ഇന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന നീലപ്പൂക്കള്‍
വര്‍ഷം മുഴുവന്‍ പുഷ്പിക്കും. പൂക്കള്‍ ദീര്‍ഘനാള്‍ കേടാകാതെ നില്‍ക്കും. വെട്ടുപൂക്കളായി ഉപയോഗിക്കാന്‍ ഉത്തമം. സവിശേഷ രൂപമുള്ള പൂക്കള്‍ക്ക് വയലറ്റ് കലര്‍ന്ന നീലയോ പര്‍പ്പിള്‍ നിറമോ ആകാം. പൂവിന്റെ ചുവടറ്റത്ത് ഉള്‍ഭാഗത്ത് വെളുത്ത കണ്ണുപോലൊരു ഭാഗം. ഇത്രയുമാണ് ആമസോണ്‍ ബ്ലൂ. ബ്രസീലിയന്‍ സ്‌നാപ്ഡ്രാഗണ്‍ എന്നും ഇതറിയപ്പെടുന്നുണ്ട്.

'ഒട്ടോകാന്തസ് സെറൂളിയസ്' എന്നാണ് സസ്യനാമം. 'സെറൂളിയസ്'എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ഥം തന്നെ ആകാശനീലിമയെന്നാണ്.

കിഴക്കന്‍ ബ്രസീലിന്റെ സന്തതിയാണ് സുന്ദരിയായ ഈ ഉദ്യാനപുഷ്പിണി. ദീര്‍ഘനാള്‍ വളരുന്ന സ്വഭാവമുള്ള ഒരു കുറ്റിച്ചെടി എന്നു പറയാം. ഒരു മീറ്റര്‍ വരെ ഉയരം വയ്ക്കും. തണ്ടില്‍ എതിര്‍ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പച്ചിലകളുടെ അഗ്രം കൂര്‍ത്തതാണ്. ഇലകള്‍ക്ക് പുതിനയുടെയും ദേവദാരുവിന്റെ ഇലകളുടെയും സമ്മിശ്രസുഗന്ധം. പൂക്കള്‍ വിടരുന്നത് ചെടിയുടെ അഗ്രഭാഗത്താണ്. പൂവിന്റെ താഴത്തെ ഇതളിലാണ് വെളുത്ത പാടുള്ളത്. പൂക്കള്‍ കുലകളായാണ് വിടരുക.

നല്ലവെയിലത്തും പാതിതണലുള്ളിടത്തും ആമസോണ്‍ ബ്ലൂ വളരും. ജൈവവളപ്പറ്റുള്ള നീര്‍വാര്‍ച്ച സ്വഭാവമുള്ള കളിമണ്ണാണുത്തമം. തെല്ല് പുളിരസമുള്ള മണ്ണായാലും തകരാറില്ല. ഇദ്രിയങ്ങള്‍ക്ക് ഉണര്‍വു പകരാനുള്ള ഉദ്യാനങ്ങള്‍ക്ക് (സെന്‍ സറി ഗാര്‍ഡന്‍) അനുയോജ്യമായ പൂച്ചെടിയാണ് ആമസോണ്‍ ബ്ലൂ. ഈ പൂച്ചെടിയുടെ ഇലകള്‍ക്ക് പ്രകൃതി തന്നെ നല്‍കിയിരിക്കുന്ന സവിശേഷ സുഗന്ധമാണ് ഇതിനൊരു പ്രധാന കാരണം. ചെടിയുടെ ഇലകളില്‍ വിരലുകള്‍ കൊണ്ട് മുദുവായി ഉരസുകയോ തട്ടുകയോ ചെയ്താല്‍ സുഗന്ധം അനുഭവിക്കാം. നനവ് സുലഭമായി കിട്ടുന്ന തണലിടങ്ങളിലും ഈര്‍പ്പസമൃദ്ധമായ വനമേഖലകളിലും 'ആമസോണ്‍ ബ്ലൂ' സമൃദ്ധമായി വളരും.

പൊതുവേ പറഞ്ഞാല്‍ ഏത് പ്രതികൂലസാഹചര്യത്തിലും വളരാന്‍ കഴിവുണ്ട്. റഫ് ആന്റ് ടഫ് സ്വഭാവം എന്നാണ് ഉദ്യാനകൃഷി വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുക. അതുകൊണ്ടുതന്നെ രോഗ-കീടബാധകളും പേടിക്കേണ്ടതില്ല. പുഴു, ചെള്ള്, ഒച്ച് തുടങ്ങിയവയൊന്നും ആമസോണ്‍ ബ്ലൂവിനെ തേടിയെത്താറില്ല.

തണ്ടുമുറിച്ചു നട്ടു വളര്‍ത്താം

തണ്ടുമുറിച്ചു നട്ടാണ് ആമസോണ്‍ ബ്ലൂ വളര്‍ത്തുന്നത്. ജൈവവളങ്ങള്‍ നല്‍കാം. വളര്‍ച്ച ത്വരിതപ്പെടുത്താന്‍ രാസവളമിശ്രിതങ്ങള്‍ നിശ്ചിതയളവില്‍ വെള്ളത്തില്‍ ലയിപ്പിച്ച് തടത്തിലൊഴിച്ചു കൊടുക്കുകയുമാവാം.

തറയിലും ചട്ടിയിലും വളര്‍ ത്താം. അന്തരീക്ഷത്തിലെ ചൂടു താങ്ങാന്‍ ഇതിനു പ്രത്യേക കഴിവുണ്ട്. പൂക്കള്‍ ഇറുത്തെടുത്താലും ഈര്‍പ്പസാന്നിധ്യമുണ്ടെങ്കില്‍ ആറു മുതല്‍ ഒന്‍പതു ദിവസം വരെ പുതുമ നഷ്ടമാകാതെ നിലനില്‍ക്കും. ചില അവസരങ്ങളില്‍ ഇത് നാലാഴ്ച വരെയും തുടരും. ചുരുക്കത്തില്‍ ഓര്‍ക്കിഡ് പൂക്കളോട് സമാനമായ ദീര്‍ഘയുസാണ് ആമസോണ്‍ ബ്ലൂ പുഷ്പസുന്ദരിമാര്‍ക്ക്.

ജൂലൈ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഇതില്‍ നിരന്തരം പൂക്കളുണ്ടാകും. കേരളത്തില്‍ ആമസോണ്‍ ബ്ലൂ വര്‍ഷം മുഴുവന്‍ പൂചൂടും. ഇതിന്റെ ഇലകളില്‍ ഫീനോളിക് സംയുക്തങ്ങള്‍, സ്റ്റിറോയിഡുകള്‍, ആല്‍ക്കലോയിഡുകള്‍, ടെര്‍പിനോയിഡുകള്‍, ടാനിന്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇതിനാല്‍ ഇലകള്‍ക്ക് നിരോക്‌സീകാര സ്വഭാവവുമുണ്ട്. ഇലകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സത്തിന് അണുനശീകരണശേഷിയുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതിന് ഉപയോഗവുമുണ്ട്. വീട്ടുവളപ്പുകളില്‍ അനായാസം വളര്‍ത്താവുന്ന അലങ്കാരസസ്യമാണ് ആമസോണ്‍ ബ്ലൂ.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, കൃഷി വകുപ്പ്, തിരുവനന്തപുരം
9447015939