എന്നും നിക്ഷേപാർഹമായ ഓഹരികൾ
ഇന്ത്യയിലെ ഓഹരി വിപണിയിൽ അവയുടെ ഐപിഒ തൊട്ട് സ്ഥിരമായി മുന്നേറുന്ന കുറച്ച് ഓഹരികളുണ്ട്. ഇടയ്ക്ക് ബെയർ മാർക്കറ്റിൽ അവയുടെ വില താണിട്ടുണ്ടെങ്കിലും പിന്നേയും കുതിച്ചുകയറി. നിക്ഷേപകർക്ക് വർദ്ധിത ലാഭം നൽകിയിട്ടുള്ള കന്പനികൾ, സ്ഥിരമായി ലാഭം ഉണ്ടാക്കുന്ന, കടബാധ്യത കുറഞ്ഞ, നല്ല മാനേജ്മെന്‍റുള്ള, ഭാവി സാധ്യതയേറെയുള്ള കുറച്ച് ഓഹരികൾ...

ഈ ലിസ്റ്റ് പൂർണമാണെന്ന് പറയുന്നില്ല. പക്ഷേ, ഇവയുടെ വില കുറയുന്പോൾ ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ ലാഭം ഏതാണ്ടുറപ്പാണ്. ഇവയിൽ നിക്ഷേപിച്ച് കോടികൾ ഉണ്ടാക്കിയിട്ടുള്ള നിക്ഷേപകർ അനേകരാണ്. 2009ലെ ബെയർ മാർക്കറ്റിൽ വില താണിട്ടുണ്ടെങ്കിലും അവ പൂർവാധികം ശക്തിയോടെ പിടിച്ചുകയറി. പിന്നീട് ആഗോള, ഇന്ത്യൻ സാന്പത്തിക നയങ്ങളുടേയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തിൽ കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആത്യന്തികമായ ലാഭം സമ്മാനിക്കുന്ന കന്പനികൾ.

പക്ഷേ, എപ്പോൾ നിക്ഷേപിക്കണം എന്ന തീരുമാനം സൂക്ഷിച്ചെടുക്കേണ്ടതുണ്ട്. ദിവസേനയുള്ള ക്ലോസിംഗ് പ്രൈസ് ഒരു ആറുമാസമെങ്കിലും നിരീക്ഷിച്ചാൽ വിലകുറഞ്ഞുവരുന്ന ഘട്ടങ്ങളിൽ കുറേശേ പണം നിക്ഷേപിക്കാം. കയ്യിലുള്ള മൊത്തം പണവും ഒരു പ്രാവശ്യം നിക്ഷേപിക്കാതെ ഡിപ്പ് വരുന്നത് സശ്രദ്ധം നിരീക്ഷിച്ച് തവണകളായി നിക്ഷേപം വർദ്ധിപ്പിക്കുക. നിഫ്റ്റിയും സെൻസെക്സും അഭൂതപൂർവമായ വളർച്ച നേടിയിരിക്കുന്ന ഈസമയത്ത് ആറുമാസംതൊട്ട് ഒരു വർഷംവരെ നിരീക്ഷിക്കാതെ നിക്ഷേപത്തിന് ഒരുങ്ങരുത്.

അനിശ്ചിതത്വം മുന്നിൽ

സംസ്ഥാന തെരഞ്ഞെടുപ്പുകൾ, 2019-ലെ പൊതുതെരഞ്ഞെടുപ്പ്, ബാങ്കുകളിലെ ക്രമക്കേടും പെരുകുന്ന കിട്ടാക്കടവും തുടങ്ങി നിരവധി വലിയ വെല്ലുവിളികളാണ് മുന്നിൽ. നിക്ഷേപകർ ആലോചിച്ചേ തീരുമാനമെടുക്കാവൂ. ഏറ്റവും കൊള്ളാവുന്ന ഈ ഓഹരികളിൽ പോലും, എന്നും ഒരാളുടെ നിക്ഷേപശേഖരത്തിൽ ഇടം പിടിക്കാവുന്ന ഓഹരികളാണിവയെങ്കിലും, നിക്ഷേപ മുഹൂർത്തം ആലോചിച്ചേ തെരഞ്ഞെടുക്കാവൂ.

തിരുത്തലുകൾക്ക് കാത്തിരിക്കൂ

വിപണിയിൽ തിരുത്തലുകൾ ഉണ്ടാകുന്പോൾ നിക്ഷേപിച്ചിട്ടുള്ളവർക്ക് പരിഭ്രാന്തി ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, വിപണി താഴേക്കിറങ്ങി വരുന്പോൾ പുതിയ നിക്ഷേപത്തിനു പറ്റിയ അവസരമാണ്.

സാധാരണഗതിയിൽ ഉയർന്ന നിലയുടെ 20 ശതമാനം താഴേക്കു വരുന്പോഴാണ് ബെയർ മാർക്കറ്റ് ആവുക. നിഫ്റ്റി 11500-ൽ ആണെങ്കിൽ അതിൽ നിന്ന് 2300 പോയിന്‍റ് ഇറങ്ങി 9200 പോയിന്‍റിൽ താഴെ വന്നാൽ ബെയർ മാർക്കറ്റ് ആയി. പിന്നേയും താഴേക്കു വരുന്പോൾ നിക്ഷേപാവസരമാണ് വന്നുചേരുക.

ധാരാളം ആഭ്യന്തര നിക്ഷേപകർ വിപണിയിലേക്ക് നേരിട്ടും മ്യൂച്വൽ ഫണ്ടുവഴിയും കടന്നുവന്നതാണ് വിപണിയെ മുകളിലേക്ക് കൈപിടിച്ചുയർത്തുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ അസ്ഥിരതയും പലിശനിരക്ക് കുറഞ്ഞതും സ്വർണനിക്ഷേപം ആകർഷകമല്ലാതായതും കൂടുതൽ പേരെ വിപണിയിലേക്ക് എത്തിക്കുന്നു. അങ്ങനെ ഓഹരി വില കുതിച്ചുകയറുന്നു.

പക്ഷേ, ഈ കയറ്റം ശാശ്വതമല്ല. വിപണിയിൽ വലിയ കയറ്റങ്ങൾക്ക് വലിയ ഇറക്കങ്ങളും പ്രതീക്ഷിക്കണം. പുതു നിക്ഷേപകർ വലിയ ഇറക്കങ്ങൾക്കായി കാതോർക്കുക, കാത്തിരിക്കുക.
വലിയ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ല. പൊതു തെരഞ്ഞെടുപ്പിനുതന്നെ ഏഴു മാസത്തിൽ കൂടുതലില്ല. അതുകൊണ്ട് വലിയ നിക്ഷേപങ്ങൾ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന കന്പനികളിലാണെങ്കിൽപോലും ആ അനിശ്ചിതത്വം കഴിഞ്ഞുമതി. ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വരാമെന്ന് വ്യക്തമായാൽ വിപണിയുടെ ഉയർച്ച അഭൂതപൂർവമായി മുന്നോട്ടു നീങ്ങും.

ക്രൂഡോയിലിന്‍റെ വില ഏതാണ്ട് സ്ഥിരതയാർജിച്ചാണ് മുന്നേറുന്നത് - അധികം വില ഉയരാതെ. അതുകൊണ്ട് ബി.ജെ.പിക്ക് ഉറച്ച സർക്കാരുണ്ടാക്കാനാകുമെന്ന് തെളിഞ്ഞാൽ നിക്ഷേപിക്കാൻ മടിക്കേണ്ട.


തവണകളായി എസ്ഐപി മികച്ച വഴി

ഏറ്റവും നല്ല ഓഹരികളാണെങ്കിലും നിക്ഷേപം ഒറ്റയടിക്ക് വേണ്ട. ഓരോ മാസവും കുറെ ഓഹരികൾ വാങ്ങാം. താഴുന്ന ദിവസങ്ങളിൽ നല്ലപോലെ താഴുന്പോൾ കൂടുതലും താഴ്ച കുറവാണെങ്കിൽ അതിനേക്കാൾ കുറച്ചു വാങ്ങുക. ദീർഘകാലം നിങ്ങൾ താഴെകൊടുത്തിരിക്കുന്ന ഓഹരികൾ ഇഷ്ടപ്പെട്ടവ - തെരഞ്ഞെടുക്കുന്നവ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ താഴുന്പോൾ അറിയാൻ കഴിയൂ. ഓരോ മാസവും കൃത്യമായ ദിവസങ്ങളിൽ നിക്ഷേപിക്കുന്നതിനേക്കാൾ നല്ലത് താഴുന്ന ദിവസങ്ങളിൽ നിക്ഷേപിക്കുന്നതാണ്.

മിഡ്, സ്മോൾ കാപ്, പെനി സ്റ്റോക്കുകൾ വേണ്ട

പൊതുവായി പറഞ്ഞാൽ മിഡ്, സ്മോൾകാപ് ഓഹരികൾ ഈ അടുത്തകാലത്ത് നല്ലപോലെ താഴേക്ക് പോയിട്ടുണ്ട്. അവയുടെ മ്യൂച്വൽ ഫണ്ടുകളും അങ്ങനെതന്നെ. അതേസമയം ലാർജ് കാപ്പുകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവയുടെ മ്യൂച്വൽ ഫണ്ടുകളും അങ്ങനെ തന്നെ.
വളരെ വിലകുറഞ്ഞ പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കേണ്ട. നൂറിലൊരെണ്ണം ലാഭം തന്നേക്കാം. പക്ഷേ, നിങ്ങളുടെ നിക്ഷേപം 99 എണ്ണത്തിൽ ആകാനാണ് സാധ്യത. എന്നും എപ്പോഴും ദീർഘകാല നിക്ഷേപത്തിന് ബ്ലൂചിപ് കന്പനികളെ തെരഞ്ഞെടുക്കുക.

വിപണി സൈക്ലിക്കലാണ്

തിരക്കു കൂട്ടാതെ ക്ഷമയോടെ കാത്തിരുന്നാൽ നിക്ഷേപാവസരങ്ങൾ കടന്നുവരും. പ്രകടമായ ഡിപ് ഉണ്ടാകുന്പോൾ നിക്ഷേപിക്കാം. പ്രകടമായ ഉയർച്ച വിൽപനയ്ക്കുള്ള അവസരമാണെന്നു പറയേണ്ടതില്ലല്ലോ.

വിപണി അനിശ്ചിതമാണ്. കയറ്റിറക്കങ്ങൾ കടന്നുവരും. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞാൽ ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ ജിഡിപിയിൽ രണ്ടുശതമാനത്തിൽ കൂടുതൽ വളർച്ചയുണ്ടാകും. വിപണി മുന്നോട്ടു കുതിക്കും. അപ്പോൾ വിറ്റു ലാഭമുണ്ടാക്കാം. സ്മോൾ മിഡ് കാപ്പുകളും ഈ ബുൾ തരംഗത്തിൽ ഉയരുന്നതാണ്. ഈ അടുത്തകാലത്താണ് അവ ഇറങ്ങിയത്.

ഡീമോണിറ്റൈസേഷൻ, ജിഎസ്ടി, എൽ സി എൽ ടി എന്നിങ്ങനെ വലിയ മാറ്റങ്ങൾക്ക് കാരണമായ ഒട്ടേറെ നയങ്ങൾ വിപണിയെ ഉയർച്ചയിലേക്ക് നയിച്ചു. ഈ ഉയർച്ച എത്രനാൾ ഇതു തുടരുമെന്ന് പ്രവചിക്കാനാവില്ല.

ഓഹരിയിൽ എല്ലാം മനസിലാക്കാനാവില്ല

ഭാഗികമായ അറിവും സമയോജിതമായ അനുമാനങ്ങളും ഉപയോഗിച്ചാണ് ഒരു നിക്ഷേപകൻ പ്രവർത്തിക്കേണ്ടത്. എല്ലാ വിശദാംശങ്ങളും നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല. നിക്ഷേപം ശാസ്ത്രമല്ല. വ്യക്തമായ നിയമങ്ങളില്ല. ആരും ഇതിൽ പൂർണ വിദഗ്ധരുമല്ല. സാമാന്യബുദ്ധി ഉപയോഗിച്ച്, അറിയാവുന്ന കാര്യങ്ങൾ ഉപയോഗിച്ച് നിക്ഷേപിക്കുകയോ വിറ്റു മാറുകയോ ചെയ്യുക. കന്പനികളുടെ പ്രവർത്തനഫലങ്ങൾ പഠിക്കുക. വലിയ കയറ്റങ്ങളിൽ വിൽക്കാനും ഇറക്കങ്ങളിൽ വാങ്ങാനും ശ്രദ്ധിക്കുക.

മോദി സർക്കാർ വീണ്ടും വരുമെന്ന പ്രതീക്ഷയുള്ളവർ ഇപ്പോൾ താഴ്ചകളിൽ നിക്ഷേപിക്കുന്നു. രാഷ്ട്രീയ അനിശ്ചിതത്വം മുന്നിൽ കാണുന്നവർ ഉയർച്ചകളിൽ വിറ്റുമാറുന്നു. ഏതു രീതി ആയാലും മൊത്തം ഒറ്റത്തവണയായി പിൻവലിക്കുകയോ നിക്ഷേപിക്കുകയോ അഭികാമ്യമല്ലെന്ന് തോന്നുന്നു.

ഇതെല്ലാം മനസിൽവച്ചുകൊണ്ട് നിക്ഷേപത്തിനു തെരഞ്ഞെടുക്കാവുന്ന ഏതാനും ഓഹരികൾ നിർദ്ദേശിക്കുകയാണ്.

1. ഇൻഫോസിസ്
2. ടിസിഎസ്
3. എച്ച്സിഎൽ
4. എൽ ആൻഡ് ടി
5. ഐടിസി
6. ടാറ്റാ മോട്ടേഴ്സ്
7. ടെക് മഹീന്ദ്ര
8. ടാറ്റ സ്റ്റീൽ
9. റിലയൻസ് ഇൻഡസ്ട്രീസ്
10. ഒഎൻജിസി
11. അഡാനി പോർട്സ്
12. അൾട്രാടെക് സിമന്‍റ്.

പ്രൊ​ഫ.​പി.​എ വ​ർ​ഗീ​സ്
ഇ-​മെ​യി​ൽ: [email protected]
മൊബൈൽ: 9895471704