നിസാന്‍റെ ബജറ്റ് കാർ ഡാറ്റ്സണ്‍ ഗോ
നിസാന്‍റെ ബജറ്റ് കാർ ഡാറ്റ്സണ്‍ ഗോ
Wednesday, December 12, 2018 2:57 PM IST
നിസാന്‍റെ ബജറ്റ് കാർ ബ്രാൻഡായ ഡാറ്റ്സണ്‍ പുറത്തിറക്കിയ ഹാച്ച്ബാക്കാണ് ഗോ. കുറഞ്ഞ വിലയ്ക്ക് വലിയൊരു കാർ എന്ന സവിശേഷതയുമായാണ് മാരുതിയും ഹ്യുണ്ടായിയും കൈപ്പിടിയിലൊതുക്കിയ കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ ഗോ മത്സരത്തിനിറങ്ങിയത്. മാരുതി ഓൾട്ടോ കെ 10, ഹ്യുണ്ടായി ഇയോണ്‍ എന്നീ എതിരാളികളുടേതിനേക്കാൾ വിശാലമാണ് ഗോയുടെ ഇന്‍റീരിയർ. നിസാൻ മൈക്രയുടെ തരം 1.2 ലിറ്റർ , മൂന്ന് സിലിണ്ടർ പെട്രോൾ എൻജിൻ തന്നെയാണ് ഗോയുടെ ബോണറ്റിന ടിയിലുള്ളത്. കരുത്ത് 67 ബിഎച്ച്പി. അഞ്ച് സ്പീഡ് ഗീയർബോക്സുള്ള കാറിന് ലിറ്ററിന് 20.10 കിലോമീറ്റർ മൈലേജ് കന്പനി വാഗ്ദാനം ചെയ്യുന്നു.

മൈക്രയുടെ പ്ലാറ്റ്ഫോമിൽ നിർമിച്ച ഗോയുടെ മുൻസീറ്റുകളിൽ കൂടുതൽ സ്ഥലം ലഭ്യമാക്കാൻ സെന്‍റർ കണ്‍സോളിനു തൊട്ടുതാഴെ ഗീയർ ലിവറും സ്റ്റിയറിംഗിനു സമീപത്തായി ഹാൻഡ് ബ്രേക്ക് ലിവറും ഉറപ്പിച്ചിരിക്കുന്നു. സ്മാർട്ട് ഫോണ്‍ ചാർജ് ചെയ്യാൻ വയ്ക്കാനായി പ്രത്യേകം ഹോൾഡറും സെന്‍റർ കണ്‍സോളിലുണ്ട്. മുന്നിലെ രണ്ട് സീറ്റുകൾ തമ്മിൽ ബന്ധിപ്പിച്ച് ബഞ്ച് സീറ്റ് പോലെയാക്കിയിട്ടുണ്ട്. പക്ഷേ, മൂന്നുപേർക്ക് ഇരിക്കാമെന്ന് കരുതേണ്ട. അഞ്ചു വയസിൽ താഴെമുള്ള കുട്ടിയെ ഇരുത്താം. പിന്നെ ഹാൻഡ് ബാഗ് ഒക്കെ വയ്ക്കാൻ സൗകര്യപ്രദമാണിത്.

2014 ഏപ്രിലിൽ വിപണിയിലെത്തി. നിസാൻ ഷോറൂമുകളിലൂടെ തന്നെയാണ് ഡാറ്റ്സണ്‍ മോഡലുകളുടെ വിൽപ്പനയും സർവീസും നടത്തുന്നത്. കിലോമീറ്റർ പരിധിയില്ലാതെ രണ്ടു വർഷത്തെ വാറന്‍റി ഗോയ്ക്ക് കന്പനി നൽകുന്നുണ്ട്. നിലവാരം കുറഞ്ഞ ബോഡി നിർമിതിയും ഫീച്ചേഴ്സിന്‍റെ അപര്യാപ്തതയും ഗോയുടെ പ്രധാന കുറവുകളാണ്. ഇന്‍റീരിയർ സ്പേസ്, വില, എൻജിൻ പെർഫോമൻസ് എന്നിവയിൽ ഗോയ്ക്ക് മികവുണ്ട്.

കൊച്ചി എകസ്ഷോറൂം വില 3.38 ലക്ഷം രൂപ മുതൽ 4.41 ലക്ഷം രൂപ വരെ.