ആഘോഷങ്ങളെ അനുഭവങ്ങളാക്കി "ഗോഡ്സ് ഗ്രേസ് ’
""ഓരോ ആഘോഷങ്ങളും ഓരോ അനുഭവങ്ങളാണ്. ആ അനുഭവം ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ ക്കെല്ലാം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. ""ഗോഡ്സ് ഗ്രേസ് വെഡിംഗ് ആൻഡ് പാർട്ടി പ്ലാനർ എന്ന സംരംഭത്തിന്‍റെ മാനേജിംഗ് പാർട്ണർ ആൻ ട്വിങ്കിളിന്‍റേതാണ് ഈ വാക്കുകൾ.

തൃശൂർ ജില്ലയിലെ തലോർ എടുത്താൻ വീട്ടിൽ ആൻ ട്വിങ്കിളും ഭർത്താവ് ജോസ് ടോണിയും അഞ്ചു വർഷം മുന്പാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. എംബിഎ പഠന ശേഷം വോഡഫോണിലും എംഡി ഇന്ത്യയുടെ കേരള മേധാവിയായുമൊക്കെ ജോലി ചെയ്തിരുന്ന ട്വിങ്കിൾ വിവാഹം കഴിഞ്ഞ് ഗർഭിണിയായതോടെ ജോലി രാജിവെച്ചു. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും ജോലിയുടേതായ സമ്മർദ്ദങ്ങളുമൊക്കെ ഒഴിവാക്കി അമ്മയാകാനുള്ള തയ്യാറെടുപ്പുകളിലായി ശ്രദ്ധ.

ബന്ധുവിന്‍റെ കല്യാണം

ഇതിനിടയിലാണ് ഭർത്താവിന്‍റെ ഒരു ബന്ധുവിന്‍റെ കല്യാണം വരുന്നത്. അവരുടെ ആവശ്യപ്രകാരം ആ കല്യാണം പ്ലാൻ ചെയ്ത് ഗംഭീരമായി നടത്തിക്കൊടുത്തു. അങ്ങനെയാണ് ഇത് നല്ല പരിപാടിയാണല്ലോ, ഈ സംരംഭവുമായി മുന്നോട്ടിറങ്ങിയാലോ എന്ന് ആലോചിക്കുന്നത്. ഭർത്താവും വീട്ടുകാരും പിന്തുണച്ചതോടെ സംരംഭത്തിന് തുടക്കം കുറിച്ചുവെന്ന്'' ട്വിങ്കിൾ പറഞ്ഞു.

കല്യാണങ്ങൾ, ജന്മദിനങ്ങൾ, ഉദ്ഘാടനങ്ങൾ, ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് അങ്ങനെ ഏതു തരം ആഘോഷങ്ങളെയും അവിസ്മരണീയ അനുഭവമാക്കാൻ കേരളത്തിൽ എവിടെ വേണമെങ്കിലും ഇന്ന് ഗോഡ്സ് ഗ്രേസിന്‍റെ സേവനം ലഭ്യമാണ്. സംതൃപ്തരായ ഉപഭോക്താക്കളാണ് തങ്ങളുടെ ശക്തിയെന്നാണ് ട്വിങ്കിളിന്‍റെ അഭിപ്രായം. ഗുണമേൻമയ്ക്കാണ് എന്നും എപ്പോഴും മുൻഗണന നൽകുന്നത്. അതു തന്നെയാണ് ഗോഡ്സ് ഗ്രേസിനെ വ്യത്യസ്തമാക്കുന്നതും. പരിപാടികൾ എന്തായാലും അത് ചെറുതോ വലുതോ എന്നു നേക്കാതെ ഏറ്റവും ഭംഗിയായി ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം.

വ്യത്യസ്തയ്ക്ക് പ്രാധാന്യം

ഇന്ന് ഓരോ ആഘോഷങ്ങൾക്കും ഓരോ തീമുണ്ടാകും. അതുകൊണ്ടു തന്നെ ഉപഭോക്താക്കളുടെ ആവശ്യം എന്താണെന്ന് മനസിലാക്കിയതിനുശേഷം മാത്രമാണ് ഇവന്‍റ് പ്ലാൻ ചെയ്യുന്നത്. ഒരു തീം മനസിലാക്കി തീം കളർ തെരഞ്ഞടുക്ക എന്നതാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അതിനനുസരിച്ചാണ് അനുബന്ധമായ കാര്യങ്ങളെല്ലാം തെരഞ്ഞെടുക്കുന്നത്. ഫോട്ടോ, വീഡിയോ ഇതൊക്കെ നന്നായിരിക്കാൻ ഇത്തരത്തിൽ തീം കളർ ആവശ്യമാണ്'' ട്വിങ്കിൾ അഭിപ്രായപ്പെടുന്നു.


ചടങ്ങ് നടക്കുന്ന സ്ഥലം സന്ദർശിച്ച് എങ്ങനെയായിരിക്കണം സ്റ്റേജ്, അലങ്കാരങ്ങൾ എന്നിവയെല്ലാം നിശ്ചയിക്കും. എല്ലാ ആഘോഷങ്ങൾക്കും എന്തെങ്കിലും ഒരു വ്യത്യസ്തത കൊണ്ടു വരാൻ ഇവർ ശ്രമിക്കുന്നു. വ്യത്യസ്തത തേടുന്നവരാണ് എല്ലാവരും. സ്ഥിരമായി കണ്ടുവരുന്ന പതിവു രീതികളിൽ നിന്നും തങ്ങളുടേത് വ്യത്യസ്തമായിരിക്കണം എന്ന് ഓരോരുത്തർക്കും നിർബന്ധമുണ്ട്. ഉപഭോക്താക്കളുടെ ഈ ആഗ്രഹം പൂർത്തീകരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എല്ലാത്തിലുമപരി വേണ്ടത് ഉപഭോക്താക്കളുടെ സംതൃപ്തിയാണ്.

ഇപ്പോഴും പഠനത്തിൽ

ആദ്യമായി ചെയ്യുന്പോൾ എന്താണ് ചെയ്യേണ്ടതെന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ലെന്ന് ട്വിങ്കിൾ പറയുന്നു. ഇതൊരു പാഷനായി മാറിക്കഴിഞ്ഞപ്പോൾ ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളുമാരംഭിച്ചു. ഇവന്‍റ് മാനേജ്മെന്‍റ് കന്പനി നടത്തുന്നവരെ നേരിട്ടു കണ്ടു സംസാരിച്ചു. വ്യത്യസ്തമായ തീമുകൾ, ട്രെൻഡ് എന്നിവ എന്തൊക്കെയാണെന്ന് എപ്പോഴും അന്വേഷിച്ചുകൊണ്ടും പഠിച്ചുകൊണ്ടുമിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. ട്വിങ്കിൾ പറയുന്നു.

പാർടർഷിപ്പിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ആൻ ട്വിങ്കിളിനൊപ്പം ഭർത്താവ് ജോസ് ടോണിയാണ് സംരംഭത്തിലെ പങ്കാളി.

ജോസ് ടോണി എംബിഎ ബിരുദധാരിയാണ്. അക്കെ ഫ്ളേവേഴ്സ് ആൻഡ് അരോമാറ്റിക് എന്ന മൾട്ടിനാഷണൽ കന്പനിയിലായിരുന്നു ജോസ് ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് ജെപി എസൻഷ്യൽസ് എന്ന കന്പനിയിൽ മാർക്കറ്റിംഗ് തലവനായി. സംരംഭം വളരെ മികച്ച രീതിയിൽ പ്രവർത്തനമാരംഭിച്ചതോടെ ജോസ് ടോണിയും പൂർണസമയം കന്പനിയോടൊപ്പം പ്രവർത്തിക്കാനാരംഭിച്ചു.