ഒരുക്കാം മ്യൂച്വൽ ഫണ്ട് നിക്ഷേപ ശേഖരം
ഓഹരി വിപണിയിൽ ശക്തമായ തിരുത്തൽ സംഭവിക്കുകയാണ്. ഏറ്റവും ഉയരത്തിൽനിന്നു (38990 പോയിന്‍റ്്) സെൻസെക്സ് സൂചിക അയ്യായിരത്തിലധികം പോയിന്‍റ് ഇടിവു കണിച്ചു. ഈ സാഹചര്യത്തിൽ ഓഹരിയിൽനിന്നും ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽനിന്നും നിക്ഷേപം പിൻവലിക്കാനുള്ള പ്രവണത പല നിക്ഷേപകരും പ്രകടമാക്കുന്നുണ്ട്.
എന്നാൽ വിപണി താഴുന്പോൾ നിക്ഷേപം നടത്തുകയെന്ന പരമപ്രധാനമായ നിക്ഷേപ തത്ത്വം പലരും മറുന്നുപോവുകയാണ്.

ഇപ്പോഴത്തെ സാഹരചര്യത്തിൽ വിപണിയിൽനിന്നു മാറി നിൽക്കുന്നതിനു പകരം അതിൽ പ്രവേശിക്കുകയാണ് ചെയ്യേണ്ടത്. ഭാവി ധനകാര്യ സുരക്ഷയ്ക്കായി ദീർഘകാലത്തിലുള്ള നിക്ഷേപശേഖരം തയാറാക്കാവുന്ന സമയം കൂടിയാണ്.

അൽപ്പം സമയം ചെലവഴിച്ചാൽ ആർക്കും അവനവനു യോജിക്കുന്ന മ്യൂച്വൽ ഫണ്ടു ശേഖരം തയാറാക്കാവുന്നതേയുള്ളു. സന്പൂർണമായ ഫണ്ടു ശേഖരം’ എന്നൊന്നില്ല എന്ന് ഓർക്കുക.
എങ്ങനെ നല്ലൊരു ഫണ്ടു ശേഖരം തയാറാക്കാം

നിക്ഷേപ ലക്ഷ്യം നിശ്ചയിക്കുക

നിക്ഷേപത്തിനു നല്ലൊരു ഫണ്ടു ശേഖരം തയാറാക്കുന്നതിനുള്ള ആദ്യത്തെ ഘടകം നിക്ഷേപ ലക്ഷ്യമാണ്. അതായത് എന്തിനുവേണ്ടിയാണ് നാം നിക്ഷേപം നടത്തുവാൻ പോകുന്നത്.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഓരോ ധനകാര്യ ലക്ഷ്യത്തിനുമായി വെവ്വേറെ നിക്ഷേപം നടത്തുകയെന്നതാണ്. ഉദാഹരണത്തിന് റിട്ടയർമെന്‍റിന്, കുട്ടികളുടെ വിദ്യാഭ്യാസത്തിന്, അവരുടെ വിവാഹത്തിന് തുടങ്ങിയ ഏതൊക്കെ ലക്ഷ്യങ്ങളുണ്ടോ അവയ്ക്കൊക്കെ പ്രത്യേകം പ്രത്യേകം നിക്ഷേപം നടത്തുകയെന്നതാണ്.
നിക്ഷേപ ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമായി. എത്ര റിട്ടേണ്‍ ലക്ഷ്യമിടുന്നുവെന്നതിനെ ആധാരമാക്കി ലക്ഷ്യത്തിനുവേണ്ടി വരുന്ന നിക്ഷേപം കൃത്യമായി കണ്ടെത്താം.

ഉദാഹരണത്തിന് പത്തുവർഷം കഴിയുന്പോൾ വീടു വാങ്ങുവാൻ 20 ലക്ഷം ഡൗണ്‍ പേമെന്‍റ് നടത്തണം. അല്ലെങ്കിൽ പത്തുവർഷം കഴിയുന്പോൾ മകളുടെ ഉന്നത വിദ്യാഭ്യാസത്തിന് 30 ലക്ഷം രൂപ ലഭ്യമാക്കണം... തുടങ്ങിയവ. ഇവിടെയെല്ലാം നിക്ഷേപ ലക്ഷ്യം പകൽപോലെ വ്യക്തമാണ്. എത്ര കാലം വേണമെന്നും അറിയാം. അതായത് നിക്ഷേപ ലക്ഷ്യം വളരെ വ്യക്തം.

ലക്ഷ്യമായാൽ ഇനി നിക്ഷേപം

ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാൽ അതിലെത്താനുളള്ള നിക്ഷേപത്തുക നീക്കി വയ്ക്കുകയെന്നതാണ്. ദീർഘാകല ലക്ഷ്യത്തിന് ഉയർന്ന ഓഹരിപങ്കാളിത്തം നൽകുന്നത് പണപ്പെരുപ്പത്തെ അതിജീവിക്കുവാൻ സഹായിക്കുമെന്ന കാര്യം എല്ലാവർക്കുംതന്നെ അറിവുള്ളതാണ്. പക്ഷേ ഓഹരി ഹൃസ്വകാലത്തിൽ വന്യമായ വ്യതിയാനം കാണിക്കുന്ന ആസ്തിയാണ്.

ചെറിയ കാലയളവിലേക്കുള്ള ലക്ഷ്യങ്ങളുടെ നിക്ഷേപത്തിൽ കടം ഉപകരണങ്ങൾക്കു മുന്തിയ സ്ഥാനം നൽകണം. മധ്യകാല ലക്ഷ്യങ്ങളിൽ ഓഹരിയും കടം ഉപകരണങ്ങൾക്കും ഒരേപോലെയായിരിക്കണം സ്ഥാനം.

ഇവിടെയെല്ലാം പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയം നിക്ഷേപകന്‍റെ റിസ്ക് എടുക്കാനുള്ള ശേഷിയെയാണ്. ഇതനുസരിച്ചുവേണം നിക്ഷേപശേഖരത്തിൽ എത്ര ശതമാനം ഓഹരി വേണം, എത്ര ശതമാനം ഡെറ്റ് വേണം എന്നൊക്കെ നിശ്ചയിക്കാൻ.
റിസ്ക് എടുക്കാൻ ശേഷിയുള്ളവർ തീർച്ചയായും ഓഹരിയുടെ പങ്കാളിത്തം വർധിപ്പിക്കണം. പ്രത്യേകിച്ചും മധ്യ, ദീർഘകാലനിക്ഷേപങ്ങളിൽ. ഉദാഹരണത്തിന് റിട്ടയർമെന്‍റ് പോലുള്ള ദീർഘകാല ( 20 വർഷത്തിനു മുകളിൽ) നിക്ഷേപ ലക്ഷ്യങ്ങളിൽ 80 ശതമാനം വരെ ഓഹരിയിൽ നിക്ഷേപിക്കാം. അതേസമയം മകളുടെ വിദ്യാഭ്യാസ കാര്യം വരുന്പോൾ ഓഹരിയുടെ പങ്ക് 60-ലേക്കു താഴ്ത്താം. ഡെറ്റ് 40 ശതമാനത്തിലേക്ക് ഉയർത്താം.


ചുരുക്കത്തിൽ യോജിച്ച അസറ്റ് അലോക്കേഷൻ നിശ്ചയിച്ചു കഴിഞ്ഞാൽ അടുത്ത പടി നിക്ഷേപത്തിനു യോജിച്ച മ്യൂച്വൽ ഫണ്ട് കാറ്റഗറികൾ തെരഞ്ഞെടുക്കുകയെന്നതാണ്.
പഴയ റിട്ടയർമെന്‍റ് ഉദാഹരണത്തിലേക്ക് തിരിച്ചുവരാം. ഇവിടെ 80 ശതമാനം ഓഹരിയിൽ നിക്ഷേപിക്കാം. ഇരുപതു ശതമാനം ഡെറ്റ് ഉപകരണങ്ങളിലും. ജോലിയുള്ളവർക്ക് തീർച്ചയായും ഇപിഎഫ്, പിപിഎഫ് പോലുള്ള ഡെറ്റ് നിക്ഷേപങ്ങൾ ഉണ്ടായിരിക്കും. അതു കണക്കിലെടുത്തശേഷം ബാക്കിയുള്ളത് ഓഹരിയധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപം നടത്താം.
ഫണ്ടുകളിൽതന്നെ പ്രധാനമായും നാലു തരം ഫണ്ടുകളാണുള്ളത്. ലാർജ് കാപ്, മിഡ്കാപ്, സ്മോൾ കാപ്, ബാലൻസ്ഡ് എന്നിങ്ങനെ. ഇതിന്‍റെ ഉപാന്തരങ്ങൾ നിരവധിയുണ്ട്.
ലാർജ് കാപ് ഫണ്ടുകൾ നിക്ഷേപശേഖരത്തിന്‍റെ കാതൽ ഫണ്ടായി പ്രവർത്തിക്കുന്നവയാണ്. ഇവ മിഡ്കാപ്പിനേക്കാളും സ്മോൾ കാപ്പിനേക്കാളും കുറഞ്ഞ വ്യതിയാനത്തിനു
വിധേയമാകുന്നവയാണ്. അതുകൊണ്ടുതന്നെ ലാർജ് കാപ്പിന് മുൻതൂക്കം നൽകണം. റിട്ടയർമെന്‍റ് ഫണ്ടിന്‍റെ 30-50 ശതമാനം ലാർജ് കാപ് ഫണ്ടിലാവാം.

മിഡ്കാപ് ഫണ്ട് ഭാവി വളർച്ചാസാധ്യതയുള്ളവയാണ്. വന്യമായ വ്യതിയാനമുണ്ടെങ്കിൽ കൂടി മെച്ചപ്പെട്ട റിട്ടേണ്‍ നൽകാനുള്ള സാധ്യതയേറെയാണ്. നിക്ഷേപശേഖരത്തിൽ 40-60 ശതമാനമാകുന്നതിൽ തെറ്റില്ല. സ്മോൾ കാപ് ഫണ്ടുകൾ പേരു സൂചിപ്പിക്കുന്നതുപോലെ ഉയർന്ന റിസ്കുള്ള ചെറിയ ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. അന്തരീക്ഷം അനുകൂലമാണെങ്കിൽ മികച്ച റിട്ടേണ്‍ പ്രധാനം ചെയ്യും. ഇതിൽ 10-20 ശതമാനം നിക്ഷേപം നടത്താം.

നിക്ഷേപത്തുക പതിനായിരം രൂപയ്ക്കു താഴെയാണെങ്കിൽ ഓരോ വിഭാഗത്തിലും ഓരോ ഫണ്ടുകൾ നിക്ഷേപത്തിനു തെരഞ്ഞെടുത്താൽ മതിയാകും. നിക്ഷേപത്തുക അതിൽ കൂടുതലാണെങ്കിൽ ഓരോ വിഭാഗത്തിലും ഓരോ ഫണ്ടുകൾ കൂടി തെരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. ഓർമിക്കുക, വിവിധ ലാർജ്കാപ് ഫണ്ടുകളുടെ നിക്ഷേപങ്ങൾ തമ്മിൽ വലിയ ഏറ്റക്കുറച്ചിൽ ഉണ്ടാവില്ല.

തീർച്ചയായും ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം ഫണ്ടും നിക്ഷേപശേഖരത്തിലുണ്ടായിരിക്കണം. ഇതു നികുതി ലാഭിക്കുവാൻ സഹായിക്കുന്നതിനൊപ്പം നിക്ഷേപം വൈവിധ്യവത്കരിക്കുവാനും സഹായിക്കുന്നു. ലക്ഷ്യം അടുത്തുവരുന്നതനുസരിച്ച് നിക്ഷേപത്തിലെ ഇക്വിറ്റിയുടെ പങ്കാളിത്തം കുറച്ചുകൊണ്ടുവരാം.

ഫണ്ട് എങ്ങനെ തെരഞ്ഞെടുക്കാം

മികച്ച ഫണ്ട് തെരഞ്ഞെടുക്കുന്നതിനു പ്രത്യകിച്ചു തെളിയിക്കപ്പെട്ട തത്ത്വങ്ങളൊന്നുമില്ല. എന്നാൽ പല ഘടകങ്ങളുടെ ഈ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നുണ്ട്. ഫണ്ടിന്‍റെ മുൻകാല പ്രകടനം ഭാവി പ്രകടനത്തിനു ഉറപ്പു നൽകുന്നില്ലെന്നു പറയുന്പോഴും മുൻകാല പ്രകടനം ഫണ്ടിന്‍റെ സ്വഭാവത്തെക്കുറിച്ചും ഫണ്ട് ഹൗസിന്‍റെ കാര്യക്ഷമതയെക്കുറിച്ചും ഏകദേശ ധാരണം നൽകും. ബഞ്ച്മാർക്ക്, സമാന ഫണ്ടുകൾ തുടങ്ങിയവ താരതമ്യം ചെയ്യാം. വിവിധ വിപണി സൈക്കിളുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ഫണ്ടുകളെ തെരഞ്ഞെടുക്കാം. സ്വയം സാധിക്കുന്നില്ലെങ്കിൽ നിക്ഷേപക വിദഗ്ധരുടെ സേവനം തെരഞ്ഞെടുക്കാം.