താനെയിൽ കാഡ്ബറി ഗവേഷണകേന്ദ്രം
താനെയിൽ കാഡ്ബറി  ഗവേഷണകേന്ദ്രം
Saturday, December 15, 2018 2:36 PM IST
ലോകത്ത് ഇനി കാഡ്ബറിയുടെ പേരിൽ പുതിയ ചോക്കളേറ്റോ ബോണ്‍വിറ്റയോ പുറത്തിറങ്ങിയാൽ മിക്കവാറുമത് ഇന്ത്യയിൽ വികസിപ്പിച്ചെടു ത്തതായിരിക്കും!
കാഡ്ബറി ചോക്കളേറ്റിന്‍റേയും ബോണ്‍വിറ്റിയുടേയും നിർമാതാക്കളായ മോണ്ടിലീസ് ഇന്‍റർനാഷണൽ അവരുടെ ആഗോള ഗവേഷണ കേന്ദ്രം മുംബൈയ്ക്കടുത്ത് താനെയിൽ അടുത്തയിടെ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ഒന്നരക്കോടി ഡോളർ മുടക്കിയാണ് കന്പനി ഗവേഷണ കേന്ദ്രവും ക്വാളിറ്റി ടെക്നിക്കൽ കേന്ദ്രവും തുറന്നിട്ടുള്ളത്.

ആഗോള തലത്തിൽ ആവശ്യമുള്ള പുതിയ ഉത്പന്നങ്ങളുടെ വികസനം, അതിനു യോജിച്ച സാങ്കേതിക വിദ്യ ലഭ്യമാക്കൽ തുടങ്ങിയവയിലാണ് ഈ കേന്ദ്രം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

യുകെയിലെ കേന്ദ്രത്തിനുശേഷം ചോക്കളേറ്റ് ഉത്പന്ന വികസനവിഭാഗത്തിൽ ആരംഭിക്കുന്ന രണ്ടാമത്തെ കേന്ദ്രവും കൂടിയാണ് താനെ. മോണ്ടിലീസ് ഇന്‍റർനാഷണലിന്‍റെ പത്താമത്തെ ടെക്നിക്കൽ സെന്‍ററാണ് താനയിലേത്. മറ്റ് ഉത്പന്നങ്ങളുടെ വികസനത്തിനായി ബ്രസീൽ, പോളണ്ട്, ജർമനി, സിംഗപ്പൂർ, ഫ്രാൻസ് തുടങ്ങിയ സ്ഥലങ്ങളിൽ കന്പനിക്കു ഗവേഷണ വികസന കേന്ദ്രങ്ങളുണ്ട്.

ഉപഭോക്തൃ ശാസ്ത്രം, പാക്കേജിംഗ്, ഉത്പാദനക്ഷമത എന്നിവയിലും താനെ കേന്ദ്രം ശ്രദ്ധ നൽകുമെന്ന് കന്പനിയുടെ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയുടെ പ്രസിഡന്‍റും ഇവിപയുമായ മൗറീസിയോ ബ്രൂസാഡല്ലി അറിയിച്ചും. ഏറ്റവും യോജിച്ച സ്നാക് ഏറ്റവും യോജിച്ച സമയത്ത്, ഏറ്റവും ശരിയായ വിധത്തിൽ നിർമിച്ചു നൽകുകയെന്ന വാഗ്ദാനമാണ് കന്പനി ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈ വാഗ്ദാനത്തിനു പിന്തുണ നൽകുവാൻ കന്പനിയുടെ ആഗോള സാങ്കേതിക കേന്ദ്രങ്ങൾക്ക് പ്രധാന പങ്ക് വഹിക്കാനുമുണ്ട്.’’ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ചോക്കളേറ്റ് വിപണിയിൽ ഇന്ത്യയുടെ പ്രധാന്യം കണക്കിലെടുത്താണ് താനെയിൽ ഗവേഷണ യുണിറ്റ് തുടങ്ങുവാൻ കന്പനിയെ പ്രേരിപ്പിച്ചത്. ഇന്ത്യൻ ചോക്കളേറ്റ് വിപണിയുടെ വലുപ്പം 6100 കോടി ഡോളറാണ്. ഇന്ത്യയിൽനിന്നാണെന്നു മാത്രവുമല്ല, വളരെ വേഗം വളരുന്ന വിപണിയുംകൂടിയാണിത്. അതുകൊണ്ടുതന്നെ ഇന്ത്യയെ അവഗണിക്കുവാൻ മോണ്ടലീസ് കന്പനിക്ക് സാധ്യമല്ല. ചോക്കളേറ്റ് വിഭാഗത്തിൽനിന്നുള്ള കന്പനിയുടെ വിറ്റുവരവിൽ 60 ശതമാനവും ഇന്ത്യയിൽനിന്നാണെന്ന് ബ്രൂസാഡല്ലി പറഞ്ഞു.

പന്ത്രണ്ടായിരം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള താനെ കേന്ദ്രത്തിൽ ശാസ്ത്രജ്ഞർ, എൻജിനീയർമാർ തുടങ്ങിയവർ ഉൾപ്പെടെ 150 പേർക്ക് പ്രവർത്തന സൗകര്യമൊരുക്കിയിട്ടുണ്ട്.
രണ്ടു ദശകം മുന്പ് താനെയിൽ ആരംഭിച്ച കേന്ദ്രം നവീകരിച്ചാണ് പുതിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇതിനകം തന്നെ നിരവധി ചോക്കളേറ്റ് ഉത്പന്നങ്ങൾ താനെ കേന്ദ്രത്തിൽനന്നു വികസിപ്പിച്ചു പുറത്തിറക്കിയിട്ടുണ്ട്. ഡയറി മിൽക്ക്, കാഡ്ബറി ഫൈവ് സ്റ്റാർ, ബോണ്‍വിറ്റ തുടങ്ങയവ ഇവയിൽ ഉൾപ്പെടുന്നു. കാഡ്ബറി ഫൈവ് സ്റ്റാർ ബ്രസീൽ, ഫിലിപ്പീൻസ്, സൗത്ത് ആഫ്രിക്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നുണ്ട്. നൈജീരിയലേക്കുള്ള കയറ്റുമതിക്കുവേണ്ടിയാണ് ബോണ്‍വിറ്റ തയാറാക്കുന്നത്.


ഏറ്റവും മികച്ച ശാസ്ത്ര-സാങ്കേതിക സൗകര്യങ്ങൾ ഉള്ള സെന്‍ററാണ് താനെയിലേത്. ഇന്ത്യ ഞങ്ങൾക്ക് 10 കോടി ഡോളറിന്‍റെ വിപണിയാണ്. ഞങ്ങൾക്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കാൻ സാധിക്കും.’’ റിസേർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഇവിപി റോബ് ഹാർഗ്രോവ് പറയുന്നു.

""ആഗോള, പ്രാദേശിക ബ്രാൻഡുകളിൽ ഞങ്ങൾ കൂടതൽ ഉപഭോക്തൃ കേന്ദ്രീകൃതമാവുകയാണ്. പുതുമയിലൂടെയാണ് ഇതു സാധിക്കുന്നത്. താനെ കേന്ദ്രത്തിൽനിന്നു നിരവധി അതുല്യമായ പുതുമകൾ സൃഷ്ടിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇന്ത്യയുടെ പ്രധാന്യം വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ഈ നിക്ഷേപം. കഴിഞ്ഞ 70 വർഷമായി ഈ വിപണിയിൽ ഉത്പാദിപ്പിക്കുകയും വിൽക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.’’ മോണ്ടിലീസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ദീപക് അയ്യർ പറഞ്ഞു.
ഇന്ത്യയിൽ വൻവളർച്ചാ സാധ്യതയാണ് കന്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ആളോഹരി ചോക്കളേറ്റ് ഉപയോഗം 500 ഗ്രാമാണ്. എന്നാൽ മിക്ക വികസിത വിപണികളിലുമിത് 5-10 കിലോഗ്രാമാണ്.

ഏഴു പതിറ്റാണ്ടായി ഇന്ത്യൻ നാവുകൾക്കു രുചി പകർന്ന് കാഡ്ബറി

1948. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഒരു വർഷമാകുന്നതേയുള്ളു. ആ വർഷത്തിലാണ് കാഡ്ബറി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ആദ്യത്തെ ഫാക്ടറി ഇന്ത്യയിൽ സ്ഥാപിക്കുന്നതും രണ്ട് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതും. മറ്റൊന്നുമല്ല കാഡ്ബറി ഡയറി മിൽക്കും ബോണ്‍വിറ്റയുമാണ് ആ ഉത്പന്നങ്ങൾ.

ഇന്ത്യൻ നാവുകൾക്കു ചോക്കളേറ്റിന്‍റെയും മാൾട്ട് ഡ്രിങ്കിന്‍റേയും രൂചി പകർന്നു തന്ന ഈ ആദ്യ ബ്രാൻഡുകൾ കഴിഞ്ഞ 70 വർഷമായി ഇന്ത്യൻ മനസുകളിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ഏഴു പതിറ്റാണ്ടുകാലത്തെ ഇന്ത്യക്കാരുടെ ആനന്ദമാണ് കാഡ്ബറി!

കാഡ്ബറിക്കു ഈ നാളുകൾ ബിസിനസ് വിജയത്തിന്‍റെ 70 വർഷവുമായിരുന്നു ഇത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ചോക്കളേറ്റ് എന്നതിനു പകരമായി കാഡ്ബറി’ എന്നു വരെ ഉപയോഗിക്കുന്നു!

പതിറ്റാണ്ടുകൾ ചോക്കളേറ്റ് രൂചിയിൽ ഇന്ത്യയിലെ മുൻനിര കന്പനിയായ മോണ്ടിലീസ ഇന്ത്യ ബിസ്കറ്റ് (ഒറിയോ ബോണ്‍വിറ്റ്), കാൻഡ് (ഹാൾസ്, കാഡ്ബറി ചോക്ലെയേഴ്സ് ഗോൾഡ്), ലഘുപാനീയങ്ങൾ (ബോണ്‍വിറ്റ്, ടാങ്ക്) എന്നിവയിൽ ഇന്ത്യൻ വിപണിയിലെ ശക്തരാണ്.
കന്പനിയുടെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രവും ഇന്ത്യയിലാണ്. ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിൽ 2016-ലാണ് ഈ യൂണിറ്റ് ഉത്പാദനം ആരംഭിക്കുന്നത്. കൊക്കോ പ്രോഗ്രാമിലൂടെ ലക്ഷത്തിലധികം ഗുണോഭോക്താക്കൾക്ക് കന്പനി കൈത്താങ്ങാകുകയും ചെയ്യുന്നു.