"തീ’വിലയിൽ നട്ടം തിരിഞ്ഞ് ചെറുകിട വ്യവസായ മേഖല
"തീ’വിലയിൽ  നട്ടം തിരിഞ്ഞ് ചെറുകിട വ്യവസായ മേഖല
Friday, November 2, 2018 3:18 PM IST
ഇന്ധനങ്ങളുടെ "തീ’ വില എല്ലാവരേയും പൊള്ളിക്കുകയാണ്. സാധാരണ കുടുംബം മുതൽ നൂറുകണക്കിനു കുടുംബങ്ങൾക്കു താങ്ങാവുന്ന ചെറുകിട വ്യവസായങ്ങൾ വരെ ഇന്ധന വില വർധനയുടെ ചൂടറിയുകയാണ്. പ്രത്യേകിച്ചും എൽപജിയുടെ വില വർധന.

പല വ്യവസായങ്ങളും പരന്പരാഗത രീതിയിലുള്ള ഹീറ്റിംഗ് സംവിധാനത്തിൽനിന്നും എൽപിജിയിലേക്കു മാറുകയും പഴയ രീതിയിലേക്കു തിരിച്ചുപോക്കു സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് വാണിജ്യാവശ്യത്തിനുള്ള എൽപിജിയുടെ വില തുടർച്ചയായി ഉയരുന്നത്.

വില വർധന 50 ശതമാനം

സെപ്റ്റംബറിൽ മാത്രം 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലണ്ടറിന്‍റെ വിലയിൽ 88 രൂപയുടെ വർധനയാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷക്കാലത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലണ്ടറിന്‍റെ വില 1000 രൂപയിൽനിന്ന് 1500 രൂപയിലേക്കു കുതിച്ചിരിക്കുകയാണ്. ഒരു വർഷം 50 ശതമാനം വിലവർധന!

കേരളത്തിൽ പ്രതിമാസം 25000 ടണ്‍ വാണിജ്യ എൽപിജി ആവശ്യമുണ്ട്. കൊച്ചി പോലുള്ള വാണിജ്യ പ്രധാനമുള്ള നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ ആവശ്യം. ഒരു വർഷത്തെ വില വർധന ഇതുപയോഗിക്കുന്ന വ്യവസായങ്ങളിലുണ്ടാക്കുന്ന ആഘാതം ഇതിൽനിന്നു തന്നെ മനസിലാക്കാവുന്നതേയുള്ളു.

കേരളത്തിൽ 99 ശതമാനം വ്യവസായങ്ങളും സേവനങ്ങളും ചെറുകിട വിഭാഗത്തിൽപ്പെടുന്നവയാണ്. ഈ വിലക്കയറ്റം നല്ലൊരു പങ്ക് വ്യവസായങ്ങൾക്കും സഹിക്കാൻ കഴിയുന്നതിനപ്പുറമാണ്. തൊഴിൽ സൃഷ്ടിക്കുന്ന മേഖലയെന്ന നിലയിൽ ഈ ചെറുകിട സ്ഥാപനങ്ങൾ ഇവിടെ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം കൂടിയാണ്.
ഉണങ്ങിയ വിറക് ലഭിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം കൊണ്ടാണ് എൽപിജിയെ പലരും ആശ്രയിക്കുന്നത്. പക്ഷേ, വില ഇങ്ങനെ വർധിക്കുന്ന സാഹചര്യത്തിൽ എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് പലരും. മിക്ക വ്യവസായങ്ങളും മെക്കനൈസ് ചെയ്തതോടെ ഡീസൽ അല്ലെങ്കിൽ എൽപിജി ഉപയോഗിക്കുന്നതിൽ നിന്നും പിന്മാറാൻ സാധിക്കാത്ത അവസ്ഥയാണ്.

പല മേഖലയ്ക്കും പ്രഹരം

സംസ്ഥാനത്തിന് 25000 കോടി രൂപയോളം വിറ്റുവരവും സംസ്ഥാന ജിഡിപിയുടെ 12 ശതമാനവും സംഭാവന ചെയ്യുന്ന കേരള ടൂറിസത്തിനാണ് ഇന്ധന വില വർധന ഏറ്റവും കൂടുതൽ വിനാശമുണ്ടാക്കുന്നത്. കനത്ത അടിയാണ് എൽപിജിയുടെ വില വർധന നൽകുന്നത്. പ്രളയദുരന്തത്തിൽ തകർന്ന ടൂറിസത്തിന് എൽപിജി വില വർധന കൂനിന്മേൽ കുരുവായി രിക്കുകയാണ്.

ടൂറിസം പോലെ തന്നെ തിരിച്ചടി ഏറ്റു വാങ്ങുകയാണ് ഹോട്ടൽ, റെസ്റ്ററന്‍റ്, കേറ്ററിംഗ്, ബേക്കറി മേഖലകളും. ഈ മേഖലകൾക്കൊന്നും പാചകവാതകമില്ലാതെ പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. ഹോസ്റ്റൽ, ആശുപത്രി കാന്‍റീനുകൾ, ഫാക്ടറി കാന്‍റീനുകൾ, ഹോസ്റ്റലുകൾ തുടങ്ങിയവയെല്ലാം എൽപിജിയിലെ വിലവർധനയുടെ ചൂടറിയുകയാണ്.

ഇന്ധനത്തിനായി വിറകിൽനിന്ന് പ്രകൃതിവാതകത്തിലേക്കു നീങ്ങിയ ഗ്ലൗസ്, റബർ ഉത്പന്നങ്ങൾ, ഫുട് വേർ, ഭക്ഷ്യവ്യവസായം തുടങ്ങി നിരവധി ചെറുകിട വ്യവസായങ്ങളുണ്ട്. ഇവയെ എല്ലാം ഇന്ധന വില വർധന പ്രതികൂലമായി ബാധിക്കുകയാണ്. ഈ മേഖലകൾക്കൊന്നും പാചകവാതകവും ഇന്ധനവും ഇല്ലാതെ പ്രവർത്തിക്കുക അസാധ്യമാണ്. പക്ഷേ, ദിനം പ്രതി വില വർധിക്കുന്പോൾ അത് താങ്ങാനാകുന്നില്ലെന്നാണ് ഇവരുടെ പരാതി. പ്രളയം ഏൽപ്പിച്ച പ്രഹരങ്ങളിൽ നിന്നും രക്ഷ നേടുന്നതെയുള്ളു പല മേഖലകളും. അതിനൊപ്പം ഈ പ്രഹരം കൂടിയാകുന്പോൾ പലരും ബിസിനസിനെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകാനുള്ള തയ്യാറെടുപ്പിലുമാണ്.

പെട്രോൾ, ഡീസൽ വില വർധന ട്രാൻസ്പോർട്ടേഷനിലുണ്ടാക്കിയ അധിക ചരക്കു കടത്തുകൂലിക്കു പുറമേയാണ് പല വ്യവസായങ്ങളേയും എൽപിജിയുടെ വില വർധന നേരിട്ടു ബാധിക്കുന്നത്.

ടൂറിസം മേഖല പ്രതിസന്ധിയിൽ
(സാബു സമുദ്ര, സമുദ്ര ഹൗസ് ബോട്ട് ഉടമ, ആലപ്പുഴ )

ഇന്ധനവില വർദ്ധനവ് കാര്യമായി ബാധിച്ചിരിക്കുന്നൊരു മേഖലയാണ് ടൂറിസം. യാത്ര, ഭക്ഷണം പാചകം ചെയ്യൽ എന്നിവയെക്കെല്ലാം പാചകവാതകവും ഇന്ധനവും ഈ മേഖലയിൽ അത്യാവശ്യമാണ്.

കേരളത്തിന്‍റെ ടൂറിസം ഭൂപടത്തിൽ ആലപ്പുഴയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. ആലപ്പുഴയുടെ നിലനിൽപ്പു തന്നെ ടൂറിസവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അവിടുത്തെ പച്ചക്കറി-പലചരക്ക് കച്ചവടം, ഓട്ടോ,ടാക്സി അങ്ങനെ എല്ലാം പ്രത്യക്ഷമായും പരോക്ഷമായും ടൂറിസവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ഹൗസ് ബോട്ടുകളാണ് ടൂറിസം മേഖലയിലെ പ്രധാന ആകർഷണം. പ്രളയം തളർത്തിയിടത്തു നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് മറ്റൊരു ദുരന്തമായി ദിനം പ്രതി പാചക വാതകത്തിന്‍റെയും ഇന്ധനത്തിന്‍റെയും വില വർധിക്കുന്നത്.

ഡീസലിന്‍റെയും പാചക വാതകത്തിന്‍റെയും വിലയിലുണ്ടാകുന്ന ദിനം പ്രതിയുള്ള വർദ്ധനവ് കാര്യമായി തന്നെ ആലപ്പുഴയിലെ ഹൗസ് ബോട്ട്, ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ട്. ഒരു ഹൗസ് ബോട്ടിൽ ഒരു മാസം ആറ് എൽപിജി സിലിണ്ടറുകൾ വേണം. ഒരു സിലിണ്ടറിന്‍റെ ഇപ്പോഴത്തെ വില 1497 രൂപയാണ്. പ്രളയത്തിനുശേഷം സഞ്ചാരികൾ എത്തിതുടങ്ങുന്നതെയുള്ളു. അതുകൊണ്ടു തന്നെ കാര്യമായ വരുമാനമൊന്നും ലഭിക്കാൻ തുടങ്ങിയിട്ടില്ല സമുദ്ര ഹൗസ് ബോട്ട് ഉടമ സാബു സമുദ്ര ചൂണ്ടിക്കാട്ടുന്നു.

കുറഞ്ഞത് അഞ്ചു പേരെങ്കിലുമുണ്ടാകും തൊഴിലാളികളായി അവർക്ക് ശന്പളം നൽകണം. പാചകത്തിനു മാത്രമാണ് എൽപിജി. ബോട്ട് പ്രവർത്തിക്കാൻ ഡീസൽ അല്ലെങ്കിൽ പെട്രോൾ വേണം ഇതിന്‍റെ കാര്യത്തിലും തൽസ്ഥിതി തന്നെയാണ്. ദിവസേനയാണ് വില വർധിക്കുന്നത്. അതിനനുസരിച്ച് ദിവസേന സഞ്ചാരികളിൽ നിന്നും വാങ്ങിക്കുന്ന തുകയിൽ മാറ്റം വരുത്താൻ സാധിക്കില്ല.കാരണം സഞ്ചാരികൾ നിശ്ചിത തുക ബജറ്റിലായിരിക്കും എത്തുന്നത്. ഇവിടെ എത്തുന്പോൾ അപ്രതീക്ഷിതമായിട്ടുണ്ടാകുന്ന നിരക്കു വർധനവ് അവരെ ബുദ്ധിമുട്ടിലാക്കും. അവർ മറ്റ് സ്ഥലങ്ങൾ തേടിപ്പോകും. 1700 ലധികം ബോട്ടുകളാണ് ടൂറിസം മേഖലയിലുള്ളത്. നിലവിലെ ഇന്ധനത്തിനും പാചകവാതകത്തിനും പകരം മറ്റൊന്ന് സാധ്യമല്ല. സോളാർ എനർജിയൊന്നും അത്ര പ്രായോഗികമല്ല: സാബു അഭിപ്രായപ്പെടുന്നു.

ടൂറിസം മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി മുന്നോട്ടു കൊണ്ടുവന്നെങ്കിൽ മാത്രമേ കേരളത്തിനും നേട്ടമാകുകയുള്ളു. ഇല്ലെങ്കിൽ സഞ്ചാരികൾ ശ്രീലങ്ക, മലേഷ്യഎന്നിവിടങ്ങളിലേക്കും ഇന്ത്യയിൽ തന്നെ ആന്ധ്രപ്രദേശ, കർണാടക തുടങ്ങി ടൂറിസത്തിനു പ്രാധാന്യം നൽകുന്ന മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾ തേടിപ്പോകും. മൂന്നു മാസത്തോളമായി വെള്ളപ്പൊക്ക ദുരിതത്തിലാണ്. അതുകൊണ്ടു തന്നെ വിലവർദ്ധനവിനെതിരെ കൃത്യമായൊരു പ്രതിഷേധം നടത്തുവാനോ ബുദ്ധിമുട്ടുകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുവാനോ സാധിച്ചിട്ടില്ലെന്ന് സാബു പറഞ്ഞു.

ബിസിനസ് അവസാനിപ്പിക്കേണ്ട സാഹചര്യം
(ജി. ജയപാൽ, ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി)

ഹോട്ടൽ, റസ്റ്ററന്‍റ, കേറ്ററിംഗ് മേഖലയിൽ പാചകവാതകം ഉണ്ടെങ്കിൽ മാത്രമേ ബിസിനസ് നടക്കു. പ്രതിദിനം മൂന്നു സിലിണ്ടറെങ്കിലും ആവശ്യമുള്ള ഹോട്ടലുകളുണ്ട്. പ്രളയം ഏറ്റവും കൂടുതൽ പ്രഹരമേൽപ്പിച്ച മേഖല കൂടിയാണ് ഹോട്ടൽ മേഖല. പാചകവാതകത്തിന്‍റെ വില വർധനവും വലിയതോതിൽ ഈ മേഖലയെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും വാണിജ്യാവശ്യത്തിനുള്ള ഗ്യാസിന്‍റെ ഗണത്തിൽപ്പെടുത്തിയാണ് സിലിണ്ടർ നൽകുന്നത്. നിലവിൽ 1500 രൂപയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഒരു സിലിണ്ടർ പാചകവാതകത്തിന്‍റെ വില. ഇത് ഒരു ദിവസം ബിസിനസിൽ 1500 രൂപ മുതൽ 2000 രൂപയുടെ വരെ നഷ്ടമാണുണ്ടാക്കുന്നത്. ലാഭമില്ലാതെയാണ് ഇന്ന് പല ഹോട്ടലുകളും പ്രവർത്തിക്കുന്നത് ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പറയുന്നു.

പ്രളയം ഏറ്റവും മേശമായി ബാധിച്ചിരിക്കുന്ന ഒരു ബിസിനസ് മേഖലയാണ് ഹോട്ടലുകളും റസ്റ്ററന്‍റുകളും. പല ഹോട്ടലുകൾക്കും ഇൻഷുറൻസ് പോലുമില്ല. അതിന്‍റെ ദുരിതങ്ങളിൽ നിന്നൊക്കെ കരകയറാൻ ശ്രമിക്കുന്പോഴാണ് പാചകവാതകത്തിന്‍റെ വില വർധനവ് എത്തിയിരിക്കുന്നത്. പലരും ബിസനസിനെ വീണ്ടും സജീവമാക്കാൻ പാടുപെടുകയാണ്. നാശനഷ്ടങ്ങൾ സംഭവിച്ച ഏറെപ്പേരുണ്ട.് അവരെല്ലാം ഒന്നിൽ നിന്നു തുടങ്ങേണ്ടവരാണ്. പലരും ബിസിനസിനെ അവസാനിപ്പിക്കുക എന്ന സ്ഥിതിയിൽ എത്തി നിൽക്കുകയാണ്: ജയപാൽ പറയുന്നു.

ഗ്യാസും ഡീസലും ഒഴിവാക്കാനാവില്ല പക്ഷേ...
(വിജേഷ് വിശ്വനാഥ്,
കേരള ബേക്കേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്)

ഭക്ഷ്യ സംസ്കരണ മേഖലയിലെ പ്രധാന മേഖലയാണ് ബേക്കറി. ഗ്യാസും, ഡീസലുമൊക്കെ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മേഖലയും ക്രമാതീതമായുണ്ടാകുന്ന പാചകവാതക വിലക്കയറ്റത്തിൽ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുകയാണ്.

"ബേക്കറി മേഖലയിൽ ഗ്യാസും ഡീസലും അത്യാവശ്യമാണ്. പൂർണമായും മെഷീനറികൾ വന്നതോടെ ചിരട്ടയ്ക്കും വിറകിനും പകരം ഗ്യാസും ഡീസലും എത്തി. കേരളത്തിലെ എല്ലാ ബേക്കറി നിർമാണ യൂണിറ്റുകളും തന്നെ ഇത്തരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. വൃത്തി, ഉപയോഗിക്കാനുള്ള എളുപ്പം എന്നിവയെല്ലാം ഇവയെ അനുകൂലമാക്കുന്ന ഘടകങ്ങളാണ്. പക്ഷേ, ഇപ്പോഴുണ്ടായിരിക്കുന്ന ഈ വില വർദ്ധനവ് ഉത്പാദനച്ചെലവിൽ ഗണ്യമായ മാറ്റമാണ് വരുത്തിയിരിക്കുന്നത് കേരള ബേക്കേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് വിജേഷ് വിശ്വനാഥ് പറയുന്നു.

ഏതൊരു ബിസനസും ലാഭം നേടാൻ വേണ്ടിയുള്ളതാണ്. അതുകൊണ്ടു തന്നെ നഷ്ടം സഹിച്ച് മുന്നോട്ടു പോകാൻ തയ്യാറാകണമെന്നില്ല. ഉത്പാദനച്ചെലവ് വർധിക്കുന്പോൾ അത് പരിഹരിക്കാൻ വില കൂട്ടുക എന്ന മാർഗമാണ് സംരംഭകർക്കു മുന്നിലുള്ളത്. പക്ഷേ, ദിനം പ്രതി ഇന്ധന വിലയിലും പാചകവാതക വിലയിലും മാറ്റമുണ്ടാകുന്പോൾ എങ്ങനെ ഉത്പന്നത്തിന്‍റെ വില കൂട്ടും. സാധാരണയായി ആറുമാസമെങ്കിലും കഴിഞ്ഞെ വില കൂട്ടാറുള്ളു. പക്ഷേ, ഇങ്ങനെയുള്ള സാഹചര്യം വരുന്പോൾ വില കൂട്ടാൻ സംരംഭകൻ നിർബന്ധിതനാകുകയാണ്. ഇങ്ങനെ ഇടയ്ക്കിടക്ക് വില കൂട്ടുന്നത് ഉപഭോക്താക്കളെയും നഷ്ടപ്പെടുത്തുകയാണ്: വിജേഷ് പറഞ്ഞു.

ദിവസേന വില വർധിപ്പിക്കാൻ സാധിക്കില്ല
സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ കേരള

ഉപഭോഗ ഉത്പന്നങ്ങളെയെല്ലാം പാചകവാതകത്തിന്‍റെയും ഇന്ധനത്തിന്‍റെയും വില വർധനവ് കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട് എന്നു തന്നെയാണ് കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ വക്താക്കൾക്കും പറയാനുള്ളത്. “

ഉത്പന്നങ്ങളുടെ വില പാചക വാതകത്തിന്‍റെയും ഇന്ധനത്തിന്‍റെയും വില വർധിക്കുന്നതിനനുസരിച്ച് വർധിപ്പിക്കാൻ സാധിക്കില്ല. ഏതൊരു ഉത്പന്നമായാലും മാർജിൻ ലഭിച്ചാൽ മാത്രമേ വിൽക്കാൻ സാധിക്കൂ. നഷ്ടത്തിൽ ഒരു സംരംഭത്തെയും മുന്നോട്ടു കൊണ്ടുപോകാൻ ആർക്കും താൽപര്യമുണ്ടാകില്ല. ദിവസേന വിലവർദ്ധനവുണ്ടാകുന്പോൾ അതിനനുസരിച്ച് ഉത്പന്നത്തിന്‍റെ വിലയിലും മാറ്റം വരുത്താൻ സാധിക്കില്ല. പ്രൈസ് ലേബലും മറ്റും നേരത്തെ തയ്യാറാക്കി വയ്ക്കുന്നതാണ്. അതുകൊണ്ടു തന്നെ അതിലൊരു തിരുത്ത് പെട്ടന്നുവരുത്താൻ സാധിക്കില്ല. അങ്ങനെ ചെയ്താൽ തന്നെ അത് കുറ്റകരവുമാണ്. ഇതിനെതിരെ ലീഗൽ മെട്രോളജി വിഭാഗം കർശന പരിശോധനയുമായി രംഗത്തുണ്ട്. അതുകൊണ്ട് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പലര സംരംഭകരും” സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ വക്താക്കൾ പറയുന്നു.

ഏതാനും ചില മേഖലകളിലെ മാത്രം വിവരങ്ങളാണിത്. ഗ്ലൗസ്, റബർ ഉത്പന്നങ്ങൾ, ഭക്ഷ്യ സംസ്കരണം, കേറ്ററിംഗ് ചെറുകിട വ്യവസായങ്ങൾ എന്നവിയെല്ലാം ഇതുപോലെ ദുരിതത്തിൽ തന്നെയാണ്.