ജിഎസ്ടി എസ്എംഇകളുടെ വളർച്ചാ സുഹൃത്ത്
ജിഎസ്ടി എസ്എംഇകളുടെ  വളർച്ചാ സുഹൃത്ത്
Friday, November 9, 2018 3:40 PM IST
2018 ജൂലൈ ഒന്ന് ജിഎസ്ടി ദിവസം ആചരിച്ചുകൊണ്ടാണ് ചരക്കു സേവന നികുതി നടപ്പാക്കിയതിന്‍റെ ഒന്നാം വാർഷികം കേന്ദ്രസർക്കാർ ആഘോഷിച്ചത്. കഴിഞ്ഞ ഒരു വർഷം ചരക്കു സേവനനികുതിയിൽനിന്നും കേന്ദ്രസർക്കാർ സമാഹരിച്ചത് ഏതാണ്ട് 7.41 ലക്ഷം കോടി രൂപയാണ്. നടപ്പുവർഷം ജിഎസ്ടി നികുതി സമാഹരണം 13 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തുമെന്നു ഗവണ്‍മെന്‍റ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യത്തിൽ നാം എത്തിച്ചേരുമെന്നു പറയാനുള്ള ധൈര്യം എനിക്കുണ്ട്.

പുറകോട്ടു തിരിഞ്ഞുനോക്കിയാൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സരംഭങ്ങളിൽ “ഒരു രാജ്യം ഒരു നികുതി’’ എന്ന സംവിധാനം ഏർപ്പെടുത്തുക അത്ര എളുപ്പമല്ലായിരുന്നു. കാരണം അവയിൽ പലതും ക്യാഷ് ഫ്ളോ, ജിഎസ്ടി നിയമം പാലിക്കൽ എന്നിവയിൽ ഒട്ടേറെ പ്രശ്നങ്ങളെ നേരിടുന്നവയായിരുന്നു. എന്നാൽ ഇന്ന് ഈ കടന്പ നമുക്കു പിന്നിലേക്കു പോയിരിക്കുന്നു.
2018 ജൂലൈ വരെ ഉദ്യോഗ് ആധാർ മെമ്മോറാണ്ടം (യുഎഎം) പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 48 ലക്ഷം എംഎസ്എംഇകൾ 2018-19-ൽ ജിഎസ്ടിയിലെ അവരുടെ പങ്ക് ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണ്.

ജിഎസ്ടിയുടെ ഏറ്റവും ആകർഷകവും അനുകൂലവുമായ സംഗതി പതിനേഴോളം നികുതികളും നിരവധി സെസുകളും കൂട്ടിയോജിപ്പിച്ച് ഇതിനു പകരം ലളിതമായ ഒറ്റ നികുതി ഏർപ്പെടുത്തിയെന്നതാണ്. ഇതു നികുതി റിട്ടേണ്‍ സമർപ്പണം ലളിതവും ക്രമവുമാക്കി. അവയുടെ നടപടിക്രമങ്ങൾ സുസംഘടിതമാക്കുകയും ചെയ്തിട്ടുമുണ്ട്. ഇതുവഴി എംഎസ്എംഇകൾക്ക് അവരുടെ മനുഷ്യശേഷിയും വിഭവങ്ങളും ബിസിനസിന്‍റെ വളർച്ചയ്ക്കും വികസനത്തിനുമായി ഉപയോഗിക്കാൻ സാധിക്കുന്നു.

ഇതിനെല്ലാം പുറമേ ജിഎസ്ടി പഴയ തരത്തിലുള്ള അക്കൗണ്ടിംഗ് രീതികൾക്കു മാറ്റവും വരുത്തിയിരിക്കുന്നു. നേരത്തെയുണ്ടായിരുന്ന രീതികളിൽ തെറ്റുണ്ടാകാനുള്ള സാധ്യത കൂടുതലായിരുന്നു. ജിഎസ്ടിയുടെ വരവ് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുവാൻ കന്പനികൾ നിർബന്ധിതരാക്കി. ഇതു ബിസിനസുകളുടെ കാര്യക്ഷമത ഉയർത്തി. ഇതു കന്പനികൾക്കു മാത്രമല്ല, അവരുടെ സപ്ലയർമാർ, വെണ്ടർമാർ, ഉപഭോക്താക്കൾ തുടങ്ങി എല്ലാവർക്കും ഗുണകരമായി.


അക്കൗണ്ടിംഗ് നടപടിക്രമങ്ങളിൽ സുതാര്യത വന്നതോടെ ഇത്തരം കന്പനികളിലെ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ കുതിപ്പുണ്ടായിരിക്കുകയാണ്. ബിസിനസ് സൈക്കിളിൽ വളരെ അയവുണ്ടായിരിക്കുന്നു മാത്രമല്ല, എംഎസ്എംഇകൾക്കു മുന്പിൽ ചെലവു കുറഞ്ഞ നിരവധി വായ്പാ ഓപ്ഷനുകളും ലഭ്യമായിരിക്കുകയാണ്.

സാധാരണ മാർച്ചുമാസം, എംഎംസ്എംഇകളെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറവ് ബിസിനസ് നടക്കുന്ന മാസമാണ്. അവരുടെ പ്രയത്നത്തിൽ നല്ലൊരു പങ്ക് അക്കൗണ്ട് ശരിയാക്കുവാനും നികുതി റിട്ടേണ്‍ ശരിയാക്കുന്നതിനു മറ്റും പോകുകയായിരുന്നു. ജിഎസ്ടിയുടെ വരവോടെ സ്ഥാപനങ്ങൾക്ക് അവരുടെ ബുക്കുകൾ പതിവായി പരിശോധിക്കേണ്ടി വരുന്നു. ഇതുവഴി പേമെന്‍റിൽ വീഴ്ച വരുത്തുന്നവരെ കണ്ടെത്താനും കുടിശ്ശിക അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുവാനും മാത്രമല്ല, ലെഡ്ജറുകൾ ക്രമമായി പരിശോധിക്കാനും സ്ഥാപനങ്ങൾക്കു സാധിച്ചിരിക്കുകയാണ്.

എംഎസ്എംഇകൾക്ക് അവരുടെ പ്രവർത്തനമണ്ഡലം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുവാനുള്ള അവസരവും ജിഎസ്ടി കൊണ്ടുന്നിരിക്കുകയാണ്. രാജ്യത്ത് എവിടെയും അവർക്ക് അവരുടെ ബിസിനസ് വിപുലമാക്കാം. ഓരോ സംസ്ഥാനത്തേയും സങ്കീർണമായ നികുതിനിയമങ്ങളെക്കുറിച്ച് ഇനി സംരംഭങ്ങൾ തലപുണ്ണാക്കേണ്ടതില്ല. ഇതുകൊണ്ടതന്നെ ജിഎസ്ടി പുതിയ ബിസിനസ്- തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ്.
ചുരുക്കത്തിൽ ജിഎസ്ടി എംഎസ്എംഇ മേഖലയ്ക്ക് വളർച്ചയുടെ പുതിയ യുഗം സാധ്യമാക്കുകയാണ്. ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രീതിയേയും അവയുടെ ബിസിനസിനേയും വൻ മാറ്റങ്ങൾക്കു വിധേയമാക്കുകയാണ്. ദീർഘകാലത്തിൽ ഇത് സന്പദ്ഘടനയിൽ അനുകൂലമായ വൻ ഫലമുളവാക്കുവാൻ പോവുകയാണ്.
(ഡിസിബി ബാങ്കിന്‍റെ റീട്ടെയിൽ- എസ്എംഇ ബാങ്കിംഗ് തലവനാണ് ലേഖകൻ)

പ്രവീണ്‍കുട്ടി