ അധിഷ്ഠിതമാണല്ലോ.
ഊഷരമായി, ദീര്‍ഘനാള്‍ കൃഷിയിറക്കാതെ തരിശിട്ടിരുന്ന പ്രദേശങ്ങളിലേക്ക് രായ്ക്കുരാമാനം കുതിച്ചൊഴുകിയെത്തിയ പ്രളയജലം ഒപ്പം കൊണ്ടുവന്നത് ജൈ വവളപ്പറ്റ് ഏറെയുള്ള വളമണ്ണാ ണെന്നത് യാഥാര്‍ഥ്യം. ഇത് ചിലയിടങ്ങളിലെ ഊഷരഭൂമിയുടെ മുഖച്ഛായ മാറ്റി ഉര്‍വരമാക്കിയിരിക്കുന്നു. മാലിന്യങ്ങള്‍ നിറഞ്ഞ ഇടങ്ങളുമുണ്ടെന്നത് വിസ്മരിക്കുന്നില്ല. ദീര്‍ഘനാള്‍ കൊണ്ടു മാ ത്രം രൂപപ്പെടുന്ന ഹ്യൂമസ് എന്ന ഈ ജൈവവളമണ്ണ് അപ്രതീക്ഷിതമായാണ് സമതലങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

വെറുതേ കിട്ടിയതെങ്കിലും അമൂല്യം

മണ്ണിന്റെ സ്വാഭാവികഘടന മെച്ചപ്പെടുത്തുന്നതിലും സസ്യവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലും ഹ്യൂമസിന്റെ സ്ഥാനം നിര്‍ണായകമാണ്.

1. ധാതുലവണങ്ങളോടൊപ്പം സസ്യവളര്‍ച്ചയ്ക്ക് അവശ്യം വേണ്ടു ന്ന പോഷകങ്ങള്‍ നല്‍കാന്‍ ഹ്യൂ മസിനു കഴിയും.
2. ഹ്യൂമസ് എന്നത് സൂക്ഷ്മജീവികളുടെ ഒരു ആവാസകേന്ദ്രമാണ്. ഇത് മണ്ണിലെ സസ്യഭാഗങ്ങള്‍ വിഘടിപ്പിച്ച് വേരുകള്‍ക്ക് ആഗിരണം ചെയ്യാന്‍ പാകത്തിലാക്കും.
3. മറ്റ് ഉപയോഗമില്ലാത്ത മണ്ണുകള്‍പോലും കാര്യക്ഷമമാക്കാന്‍ ഹ്യൂമസ് ചേര്‍ത്താല്‍ മതി. ഒപ്പം പോട്ടിംഗ് മിശ്രിതത്തിലും വേരുത്പാദക മാധ്യമങ്ങളിലും ചേര്‍ ക്കാന്‍ ഉത്തമം.
4. ഹ്യൂമസില്‍ ജൈവസംയുക്തങ്ങള്‍ വന്‍തോതില്‍ അടങ്ങിയിരിക്കും.
5. സസ്യവളര്‍ച്ച കുതിച്ചുചാടാന്‍ പാകത്തിനുള്ള ഒരു പ്രേരകമായോ ത്വരകമായോ ഒക്കെ ഹ്യൂ മസ് പ്രവര്‍ത്തിക്കും.
6. പോഷകങ്ങള്‍ നിലനിര്‍ത്താന്‍ കഴിയാത്ത മണല്‍മണ്ണ് പോഷകസമൃദ്ധമാക്കാനും ജലസംഭരണശേഷി വര്‍ധിപ്പിക്കാനും ഹ്യൂമസ് ചേര്‍ത്താല്‍ മതി.

ഒരു കാര്യം ശ്രദ്ധിക്കുക- ഈ വിധം വന്നടിഞ്ഞിരിക്കുന്ന ഹ്യൂമസ് ഒരു കാരണവശാലും ചെളിയെന്ന് മുദ്രകുത്തി പുഴയിലേക്കും കുളത്തിലേക്കും നിരത്തിലേക്കുമൊന്നും പുറംതള്ളി പാഴാക്കരുത്.

ഫൈന്‍ ക്ലേ വില്ലനാകരുത്

പ്രളയകാലത്ത് വീട്ടകങ്ങളിലും സമതലങ്ങളിലും ഒക്കെ അപ്രതീക്ഷിതമായി സമൃദ്ധമാ യെത്തിയ അതിഥിയാണ് ഫൈന്‍ ക്ലേ. വര്‍ഷങ്ങളായി കുറേശേ ഒലിച്ച് താഴ്‌വരകളിലേക്കെത്തിയിരുന്ന മുകള്‍ത്തട്ടിലെ മേല്‍മണ്ണ് ഏതാനും ദിവസംകൊണ്ട് സമതലങ്ങളിലേക്കെത്തിയതാണ് ഇ വിടെ സംഭവിച്ചത്. ധാതുലവണങ്ങളാല്‍ സമ്പന്നമാണ് ഫൈന്‍ ക്ലേ.

എങ്കിലും ഇത് ഗുരുത്വം കൂടിയ 'ഐവി സോയില്‍' എന്ന വിഭാഗത്തില്‍പെടുന്നതാണ്. പേരുസൂചിപ്പിക്കുന്നതുപോലെ ഇത് ഇളക്കമുള്ള സ്വഭാവത്തില്‍പ്പെടുന്നില്ല. ഫൈന്‍ ക്ലേയില്‍ വായുസഞ്ചാരം കുറയും. വായു സഞ്ചാരത്തിനാവശ്യമായ സുഷിരങ്ങളില്ല. ധാതുലവണസമ്പന്നമെങ്കിലും ഈ സ്വഭാവമായതിനാല്‍ ഫൈന്‍ ക്ലേ യിലേക്ക് വേരുകള്‍ക്ക് ആഴ്ന്നിറങ്ങാന്‍ കഴിയില്ല. പുതിയ വേരുകള്‍ പൊട്ടിവളരുകയുമില്ല. സസ്യവളര്‍ച്ചയ്ക്ക് അനുകൂലമല്ലാത്ത ഈ സ്വഭാവങ്ങള്‍ മാറ്റിയെടുത്താല്‍ 'ഫൈന്‍ ക്ലേ' കൃഷിക്ക് ഉപയുക്തമാക്കാന്‍ കഴിയും. വിളകളുടെ വേരുപടലത്തില്‍ ഫൈന്‍ ക്ലേ അടിഞ്ഞാല്‍ അത് വേരുകളിലെ വായുസഞ്ചാരം തടസപ്പെടുത്തും.

പ്രളയക്കെടുതിയില്‍ വാഴയും പച്ചക്കറിയുമൊക്കെ നല്ലൊരു ഭാഗം നശിച്ചെങ്കിലും അവശേഷിക്കുന്ന വാഴകള്‍ക്കും ജാതി ഉള്‍പ്പെടെയുള്ള സുഗന്ധവിളകള്‍ക്കും 'ഫൈന്‍ ക്ലേ' ഹാനികരമാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രമുഖമണ്ണ് ഗവേഷണ ശാസ്ത്രജ്ഞ നും പ്രഫസറുമായ ഡോ. പി. സുരേഷ് കുമാര്‍ അഭിപ്രായപ്പെടുന്നു.

സമതലങ്ങളില്‍ വളരുന്ന ജാ തിക്ക് മഞ്ഞളിപ്പ് തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. വേരുപടലത്തില്‍ ചെളിയടിഞ്ഞിട്ടുള്ളതിനാല്‍ അവിടെ സ്വതന്ത്രമായ വായുസഞ്ചാരം നടക്കാത്തതു നിമിത്തമാണിത് സംഭവിക്കുന്നത്.
ഇങ്ങനെ ചെളിയടിഞ്ഞ മരങ്ങളുടെ ചുവട് ഒരു ഹാന്‍ഡ് ഫോര്‍ക്ക് ഉപയോഗിച്ച് ഇളക്കികൊടുക്കണം. എന്നിട്ട് കുമ്മായമോ ജിപ്‌സമോ ചേര്‍ക്കുക. ഇങ്ങനെ ചെയ്താല്‍ സൂക്ഷ്മ സ്വഭാവമുള്ള ഈ ചെളികട്ട പിടിച്ച് നല്ല ഘടനയുള്ള അഗ്രിഗേറ്റ് എന്ന അവസ്ഥയിലേക്ക് മാറിയാല്‍ തകരാറില്ല. വായുസഞ്ചാരം ഉണ്ടാകും. വേരു വളര്‍ ച്ചക്ക് സഹായകമാകുകയും ചെയ്യും. ഫൈന്‍ ക്ലേയില്‍ പാറപ്പൊടിയോ മണലോ ചേര്‍ത്താ ലും ഈ മാറ്റം തന്നെയാണ് സംഭവിക്കുക. പുഴയോരങ്ങളില്‍ അടിഞ്ഞ മണല്‍ കുറേയെങ്കിലും ഇങ്ങനെ ശേഖരിച്ച് ഉപയോഗിക്കാനായാല്‍ നന്ന്. നദീതീരങ്ങള്‍, റോഡുകളുടെയും തോടുകളുടെയും ഇരുകരകള്‍ എന്നിവിടങ്ങളില്‍ പ്രളയജലം തള്ളിയ ജൈവമണ്ണ് അമൂല്യമാണ്.

ഇതിന് 1924 ലെ വെള്ളപ്പൊക്കത്തിനു ശേഷം മണ്ണിന് സംഭവിച്ച മാറ്റം നേരിട്ടറിഞ്ഞ അനുഭവ സമ്പന്നരുടെ സാക്ഷ്യമുണ്ട്. ശാ സ്ത്രീയതയുണ്ട്. ഇതിന് ഉത്തമദൃഷ്ടാന്തമാണു റിട്ട. അധ്യാപകനായ വള്ളിക്കോട് തൂപ്പാറ മലയില്‍ പ്രഭാകരന്‍ എന്ന കര്‍ഷകന്‍. അന്നത്തെ വെള്ളപ്പൊക്കത്തില്‍ പാടശേഖരങ്ങളിലൂടെ പത്തായങ്ങള്‍ ഒഴുകി നടന്നതും വെള്ളമിറങ്ങിയശേഷം പ്രകൃതിദത്തമായി പൂട്ടി അടിച്ചു കിട്ടിയപാടത്ത് നെല്‍വിത്തെറിഞ്ഞ് മുന്‍പില്ലാത്ത വിധം ബമ്പര്‍ വിള വു കിട്ടിയതും ഇദ്ദേഹം മറന്നിട്ടില്ല.

ഇത്തവണയും വെള്ളപ്പൊക്കം പ്രഭാകരനെ കടാക്ഷിച്ചു. മൂന്നാള്‍ പൊക്കത്തില്‍ വെള്ളം കയറിയ തന്റെ പാടത്ത് അടിഞ്ഞു കൂടിയിരിക്കുന്ന എക്കല്‍ മണ്ണില്‍ വിത്തു വിതയ്ക്കാനൊരുങ്ങുകയാണിദ്ദേഹം.

വരുംകാല കൃഷി

വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വളമണ്ണ് അടിഞ്ഞ സ്ഥലങ്ങളിലെല്ലാം വരും സീസണില്‍ നല്ല വിളവാണ് പ്രവചിക്കുന്നത്. ഇതിന് വിതയ്ക്കു മുമ്പ് ഡോളോമൈറ്റോ കുമ്മായത്തോടൊപ്പം മ ഗ്നീഷ്യം സള്‍ഫേറ്റോ മണ്ണില്‍ ചേര്‍ക്കുക. ഈ പരിചരണം നല്ല വിളവിനു വഴിതെളിക്കും. നെല്‍പ്പാടങ്ങളിലാണെങ്കില്‍ മേല്‍മണ്ണും എക്കലും അടിഞ്ഞിട്ടുള്ളതിനാല്‍ മികച്ച വിളവിനൊപ്പം ക്രമാതീതമായ കളവളര്‍ച്ചയ്ക്കും സാധ്യതയുണ്ട് ഇതിനു ജാഗ്രത വേണം. ഒപ്പം രോഗ-കീടബാധകള്‍ക്കെതിരേ കരുതലും.

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.